ചലച്ചിത്ര ലോകത്തേക്കുള്ള മോഹൻലാലിന്റെ ആദ്യ കാൽവെപ്പായിരുന്നു തിരനോട്ടം. മോഹൻലാലടക്കമുള്ള ശരാശരി പതിനെട്ട് വയസ്സു മാത്രം പ്രായമുള്ള ഒരു കൂട്ടം കോളേജ് വിദ്യാർഥികളുടെ സ്വപ്നം. ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് പൂർത്തിയായ തിരനോട്ടം പ്രേക്ഷകരിലേക്കെത്തിയില്ല. കൊല്ലത്തെ കൃഷ്ണാ തിയേറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി. തിരനോട്ടത്തിന്റെ വിധി അതായിരുന്നെങ്കിലും ആ സിനിമ നൽകിയ ആത്മവിശ്വസമാണ് മോഹൻലാലിന്റെ യാത്രയ്ക്ക് കരുത്ത് പകർന്നത്. ബോധപൂർവം സൃഷ്ടിച്ചെടുത്ത ബന്ധങ്ങളൊന്നും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ചെറിയ കൈവഴികളായി ഒഴുകി വന്ന സൗഹൃദങ്ങളെ ഞാൻ ചേർത്തുവയ്ക്കുകയായിരുന്നു. ഞാൻ ഒരു സിനിമാ നടനായി പരിണമിക്കുന്നതും ആ സൗഹൃദങ്ങളിലൂടെ തന്നെയാണ്. പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്താണ് സിനിമയിൽ അഭിനയിക്കാനുള്ള താൽപ്പര്യം ആദ്യമായി വീട്ടിൽ പറഞ്ഞത്. ഞങ്ങളുടെ കുടുംബത്തിൽ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ആരുമില്ലായിരുന്നു. എന്നിട്ടും എനിക്കുചുറ്റും സിനിമയുടെ ഒരു വെളിച്ചം എന്നുമുണ്ടായിരുന്നു. അത്രതീവ്രമൊന്നുമല്ലെങ്കിലും ഉള്ളിൽ കൊണ്ടുനടന്ന മോഹം ഒരിക്കൽ അച്ഛനു മുന്നിൽ തുറന്നുവച്ചു. നല്ലതു തന്നെ, പക്ഷേ ഡിഗ്രി കഴിഞ്ഞിട്ടു പോരേ? എന്നു മാത്രമാണ് അച്ഛൻ ചോദിച്ചത്. വേണ്ട എന്ന് അദ്ദേഹം പറഞ്ഞതേയില്ല. മകൻ തന്നെ പോലെ സർക്കാർ ഉദ്യോഗസ്ഥനായി കാണണമെന്ന അച്ഛന്റെ ആഗ്രഹത്തിന് മുറിവേൽപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നുമില്ല. സ്വകാര്യമായി ഹൃദയത്തിൽ സൂക്ഷിച്ച സിനിമാ മോഹം പോലും അച്ഛന്റെ നിർദേശങ്ങൾക്കപ്പുറത്തേയ്ക്ക് വലിച്ചുനീട്ടാൻ അക്കാലത്ത് എന്റെ മനസച്ഛ് അനുവദിച്ചില്ല. അശോക്, സുരേഷ്, സനൽ, ഉണ്ണി പിന്നെ കോളേജ് കാലത്ത് ഒരു ബസ് യാത്രയിലുണ്ടായ തർക്കത്തിൽ നിന്നും ചങ്ങാതിയായി രംഗപ്രവേശം ചെയ്ത പ്രിയൻ എന്ന പ്രിയദർശൻ തുടങ്ങി എന്റെ സുഹൃത്തുക്കളെല്ലാം സിനിമ സ്വപ്നം കണ്ടു നടന്നവരായിരുന്നു. ഞങ്ങളുടെ സിനിമാ സ്വപ്നങ്ങൾക്കും