Wednesday, March 31, 2021

ആകാംക്ഷയും ലജ്ജയും കലര്‍ത്തിയ സൂജാതയുടെ വരമഞ്ഞള്‍

മലയാളിയുടെ (തമിഴന്റേയും) പ്രണയസങ്കൽപ്പങ്ങളെ പാടിയുണർത്തിയ സുജാതയ്ക്ക് പിറന്നാൾ പ്രണാമം (മാർച്ച് 31).... സുജാതയുടെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നിന്റെ പിറവിയെ കുറിച്ച്. വരമഞ്ഞളിന്റെ വിശുദ്ധിയുള്ള പാട്ട് പിന്നിലേയ്ക്ക് ഓടിമറയുന്ന മരങ്ങളും മലകളും നോക്കി ചെന്നൈ മെയിലിലെ തന്റെ സീറ്റിൽ ചാരിയിരിക്കെ എങ്ങു നിന്നോ ഒരു കവിതാ ശകലം വന്നു മനസ്സിന്റെ വാതിൽക്കൽ മുട്ടുന്നു; ഒരു മൂളിപ്പാട്ടായി അത് പുറത്തു വരുന്നു: ``കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരേ, മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരെ... അവിടെ നിന്നാണ് തുടക്കം. സിനിമയ്ക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗാനത്തിന്റെ പിറവി ആ രണ്ടു വരികളിൽ നിന്നാണെന്നോർക്കുന്നു സച്ചിദാനന്ദൻ പുഴങ്കര. സിറ്റുവേഷൻ നേരത്തെ തന്നെ `പ്രണയവർണങ്ങളുടെ സംവിധായകൻ സിബി മലയിൽ വിവരിച്ചു തന്നിരുന്നു. ഒരു എം എ വിദ്യാർഥിനിയുടെ മനസ്സിൽ വിരിയേണ്ട കവിതയാണ്. അതിൽ പ്രണയം വേണം. കൗമാരത്തിൽ നിന്ന് യൗവനത്തിലേക്ക് പ്രവേശിക്കുന്ന പെൺകുട്ടിയുടെ വികാരവിചാരങ്ങളും സ്വപ്നങ്ങളും വേണം. ചെന്നൈയിൽ എത്തിയ ഉടൻ സച്ചിദാനന്ദൻ പാട്ടിന്റെ പല്ലവി എഴുതുന്നു: ``വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞു തുള്ളിയുറങ്ങി, നിമി നേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി... വിദ്യാസാഗറാണ് സംഗീതസംവിധായകൻ. ആദ്യം ഈണമിട്ടുപാട്ടെഴുതിക്കുന്ന ശീലക്കാരൻ. എങ്കിലും നല്ലൊരു കവിത കയ്യിൽ കിട്ടിയാൽ വിദ്യാസാഗറുടെ മനം തുടിക്കും. ``വരികളുടെ അർത്ഥം മുഴുവൻ ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം ഈണമിട്ടത്. സുജാതയുടെയും യേശുദാസിന്റെയും സ്വരത്തിൽപാട്ട് റെക്കോർഡ് ചെയ്തു. സ്ത്രീശബ്ദത്തിലുള്ള വെർഷനാണ് പടത്തിൽ ഉപയോഗിച്ചത്. ആ ഗാനം സുജാതയ്ക്ക് മികച്ച പിന്നണി ഗായികക്കുള്ള സംസ്ഥാന അവാർഡും നേടിക്കൊടുത്തു. ``കവിതാലാപനത്തെ കുറിച്ച് നമ്മുടെ മനസ്സിലൊരു പൊതു സങ്കൽപ്പമുണ്ട്. പതിവു സിനിമാഗാനങ്ങളുടെ രൂപഭാവങ്ങളുമായി ചേർന്നു നിൽക്കുന്നതല്ല അത്. മാത്രമല്ല കവിതകൾ അത്ര വലിയ ഹിറ്റാകണമെന്നുമില്ല. അതുകൊണ്ടുതന്നെ കവിതയാണ് പാടേണ്ടത് എന്നറിഞ്ഞപ്പോൾ അമിതാവേശമൊന്നും തോന്നിയില്ല എന്നതാണ് സത്യം.-- സുജാതയുടെ വാക്കുകൾ. ``എന്നാൽ വിദ്യയുടെ ട്യൂൺ കേട്ടതോടെ മുൻവിധികളൊക്കെ മാറി. ഗസലിനെ പോലെ മനോഹരമായ ഒരു കാവ്യഗീതം. തെല്ലൊരു ആകാംക്ഷയും ലജ്ജയും കലർത്തിയാണ് ആ പാട്ട് പാടേണ്ടിയിരുന്നത്. സിനിമയിൽ ആ ഭാവങ്ങൾ എത്ര മനോഹരമായാണ് മഞ്ജു വാര്യർ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്... ആ പാട്ട് ഇത്രയും ശ്രദ്ധിക്കപ്പെട്ടതിൽ മഞ്ജുവിന്റെ അഭിനയത്തിനുമുണ്ട് നല്ലൊരു പങ്ക്.. ``എന്താണ് വരമഞ്ഞൾ എന്ന് പലരും ചോദിച്ചിട്ടുണ്ട് സച്ചിദാനന്ദനോട്. ``പൂജിച്ച മഞ്ഞൾ ആണത്; അതുകൊണ്ട് തന്നെ ശ്രേഷ്ഠവും. നിമിനേരവും അധികം പാട്ടുകളിൽ ഉപയോഗിച്ചിട്ടില്ലാത്ത പദമാണ്. കണ്ണിമ ചിമ്മി തുറക്കുന്ന സമയം എന്ന അർത്ഥത്തിലാണ് അതുപയോഗിച്ചത്. സച്ചിദാനന്ദൻ പറയുന്നു. പ്രണയ വർണങ്ങൾക്ക് ശേഷം അപൂർവ്വം ചിത്രങ്ങൾക്ക് കൂടിയേ പാട്ടെഴുതിയുള്ളൂ അദ്ദേഹം. `ഇഷ്ട ത്തിലെ കാണുമ്പോൾ പറയാമോ (സംഗീതം മോഹൻ സിതാര) ആണ് കൂട്ടത്തിൽ ശ്രദ്ധേയം. ചാലക്കുടിപ്പുഴയുടെ തീരത്ത് ഗ്രാമീണപശ്ചാത്തലത്തിൽ ജനിച്ചു വളർന്ന സച്ചിദാനന്ദന്റെ മനസ്സിൽ ചെറുപ്പം മുതലേ കവിത കൂടുകൂട്ടിയത് സ്വാഭാവികം. ``സിനിമയ്ക്ക് പാട്ടെഴുതേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. സുഹൃത്തായ ജോസ് പെല്ലിശ്ശേരി വഴി തിലകനെ പരിചയപ്പെട്ടതാണ് അതിനു വഴിയൊരുക്കിയത്. സച്ചിദാനന്ദൻ പറയുന്നു. ``കവിതയും സാഹിത്യവുമാണ് എന്റെ മേഖലകൾ. സിനിമാപാട്ട് അതു കഴിഞ്ഞേ വരൂ. നല്ലൊരു ഗാനസന്ദർഭമോ ഈണമോ നമ്മെ പ്രചോദിപ്പിക്കുമെങ്കിൽ ചലച്ചിത്രഗാനം എഴുതാൻ എന്തിനു മടിച്ചു നിൽക്കണം? എങ്കിലും ഒരു പന്തയത്തിന്റെയും ഭാഗമാകാൻ ഞാനില്ല... രവി മേനോൻ എഴുതിയ അതിശയരാഗം വാങ്ങാം രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങാം Content Highlights: Sujatha Mohan Singer Birthday, varamanjaladiya, pranayavarnangal songs, Vidya Sagar, Evergreen hits

from movies and music rss https://ift.tt/3rCBAgM
via IFTTT

No comments:

Post a Comment