തന്നേക്കാൾ വലിയ മുൻഗാമികൾ ഉണ്ടായിരുന്നില്ല സിൽക് സ്മിതയ്ക്ക്. പിൻഗാമികളും. വെള്ളിത്തിരയിൽ ചുവടുകൾ കൊണ്ടും ഉടലുകൊണ്ടും ഇത്രമേൽ മാദകത്വം വാരിവിതറിയവർ, ആ ലഹരി അവശേഷിപ്പിച്ചവർ ഏറെയില്ല ഇന്ത്യൻ സിനിമയിൽ. മരിക്കുവോളം ആ ഉടലിനെക്കുറിച്ചു മാത്രമേ പ്രേക്ഷകർ ഓർത്തുള്ളൂ. വികാരമുറ്റിയ കണ്ണുകൾ മാത്രമേ കണ്ടുള്ളൂ. കണ്ണിൽ നിറഞ്ഞ കണ്ണീർ കണ്ടില്ല. ഉള്ളിലെ പിടച്ചിൽ അറിഞ്ഞില്ല. എന്നാൽ, അതറിഞ്ഞവരുമുണ്ടായിരുന്നു സിനിമയിൽ. അതുകൊണ്ട് തന്നെ സെപ്തംബർ 23-ാം തിയ്യതി സിൽക്ക് തന്റെ ജീവിതത്തിന് പൂർണ വിരാമമിട്ടു. മരണക്കയത്തിലേക്ക് അവർ സ്വയം നടന്നിറങ്ങിയതോ... അല്ലെങ്കിൽ സമൂഹം അവരെ തള്ളി വിട്ടതോ? വെള്ളിത്തിരയിൽ അവരെ കണ്ട് രോമാഞ്ചം കൊണ്ടവരൊന്നും സിൽക്ക് എന്ന മനുഷ്യസ്ത്രീ കടന്നുപോയ മാനസിക വ്യഥകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല... അനുരാധയുടെ സ്മിത അനുരാധ/ ചിത്രം കടപ്പാട്: യുട്യൂബ് സിൽക്കിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു അനുരാധ. ഒരു കാലത്ത് സിൽക്കിനെപ്പോലെ തന്നെ ഒരു തീണ്ടാപ്പാടകലെ മാറി നിൽക്കേണ്ടി വന്നവൾ. സിൽക്കിനൊപ്പം നടന്നവൾ... അവരെ മനസ്സിലാക്കിയിട്ടുള്ള ചുരുക്കം വ്യക്തികളിൽ ഒരാൾ.... മരണത്തിന്റെ തലേദിവസം സിൽക്ക് അനുരാധയെ വിളിച്ചിരുന്നു. മനസ്സിനെ അലട്ടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. ഒന്നു കാണണം സംസാരിച്ചിരിക്കണം അതായിരുന്നു സിൽക്ക് ആവശ്യപ്പെട്ടത്. ചില വ്യക്തിപരമായ കാരണങ്ങളാൽ അനുരാധയ്ക്ക് അന്ന് പുറത്ത് പോകാൻ കഴിയില്ലായിരുന്നു. നമുക്ക് രാവിലെ കാണാം അതുവരെ സമാധാനമായിരിക്കൂ- സിൽക്കിനെ ആശ്വസിപ്പിച്ച അനുരാധ ഫോൺ വച്ച് വീട്ടിലെ തിരക്കുകളിലേക്ക് കടന്നു. പിന്നീട്അവരെ കാത്തിരുന്നത് തന്റെ അടുത്ത സുഹൃത്തിന്റെ മരണവാർത്തയായിരുന്നു. സിൽക്കിന്റെ മരണത്തെക്കുറിച്ച് അനുരാധ ഒരു അഭിമുഖത്തിൽപറഞ്ഞതിങ്ങനെയായിരുന്നു. മരണത്തിന് നാല് ദിവസം മുൻപ് അവൾ എന്റെ വീട്ടിൽ വന്നിരുന്നു. പ്രത്യേകിച്ച് ദു:ഖമുള്ളതായി ഒന്നും തോന്നിയില്ല. അവൾ കന്നടയിലെ ഐറ്റം സോംഗ് ചെയ്യുന്ന സമയമായിരുന്നു അത്. ഞാൻ ചെന്നൈയിലായിരുന്നു. എനിക്കും ഷൂട്ടിങ് ഉണ്ടായിരുന്നു. സെപ്റ്റംബർ 22ന്രാത്രി 8 ന് എനിക്ക് അവളുടെ കോൾ വന്നു. എന്തു ചെയ്യുകയാണെന്ന് ചോദിച്ചു. ഞാൻ കുട്ടികൾക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. മാത്രമല്ല എന്റെ ഭർത്താവ് ഒരു ദീർഘയാത്രയ്ക്ക് ശേഷം ചെന്നൈയിൽ എത്തുന്ന ദിവസമായിരുന്നു അത്. അവൾ എന്നോട് ചോദിച്ചു, ഇവിടം വരെ വരാമോ, അത്യാവശ്യമായി സംസാരിക്കണമായിരുന്നു. കുട്ടികൾ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സതീഷ് ആണെങ്കിൽ എത്തിയിട്ടുമില്ല. ഞാൻ പറഞ്ഞു ഇപ്പോൾ കുറച്ച് പണിയുണ്ട് നാളെ വന്നാൽ മതിയോ? കുട്ടികളെ സ്കൂളിൽ വിട്ടിട്ട് നാളെ രാവിലെ 9 മണിക്ക് ഞാൻ വരാം. സിൽക്ക് എന്നെ നിർബന്ധിച്ചില്ല. ശരി നാളെ വരൂ എന്ന് പറഞ്ഞ് അവൾ ഫോൺ വച്ചു. പിന്നീട് ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കേട്ടത്. അവളുടെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ആ രാത്രി വിളിച്ചപ്പോൾ ഞാൻ പോയിരുന്നെങ്കിൽ ഒരു പക്ഷെ അവളിന്ന് ജീവനോടെ ഉണ്ടായേനെ. എനിക്ക് അവളെ സഹായിക്കാക്കാൻ കഴിഞ്ഞില്ലല്ലോ. അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികൾ നേടി വിജയലക്ഷ്മി എന്ന ആന്ധ്രക്കാരി സിൽക്ക് എന്ന മാദകറാണിയായത് വിനു