ചർച്ചകൾക്കും ചൂട് പകരാൻ അന്ന് തിരുവനന്തപുരം സ്റ്റാച്ച്യു ജംഗ്ഷനിൽ ഒരു വേദിയുണ്ടായിരുന്നു. ഇന്ത്യൻ കോഫി ഹൗസ്. ബ്രിട്ടീഷ് മാതൃകയിൽ പണികഴിപ്പിച്ച പഴയ കെട്ടിടം ഇന്നില്ലെങ്കിലും പല തലമുറകളുടെയും മധുരസ്മരണകളിൽ നിറവും മണവുമായി ആ കാപ്പിക്കട നിറഞ്ഞുനിൽക്കുന്നുണ്ട്. കാപ്പിയേക്കാൾ കടുപ്പമുള്ള ഓർമ്മകളാണ് ആ കാലം തുറന്നിടുന്നത്. കോളേജ് വിദ്യാർത്ഥികൾ മുതൽ വലിയ എഴുത്തുകാരും പാട്ടുകാരും സിനിമക്കാരും പോലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും വക്കീലന്മാരുമെല്ലാം കൂടിച്ചേരുന്ന സൗഹൃദക്കൂട്ടായ്മകളുടെ ഇടമായിരുന്നു സ്റ്റാച്യുവിലെ കോഫി ഹൗസ്. രാവിലെ കോളേജിലേക്കെന്നു പറഞ്ഞിറങ്ങുന്ന ഞങ്ങൾ പലപ്പോഴും ക്ലാസച്ഛ് കട്ട് ചെയ്ത് സിനിമാ ചർച്ചകളുമായി അവിടെ ഇരിക്കും. ഇടയ്ക്കിടെ കാപ്പിക്ക് ഓഡർ കൊടുക്കും. അക്കാലത്ത് അശോകിന്റെ ജ്യേഷ്ഠൻ രാജീവ് നാഥ് നെടുമുടി വേണുവിനെ വച്ച് ഒരു പടം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. സൂര്യന്റെ മരണം എന്നായിരുന്നു ആ സിനിമയുടെ പേര്. അശോകിന്റെ ജ്യേഷ്ഠന്റെ പടത്തിൽ നമ്മളെയും സഹകരിപ്പിക്കുമല്ലോ എന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കെല്ലാവർക്കുമുണ്ടായിരുന്നു. മാന്നാറിലായിരുന്നു ഷൂട്ടിംഗ്. അശോകിനൊപ്പം ഞങ്ങൾ ലൊക്കേഷനിലെത്തി. ഷൂട്ടിംഗ് തുടങ്ങും മുൻപ് ഞങ്ങളെയൊക്കെ ജ്യേഷ്ഠന് പരിചയപ്പെടുത്തിയ ശേഷം അശോക് വന്നകാര്യം പറഞ്ഞു. മറുപടി നിരാശപ്പെടുത്തുന്നതായിരുന്നു; പയ്യൻമാരെയൊന്നും ഈ സിനിമയിൽ വേണ്ട. സിനിമ കണ്ടുനടക്കേണ്ട പ്രായമാണിത്, അല്ലാതെ സിനിമയിൽ വർക്ക് ചെയ്യാനൊന്നും ആയിട്ടില്ല. കൂട്ടുകാരുടെ മുന്നിൽ വച്ച് മുഖത്തടിയേറ്റപോലുള്ള അനുഭവമായിരുന്നു അശോകിന് അത്. അന്ന് ലൊക്കേഷനിൽ നിന്നും തിരിച്ചുപോരുമ്പോൾ ഉറച്ച ഒരു തീരുമാനമെടുത്ത പോലെയായിരുന്നു അശോകിന്റെ മുഖം. വൈകുന്നേരം കോഫി ഹൗസിൽ വെച്ച് അശോക് പറഞ്ഞു: അളിയാ, നമ്മൾക്കൊരു സിനിമയെടുക്കണം. അതൊരു വാശിയായിരുന്നു അശോകിന്. ആ വാശി അശോകിന്റേത് മാത്രമായിരുന്നില്ല, ഞങ്ങളുടെ എല്ലാവരുടേതും കൂടിയായിരുന്നു. അങ്ങനെയാണ് തിരനോട്ടം