സത്യജിത്ത് റായിയുടെ സിനിമകളിലൂടെ തുടക്കം. ഒടുവിൽ ആഭിജാനിലും. രംഗബോധമില്ലാത്ത കോമാളിയാണെന്ന് പറയുമ്പോഴും, സ്വന്തം ജീവിതകഥ പൂർത്തിയാക്കുന്നത് വരെ മരണം സൗമിത്ര ചാറ്റർജിയ്ക്ക് വേണ്ടി കാത്തുനിന്നു. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരത്തിന്റെ ഈ അവസാനചിത്രത്തിനായി ക്യാമറ ചലിപ്പിക്കാനുള്ള നിയോഗം കോഴിക്കോട് സ്വദേശിയായ അപ്പു പ്രഭാകറിനായിരുന്നു. 2017-ൽ ഐ ടെസ്റ്റ് എന്ന ചിത്രത്തിലൂടെ നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം നേടിയ അപ്പു പ്രഭാകറിന്റെ മൂന്നാമത്തെ ബാംഗാളി ചിത്രമായിരുന്നു ആഭിജാൻ. മഹാനായ സത്യജിത്ത് റായിയുടെ ക്യാമറയിൽ പതിഞ്ഞ അതേ വ്യക്തിയെ സ്വന്തം ക്യാമറയിൽ പകർത്താനായതിന്റെ നിർവൃതിയിലാണ് ഈ യുവഛായാഗ്രാഹകൻ, അതേസമയം, തന്റെ ജീവിതാവിഷ്കാരത്തെ വെള്ളിത്തിരയിൽ കാണാൻ കാത്തുനിൽക്കാതെ സൗമിത്ര ചാറ്റർജി വിടവാങ്ങിയ ദുഖത്തിലും. ആ മഹാപ്രതിഭയ്ക്കൊപ്പമുള്ള ഓർമകൾ മാതൃഭൂമിഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് അപ്പു പ്രഭാകർ. സൗമിത്ര ചാറ്റർജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ആഭിജാൻ. പരബ്രത ചാതോപാധ്യായയാണ് ചിത്രത്തിന്റെ സംവിധായകൻ. ലോക്ക്ഡൗണിന് തൊട്ടമുൻപേ എഴുപത് ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞിരുന്നു. പിന്നീട് സെപ്തംബറിലാണ് ബാക്കിയുള്ള ഭാഗങ്ങൾ പുനഃരാരംഭിച്ചത്. സൗമിത്ര ചാറ്റർജിയുടെ ബാല്യകാലത്തിൽ തുടങ്ങി സിനിമകൾ സാമൂഹിക ഇടപെടലുകൾ രാഷ്രീയം ഇവയിലൂടെയെല്ലാമുള്ള യാത്രയാണ് ഈ ചിത്രം. ഒരു നടൻ എന്നതിനൊപ്പം തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബംഗാളി സിനിമയിലെ വിപ്ലവകാരി. അദ്ദേഹത്തിന്റെ ബയോപിക്കിൽ അദ്ദേഹം തന്നെ അഭിനയിക്കുന്നതും അതിന്റെ ഛായാഗ്രാഹകനായി എനിക്ക് അവസരം ലഭിച്ചതുമെല്ലാം നിമിത്തമാണ്. സത്യജിത്ത് റായിയുടെ ക്യാമറയിൽ പതിഞ്ഞ അതേ വ്യക്തിയെ എന്റെ ക്യാമറയിൽ പകർത്താനായതിനേക്കാൾ വലിയ ഭാഗ്യമുണ്ടോ? വാർധക്യത്തിന്റെ ക്ഷീണമൊന്നും സൗമിത്ര ചാറ്റർജിയിൽ ഞാൻ കണ്ടില്ല. ദിവസം അഞ്ചു മണിക്കൂർ മാത്രമേ അദ്ദേഹം അഭിനയിക്കുകയുള്ളൂ. അത് പ്രായാധിക്യം കൊണ്ടാണെന്ന് ഞാൻ കരുതുന്നില്ല. സിനിമയ്ക്ക് പുറത്തുള്ള സാംസ്കാരിക ഇടങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൊൽക്കത്തയിലെ സായാഹ്നങ്ങളിൽ പൊതുവേദിയിലും സൗഹൃദ കൂട്ടായ്മകളിൽ കവിതകൾ ആലപിക്കുമായിരുന്നു. തികച്ചും പ്രൊഫഷണലായിരുന്നു അദ്ദേഹം. കൃത്യസമയത്ത് ഷൂട്ടിങ്ങിനെത്തും അഞ്ചു മണിക്കൂർ കഴിഞ്ഞാൽ പോകും. അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ചൊന്നും പറയാൻ ഞാൻ ആളല്ല. എന്നിരുന്നാലും ക്യാമറയിലൂടെ അദ്ദേഹത്തെ തൊട്ടടുത്തും അകലെയുമായി കാണുമ്പോൾ അതിശയിച്ചു പോയി. ഷൂട്ടിങ് തിരക്കിനിടയിൽ രണ്ടോ മൂന്നോ തവണ അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചു. വിനയത്തോടെ സംസാരിക്കുന്ന സഹപ്രവർത്തകരുടെ വലിപ്പച്ചെറുപ്പം നോക്കാതെ, ബഹുമാനത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബംഗാൾ സിനിമയിലെ സൂപ്പർതാരമായിരുന്നു ഒരു കാലത്ത് സൗമിത്ര ചാറ്റർജി. ഇത്രയും ലാളിത്യമുള്ള മറ്റൊരു താരമുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ആഭിജാൻ പൂർണമായും സൗമിത്ര ചാറ്റർജിയുടെ ജീവിതമാണ്. എന്നാൽ ഒരു ഫിക്ഷണൽ സിനിമ പോലെയാണ് അതൊരുക്കിയിരിക്കുന്നത്. സൗമിത്ര ചാറ്റർജിയുടെ കടുത്ത ആരാധകനായ ഒരു ഡോക്ടറുണ്ട്.. യു.