ചക്രവർത്തിയുടെ രചനയിൽ കെ വിജയൻ സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ്. അന്തരിച്ച വിനു ചക്രവർത്തി സിൽക്കിന്റെ ഗോഡ്ഫാദർ എന്ന നിലയിലും ആഘോഷിക്കപ്പെട്ട നടനാണ്. താനും സിൽക്കും തമ്മിലുള്ള ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിനു ചക്രവർത്തി പലപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലെ സിൽക്ക് ആരാധകർക്ക് സുപരിചിതയല്ല.. വിനു ചക്രവർത്തി/ ചിത്രം കടപ്പാട്:യുട്യൂബ് വണ്ടിച്ചക്രം എന്ന ചിത്രത്തിനായി ഒരു നടിയെ വേണം എന്ന് പറഞ്ഞ് നിർമാതാവ് തിരുപ്പൂർ മണി എന്നെ സമീപിച്ചു. ചിത്രത്തിൽ അഭിനയിക്കാൻ ഒരുപാട് പെൺകുട്ടികൾ എത്തിയിരുന്നു. അതിനിടയിലാണ് അതീവ വശ്യതയുള്ള കണ്ണുകൾക്കുടമയായ ഒരു പെൺകുട്ടി എന്റെ ശ്രദ്ധയിൽപ്പെടുന്നത്. അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോൾ അവൾ പറഞ്ഞു. സർ എന്റെ പേര് വിജയലക്ഷ്മി. ആന്ധ്രയിൽ നിന്നാണ് വരുന്നത്. സിനിമയിൽ അഭിനയിക്കണമെന്നുണ്ട്. വീടുകളിൽ ജോലിക്ക് പോയി കൊണ്ടിരിക്കുകയാണ്. നാട്ടിൽ അത്യാവശ്യം ഡാൻസ് ചെയ്യാറുണ്ട്. കുഴപ്പമില്ല എന്ന് തോന്നിയപ്പോൾ അവളെ ക്യാമറ ടെസ്റ്റിന് പരിഗണിച്ചു. ക്യാമറയ്ക്ക് മുൻപിലെത്തിയപ്പോൾ അവളുടെ കണ്ണുകളിലെ ഭാവം മാറി. ഒരു പ്രത്യേക ശരീരഭാഷയായിരുന്നു അവളുടേത്. ഞങ്ങൾ അവളെ തിരഞ്ഞെടുത്തു 22 ദിവസമാണ് അവളെ വച്ച് ചിത്രീകരിച്ചത്. നിങ്ങൾ എല്ലാവരും പറയുന്നതുപോലെ സിൽക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവൾ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കമലഹാസനും രജനികാന്തിനുമൊപ്പമെല്ലാം സിനിമകൾ ചെയ്തു. തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം സിലുക്കും ഞാനും തമ്മിൽ ബന്ധമുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല. അവളുടെ ജഡത്തിൽ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികൾ നേടി. ഈ സിനിമകൾക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സിലുക്ക് മരിച്ചപ്പോഴും എല്ലാവർക്കും അറിയേണ്ടത് ഞങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അവൾ ആത്മഹത്യ ചെയ്തു എന്ന വാർത്ത ഞാൻ അറിഞ്ഞത് സിംഗപ്പൂരിൽ വച്ചാണ്. അവിടെ വച്ച് ഒരാൾ എന്നോട് ചോദിച്ചു സിലുക്കിനെയും എന്നെയും ഒരു മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടാൽ എന്താണ് സംഭവിക്കുന്നതെന്ന്. ഞാൻ അയാളോട് പറഞ്ഞു. നിങ്ങളുടെ കണ്ണിൽ ഞാൻ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാൽ എനിക്ക് അവൾ മകളെപ്പോലെയായിരുന്നു. മാതാപിതാക്കളുടെ സ്നേഹവും സുരക്ഷിതത്വവുമില്ലാതെ വളർന്നതുകൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. തള്ളിപ്പറഞ്ഞു. ഈ നിരാശയിൽ അവൾ ജീവിതമൊടുക്കി. അടുത്ത ജൻമം ഉണ്ടെങ്കിൽ എനിക്കവളുടെ അച്ഛനായാൽ മതി. സിംഗപ്പൂരിലെ വിമാനത്താവളത്തിൽ ഞാൻ ഈ പറയുന്നത് ഒരു കൂറ്റൻ സ്ക്രീനിൽ കാണിച്ചിരുന്നു. എല്ലാവരും അന്ന് കയ്യടിച്ചു. ഞാൻ അവളുടെ അധ്യാപകനായിരുന്നു. ഒരുപാട് കാര്യങ്ങൾ പറഞ്ഞുകൊടുത്തിരുന്നു. എന്നാൽ ജീവിതം അവളെക്കൊണ്ട് അതിനപ്പുറം പലതും ചെയ്യിച്ചു. (പുന:പ്രസിദ്ധീകരണം) Content Highlights:Actress Silk Smitha Death Anniversary, Movies, Tamil, Telugu, Hindi, Kannada,anuradha remembers silk smitha, Vinu Chakravarthy
from movies and music rss https://ift.tt/33xb9QE
via
IFTTT
No comments:
Post a Comment