പിറവികൊള്ളുന്നത്. കോഫിഹൗസ്, കോളേജ്, ക്രിക്കറ്റ് മൈതാനം, ട്യൂട്ടോറിയൽ അക്കാദമി പിന്നെ വീട് അങ്ങനെ എവിടെയെല്ലാം എത്രയോവട്ടമിരുന്ന് ചർച്ചകൾ നടത്തി. നല്ലൊരു കഥ, പ്രൊഡ്യൂസർ, അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ... തുടങ്ങിയ നിരവധി കാര്യങ്ങൾ ഒത്തുവരണമല്ലോ ഒരു സിനിമ ചെയ്യണമെങ്കിൽ. എല്ലാദിവസവും രാവിലെ വീട്ടിൽ നിന്നും കോളേജിലേക്കെന്ന് പറഞ്ഞിറങ്ങും. കഥതന്നെയായിരുന്നു ആദ്യപ്രശ്നം. അന്ന് ഐ.വി ശശിയുടെ അവളുടെ രാവുകൾ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. അതുപോലെ ഒരു ചിത്രം മതി എന്നായിരുന്നു ആദ്യത്തെ തീരുമാനം. പിന്നെയാണ് അശോകിന്റെ ചിന്തയിൽ ഒരു സൈക്കിക്ക് സ്റ്റോറി രൂപം കൊണ്ടത്. ഒരു പെൺകുട്ടിയുടെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ടാണ് ആ കഥ വികസിക്കുന്നത്. അശോകും സുഹൃത്തായ ശശിയും ചേർന്ന് തിരക്കഥ എഴുതി. വളരെ ശ്രമകരമായൊരു വർക്ക് അതിന് പിന്നിലുണ്ടായിരുന്നു. ഡോ. മാത്യുവെല്ലൂർ അടക്കം നിരവധി മനോരോഗ വിദഗ്ധരുമായി ചർച്ച ചെയ്താണ് സ്ക്രിപ്റ്റുണ്ടാക്കിയത്. ഞങ്ങൾ ഒരു സിനിമ ചെയ്യാൻ പോകുന്നവിവരം അപ്പോഴേക്കും കോളേജിലും മറ്റും അറിഞ്ഞു തുടങ്ങിയിരുന്നു. എന്നിട്ടും വീട്ടുകാർ അതറിഞ്ഞിരുന്നില്ല. ചിത്രത്തിന് തിരനോട്ടം എന്ന് പേരിട്ടത് അശോക് തന്നെ. ആറ്റുകാൽ ദേവി ക്ഷേത്രത്തിനു മുന്നിൽ വച്ച് ചിത്രത്തിന്റെ പൂജ നടന്നു. നിർമ്മാതാവ് ആരെന്ന കാര്യത്തിൽ അപ്പോഴും തീരുമാനമായിരുന്നില്ല. ആശങ്കകൾക്കൊടുവിൽ ഒരാൾ ഞങ്ങളെ തേടിയെത്തി. പാച്ചല്ലൂർ ശശി എന്നായിരുന്നു അയാളുടെ പേര്. പുതിയ സിനിമ തുടങ്ങാൻ പോകുന്നുവെന്നറിഞ്ഞു വന്നതാണ്. അഭിനയതത്പരൻ മാത്രമല്ല, കക്ഷി സത്യൻ മാസ്റ്ററുടെ വലിയ ആരാധകനുമാണ്. നടക്കുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതുമെല്ലാം സത്യൻ മാഷെപ്പോലെയാണ്. നിങ്ങളുടെ സിനിമയിൽ ഒരു റോൾ കിട്ടിയാൽ അഭിനയിക്കാമായിരുന്നു. ശശി വളരെ വിനയത്തോടെ പറഞ്ഞു. നിർമ്മാതാവിനെ കിട്ടിയിട്ടില്ല, സിനിമയുടെ നിർമ്മാതാവാമെങ്കിൽ ഒരു റോൾ തരാം എന്നായി അശോക്. ശശി കുറച്ചു പണം മുടക്കാമെന്നു