ചാർലിക്കുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു നായാട്ട്. ആ പ്രതീക്ഷ വെറുതെയായില്ല, മികച്ച കാഴ്ചാനുഭവം സമ്മാനിച്ച് കൈയ്യടി അർഹിക്കുന്നു ചിത്രം. മാർട്ടിൻ പ്രക്കാട്ടിന്റെ മുൻകാലചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി സർവൈവൽ ത്രില്ലർ സ്വഭാവത്തിലുള്ള ഇതിവൃത്തമാണ് ചിത്രത്തിന്. ആദ്യാവസാനം വരെയും പ്രേക്ഷകനെ കഥയിൽ കുടുക്കിയിടുന്ന ആഖ്യാനരീതിയാണ് സംവിധായകൻ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കാഴ്ചക്കാരിൽ മടുപ്പുള്ളവാക്കാത്തവിധത്തിലുള്ള കഥയും കഥാപരിസരങ്ങളും കഥാപാത്രങ്ങളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബെസ്റ്റ് ആക്ടർ, ചാർലി പോലുള്ള സിനിമകൾ ചെയ്ത് ശ്രദ്ധനേടിയ മാർട്ടിൻ പ്രക്കാട്ട് ഇത്തവണ കൈവെച്ചത് പോലീസുകാരുടെ ജീവിതത്തിലാണ്. ഇതുവരെ പ്രേക്ഷകർ കണ്ടുപരിചയിച്ച പോലീസ് സിനിമകളിൽനിന്നെല്ലാം നായാട്ടിനെ മാറി പ്രതിഷ്ഠിക്കാൻ സംവിധായകൻ ബോധപൂർവം തന്നെ ശ്രമിച്ചിരിക്കുന്നു, ആ ശ്രമം നെറ്റിചുളിക്കലുകൾക്ക് ഇടനൽകാത്തവിധം ഭംഗിയായി നിർവഹിച്ചിരിക്കുന്നു. സാധാരണക്കാർക്ക് വളരെ പെട്ടെന്ന് സ്വീകാര്യമായ ഉദ്യോഗസ്ഥവിഭാഗമാണ് പോലീസ്. അതുകൊണ്ടുതന്നെ പോലീസുകാരുടെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവുമെല്ലാം സാധാരണക്കാർക്ക് മുന്നിൽ പച്ചയായി തുറന്നുവെക്കുന്നു നായാട്ട്. ഒരേസമയം ഉള്ളുലക്കുന്ന വിധത്തിലും ചിന്തിപ്പിക്കുന്ന വിധത്തിലും പ്രേക്ഷകരോട് സംവദിക്കുന്നു ചിത്രം. സി.പി.ഒ. പ്രവീൺ മൈക്കിൾ, എ.എസ്.ഐ. മണിയൻ, സുനിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ മൂന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില പ്രശ്നങ്ങളും അതിന് പരിഹാരം കാണാൻ ശ്രമിക്കുന്നതിനിടയിൽ നേരിടേണ്ടിവരുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഉദ്വേഗത്തിന്റെ ആദ്യപകുതിയും അതിന്റെ കൂട്ടപ്പൊരിച്ചിൽപോലെ തുടരുന്ന രണ്ടാം പകുതിയും കാഴ്ചക്കാരനെ പിടിച്ചിരുത്താൻവണ്ണം കെൽപുള്ളതാണ്. നിത്യജീവിതത്തിൽ നാം കാണുന്ന പോലീസുകാരുടെയെല്ലാം ജീവിതം എത്രത്തോളം സാഹസികത നിറഞ്ഞതാണെന്നും മനഃപൂർവമല്ലാതെ നടക്കുന്ന പ്രശ്നങ്ങളിൽപോലും അവർ പ്രതിചേർക്കപ്പെടുന്നതെങ്ങനെയെന്നും കാണിച്ചുതരുന്നു ചിത്രം. മൂന്ന് പോലീസുകാരുടെ മാത്രമല്ല മുഴുവൻ പോലീസുകാരുടെയും ജീവിതാവസ്ഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അരക്ഷിതമായ സാമൂഹികരാഷ്ട്രീയസംഭവങ്ങൾക്കിടയിൽപെട്ട് ജീവിതത്തിലുടനീളം അവർ പലതരത്തിൽ വേട്ടയാടപ്പെടുകയാണെന്നും പറഞ്ഞുവെക്കുന്നു, ഓർമപ്പെടുത്തുന്നു നായാട്ട്. പ്രവീൺ മൈക്കിൾ ആയി കുഞ്ചാക്കോ ബോബനും മണിയൻ ആയി ജോജു ജോർജും സുനിത എന്ന പോലീസുദ്യോഗസ്ഥയുടെ വേഷത്തിലെത്തിയ നിമിഷ സജയനും വിശേഷണങ്ങൾക്കപ്പുറത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. കുഞ്ചാക്കോ ബോബന്റെ കരിയറിൽ എക്കാലവും ഓർത്തുവെക്കുന്ന കഥാപാത്രമായിരിക്കും പ്രവീൺ മൈക്കിൾ എന്ന കാര്യത്തിൽ സംശയമില്ല. ജാഫർ ഇടുക്കി, അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് എന്നിവരും ചിത്രത്തിലെ തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കാലികപ്രസക്തിയുള്ളതും കെട്ടുറപ്പേറിയറതുമായ കഥ അവതരിപ്പിച്ചതിൽ ഒരിക്കൽക്കൂടി അഭിനന്ദനമർഹിക്കുന്നു ഷാഹി കബീർ. ഒപ്പംതന്നെ എടുത്തുപറയേണ്ടതാണ് മഹേഷ് നാരായണന്റെ എഡിറ്റിംഗ് മികവും. ഏറെ ഗൗരവം നിറഞ്ഞതും പഴുതുകൾ പ്രകടമായേക്കാവുന്നതുമായ കഥാസന്ദർഭങ്ങളെ വളരെ വിദഗ്ധമായ കൂട്ടിയിണക്കുന്നതിൽ മഹേഷ് നാരായണൻ വിജയിച്ചിരിക്കുന്നു. കൊടൈക്കനാൽ, മൂന്നാർ, വട്ടവട തുടങ്ങിയ സ്ഥലങ്ങളുടെ സൗന്ദര്യം ചിത്രത്തിന്റെ കഥയ്ക്കനുയോജ്യമാകുംവിധം പകർത്തിവെക്കുന്നതിൽ ഷൈജു ഖാലിദിന്റെ ക്യാമറവിരുത് അപാരം തന്നെയെന്ന് ഒരിക്കൽക്കൂടി പ്രേക്ഷകർ അറിഞ്ഞു. ത്രില്ലടിപ്പിക്കുന്ന കഥാസന്ദർഭങ്ങൾക്കൊപ്പം ചേർന്നുനിൽക്കുന്ന ഗാനങ്ങൾ ഒരുക്കിയതിൽ വിഷ്ണു വിജയൻ എന്ന സംഗീതസംവിധായകന്റെ പേരും എടുത്തുപറയേണ്ടതാണ്. നല്ല ഒരു ത്രില്ലർ സിനിമ കാത്തിരുന്ന പ്രേക്ഷകർക്ക് ഉറപ്പായും ടിക്കറ്റെടുക്കാം നായാട്ടിന്. Content highlights :malayalam movie nayattu review
from movies and music rss https://ift.tt/31WYFRa
via
IFTTT
No comments:
Post a Comment