Tuesday, December 5, 2017

'ഈ രോഷം കെടും മുന്‍പ് വേണമായിരുന്നു, അതാണ് പുണ്യാളന്‍ പെട്ടന്ന് ഉണ്ടായത്'

ഈ സിനിമ എനിക്ക് ഇപ്പോൾ തന്നെ ചെയ്യണമായിരുന്നു. ഒരു വർഷം കഴിഞ്ഞാൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളോട് എനിക്കിപ്പോഴുള്ള അത്രയും രോഷം ഉണ്ടാകണമെന്നില്ല. എനിക്ക് പ്രതികരിക്കാനുള്ള മാധ്യമം ഇതാണ്. അതാണ് ഞാൻ ചെയ്യുന്നതും. കുറഞ്ഞത് ഒരു വർഷത്തിന്റെയെങ്കിലും ഇടവേളയിൽ മാത്രം സിനിമയെടുക്കുന്ന രഞ്ജിത് ശങ്കറിന്റെ പുതിയ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറങ്ങിയത് അവസാന ചിത്രം റിലീസായി ആറു മാസത്തിനകമാണ്. രഞ്ജിത്തിന്റെരാമന്റെ ഏദൻതോട്ടം മെയിലാണ് റിലീസായത്. ഈ വർഷം തന്നെ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗവും എത്തി. സിനിമ കുറച്ചു സമയം പ്രേക്ഷകനെ രസിപ്പിക്കുന്നതിന് വേണ്ടി മാത്രമുള്ളതല്ലെന്നാണ് ഈ സംവിധായകൻ പറയുന്നത്. അത് വെറും വാക്കുകളല്ലെന്ന് പാസഞ്ചർ മുതൽ പുണ്യാളൻ വരെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ തന്നെ സാക്ഷ്യം പറയും. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് സമകാലിക സംഭവങ്ങളിലേക്ക് തിരിച്ചുപിടിച്ച കണ്ണാടിയാണ് രഞ്ജിത്തിന്റെ പുതിയ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്. തന്റെ സിനിമയെ കുറിച്ചും പ്രമേയത്തെ കുറിച്ചുമെല്ലാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് രഞ്ജിത് ശങ്കർ.. ഇത് പുണ്യാളന് വേണ്ടി എഴുതിയ കഥയല്ല വിജയിച്ച ഒരു സിനിമയുടെ രണ്ടാം ഭാഗം ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. പുണ്യാളൻ ആദ്യഭാഗം ചെയ്യുമ്പോഴേ ഒരു രണ്ടാംഭാഗം മനസ്സിലുണ്ടായിരുന്നു. അന്നുതന്നെ പുണ്യാളൻ സിനിമാസ് എന്ന പേരിൽ ഒരു ചിത്രവും ആലോചിച്ചിരുന്നു. ജോയ് താക്കോൽക്കാരൻ ഒരു മൾട്ടിപ്ലക്സ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു കഥ. എന്നാൽ ആ കഥ ശരിയായില്ല. പിന്നീട് ഇതിനകം പല കഥകളും ആലോചിക്കുകയും ശരിയാവാതെ ഉപേക്ഷിക്കുകയും ചെയ്തതാണ്. അങ്ങനെ പുണ്യാളന് രണ്ടാംഭാഗം എന്ന ആഗ്രഹം തന്നെ ഉപേക്ഷിച്ചതാണ്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇപ്പോൾ ഇറങ്ങിയിരിക്കുന്ന സിനിമ മറ്റൊരു നടനെ വെച്ച് ചെയ്യാനിരുന്നതാണ്. ഇതിന്റെ കഥ ആലോചിക്കുമ്പോൾ അതിന് മറ്റൊരു പേരായിരുന്നു. അത് നടക്കുന്നത് തൊടുപുഴയിലായിരുന്നു. പിന്നീട് അത് തിരുവനന്തപുരത്തായി. കഥ ഗൗരവമായി ആലോചിച്ചു തുടങ്ങിയപ്പോൾ ഈ കഥാപാത്രം ഒരു തൃശൂർക്കാരനായാൽ നന്നാകുമെന്ന് തോന്നി. നായകൻ ഇതിലെ നെടുനീളൻ ഡയലോഗുകൾ പറയുമ്പോൾ ആളുകൾക്ക് ഓവർ ഹീറോയിസമായി തോന്നിയേക്കും. എന്നാൽ തൃശൂർ ഭാഷയിൽ അത് കുറച്ചുകൂടി ലളിതമായും രസകരമായും അവതരിപ്പിക്കാനാകുമെന്ന് തോന്നി. തൃശൂർക്കാരനായി കഥ പ്ലെയ്സ് ചെയ്യാമെന്ന് തീരുമാനിച്ചപ്പോഴാണ് എന്തുകൊണ്ട് അത് ജോയ് താക്കോൽക്കാരനായിക്കൂടാ എന്ന് ചിന്തിച്ചത്. അങ്ങനെയാണ് ആ കഥ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ആയിമാറുന്നത്. ചുറ്റുമുള്ള കാര്യങ്ങളോടുള്ള പ്രതികരണമാണ് ഈ സിനിമ ഞാൻ ഏറ്റവും സമയം കുറവ് എടുത്ത് ചെയ്തിട്ടുള്ള സിനിമയാണിത്. ഇത് ഇത്രയും പെട്ടെന്ന് ചെയ്യാനുള്ള കാരണം, ഒരു കൊല്ലം കഴിഞ്ഞാൽ ഈ സിനിമ ഇപ്പോൾ ചെയ്തപ്പോഴുള്ളത്ര രോഷം എനിക്ക് തോന്നില്ല. നമ്മുടെ ചുറ്റുമുള്ള പല കാര്യങ്ങളെ കുറിച്ചും ഇപ്പോഴുള്ളത്രയും വിഷമം എനിക്കുണ്ടാകില്ല. സിനിമയിൽ അവതരിപ്പിച്ച കാര്യങ്ങൾ എനിക്കും എനിക്ക് ചുറ്റുമുള്ളവർക്കും തോന്നിയ കാര്യങ്ങളാണ്. അത് ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത് അത് ജനങ്ങളിലേക്ക് എളുപ്പത്തിൽ എത്തുമെന്നുള്ളതിനാലാണ്. എന്റെ മാധ്യമം സിനിമയാണെങ്കിൽ, അതിലൂടെ മാത്രമേ എനിക്കിത് പറയാനാകൂ. നമുക്കത് തിരുത്താനാകില്ലായിരിക്കാം. എന്നാൽ, ചൂണ്ടിക്കാണിക്കാമല്ലോ. നമ്മുടെ തോന്നലുകൾ എല്ലാവർക്കും ശരിയായി തോന്നണമെന്ന നിർബന്ധവുമില്ല. പക്ഷേ, എന്റെ ചിന്തകളിൽ നിന്നല്ലേ എനിക്ക് സിനിമ ഉണ്ടാക്കാനാകൂ. ചുറ്റുമുള്ള കാര്യങ്ങളോടുള്ള എന്റെ പ്രതികരണമാണ് ഈ സിനിമ. ഇത് അവതരിപ്പിക്കുന്നത് ഒരു കഥയെയല്ല, ഒരു ആശയത്തെയാണ്. സിനിമയുടെ പരിമിതികൾക്കുള്ളിൽ നിന്ന് അത് പരമാവധി നന്നായി പറയാൻ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടേത് ഉയർന്ന ചിന്താഗതി കേരളത്തിൽ ജീവിക്കാനും ഇവിടെ സിനിമ ഉണ്ടാക്കാനും പറ്റി എന്നതുതന്നെയാണ് എനിക്കേറ്റവും ഭാഗ്യമായി തോന്നിയിട്ടുള്ളത്. മറ്റൊരു സംസ്ഥാനത്തായിരുന്നെങ്കിൽ ഈ സിനിമയോടുള്ള പ്രതികരണം ഇത്തരത്തിലാവണമെന്നില്ല. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. അതിവിടെ സംഭവിക്കാത്തത് ഇവിടത്തെ ജനങ്ങളുടെ ഉയർന്ന ചിന്താഗതി കൊണ്ടുതന്നെയാണ്. ഇങ്ങനെയൊരു സിനിമ കേരളത്തിൽ മാത്രമേ ചെയ്യാനാകൂ എന്നെനിക്ക് തോന്നുന്നു. പാട്ടും ഡാൻസും ഫൈറ്റുമൊന്നുമില്ലാതെ ഈ കഥ പറയാൻ ഇവിടെ മാത്രമേ സാധിക്കൂ. എന്നിട്ടും അത് ആളുകൾ താൽപര്യത്തോടെ കാണുന്നു. മറ്റൊരു ഭാഷയിൽ അത് വളരെ ബുദ്ധിമുട്ടായിരിക്കും. വസ്തുതകളെ വളച്ചൊടിക്കുക, വ്യക്തികളെയോ ഒരു വിഭാഗത്തേയോ ആക്രമിക്കുക അധിക്ഷേപിക്കുക തുടങ്ങിയ കാര്യങ്ങളുണ്ടാകുമ്പോഴാണ് പലപ്പോഴും ആളുകൾ രോഷാകുലരാകുന്നത്. ഇതൊന്നും ഈ സിനിമയിൽ ഉണ്ടായിട്ടില്ലെന്നതും വസ്തുതയാണ്. ഒരു സാധാരണക്കാരന് ഇപ്പോഴുണ്ടായിരിക്കുന്ന കാര്യങ്ങളോട് പൊതുവിൽ ഉണ്ടായിട്ടുള്ള വികാരങ്ങളാണ് ഈ സിനിമ പ്രകടിപ്പിക്കുന്നത്. അതിക്രമങ്ങളിൽ ആശങ്കയുണ്ട്, പക്ഷേ അതിജീവിക്കും സിനിമയ്ക്കെതിരായി ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമങ്ങളിൽ ആശങ്കയുണ്ട്. മാധ്യമസ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ, ഇപ്പോൾ അതിനെതിരെ നടക്കുന്ന അതിക്രമങ്ങൾ ഒട്ടും ആശാവഹമല്ല. അതിനോടൊക്കെയുള്ള പ്രതികരണം ഈ സിനിമയിലുണ്ട്. അതേസമയം, ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ തന്നെ അതിനെയൊക്കെ അതിജീവിക്കാൻ നമുക്കാകാറുണ്ട് എന്നതാണ് നമ്മുടെ രാജ്യത്തെ കുറിച്ച് എനിക്ക് ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള കാര്യം. ഇപ്പോഴുണ്ടാകുന്ന കാര്യങ്ങളൊക്കെ താൽക്കാലികമാണ്. നമ്മുടെ കലയും സമൂഹവുമൊക്കെ അതിനെ ചെറുത്തുതോൽപിക്കുക തന്നെ ചെയ്യും. ഇഷ്ടമുള്ള സിനിമകൾ മാത്രമാണ് എടുക്കാറ് എനിക്കിപ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് ആണ്. അതിറങ്ങുന്നത് വരെ രാമന്റെ ഏദൻതോട്ടമായിരുന്നു. എന്റെ അവസാനത്തെ ചിത്രമായിരിക്കും എനിക്ക് എപ്പോഴും ഏറ്റവും ഇഷ്ടമുള്ള ചിത്രം. പ്രേക്ഷകർക്ക് ഒരോ സിനിമയെ കുറിച്ചും പല അഭിപ്രായങ്ങൾ ഉണ്ടാകും. എന്നെ സംബന്ധിച്ച് ഞാൻ ഓരോ സിനിമയും ചെയ്യുന്നത് വളരെ ഇഷ്ടപ്പെട്ടാണ്. എനിക്ക് വളരെയധികം അടുപ്പം തോന്നിയ സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളവയെല്ലാം. അത് മെച്ചപ്പെടുന്നു എന്നതല്ല ഞാൻ പറയുന്നത്. സിനിമ മെച്ചപ്പെടുന്നു എന്നത് അളക്കാനാകും എന്നും ഞാൻ കരുതുന്നില്ല. അതളക്കാൻ ഒരു മാനദണ്ഡമൊന്നുമില്ലല്ലോ. മലയാള സിനിമ ഒരുപാട് മുന്നേറി സമകാലിക മലയാള സിനിമയെ കുറിച്ച് വളരെ നല്ല പ്രതീക്ഷകളാണുള്ളത്. പാസഞ്ചറൊക്കെ ചെയ്യുന്ന സമയത്ത് തിയേറ്ററുകളൊക്കെ പരിമിതമായിരുന്നു. ഇപ്പോൾ സാങ്കേതികമായും പ്രമേയപരമായും സിനിമ ഏറെ മുന്നേറിയിരിക്കുന്നു. പാസഞ്ചർ എന്റെ ആറു വർഷത്തെ പരിശ്രമമായിരുന്നു. അന്നത് കേൾക്കാൻ പോലും ആരും തയ്യാറായിരുന്നില്ല. ഇന്ന് അതുപോലുള്ള സിനിമകൾ ധാരാളം വരുന്നു. പരീക്ഷണ സിനിമകൾക്കും പുതുമുഖങ്ങളുടൈ സിനിമകൾക്കും ഇവിടെ പ്രദർശനത്തിന് ഇടം ലഭിക്കുന്നു എന്നതെല്ലാം പോസിറ്റീവായ കാര്യങ്ങളാണ്. Content Highlights: Punyalan Private Limited Ranjith Sankar Jayasurya Malayalam Movie Punyalan Agarbattis Malayalam Director

from movies and music rss http://ift.tt/2AQ6rjI
via IFTTT

No comments:

Post a Comment