സമ്മതിച്ചു. അതോടെ വലിയൊരു കടമ്പ മറികടന്ന ആശ്വാസമായി. ഇനി നടീനടന്മാരെ നിശ്ചയിക്കണം. നെടുമുടി വേണു ഏട്ടനെ പ്രധാന റോളിൽ തീരുമാനിക്കാമെന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും അതംഗീകരിച്ചു. അടുത്ത ദിവസം വേണു ഏട്ടനെ കാണാൻ തീരുമാനിച്ചു. രാജീവ് നാഥിന്റെ സഹോദരൻ എന്ന നിലയിൽ അശോകിനെ വേണു ഏട്ടന് നേരത്തെ പരിചയമുണ്ട്. അതിനാൽ അദ്ദേഹം അഭിനയിക്കാൻ വരും എന്നത് ഞങ്ങൾക്ക് ഉറപ്പായിരുന്നു. കോഫി ഹൗസിൽ വച്ച് വേണു ഏട്ടനെ പലപ്പോഴും കാണാറുണ്ടെങ്കിലും അദ്ദേഹം താമസിക്കുന്ന സ്ഥലത്തു പോയി കാണുകയാണ് നല്ലതെന്നു തോന്നി. നൃത്താധ്യാപകൻ നാട്ടുവൻ പരമശിവൻ മാഷോടൊപ്പമാണ് അന്ന് അദ്ദേഹത്തിന്റെ താമസം. ഞങ്ങളെല്ലാവരും കൂടി അവിടെ ചെന്നു. അശോകാണ് കാര്യങ്ങൾ പറഞ്ഞത്. പിള്ളേര് കളിക്ക് ഞാനില്ലെന്നായിരുന്നു വേണു ഏട്ടന്റെ മറുപടി. അതോടെ ഞങ്ങൾ നിരാശരായി തിരിച്ചു പോന്നു. ഇനിയെന്ത് ചെയ്യണമെന്ന് വീണ്ടും കോഫി ഹൗസിൽ ഇരുന്ന് ആലോചിച്ചു. അന്ന് മലയാളത്തിലെ പ്രശസ്തനായ നടൻ രവികുമാർ തിരുവന്തപുരത്തുണ്ട്. അദ്ദേഹത്തെ പോയി കണ്ടു. ഞങ്ങൾ കുറച്ചു ചെറുപ്പക്കാർ ഒരു സിനിമ എടുക്കുന്നതിൽ എന്തോ ഒരു പുതുമ രവികുമാറിന് തോന്നിയിരിക്കണം. അഭിനയിക്കാം എന്നല്ലാതെ മറിച്ചൊരു വാക്കും രവികുമാറിൽ നിന്നുണ്ടായില്ല. നായികയായി തീരുമാനിച്ചത് പ്രശസ്ത നർത്തകൻ ചന്ദ്രശേഖറിന്റെ മകൾ രേണുചന്ദ്രയെയായിരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടപ്പന്റെ വേഷം എന്നെക്കൊണ്ട് ചെയ്യിക്കാനും തീരുമാനിച്ചു. ഹാസ്യ പ്രധാനമായ വേഷമായിരുന്നു അത്. സഹസംവിധാനം സുരേഷായിരുന്നു. പ്രിയന്റെ സഹായം കൂടിയായപ്പോൾ തിരനോട്ടം പുതുമുഖങ്ങളുടെ മികച്ച ഒരു സൃഷ്ടിയായി മാറുമെന്ന് ഞങ്ങൾക്കുറപ്പായി. പിന്നെയുമുണ്ടായിരുന്നു ഏറെ അലച്ചിലുകൾ. ക്യാമറമാനെ തിരഞ്ഞുള്ള ഓട്ടം ചിത്രാഞ്ജലിയിലാണ് ഞങ്ങളെ എത്തിച്ചത്. എസ് കുമാറിനെ അവിടെ വച്ചാണ് ആദ്യം കാണുന്നത്. അന്ന് ക്യാമറ അസിസ്റ്റന്റാണ് കുമാർ. തിരനോട്ടത്തിലൂടെ കുമാർ ആദ്യമായി സ്വാതന്ത്ര ഛായാഗ്രാഹകനായി. പാട്ടെഴുതുന്ന കാര്യം സംസാരിക്കാനായി അശോകും ഞാനും സുരേഷും ചെന്നത് ഒ.