ഇന്ത്യൻ സിനിമയിൽ വേറിട്ട വഴി വെട്ടിത്തെളിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഹോളിവുഡ് ശൈലിയിൽ സിനിമയെടുത്താലല്ലേ മലയാള സിനിമ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടൂ എന്ന ചോദ്യത്തിന്, അങ്ങനെ സിനിമയെടുക്കാൻ ഹോളിവുഡിൽ ആൾക്കാരില്ല, നമ്മൾ സിനിമയെടുക്കേണ്ടത് നമ്മുടെ കഥയല്ലേ എന്ന് ചോദിച്ച സംവിധായകനാണ് ലിജോ ജോസ്. ഓരോ സിനിമ ചെയ്യുമ്പോഴും അദ്ദേഹത്തിന് കൃത്യമായ കാഴ്ചപ്പാടുണ്ട്. ചില സിനിമകൾ സാമ്പത്തിക വിജയം നേടിയില്ലെങ്കിൽ തന്റെ ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായില്ല. പകരം ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ സിനിമ വരുമ്പോൾ തിയ്യറ്ററിലേക്ക് ഓടുന്ന ഒരു വിഭാഗം പ്രേക്ഷകരെ അദ്ദേഹം സൃഷ്ടിച്ചു. സിനിമാപ്രേമികളുടെ ഫെയ്സ്ബുക്ക്കൂട്ടായ്മയായ മൂവി സ്ട്രീറ്റിൽ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് വന്ന ഒരു കുറിപ്പ് വൈറലാകുകയാണ്. ജെയ്സൺ മോഹൻ എന്ന പ്രേക്ഷകനാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ജെയ്സന്റെ കുറിപ്പ് വായിക്കാം വർഷത്തിൽ ഒന്നോ രണ്ടോ സിനിമാക്കാഴ്ചകൾ എന്നതിൽ നിന്നും മാസത്തിൽ രണ്ട് മൂന്ന് എന്നതിലേക്ക് എന്നെ മാറ്റിയത് പ്ലസ് ടു പഠന കാലമാണ്. അവിടെ നിന്നും കൂടെ കിട്ടിയ കുറച്ച് കൂട്ടുകാരാണ് അതിന് കാരണക്കാർ. അവിടെ നിന്നും സിനിമ പതിയെ പതിയെ മത്ത് പിടിപ്പിക്കാൻ തുടങ്ങി. കാണുന്ന കാഴ്ചകളെല്ലാം പതിയെ അതിലേക്ക് ചുരുങ്ങാൻ തുടങ്ങി. അവിടെ മുതലാണ് സിനിമ ശരിക്കും അറിഞ്ഞ് തുടങ്ങിയത്. അറിഞ്ഞ് തുടങ്ങിയപ്പോൾ മുതൽ അത് ഉണ്ടാക്കാൻ ശ്രമം തുടങ്ങി. അന്ന് മുതലാണ് സിനിമകളെ കീറി മുറിക്കാൻ തുടങ്ങിയത്. നമ്മളെ സ്ഥിരമായി പഠിപ്പിക്കുന്ന ഒരു അധ്യാപകൻ, പെട്ടന്ന് ഒരു ദിവസം അദ്ദേഹത്തിന് പകരമായി പുതിയൊരാൾ പുതിയ കാഴ്ചപ്പാടുകളുമായി വരുന്നു; അങ്ങനെയൊരു വരവായിരുന്നു ലിജോ ജോസ് പെല്ലിശേരിയുടേത്, അയാളായിരുന്നു ആ പുതിയ അധ്യാപകൻ. ആദ്യ രണ്ട് ശ്രമത്തിൽ പരാജിതനായി മലയാള സിനിമയിൽ ആമേൻ പാടിയ സംവിധായകൻ. സിനിമകളെക്കൾക്കൊപ്പം അവരുടെയൊക്കെ ഇന്റർവ്യൂസ് കൂടി കാണാൻ ശ്രമിക്കാറുണ്ട് മലയാളത്തിൽ ദിലീഷ് പോത്തൻ, മുരളി ഗോപി, പൃഥ്വിരാജ്, ലിജോ ഇവരുടെയൊക്കെ ഇന്റർവ്യൂസ് ഫോളൊ ചെയ്യാറുണ്ട്. അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ലിജോ; എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ഉണ്ടാകും. അദ്ദേഹത്തിന്റെ സിനിമ പോലെ തന്നെ വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ സംസാരവും. ഭാവിയിൽ എന്ത് എപ്പോൾ എങ്ങനെ ചെയ്യണമെന്ന് കൃത്യമായ ബോധം അയാൾക്കുണ്ട്. കഥകൾ ഒരുപാട് കൈയിലുണ്ട് അതിൽ ഏത് ചെയ്യണം എന്ന് മാത്രമേ തീരുമാനിക്കാനുള്ളൂ എന്നൊക്കെ ധൈര്യമായി ഒരു സംവിധായകനു പറയാൻ കഴിയുന്നുണ്ടെങ്കിൽ ഒന്ന് ആലോചിച്ച് നോക്കുക അയാളുടെ റേഞ്ച്. ഇദ്ദേഹത്തോട് ഒരിക്കലും ഇഷ്ടം തോന്നിയിട്ടില്ല ആരാധനയും തോന്നിയിട്ടില്ല മറിച്ച്.. അസൂയ തോന്നിയിട്ടുണ്ട്, നല്ല മുഴുത്ത അസൂയ. ആദ്യ സിനിമയായ നായകനും പിന്നീട് വന്ന സിറ്റി ഓഫ് ഗോഡും കാണാതെയാണ് ആമേൻ കാണുന്നത്. ഒരു സിനിമ തിയ്യറ്ററിൽ നിന്നും മിസ്സ് ചെയ്തപ്പോൾ ആദ്യമായി സങ്കടം തോന്നിയതും ആമേൻ കണ്ടപ്പോഴായിരുന്നു. ആമേൻ തിയ്യറ്ററിൽ നിന്നും കണ്ട് അതിനെ പറ്റി വാ തോരാതെ സംസാരിക്കുന്ന ഒരുത്തൻ ഇണ്ടായിരുന്നു കൂട്ടത്തിൽ, ശരിക്കും അവനോടൊക്കെ അസൂയ തോന്നിയിട്ടുണ്ട്. കാണുന്നെങ്കിൽ തിയ്യറ്ററിൽ നിന്നും കാണണമായിരുന്നു എന്നൊക്കെ അവൻ പറയുമ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നിയിട്ടുണ്ട്. എനിക്ക് ഇന്നും ഓർമയുണ്ട് ആമേൻ കണ്ട ആ ദിവസം. വാടകക്ക് എടുത്ത സിഡി ഇട്ട് ശബ്ദം കൂട്ടാൻ വേണ്ടി ഒരു കുടത്തിന്റെ വായ് ഭാഗത്ത് സ്പീക്കർ കയറ്റി വെച്ച് വീട്ടുകാരെ മൊത്തം വിളിച്ചിരുത്തി ആമേൻ കണ്ട ആ ദിവസം. പിന്നീട് കുറെ കഴിഞ്ഞു ഒന്ന് കൂടെ ചിന്തിക്കാൻ തുടങ്ങിയപ്പോൾ ആലോചിട്ടുണ്ട് ശരിക്കും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ ഒരു ഏകാധിപതിയാണ്, ഒരു സാധാരണ കാഴ്ചക്കാരനായ എന്നെ കൊണ്ട് അത്രയൊക്കെ ചെയ്യാൻ ആ സംവിധായകനും സിനിമക്കും കഴിഞ്ഞുവെങ്കിൽ അയാൾ എല്ലാവരുടെയും ആസ്വാദന നിലവാരത്തെ ആണ് മാറ്റിമറിക്കുന്നത്. നിങ്ങൾ കാണേണ്ടത് ഇത്തരം സിനിമകളല്ല, ഇതും നിങ്ങൾ കാണേണ്ടത് തന്നെയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന ഒരു ഏകാധിപതിയാണയാൾ. പിന്നീട് നായകനും സിറ്റി ഓഫ് ഗോഡും കണ്ടപ്പോൾ ഉറപ്പായി തുടങ്ങി ഇയാൾ ചില്ലറകാരനല്ല എന്ന്. ഒരാൾ താരതമ്യേന ഉയർച്ചയിൽ എത്തുമ്പോൾ വിമർശങ്ങളും ഉണ്ടാകുമല്ലോ അങ്ങനെ അസൂയ മൂത്ത് ഞാനും ഒന്ന് വിമർശിക്കാൻ ശ്രമിച്ചു, അത് ചെന്നവസാനിച്ചത് കെ.ജി. ജോർജ് എന്ന സംവിധായകനിലാണ്. ലിജോയുടെ ഒരു ഇന്റർവ്യൂവിൽ ഇഷ്ട സംവിധായകരുടെ കൂട്ടത്തിൽ കെ.ജി. ജോർജ് എന്ന പേരും ഉണ്ടായിരുന്നു; സ്വാഭാവികം.. പക്ഷേ ഒന്ന് ഇരുത്തി ചിന്തിച്ചപ്പോൾ മനസിലായി, മലയാളത്തിൽ നിന്നും ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനെ കാര്യമായി സ്വാധീനിച്ച ഒരു വ്യക്തിയാണ് കെ.ജി. ജോർജ്. കെ.ജി ജോർജിന്റെ പഞ്ചവടിപാലം എന്ന സിനിമയിൽ നാടു നീളെ ഓടി നടന്ന് പാടുന്ന ഒരു പാട്ട് ഉണ്ട്. അതുപോലെ ഒരെണ്ണം പള്ളി പൊളിക്കലുമായി ബന്ധപ്പെട്ട് ആമേനിലും കാണാൻ കഴിയും. അത് മാത്രമല്ല അദ്ദേഹത്തിന്റെ ആദാമിന്റെ വാരിയെല്ല് എന്ന സിനിമ സ്വീകരിച്ചിരിക്കുന്ന അതേ കഥ പറച്ചിൽ രീതി തന്നെയാണ് ലിജോയുടെ സിറ്റി ഓഫ് ഗോഡ് എന്ന സിനിമ പിൻതുടരുന്നതും. ഇതൊന്നും ഒരിക്കലും ഒരു കോപ്പിയടിയായി കാണാൻ തോന്നിയിട്ടില്ല, മറിച്ച് രണ്ട് പേരും രണ്ട് കാലഘട്ടങ്ങളിലെ മാറ്റത്തിന്റെ നായകന്മാരായി കാണാനാണ് ഇപ്പോഴും ഇഷ്ടം. ആമേനു ശേഷം ഒരുപാട് പേർക്ക് ആ ചിത്രം ഒരു പാഠപുസ്തകം തന്നെയായിരുന്നു. പിന്നീട് വന്ന ഒരുപാട് സിനിമകളിൽ ആമേൻ റെഫറെൻസ് പ്രകടമായിരുന്നു. സത്യത്തിൽ കാഴ്ചക്കാരുടെ മാത്രമല്ല, തനിക്ക് ഒപ്പം നിൽക്കുന്നവരുടെ രീതികളെ കൂടിയാണ് ലിജോ എന്ന സംവിധായകൻ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത്. ആമേനു ശേഷം അദ്ദേഹത്തിന്റെ അടുത്ത സിനിമയ്ക്കായി ഒരുപാട് പേർ കാത്തിരുന്നിട്ടുണ്ട്, ഡബിൾ ബാരൽ പോലെ ഒരു മൾട്ടിസ്റ്റാർ പടം അന്നൗൺസ് ചെയ്തപ്പോൾ എല്ലാവരുടെയും പ്രതീക്ഷ വർധിക്കുകയും ചെയ്തു. പക്ഷെ പടം പരാജയമാറി മാറി. പരാജയമായെങ്കിലും ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് തോന്നിയിട്ടുള്ളത് അതാണ്. താങ്കളുടെ സിനിമകളിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്ന് ഒരു ഇന്റർവ്യൂവർ ചോദിച്ചപ്പോൾ ഞാനിപ്പോഴും എന്റെ ലാപ്പിൽ സൂക്ഷിക്കുന്ന ഒരേ ഒരു സിനിമയേ ഉളളൂ അത് ഡബിൾ ബാരൽ ആണ് എന്ന് ലിജോ ഒരിക്കൽ പറയുകയും ചെയ്തിരുന്നു. സിനിമ പരാജയമാവുകയും, എന്നാൽ മറ്റൊരു ഭാഗത്ത് അത് ഇഷ്ടപ്പെടുന്നവരുടെ ഒരു കൂട്ടം ഉണ്ടായപ്പോൾ ഒരുപാട് ചർച്ചകൾ അതിനെ പറ്റി ഉയർന്നു വന്നു. അതിൽ ടിവിയിൽ ടെലിക്കാസ്റ്റ് ചെയ്ത പ്രോഗ്രാം ഇപ്പോഴും ഫോണിൽ നിന്നും കളയാത്ത ഒന്നാണ്; തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണത്. ചോദ്യം: ഓരോ പ്രേക്ഷകനും ഓരോ അഭിരുചിയല്ലേ അപ്പോൾ ഒരു സിനിമ ചെയ്യുമ്പോൾ അതിനെ കൂടി മാനിക്കേണ്ടതല്ലേ?? ലിജോ : ഒട്ടും തന്നെ മാനിക്കേണ്ടതില്ല പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമകളാണ് ഇവിടെ ഉണ്ടായി കൊണ്ടിരിക്കുന്നത്, ഒരിടത്ത് ഒരു കുടുംബം ഉണ്ടായിരുന്നു അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു അമ്മക്ക് കാൻസർ ആയിരുന്നു എന്നൊക്കെ പറഞ്ഞു കൊണ്ടു വന്ന് അവസാനം അവർ സുഖമായി ജീവിച്ചു എന്നുള്ള സെയിം ഫോർമാറ്റിലാണ് ഇവിടെ സിനിമകൾ നിർമിക്കപ്പെടുന്നത് അങ്ങനെ ഒരു സിനിമ ഉണ്ടാക്കുന്നതിൽ എന്ത് ഫൺ ആൻഡ് എക്സൈറ്റ്മെന്റ് ആണ് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. പ്രേക്ഷകൻ എന്ത് കാണണം എന്ന് സംവിധായകനു തീരുമാനിക്കാൻ കഴിയണം. ഞാൻ എപ്പോഴും എന്റെ ഇഷ്ടങ്ങൾ മാത്രമേ നോക്കാറുള്ളൂ.. ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ തോന്നിയിട്ടുണ്ട്, ഇത്രക്കും കോൺഫിഡൻസോടെ ഒരു സംവിധായകനു എങ്ങനെയാണ് സംസാരിക്കാൻ കഴിയുന്നത് എന്ന്. ഇതാണ് ശരി.. ഇതാകണം ശരി.. ഒരാൾ ഒരു മാറ്റത്തിന് വേണ്ടി ശ്രമിക്കുമ്പോൾ പരാജയങ്ങൾ ഉണ്ടാകാം. എന്നാൽ ഇപ്പോൾ ആരുടെ പടത്തിനു പോകുന്നു എന്ന് ചോദിക്കുന്നവരോട് ലാലേട്ടന്റെയോ മമ്മുക്കയുടെയോ പേരിനു പകരം ലിജോ ജോസിന്റെ പടത്തിനാണെന്ന് പറയുന്നത് വരെ എത്തിയില്ലേ?? സാധാരണക്കാരനെ മുതൽ ചിന്തിച്ചു തല പുകക്കുന്നവരെ വരെ തൃപ്തിപ്പെടുത്താൻ ലിജോയ്ക്ക് കഴിയുന്നുണ്ട്, അതിന് ഉദാഹരണങ്ങളാണ് പിന്നീട് വന്ന രണ്ട് സിനിമകളായ അങ്കമാലി ഡയറീസും ഈ.മ.യൗ-വും. പ്രതിഭയുടെ കയ്യൊപ്പ് പതിയുക എന്നൊക്കെ പറയാറില്ലേ, അത് കുറച്ചുകൂടെ ആഴത്തിൽ പതിഞ്ഞ രണ്ട് സിനിമകൾ. 80-ൽ പരം പുതുമുഖങ്ങളെ വെച്ച് ഒരു പടം അന്നൗൺസ് ചെയ്തപ്പോൾ അതിനു വേണ്ടി കാത്തിരിക്കാനുള്ള ഒരേ ഒരു കാരണം അതിനു മുകളിലായി ലിജോ ജോസ് പെല്ലിശേരി എന്നൊരു ടാഗ് ലൈൻ ഉണ്ടായിരുന്നത് കൊണ്ടാണ്. മലയാള സിനിമക്ക് ഇന്ന് അതൊരു ശീലമാണ് ലിജോ ജോസ് പെല്ലിശേരിയുടെ എന്ന് കണ്ടാൽ അതിനു താഴെ എന്ത് എഴുതിയാലും ടിക്കറ്റ് എടുക്കുന്ന ശീലം. അങ്കമാലി ഡയറീസ് കണ്ടു തീർത്തതിന് ഒരു കണക്കും ഇല്ല, അത്രക്കും ഫ്രഷ്നെസ് ഉള്ള ഒരു സിനിമ. ലിജോ എന്ന സംവിധായകനെ സാധാരണക്കാർക്കിടയിൽ കുറച്ചു കൂടെ ഉയർത്തി കൊണ്ടുവന്ന ഒരു സിനിമ കൂടിയാണത്. ഈ.മ. യൗ-വിനെ കുറിച്ച് പറഞ്ഞാൽ മതിയാകാതെ വരും പടം കണ്ടു കഴിഞ്ഞ് ആരോ പറഞ്ഞിരുന്നു: പടം കഴിഞ്ഞു തിയേറ്റർ വിട്ടപ്പോൾ പുറത്ത് നല്ല മഴയായിരുന്നു ഒരു നിമിഷം ചിന്തിച്ചു നിന്നുപോയി ഞാൻ എവിടെയാണ് എന്ന്..ശരിക്കും ഇതിനെയൊക്കെയല്ലേ വിപ്ലവം എന്ന് വിളിക്കേണ്ടത്!? ഇതിൽ കൂടുതൽ എന്താണ് ഒരു സംവിധായകനെ സിനിമയിൽ ചെയ്യാൻ കഴിയുക!? ഒരു സിനിമയുടെ കഥയിൽ മാത്രമല്ല അതിന്റെ അടി മുതൽ മുടി വരെ ശ്രദ്ധിക്കുന്ന ഒരാളാണ് ലിജോ; അതുകൊണ്ട് തന്നെയാണ് എല്ലാ വശങ്ങളിലും അത് ഉയർന്നു നിൽക്കുന്നത്. സിനിമക്ക് ഒരു കഥയുടെ ആവശ്യമില്ല എന്നാണ് ലിജോയുടെ പക്ഷം, അതുകൊണ്ട് തന്നെയാണ് ലിജോയുടെ എല്ലാ സിനിമകളും സംസാരിക്കുന്നത് വിഷ്വൽസ് വഴിയാണ്. അയാൾ പ്രേഷകനിൽ അടിച്ചേൽപ്പിക്കുന്നത് ദൃശ്യങ്ങളാണ്. സോളമനേയും ശോശന്നയേയും വാവച്ചന്റെ കുഴിമാടത്തിലിരിക്കുന്ന