Thursday, November 26, 2020

മംമ്തയുടെ സഹകരണം, വിട്ടുവീഴ്ച്ചകളില്ലാതെ നൽകിയ പിന്തുണ; ലോകമേ ഹിറ്റാവുമ്പോൾ ബാനി ചന്ദ് പറയുന്നു

നടി മംമ്താ മോഹൻദാസിന്റെ ആദ്യ നിർമാണ സംരംഭമായി ഒരുങ്ങിയ ലോകമേ എന്ന മ്യൂസിക് സിം​ഗിൾ സം​ഗീതാസ്വാദകർക്കിടയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ക്ലബ് എഫ് എം -ൽ റേഡിയോ ജോക്കി ആയിരുന്ന ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയ "ലോകമേ" എന്ന റാപ് സോങ്ങാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് മ്യൂസിക്ക് സിം​ഗിളായി പുറത്തിറക്കിയത്. മംമ്തയും സുഹൃത്തും സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമാണ കമ്പനിയ്ക്ക് തുടക്കം കുറിച്ചത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ ലോകമേ ചർച്ചയാകുന്നതിന്റെ സന്തോഷത്തിലാണ് സിം​ഗിളിനായി ദൃശ്യാവിഷ്കാരമൊരുക്കിയ ബാനി ചന്ദ് ബാബു. വിഷ്യൽ എഫക്ട്സ് മേഖലയിൽ ഏറെ കാലത്തെ പരിചയ സമ്പന്നനാണ് ബാനി. ഏതാണ്ട് 12 വർഷത്തിലേറെയായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബാനി ഇരുനൂറിലധികം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ​ഗാനമൊരുക്കുന്നതിന്റെ ഒരു വേളയിലും വിട്ടുവീഴ്ച്ചകൾ ചെയ്യാതിരുന്നതാണ് ലോകമേ ഇത്രമാത്രം ജനശ്രദ്ധ നേടാൻ കാരണമായതെന്ന് പറയുന്നു ബാനി. ലോകമേയുടെ വിശേഷങ്ങളുമായി ബാനി മാതൃഭൂമി ഡോട് കോമിനൊപ്പം ചേരുന്നു "മംമ്തയും നോയലുമാണ് മ്യൂസിക് സിം​ഗിൾ എന്നൊരു പ്രോജക്ട് കൊണ്ടു വരുന്നത്. മലയാളത്തിൽ ആരും അധികം കൈ വച്ചിട്ടില്ലാത്ത മേഖലയാണ് ഈ മ്യൂസിക് സിം​ഗിൾ എന്ന് പറയുന്നത്. ഏകലവ്യന്റെ ലോകമേ എന്ന പാട്ട് എന്നെ അവർ കേൾപ്പിച്ചു, അതിന് വേണ്ടുന്ന രീതിയിൽ ദൃശ്യാവിഷ്കാരമൊരുക്കുകഎന്നതായിരുന്നു എന്റെ ദൗത്യം. മികച്ച വരികളാണ് ഏകലവ്യൻ എഴുതിയിരിക്കുന്നത്. കേട്ടപ്പോൾ തന്നെ എനിക്കത് ഭയങ്കരമായി ഇഷ്ടപ്പെട്ടു. ​ആ വരികൾക്ക് ചേരുന്ന വിഷ്വൽസ് കൊണ്ടു വരിക എന്നതിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. ഒരു രം​ഗവും ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ​ലാ​ഗ് ഇല്ലാതെയാണ് ​ഗാനം മുന്നോട്ട് പോവുന്നത്. മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് ആദ്യമായി ചെയ്യുന്ന സംരംഭം അത് ​ഗംഭീരമായി തന്നെ വേണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. ആ പാട്ടും അത് ആവശ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് വിട്ടുവീഴ്ച്ചകൾ ചെയ്യാതെ മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിം​ഗിൾ എന്ന ഖ്യാതിയോടെ തന്നെ ലോകമേ പുറത്തിറക്കിയത്. ഭയങ്കര സഹകരണമാണ് മംമ്തയുടെ ഭാ​ഗത്ത് നിന്നുണ്ടായത്. അത് പറയാതെ വയ്യ. കൊടുത്ത സ്ക്രിപ്റ്റിന് വേണ്ടതെല്ലാം ഒരു വിട്ടുവീഴ്ച്ചകളുമില്ലാതെ ഒരുക്കി തന്നു. ഈ സിം​ഗിൾ ഒരുക്കാനായി രണ്ട് പേരെ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഒന്ന് വിനീഷ് ബം​ഗ്ലാൻ. ദേശീയ പുരസ്കാര ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ ആണ് അദ്ദേഹം. മറ്റൊരാൾ നൃത്തസംവിധായകൻ പ്രസന്ന മാസ്റ്ററും. ഞാനാവശ്യപ്പെട്ട ക്രൂവിനെ തന്നെയാണ് എനിക്ക് ലഭിച്ചതും. അതുകൊണ്ടാണ് ലോകമേയ്ക്ക് ആ നിലവാരം ലഭിച്ചത്. ലോകമേയുടെ അണിയറപ്രവർത്തകർ ഈ മേഖലയിൽ ഇത്ര വർഷത്തെ എക്സ്പീരിയൻസ് ഉള്ളത് കൊണ്ട് തന്നെ നമ്മൾ പ്രേക്ഷകർക്ക് നൽകുന്ന എന്ത് പ്രോഡക്ടും നിലവാരമുള്ളതാവണം എന്ന് നിർബന്ധമുണ്ടായിരിക്കും. അതിൽ വിട്ടുവീഴ്ച്ചയുണ്ടാകില്ല. സിനിമാ പ്ലാനും മനസിലുണ്ട് . അതിന്റെ ചർച്ചകളും മറ്റും നടക്കുന്നു. തീരുമാനമായാൽ എല്ലാവരെയും അറിയിക്കും, ഇതേ പ്രോത്സാഹനവും പിന്തുണയും അപ്പോഴും നൽകണം..."- പ്രതീക്ഷകളോടെ ബാനി പറഞ്ഞു നിർത്തുന്നു. Content highlights : Mamta Mohandas Productions Lokame Music Single director Bani Chand Babu Interview

from movies and music rss https://ift.tt/3q6bqU0
via IFTTT

No comments:

Post a Comment