എൻ.വി സാറിന്റെ അടുത്തേക്കാണ്. ഒരു പാട്ടിന് അദ്ദേഹം ആവശ്യപ്പെട്ട തുക കൊടുക്കാൻ അന്നേരം ഞങ്ങളുടെ കൈയിൽ ഇല്ലായിരുന്നു. എന്നാൽ കുറച്ചു ദിവസത്തിനുള്ളിൽ ആ പണം സംഘടിപ്പിച്ച് ഞങ്ങൾ വീണ്ടും ഒ എൻ വി സാറിന്റെ അടുക്കലെത്തി. രണ്ടു പാട്ട് വേണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം. രണ്ടു പാട്ടിനുള്ള പണവും നൽകി. ഒരാഴ്ചയ്ക്കുള്ളിൽ സാർ പാട്ടെഴുതി തന്നു. എം ജി രാധാകൃഷ്ണൻ സാറിനെക്കൊണ്ടാണ് സംഗീതം ചെയ്യിച്ചത്. ഗായകരായി യേശുദാസിനെയും ജാനകിയമ്മയെയും നേരിൽക്കണ്ടുറപ്പിച്ചു. ഇതൊന്നും സ്വപ്നം കാണാൻ പോലും കഴിയുമായിരുന്ന പ്രായമായിരുന്നില്ല ഞങ്ങളുടേത്. എന്നിട്ടും പതിനേഴും പതിനെട്ടും വയസച്ഛുള്ള ഞങ്ങൾ നാലഞ്ചു കോളേജ് വിദ്യാർത്ഥികൾ ഇക്കാര്യങ്ങളെല്ലാം നന്നായി ക്രോഡീകരിച്ചു. പുതിയ പ്രയോഗം കടമെടുത്താൽ എന്തുകൊണ്ടും ഒരു ന്യൂജെൻ പടമായിരുന്നു തിരനോട്ടം. പക്ഷേ കണ്ണ് നിറയിച്ച, ഉള്ളുലച്ച നിരവധി അനുഭവങ്ങൾ ആ സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു തിരനോട്ടത്തെക്കുറിച്ചുള്ള ചിന്ത അശോകിൽ നിന്നാരംഭിച്ചതുകൊണ്ടു തന്നെ ചിത്രത്തിന്റെ സംവിധായകൻ അശോകാണെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. എവിടെ ചിത്രീകരിക്കും എന്ന കാര്യത്തിലും ഞങ്ങൾക്ക് സംശയമൊന്നും ഇല്ലായിരുന്നു. ലൊക്കേഷനുകൾ തേടി അധികം അലയാതെ ഞങ്ങളുടെ വീടും പരിസരപ്രദേശങ്ങളും ലൊക്കേഷൻ ആയി ഉറപ്പിച്ചു. മുടവൻമുഗളിലെ വീടിന്റെ മുന്നിൽ ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഔട്ട് ഡോർ യൂണിറ്റ് വാഹനം വന്നു നിന്നപ്പോൾ അമ്മ ആകെ പരിഭ്രമിച്ചു: എന്താ മക്കളെ ഗേറ്റിനു മുന്നിൽ ഒരു വണ്ടി വന്നു നിൽക്കുന്നത്? അമ്മയുടെ ചോദ്യത്തിന് അശോകായിരുന്നു മറുപടി പറഞ്ഞത്: ഞങ്ങളൊരു ചെറിയ സിനിമ എടുക്കാൻ പോകുകയാണമ്മേ. അപ്പോ ഇന്ന് കോളേജിൽ പോകുന്നില്ലേ എന്നായി അമ്മയുടെ അടുത്ത ചോദ്യം. കോളേജിൽ പോകാതെയും ക്ലാസച്ഛ് കട്ട് ചെയ്തും സിനിമയുടെ പിന്നാലെ പോകാൻ തുടങ്ങിയിട്ട് കുറേനാളായെന്ന് അമ്മയ്ക്കറിയില്ലല്ലോ. അച്ഛൻ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ഷൂട്ടിംഗിന്റെ കാര്യത്തിൽ എതിർപ്പൊന്നും പറഞ്ഞിരുന്നില്ല. എങ്ങനെ കറങ്ങിതിരിഞ്ഞാലും ഒടുവിൽ ഞാൻ സിനിമയുടെ വഴിയിൽതന്നെ എത്തിച്ചേരുമെന്ന് അച്ഛൻ എന്നോ മനസച്ഛിലാക്കിയിരിക്കാം. ആദ്യ ഷോട്ട് എന്താവണമെന്ന് അശോക് മുൻകൂട്ടി പറഞ്ഞിരുന്നു. വീടിന് മുന്നിലുള്ള റോഡിലൂടെ കുട്ടപ്പനായി വേഷമിടുന്ന ഞാൻ സൈക്കിൾ ചവിട്ടിവരുന്ന രംഗമാണ് തിരനോട്ടത്തിന് വേണ്ടി അശോക് ആദ്യം ചിത്രീകരിച്ചത്. എസ് കുമാർ ക്യാമറയിൽ പകർത്തിയ ആ ഷോട്ട് എന്നിലെ നടന്റെ പിറവിയാകുമെന്ന് ഞാൻ പോലും കരുതിയിരുന്നില്ല.സുരേഷും പ്രിയനും സനലും ഉണ്ണിയും കുമാറും അശോക്കുമൊക്കെ ചേർന്ന് വീട് ഒരു സ്റ്റുഡിയോ ആക്കി മാറ്റി. ഷൂട്ടിങ്ങിനിടയ്ക്കാണ് നിർമ്മാതാവായ പാച്ചല്ലൂർ ശശിയെ ഹൃദ്രോഗത്തെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുന്നത്. ശശിയുടെ അസുഖം കൂടുന്നതനുസരിച്ച് അദ്ദേഹത്തെ സഹായിക്കേണ്ട ഉത്തരവാദിത്വവും ഞങ്ങളിൽ വന്നുചേർന്നു. പിന്നെ ഷൂട്ടിങ്ങിനായി പണം കണ്ടെത്താനുള്ള പരക്കം പാച്ചിലായിരുന്നു. ചെറിയ തുകയൊക്കെ അമ്മയിൽ നിന്നും ഞാൻ വാങ്ങിക്കും. പക്ഷേ ഒരിക്കലും സിനിമയുടെ പേരിൽ അമ്മയെയും അച്ഛനെയും ഞാൻ ബുദ്ധിമുട്ടിച്ചില്ല. നിർമ്മാതാവ് കിടപ്പിലായെങ്കിലും പരാജിതരാകാൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല. തിരനോട്ടം പൂർത്തീകരിക്കാൻ ഞങ്ങൾക്ക് പലരെയും കാണേണ്ടി വന്നു. സിനിമ മുഴുമിപ്പിക്കാൻ കൊല്ലത്തെ ജനറൽ പിക്ചേഴ്സ് ഉടമ രവി മുതലാളിയെ കാണുകയായിരുന്നു ആദ്യലക്ഷ്യം. ഷൂട്ട് ചെയ്തതിന്റെ ക്യാനുമായി അശോകിന്റെ സ്കൂട്ടറിൽ കൊല്ലത്തേക്ക് പോകും. ഒന്നല്ല പലതവണ പോയ ശേഷമാണ് മുതലാളിയെ കാണാൻ കഴിഞ്ഞത്. എങ്ങനെയെങ്കിലും വിതരണത്തിനെടുത്തു സഹായിക്കണമെന്ന് പറഞ്ഞുനോക്കി. അദ്ദേഹത്തിന് ഞങ്ങളൊരു ശല്യമായി മാറുകയാണെന്ന് പലപ്പോഴും തോന്നി. ഒടുവിൽ, അതുവരെ ചിത്രീകരിച്ച ഭാഗങ്ങൾ അദ്ദേഹം കണ്ടു. രവി സാറിന്റെ സിനിമാ രീതികൾക്കനുസരിച്ച ഒരു ചിത്രമായിരുന്നില്ല തിരനോട്ടം. ഞങ്ങളെ നിരാശപ്പെടുത്തേണ്ടെന്ന് കരുതിയാവാം കൊല്ലത്തെ തിരുവെങ്കിടം മുതലാളിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. അദ്ദേഹം സഹായിക്കുമെന്നു ഉറപ്പ് തന്നു. നീണ്ട നാലുമാസങ്ങൾ അശോകും ഞാനും സുരേഷുമൊക്കെ തിരുവെങ്കിടം മുതലാളിയെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ കയറിയിറങ്ങി. രാവിലെ തിരുവനന്തപുരത്തു നിന്നും ഞങ്ങൾ പുറപ്പെടും. രാത്രി തിരിച്ചു വരും. ഒരു സിനിമയ്ക്ക് വേണ്ടി അനുഭവിക്കുന്ന ദുരിതങ്ങളോർത്ത് ഞങ്ങളൊരിക്കലും വിഷമിച്ചില്ല. അപ്പോഴും വലിയ പ്രതീക്ഷ ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നു. ഒടുവിൽ മുതലാളിയെ കാണാനായി ഞങ്ങൾക്കവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് ഞങ്ങളെ വിളിപ്പിച്ചു. സിനിമയുടെ തുടർചിത്രീകരണത്തിന് സഹായം ചോദിച്ചു. പടം തീർക്കാൻ എത്ര രൂപ വേണ്ടി വരുമെന്നതിന്റെ ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി കൊടുക്കാൻ മുതലാളി പറഞ്ഞു. അടുത്ത ദിവസം മുപ്പത്തി അയ്യായിരം രൂപയുടെ എസ്റ്റിമേറ്റ് മുതലാളിക്ക് മുന്നിൽ വച്ചു. അദ്ദേഹം ആ എസ്റ്റിമേറ്റിലൂടെ ഒന്നു കണ്ണോടിച്ചു. പിന്നെ. ഞങ്ങളെ നോക്കി. പെട്ടന്ന് തന്നെ പേനയെടുത്തു കുറെ സ്ഥലങ്ങളിൽ വെട്ടിയ ശേഷം പറഞ്ഞു: ശരി, അയ്യായിരം രൂപ വാങ്ങിച്ചോ. അശോകും സുരേഷും ഞാനും പരസ്പരം നോക്കി. അയ്യായിരമെങ്കിൽ അയ്യായിരം. അത് കിട്ടിയാൽ വലിയ ഒരു കാര്യമുണ്ടായിരുന്നു. പാച്ചല്ലൂർ ശശിയുടെ ഓപ്പറേഷനായിരുന്നു അടുത്ത ദിവസം. ആ പണവും കൊണ്ട് ഞങ്ങൾ ആശുപത്രിയിലെത്തി ശശിയ്ക്ക് പണം നൽകി. പക്ഷെ ശശിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഓപ്പറേഷൻ കഴിഞ്ഞതിന്റെ പിറ്റേ ദിവസം ശശി മരിച്ചു. മാതൃഭൂമി ആഴ്ചപതിപ്പ് വാങ്ങാം ഞങ്ങളുടെ പ്രയാസങ്ങൾ കണ്ട് തിരുവെങ്കിടം മുതലാളിയുടെ ചെറിയ സഹായം വീണ്ടുമുണ്ടായി. അയ്യായിരം രൂപയാണ് കിട്ടിയതെങ്കിലും അതിന് ഷൂട്ട് തുടങ്ങി. അങ്ങനെ തുടങ്ങിയും മുടങ്ങിയും വീണ്ടും തുടങ്ങിയും, ഒരുപാട് കഷ്ടപ്പാടുകൾക്കൊടുവിൽ തിരനോട്ടത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. പിന്നെയുള്ളത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളാണ്. അതിനായി അശോകും സുരേഷും