രാജീവ് കാത്തിരിക്കുകയാണ്... ചിരിയുടെ ഒരായിരം അമിട്ടുകൾ പൊട്ടിച്ച ആ പഴയ ഓർമകളെ. പിന്നെ കളിയും ചിരിയും വിശേഷങ്ങളുമായി കയറി വരുന്ന കൂട്ടുകാരെയും. ഓർമകളും കൂട്ടുകാരും തിരികെയെത്തിയാൽ രാജീവിന് ആ സന്തോഷ ജീവിതം പിന്നെയും തിരികെ കിട്ടും. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ അപരനായി മിമിക്രി വേദിയിൽ മിന്നിത്തിളങ്ങിയ രാജീവ് കളമശ്ശേരിയുടെ കാത്തിരിപ്പ് വെറുതെയാകില്ലെന്നാണ് വീട്ടുകാരുടെ വിശ്വാസം. ഹൃദയസ്തംഭനവും പിന്നാലെയെത്തിയ ഓർമ നഷ്ടപ്പെടലും... രാജീവ് എന്ന കലാകാരന്റെ ജീവിതം ഇപ്പോൾ എവിടെയോ മുറിഞ്ഞുനിൽക്കുകയാണ്. ഒരു മാസം മുമ്പ് പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് രാജീവിന്റെ ജീവിതത്തെ സങ്കടത്തിലേക്ക് എടുത്തെറിഞ്ഞത്. രാത്രി പത്തു മണിയോടെ ഹൃദയ സ്തംഭനം അനുഭവപ്പെട്ട രാജീവിനെ ബന്ധുക്കൾ ചേർന്ന് ആസ്പത്രിയിലെത്തിച്ചു. സ്കാനിങ്ങിലൂടെ രക്തക്കുഴലുകളിൽ ബ്ലോക്കുണ്ടെന്ന് കണ്ടെത്തിയ ഡോക്ടർമാർ അടുത്ത ദിവസം തന്നെ ആൻജിയോപ്ലാസ്റ്റിയും ചെയ്തു. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം വീട്ടിലെത്തിയ രാജീവ് അതിനടുത്ത ദിവസം കുളിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീണ്ടും ആശുപത്രിയിലെത്തിച്ചപ്പോഴാണ് രാജീവിന് ഓർമ നഷ്ടമാകുന്നുണ്ടെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞതെന്ന് സഹോദരി സജിത പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ മുതൽ രാജീവിന്റെ സംസാരം വളരെ പതുക്കെയായിരുന്നു. പല കാര്യങ്ങളും ഓർമയില്ലാത്തതുപോലെ അപൂർണമായി മുറിഞ്ഞുകൊണ്ടിരുന്നു. തലകറക്കം അനുഭവപ്പെട്ട രാജീവിന് അതു പറയാൻ പോലും കഴിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. പിറ്റേന്ന് ഡോക്ടർമാർ സ്കാൻ ചെയ്തപ്പോഴാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഭാര്യ സൈനബയുടെയും മക്കളായ നസ്നിൻ, നസ്റിൻ, നെഹ്റിൻ, നെഫ്സിൻ എന്നിവരുടെയൊന്നും പേരു പോലും പറയാൻ അപ്പോഴൊന്നും രാജീവിന് ഓർമയുണ്ടായിരുന്നില്ല... സഹോദരി സജിത പറയുന്നത് അരികിൽ രാജീവ് കേട്ടിരുന്നു. നടനും മിമിക്രി കലാകാരനുമായ രാജാ സാഹിബും രഘുവും അടക്കമുള്ള സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് രാജീവ് ജീവിതത്തിലേക്ക് തിരികെ നടക്കാൻ ശ്രമിക്കുന്നതെന്നാണ് വീട്ടുകാർ പറയുന്നത്. ദിവസവും ആറിലധികം ഗുളികകൾ കഴിക്കുന്നതിനൊപ്പം പരമാവധി ഓർമകളേയും കൂട്ടുകാരേയും തിരികെയെത്തിക്കലാണ് പ്രധാന മരുന്നെന്നാണ് ഡോക്ടർമാർ പറയുന്നത്. കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഓർമകളുമായി എത്തുന്നതോടെ രാജീവ് ജീവിതം തിരികെപ്പിടിക്കുമെന്നതിൽ സംശയം വേണ്ടെന്നും ഡോക്ടർമാർ പറയുന്നു. കളമശ്ശേരിയിലെ വീട്ടിൽ ഭാര്യക്കും മക്കൾക്കുമൊപ്പം ഇരിക്കുമ്പോൾ രാജീവിന്റെ പഴയ മിമിക്രി വീഡിയോകൾ ടി.വി.യിൽ ഓടിക്കൊണ്ടിരിക്കുന്നു. എ.കെ. ആന്റണിയും വെള്ളാപ്പള്ളി നടേശനും ഒ. രാജഗോപാലും ഒക്കെയായി രാജീവ് പകർന്നാടിയ വേഷങ്ങൾ. രാജീവിന്റെ ഓർമകളിലേക്കെത്താൻ വീട്ടുകാർ ബോധപൂർവം പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന വീഡിയോകളാണ് അതെല്ലാം. വീഡിയോകൾ കണ്ടിരിക്കുമ്പോൾ അടുത്ത പദ്ധതികളെപ്പറ്റി രാജീവിനോട് ചോദിച്ചു. ഇനിയും ഒരുപാട് മിമിക്രി ചെയ്യണം. പിന്നെ... ഓർമകളിൽ എന്തോ തിരയുന്നതുപോലെ രാജീവിന്റെ വാക്കുകൾ മുറിഞ്ഞുനിന്നു. Content Highlights :Mimicry Artist Rajeev Memory Lose AK Antony Dupe Rajeev
from movies and music rss https://ift.tt/34aWdpT
via
IFTTT
No comments:
Post a Comment