ഈശിയേയും പെപ്പെയേയും അപ്പാനി രവിയേയുമെല്ലാം നിങ്ങൾക്ക് കാണാൻ കഴിയുന്നില്ലേ; അത് തന്നെയാണ് ആ സിനിമകളുടെയെല്ലാം ഭാഷ. അവരെല്ലാം ജീവിക്കുന്നത് പോലെ തോന്നുന്നത് അതിന്റെ ദൃശ്യങ്ങൾ കൊണ്ട് തന്നെയാണ്. പക്ഷേ, ലിജോയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുള്ളത് ആമേൻ പോലെ ഒരു വിഷ്വൽ മാജിക് അഭിനന്ദൻ രാമാനുജൻ എന്ന ക്യാമറാമാനെ വെച്ച് ഒരുക്കിയിട്ടും അടുത്ത സിനിമയിൽ ക്യാമറ ചെയ്തത് ഗിരീഷ് ഗംഗാധരനാണ് പിന്നെ ഷൈജു ഖാലിദും. ഇതിൽ നിന്നും മനസിലാകുന്നത് അയാൾ ആരെയും ആശ്രയിക്കുന്നില്ല, കഥ പൂർത്തിയാകുമ്പോൾ അതിൽ ആർക്കാണോ സ്പേസ് ഉള്ളത് അവർക്ക് ആ റോളുകൾ നൽകുക. അതുകൊണ്ട് തന്നെയാണ് ലാലേട്ടനും മമ്മുക്കയും പോലുള്ള മുൻനിര നായകന്മാർ അദ്ദേഹത്തിന്റെ സിനിമകളിൽ പ്രത്യക്ഷപെടാതിരിക്കാനുള്ള കാരണവും. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ മലയാള സിനിമയിൽ എന്ത് ചെയ്തു എന്ന ചോദ്യത്തിന്റെ ഉത്തരം ഇപ്പോഴും പൂർണമല്ല. കാരണം, അയാൾ ഇപ്പോഴും എഴുതുന്നുണ്ട് ചിന്തിക്കുന്നുണ്ട് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെ പോലെ സഞ്ചരിക്കുന്നുണ്ട്. ദേ ഇപ്പോൾ അടുത്ത സിനിമ ജല്ലിക്കട്ട് റിലീസിന് ഒരുങ്ങുന്നു ഇന്ന് രാവിലെ മുതൽ ഒരു പോത്തിനെ കാണിച്ചു കൊണ്ട് ആശാൻ മാസ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഒരു സംവിധായകന്റെ പേരിൽ അടുത്തതായി ഫാൻസ് ഷോകൾ വരാൻ പോകുന്നത് ഈ മുതലിന്റെ പേരിലായിരിക്കും. പലരും പറയാറുണ്ട്, ലിജോയുടെ ഒരു സിനിമ മറ്റൊരു സിനിമയുമായി കംപയർ ചെയ്യാൻ കഴിയില്ല എന്ന്. ഞാൻ നോക്കിയിട്ട് തോന്നുന്നതെല്ലാം പിടിച്ച് സിനിമയാക്കുക എന്നതാണ് അദ്ദേഹത്തിന്റെ സിനിമകളുടെ ഫോർമാറ്റ്. ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകൻ എന്തിന് മാറണം, വേണമെങ്കിൽ കാഴ്ചക്കാർ മാറട്ടെ അതല്ലേ ഹീറോയിസം. Content Highlights:Lijo Jose Pellissery Movies, Jellykettu
from movies and music rss https://ift.tt/2PfSELN
via
IFTTT
No comments:
Post a Comment