പ്രിയനും ഞാനുമൊക്കെ മദ്രാസച്ഛിലേക്ക് പുറപ്പെട്ടു. അവിടെയും പ്രശ്നങ്ങൾ പലതായിരുന്നു. എഡിറ്റിങ്ങും, ഡബ്ബിങ്ങും, റീ റെക്കോർഡിങ്ങും എല്ലാം കഴിയും വരെ മദ്രാസച്ഛിൽ തങ്ങേണ്ടിവന്നു. സെൻസർ ബോർഡിന്റെ പ്രശ്നങ്ങളും തിരനോട്ടത്തിനു മുന്നിലുണ്ടായിരുന്നു. പ്രതിസന്ധികളോരോന്നും ഞങ്ങൾ ഒന്നിച്ചു നിന്ന് തരണം ചെയ്തു. മലയാളത്തിലെ പല പത്രങ്ങളിലും തിരനോട്ടത്തിന്റെ പരസ്യം വന്നു. നാന സിനിമാ വരികയിലും ചിത്രത്തെക്കുറിച്ച് ധാരാളം റിപ്പോർട്ടുകളുണ്ടായി. അതൊക്കെ ഏറെ സന്തോഷം നൽകിയെങ്കിലും അപ്പോഴേക്കും മലയാള സിനിമ ബ്ലാക്ക് ആന്റ് വൈറ്റിൽ നിന്നും കളറിലേക്കുള്ള പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പൂർത്തിയായതും നിർമ്മാണത്തിലിരിക്കുന്നതുമായ എഴുപതോളം ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളുടെ കാര്യം വലിയ പ്രതിസന്ധിയിലായി. അക്കൂട്ടത്തിൽ തിരനോട്ടവും ഉൾപ്പെട്ടു. എങ്കിലും തിരുവെങ്കിടം മുതലാളിയുടെ സഹായം കൊണ്ട് കൊല്ലത്തെ കൃഷ്ണാ തിയേറ്ററിൽ ഒരു ഷോ മാത്രം പ്രദർശിപ്പിച്ച് തിരനോട്ടം പെട്ടിക്കുള്ളിലായി. തിരനോട്ടത്തിന്റെ വിധി അതായിരുന്നെങ്കിലും ആ സിനിമ വലിയൊരാത്മവിശ്വാസമാണ് ഞങ്ങൾക്ക് തന്നത്. ഡിഗ്രി കഴിഞ്ഞിട്ട് പോരേ സിനിമ എന്ന അച്ഛന്റെ വാക്കുകൾ അപ്പോഴും ഞാൻ മറന്നിരുന്നില്ല. എങ്കിലും അച്ഛൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു, മകന്റെ യാത്ര സിനിമയിലേക്കായിരിക്കുമെന്ന്. അതുകൊണ്ട് അച്ഛന്റെ ഭാഗത്തു നിന്നും ശാസനകളൊന്നുമുണ്ടായില്ല. ഒന്നിനും എതിരു പറഞ്ഞില്ല. മൗനം മാത്രമായിരുന്നു എന്നും മറുപടി. അപാര ബോധ്യങ്ങളുള്ള മനുഷ്യർക്ക് മാത്രം സാധ്യമാകുന്ന ഒന്നായിരുന്നു അച്ഛന്റെ അപ്പോഴത്തെ മൗനം. തയ്യാറാക്കിയത്: ഭാനുപ്രകാശ് മാതൃഭൂമി ആഴ്ചപതിപ്പിൽ നിന്നും (ഓണപതിപ്പ്) മാതൃഭൂമി ആഴ്ചപതിപ്പ് വാങ്ങാം Content Highlights:Mohanlal Writes about his First Movie Thiranottam, Ashok, Priyadarshan, Pachallur Sasi, Malayala Cinema
from movies and music rss https://ift.tt/3nGdnVs
via
IFTTT
No comments:
Post a Comment