Tuesday, November 24, 2020

രവി മേനോൻ ചോദിച്ചു; ഭാഗ്യമില്ലാത്ത ഈ പേര് മാറ്റിക്കൂടേ?

നടൻ രവി മേനോന്റെ ഓർമ്മദിനം​ ``സാക്ഷാൽ രവിമേനോനെ ആദ്യമായും അവസാനമായും കണ്ടതും സംസാരിച്ചതും 1980 കളുടെ ഒടുവിലാണ്; കോഴിക്കോട്ടെ ഹോട്ടൽ മഹാറാണിയിൽ വെച്ച്. സിനിമയിൽ പഴയ പോലെ തിരക്കില്ല അന്ന് മേനോന്. ഐ വി ശശിയുടെ ഏതോ പടത്തിൽ ചെറുറോളിൽ അഭിനയിക്കാൻ എത്തിയതാണ് അദ്ദേഹം. ഞാനാകട്ടെ, കലാകൗമുദി ഫിലിം മാഗസിന് വേണ്ടി ഷൂട്ടിംഗ് കവർ ചെയ്യാനും. ഒപ്പമുള്ള സുഹൃത്ത് ഗിരീഷ് പുത്തഞ്ചേരി (അന്ന് സിനിമയുടെ ഭാഗമായിട്ടില്ല) പേരു പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയപ്പോൾ ചെറിയൊരമ്പരപ്പോടെ തല ചെരിച്ച് നോക്കി നടൻ രവിമേനോൻ. പിന്നെ പൊട്ടിച്ചിരിച്ചു. ``ഓഹോ,.. ഇഷ്ടം പോലെ രവിമേനോൻമാരായി ഇപ്പൊ നാട്ടിൽ അല്ലേ.. നമ്മളൊക്കെ ഔട്ടായി... തമാശയായിട്ടാണ് പറഞ്ഞതെങ്കിലും നേർത്ത വിഷാദധ്വനിയുണ്ടായിരുന്നില്ലേ ആ വാക്കുകളിൽ? ``അയ്യോ...ഒരിക്കലുമില്ല. ദേർ ഈസ് ഒൺലി വൺ രവിമേനോൻ.. ദി വൺ ആൻഡ് ഒൺലി.-- ഞാൻ പറഞ്ഞു. .``മറക്കാൻ പറ്റില്ല താങ്കളുടെ പല റോളുകളും. നിർമ്മാല്യത്തിലെ ആ ഉണ്ണി നമ്പൂരി, പിന്നെ വാടകവീടിലെയും രാധ എന്ന പെൺകുട്ടിയിലെയും ശാലിനി എന്റെ കൂട്ടുകാരിയിലെയും കഥാപാത്രങ്ങൾ. അതൊക്കെ പോട്ടെ. മണി കൗളിന്റെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായില്ലേ..മറ്റെന്തു വേണം..? -- ഉള്ളിന്റെയുള്ളിൽ നിന്ന് വന്ന വാക്കുകൾ. ഒരു നിമിഷം മൗനിയായി രവിമേനോൻ; പിന്നെ, പുറത്തെ പൊള്ളുന്ന വെയിലേക്കും ഞങ്ങളുടെ മുഖങ്ങളിലേക്കും മാറിമാറി നോക്കി: ``സുഹൃത്തേ, അതൊക്കെ പ്രെറ്റി ഓൾഡ് സ്റ്റോറീസ്. പഴങ്കഥകൾ. പക്ഷേ കേൾക്കാൻ സുഖംണ്ട്. അതേ രവിമേനോൻ ഇതാ ശശിയുടെ പടത്തിൽ ബിറ്റ് റോൾ ചെയ്യാൻ മേക്കപ്പിട്ട് കാത്തിരിക്കുന്നു. വെറുതെ വന്നുപോകുന്ന ഒരു റോൾ. നോ വണ്ടർ. ഇതൊക്കെയാണ് സിനിമയുടെ ലോകം. ലക്ക് മേക്ക്സ് ഓൾ ദി ഡിഫറൻസ് ഹിയർ....എല്ലാം ഭാഗ്യദേവതയുടെ കളി. സിനിമാജീവിതത്തിന്റെ ആരംഭദശയിൽ അതേ ഭാഗ്യദേവതയുടെ കടാക്ഷം ആവോളം ലഭിച്ചിരുന്നു രവിമേനോന്. മണികൗളിനെ പോലൊരു പ്രഗൽഭ ചലച്ചിത്രകാരന്റെ സിനിമയിൽ നായകവേഷമണിഞ്ഞു കൊണ്ട് അഭിനയത്തിൽ ഹരിശ്രീ കുറിക്കാൻ മറ്റേത് മലയാളിക്കാണ് ഭാഗ്യം ലഭിച്ചിട്ടുണ്ടാകുക? മികച്ച സംവിധായകനുള്ള 1973 ലെ ദേശീയ അവാർഡ് കൗളിന് നേടിക്കൊടുത്ത ``ദുവിധയിൽ രവിമേനോൻ എത്തിപ്പെടുന്നത് പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ ഡിപ്ലോമ ചിത്രമായ മാനിഷാദ (സംവിധാനം കബീർ റാവുത്തർ) യിലെ മികച്ച അഭിനയത്തിന്റെ പിൻബലത്തിലാണ്. കരിമ്പുഴക്കാരൻ രവീന്ദ്രനാഥ മേനോനെ രവിമേനോനായി ജ്ഞാനസ്നാനം ചെയ്യിച്ചിരുന്നു അതിനകം സാക്ഷാൽ മൃണാൾ സെൻ. രവിമേനോന്റെ സിനിമാജീവിതത്തിന്റെ തുടക്കം അവിടെ നിന്നാണ്. പൂനയിൽ വെച്ച് പരിചയപ്പെട്ട എം ടി വാസുദേവൻ നായർ തന്റെ ആദ്യ സംവിധാന സംരംഭമായ ``നിർമ്മാല്യത്തിലേക്ക് ക്ഷണിച്ച വേളയിൽ തന്നെ മറ്റൊരു സ്വപ്നതുല്യമായ ഓഫർ കൂടി രവിമേനോനെ തേടിയെത്തി -- ബസു ചാറ്റർജിയുടെ ``ചിത്ചോറിലെ നായകസ്ഥാനം. മനസ്സു കൊണ്ടും ശരീര ഭാഷ കൊണ്ടും അടിമുടി മലയാളിയും പാലക്കാട്ടുകാരനുമായ മേനോൻ തിരഞ്ഞെടുത്തത് എം ടിയുടെ സിനിമ. രവിമേനോൻ ഉപേക്ഷിച്ച ചിത്ചോറിലെ റോൾ പിന്നീടഭിനയിച്ചത് അമോൽ പലേക്കറാണ്. ``നിർമ്മാല്യം പരക്കെ അംഗീകരിക്കപ്പെട്ടെങ്കിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അപൂർവമായേ പിന്നീട് മേനോനെ തേടിയെത്തിയുള്ളൂ. ഭ്രഷ്ട്, ഏകാകിനി, സ്വന്തം ശാരിക, രാധ എന്ന പെൺകുട്ടി, വാടകവീട്....വിരലിലെണ്ണാവുന്ന നല്ല ചിത്രങ്ങൾ. പതുക്കെ സിനിമയുടെ മുഖ്യധാരയിൽ നിന്ന് മാഞ്ഞുപോകുകയായിരുന്നു അദ്ദേഹം. ജീവിക്കാൻ വേണ്ടി പിന്നീട് വെള്ളിത്തിരയിൽ രവിമേനോൻ കെട്ടിയാടിയ ``തുണ്ട് വേഷങ്ങൾ എത്രയെത്ര -- പെട്ടിക്കടക്കാരൻ മുതൽ കൂട്ടിക്കൊടുപ്പുകാരന്റെ റോൾ വരെ. ``മടുത്തു. നാട്ടിലേക്ക് തിരിച്ചു പോയി കൃഷി ചെയ്തു ജീവിച്ചാലോ എന്ന് ആലോചിക്കുകയാണ്.. -- രവിമേനോൻ പിറുപിറുക്കുന്നു. യാത്രയാക്കുമ്പോൾ എന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒന്നുകൂടി പറഞ്ഞു അദ്ദേഹം: ``പിന്നേയ്... നിങ്ങക്ക് വേണെങ്കിൽ നിങ്ങടെ പേര് മാറ്റാം ട്ടോ. ഭാഗ്യമില്ലാത്ത പേരാ. പിന്നെ ആത്മഗതം പോലെ ഇത്ര കൂടി: ``അല്ലെങ്കി വേണ്ട. എല്ലാ രവിമേനോൻമാരും എന്നെപ്പോലെ ആവണമെന്നില്ലല്ലോ. പൊട്ടിച്ചിരിക്കുന്നു രവിമേനോൻ. ഗിരീഷും ഞാനും മുഖത്തോടു മുഖം നോക്കി. ഒന്നും പറയാനുണ്ടായിരുന്നില്ല ഞങ്ങൾക്ക്. മഹാറാണിയുടെ ലോബിയിൽ നിന്ന് പുറത്തെ ചൂടിലേക്ക് ഇറങ്ങി നടക്കവേ, ഗിരീഷ് പതുക്കെ പറഞ്ഞു: ``നമ്മളൊക്കെ സിനിമാനടന്മാരാകാത്തത് ഭാഗ്യം.. Content Highlights: Actor Ravi Menon death Anniversary,Nirmalyam, Shalini Ente Koottukari, Shyama, Kilukkam, Minnaram

from movies and music rss https://ift.tt/2UWS1qA
via IFTTT

No comments:

Post a Comment