കെയിലാണ് അദ്ദേഹം. നാട്ടിൽ വരുന്ന സമയത്ത്സൗമിത്ര ചാറ്റർജിയെ കാണാൻ വരുമായിരുന്നു. അഭിമുഖങ്ങൾ ചെയ്യുമായിരുന്നു. അദ്ദേഹമാണ് ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാൾ. സൗമിത്ര ചാറ്റർജിയെ കുറിച്ച് ഗവേഷണം ചെയ്യുന്ന ഒരാൾ അദ്ദേഹത്തിനരികിൽ വരികയും അഭിമുഖം നടത്തുകയും ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ഭൂതകാലത്തിലേക്ക് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നു. ആഭിജാന്റെ കഥ സഞ്ചരിക്കുന്നത് ഇങ്ങനെയാണ്. സൗമിത്ര ചാറ്റർജിയുടെ ജീവിതത്തിലൂടെയും ബംഗാൾ സിനിമയുടെ ചരിത്രത്തിലൂടെയുമുള്ള യാത്ര. അപ്പു പ്രഭാകർ സൗമിത്ര ചാറ്റർജി ബംഗാളിലുള്ളവർക്ക് തുറന്ന പുസ്തകമാണ്. അദ്ദേഹത്തെക്കുറിച്ച് ബാംഗാളിൽ അറിയാത്തവരില്ല. എന്നാൽ സൗമിത്ര ചാറ്റർജി എന്ന വ്യക്തിയെക്കുറിച്ചും നടനെക്കുറിച്ചും അധികം ആർക്കും അറിയാത്ത ചില കാര്യങ്ങളിലേക്ക് ഈ ചിത്രം വെളിച്ചം വീശുന്നു. പൊതുവെ നമ്മൾ കണ്ടുശിലിച്ചിട്ടുള്ള ബയോപിക് ചിത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ആഭിജാൻ. കാരണം ജീവിതത്തിലെ പല ഘട്ടങ്ങളിലായി അദ്ദേഹം സ്വീകരിച്ച നിലപാടുകളിലെ വൈരുദ്ധ്യത്തെ ചിത്രത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. വിമർശിക്കുന്നുണ്ട്. അതിൽ അദ്ദേഹം തന്നെ അഭിനയിക്കുന്നു എന്നതാണ് ഏറ്റവും വലിയ കൗതുകം. മറ്റൊരാൾക്കും ഇത്രയും ധൈര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. സൗമിത്ര ചാറ്റർജിയുടെ ജീവിതത്തിൽ വലിയൊരു ദുഃഖമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൾ പൗലമി ബോസിന്റെ മകൻ റോണോദീപ് വാഹനാപകടത്തെ തുടർന്ന് കുറേ കാലങ്ങളായി കോമയിലാണ്. സിനിമയിൽനിന്ന് കുറച്ച് കാലം മാറി നിൽക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും പേരക്കുട്ടിയുടെ ചികിത്സയ്ക്ക് സാമ്പത്തികമായ പിന്തുണ നൽകേണ്ടതിനാൽ അദ്ദേഹം അഭിനയം തുടർന്നു. ആഭിജാൻ തുടങ്ങുന്നത് തന്നെ ആ സംഭവത്തിൽനിന്നാണ്. എന്നെ സംബന്ധിച്ച് ഒരു പാഠപുസ്തകമായിരുന്നു ആഭിജാൻ. വ്യത്യസ്തമായ കാലഘട്ടത്തിലൂടെയുള്ള യാത്രയാണ്. സത്യജിത്ത് റായിയുടെ സിനിമകളിൽ അതിപ്രശസ്തമായ ചില രംഗങ്ങൾ പുനഃരാവിഷ്കരിക്കുക എന്ന വലിയ വെല്ലുവിളി എനിക്ക് മുന്നിലുണ്ടായിരുന്നു. പഴയ കാലത്തെ ചുറ്റുപാടിൽ വളരെ പരിമിതമായ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് സത്യജിത്ത് റായ് അവ ചിത്രീകരിച്ചത്. സാങ്കേതികവിദ്യ ഇത്ര വളർന്നിട്ടും അതത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും മഹാനായ സംവിധായകനോട് എനിക്ക് നീതി പുലർത്താൻ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. അതുപോലെ സൗമിത്ര ചാറ്റർജി എന്ന പ്രതിഭയോടും. സൗമിത്ര ചാറ്റർജി ( അപ്പു പ്രഭാകർ പകർത്തിയ ചിത്രം) Content Highlights:Soumitra Chatterjee Biopic Movie, Abhijan Cinematographer, Appu Prabhakar
from movies and music rss https://ift.tt/392LuCK
via
IFTTT
No comments:
Post a Comment