Sunday, August 27, 2017

പിച്ചവെച്ച നാളിന്റെ പാട്ടുകാരിക്ക് പറയാനുണ്ട്, പോപ്പ് സംഗീതം തേടിയെത്തിയ ഒരു കഥ

കേൾക്കാൻ ഇമ്പമുള്ളൊരു പാട്ട് പോലെ സുന്ദരമാണ് സുനിത മേനോൻ എന്ന ഗായികയുടെ സംഗീത ജീവിതം. പല്ലവി മുതൽ ചരണം വരെയും ശ്രുതി തെറ്റാതെ അതിങ്ങനെ ഒഴുകുകയാണ്. ലണ്ടനിലെ തിരക്കുകളിൽ നിന്ന് ഈ ഓണക്കാലത്ത് പാട്ടിന്റെ മാന്ത്രികതയുമായി കേരളത്തിലേക്ക് എത്തിയതാണ് സുനിത. പരിപാടിക്ക് മുമ്പ് വീണുകിട്ടിയ ഇത്തിരി ഇടവേളയിൽ സുനിത പറഞ്ഞതിലധികവും പാട്ടോർമ്മകളെക്കുറിച്ച് തന്നെ. "ഉത്തരേന്ത്യയിലായിരുന്നു ചെറുപ്പകാലം. അന്നൊക്കെ അമ്മ പാടുന്ന ഹിന്ദിപ്പാട്ടുകളായിരുന്നു സംഗീതത്തിലെ ആദ്യപാഠം. പന്ത്രണ്ടാമത്തെ വയസ്സിലാണ് കേരളത്തിലെത്തുന്നത്. അന്ന് മുതൽ കർണാടക സംഗീതം പഠിക്കാൻ തുടങ്ങി. കോളേജ് പഠനകാലത്താണ് പാശ്ചാത്യ സംഗീതത്തോട് സ്നേഹം തോന്നുന്നതും അവ പാടിത്തുടങ്ങുന്നതും. പാടാനെളുപ്പം തോന്നിയതോടെ പാശ്ചാത്യ സംഗീതം ജീവിതത്തിന്റെ ഭാഗമായിത്തുടങ്ങി. 13 എഡി ബാന്റിനൊപ്പം പാടാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. പിന്നെ ബാന്റിലെ സ്ഥിരം അംഗമാവുക കൂടി ചെയ്തതോടെ എന്റെ വഴി ഇതുതന്നെ എന്ന് ഞാൻ ഉറപ്പിച്ചു." 1990കളിൽ പാശ്ചാത്യ സംഗീതത്തെ കേരളം അത്രയധികം ഏറ്റെടുത്തിട്ടില്ല. സമൂഹം അത്ഭുതത്തോടെയും ആശങ്കയോടെയും പടിഞ്ഞാറൻ സംഗീതപ്രേമികളെ കാണുന്ന കാലമാണ്. അക്കാലത്താണ് യാഥാസ്ഥിതിക കുടുംബത്തിൽ നിന്നൊരു കോളേജ്​കുമാരി പാശ്ചാത്യ സംഗീതമാണ് തന്റെ വഴി എന്ന് പ്രഖ്യാപിക്കുന്നത്. "നായർ തറവാട്ടിലെ പെൺകുട്ടി പാശ്ചാത്യ സംഗീതവുമായി ഒരു മ്യൂസിക് ബാന്റിനൊപ്പം ഊര് ചുറ്റുന്നു എന്നതൊക്കെ അന്ന് സമൂഹത്തിന് വലിയ പ്രശ്നമായിരുന്നു. മാതാപിതാക്കൾ പോലും ആശയക്കുഴപ്പത്തിലായിരുന്നു. എങ്കിലും അവരുടെ ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് എനിക്കെന്താണോ ഇഷ്ടം അതുമായി പൊരുത്തപ്പെടാൻ അവർ തയ്യാറാവുകയായിരുന്നു." പാശ്ചാത്യ സംഗീതത്തിന്റെ വഴിയേ പോയപ്പോഴും ഗസലും കഥകളിപ്പദവുമൊന്നും പകുതിയിൽ ഉപേക്ഷിച്ചില്ല സുനിത. "സംഗീതത്തിലെ ഒരു ശാഖയിലേക്ക് മാത്രം ഒതുങ്ങാൻ പണ്ടേ താല്പര്യമുണ്ടായിരുന്നില്ല. പാശ്ചാത്യമായാലും പൗരസ്ത്യമായാലും സംഗീതമാണോ അതിനോടെനിക്ക് പ്രേമമാണ്. ജാസ്സും കഥകളിപ്പദവും ഒരുപോലെ ഇഷ്ടമാണ്. സംഗീതപഠനമായാലും ഒന്നിലേക്ക് മാത്രമായി ചുരുക്കാൻ എനിക്കിഷ്ടമില്ല. സംഗീതം വിശാലമായ ഒന്നല്ലേ, എല്ലാം പാടാൻ പറ്റണം. എല്ലാതരം സംഗീതത്തെയും സമന്വയിപ്പിക്കാൻ പറ്റണം." കുറച്ച്കാലം മുമ്പ് ലണ്ടനിലെ ഒരു സർക്കാർ ഔദ്യോഗിക പരിപാടിയുടെ ഭാഗമായി ഫ്യൂഷൻ തയ്യാറാക്കാൻ പ്രശസ്ത പോപ് ഗായകരുടെയൊപ്പം തന്റെ കർണാടകസംഗീത ജ്ഞാനവുമായി പോയത് അഭിമാനത്തോടെ ഓർക്കുന്നു സുനിത. വെൽഷ് ഏഷ്യൻ വിമൻസ് അവാർഡ് ലഭിച്ചതും സച്ചിൻ തെണ്ടുൽക്കറും സുനിൽ ഗവാസ്കറും ഉണ്ടായിരുന്ന വേദിയിൽ പാടാനായതും മറക്കാനാവാത്ത അനുഭവങ്ങളാണ് സുനിതയ്ക്ക്. കെ.എസ്.ചിത്രയ്ക്കൊപ്പം പാടാനായത് മഹാഭാഗ്യമായും കരുതുന്നു സുനിത. സംഗീതസംവിധായകൻ മോഹൻ സിത്താരയാണ് സുനിതയെ മലയാളസിനിമാ മേഖലയ്ക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സംഗീതസംവിധാനത്തിലുള്ള പായും പുലിയിലെ ഗാനമാണ് സുനിതയുടെ ആദ്യ സിനിമാ അനുഭവം. പുതിയ മുഖത്തിലെ പിച്ചവച്ച നാൾ മുതൽ എന്ന ഗാനമാണ് സുനിതയെ മലയാളത്തിന് പരിചിതയാക്കിയത്. മകരമഞ്ഞിലും സുനിത പാടിയിട്ടുണ്ട്. പഴയമലയാള സിനിമാ ഗാനങ്ങളാണ് സുനിതയുടെ ഫേവറിറ്റ്. "ബാബുരാജ് മാഷിന്റെ പാട്ടുകളോട് വല്ലാത്തൊരിഷ്ടമുണ്ട് എനിക്ക്. ഗസലുകൾ പാടുന്നവരോട് എന്നും ആരാധനയാണ്. എന്റെയഭിപ്രായത്തിൽ പാടാൻ ഏറ്റവും പ്രയാസം ഗസലുകളാണ്. വെസ്റ്റേണിൽ ജാസ് അതുപോലെയാണ്. പിന്നെ, ഹിന്ദിപ്പാട്ടുകളോട് എനിക്ക് കൂടുതലിഷ്ടമുണ്ട്. ഉത്തേരന്ത്യൻ കുട്ടിക്കാലത്തിന്റെ ഗൃഹാതുരത തങ്ങിനിൽക്കുന്നതും ഹിന്ദിപ്പാട്ടുകളിൽ തന്നെ!" ഒന്നാം സ്ഥാനത്തല്ലെങ്കിലും ഓണക്കാല ഗൃഹാതുരതയുടെ സമൃദ്ധി സുനിതയുടെ ഓർമ്മകളിലുണ്ട്. "എടപ്പാളും ചെർപ്പുളശ്ശേരിയിലുമായാണ് എന്റെ ഓണം ഓർമ്മകൾ ചിതറിക്കിടക്കുന്നത്. അമ്മയുടെയും അച്ഛന്റെയും തറവാടുകൾ അവിടെയാണ്. പൂക്കളമിടാൻ പൂവിറുക്കാൻ കുട്ടികൾക്കൊപ്പം ഓടിനടന്നതും ഊഞ്ഞാലാടിയതുമൊക്കെ മധുരമുള്ള ഓർമ്മകളാണ്. എങ്കിലും ഏറ്റവും മധുരതരമായത് സദ്യയുടെയും ഓണക്കോടിയുടെയും ഓർമ്മകളാണ്." ഓർമ്മകളെ കൂട്ടുപിടിച്ച് സുനിത പാടിത്തുടങ്ങി ഉത്രാടപ്പൂനിലാവേ വാ..... ഇത്തവണയും ഓണം ലണ്ടനിൽത്തന്നെയാണ് എന്നൊരു ചെറിയ സങ്കടമുണ്ട്. ഇളയമോൾക്ക് പരീക്ഷാക്കാലമായതിനാൽ അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് എത്താതെ പറ്റില്ല." 18 വർഷമായി ലണ്ടനിലാണ് സുനിത. ഭർത്താവ് സുധീർ ഡോക്ടറാണ്. രണ്ട് പെൺമക്കളാണ് ഇവർക്ക്. കാവ്യയും പ്രാർഥനയും. ഓണാഘോഷങ്ങൾ ലണ്ടനിലാണ് കൂടുതലെന്ന് സുനിത. "അവിടെ ആഘോഷം തകൃതിയാണ്. ഓഗസ്റ്റിൽ തുടങ്ങി ഒക്ടോബർ വരെയെങ്കിലും നീളാറുണ്ട് ഓണപ്പരിപാടികൾ. സംഗീത നൃത്ത പരിപാടികളാണ് ഓണത്തിന്റെ ഹൈലൈറ്റ്." പറഞ്ഞുതീരുമ്പോഴാണ് ശ്രദ്ധിച്ചത്. പശ്ചാത്തലത്തിലെവിടെയോ ആരോ പഴയൊരു ഹിന്ദിപ്പാട്ട് മൂളുന്നു. ആകാംക്ഷയോടെ സുനിതയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ചിരിച്ചുകൊണ്ട് മറുപടി വന്നു അമ്മയാണ്, എന്റെ ഊർജവും ഇതുതന്നെ എന്ന്.

from movies and music rss http://ift.tt/2xo55bm
via IFTTT

No comments:

Post a Comment