Monday, January 10, 2022

80 കളിലെ മലയാളസിനിമകളിലെ തമാശകള്‍ ഏറെ ആസ്വദിച്ചിരുന്നു; ഡീകപ്പിള്‍ഡ് സമാനമാണ്

ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള എഴുത്തുകാരിൽ ഒരാളായ ആര്യ, സ്വന്തമായി സ്റ്റാർട്ട് അപ്പ് സ്വപ്നങ്ങളുള്ള ശ്രുതി. ഇവർക്കിടയിലെ ദാമ്പത്യം ശിഥിലമാണ്. പരസ്പരം വേർപിരിയാൻ തയ്യാറെടുപ്പുകൾ നടത്തുന്ന ആര്യയുടെയും ശ്രുതിയുടെയും ജീവിതത്തിലെ രസകരമായ സംഭവങ്ങളുടെ ആകെതുകയാണ് ഡീകപ്പിൾഡ്എന്ന വെബ് സീരീസ്. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ഡീകപ്പിൾഡിൽ ആർ.മാധവനും സുർവീൺ ചൗളയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങിയ സീരീസ് പ്രേക്ഷകപ്രീതി പിടിച്ചുപറ്റി വിജയകരമായി പ്രദർശനം തുടരുമ്പോൾ അതെക്കുറിച്ച് സംസാരിക്കുകയാണ് ക്രിയേറ്റർ (തിരക്കഥ, ആശയം) മനു ജോസഫ്. കോട്ടയം സ്വദേശിയായ മനു ജോസഫ് ഇന്ത്യയിലെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമാണ്. ഓപ്പൺ മാഗസിന്റെ മുൻ എഡിറ്ററാണ്. 2010ൽ പുറത്തിറങ്ങിയ സീരിയസ് മെൻ ആണ് ആദ്യ പുസ്തകം. 2010ലെ ഹിന്ദു ലിറ്റററി പ്രൈസ്, 2011ലെ പെൻ ഓപ്പൺ ബുക്ക് അവാർഡ് എന്നീ പുരസ്കാരങ്ങളും, 2010ലെ മാൻ ഏഷ്യൻ ലിറ്റററി പ്രൈസിനു നാമനിർദേശവും ഈ പുസ്തകത്തിന് ലഭിച്ചു. 2011-ലെ ബോളിങ്ങർ എവെരിമാൻ വോഡ് ഹൗസ് സമ്മാനത്തിനുള്ള നാമനിർദേശവും സീരിയസ് മെന്നിന് ലഭിച്ചു. 2012-ൽ പുറത്ത് വന്ന ദി ഇല്ലിസിറ്റ് ഹാപ്പിനസ് ഓഫ് അദർ പീപ്പിൾ ആണ് രണ്ടാം നോവൽ. ഈ നോവലും ഹിന്ദു ലിറ്റററി സമ്മാനത്തിനു നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. 2017-ൽ പുറത്തിറങ്ങിയ മിസ്സ് ലൈല, ആർമ്ഡ് ആൻഡ് ഡെയ്ഞ്ചെറസാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുസ്തകം. ഏങ്ങിനെയായിരുന്നു ഡീകപ്പിൾഡിൽ എത്തിയത്? ഹ്യൂമർ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു വിഷയമാണ്. എന്നാൽ പൊതുവെയുള്ള ഇന്ത്യൻ കോമഡികൾ എനിക്ക് വലിയ താൽപര്യമില്ല. എന്നാൽ 1980 കാലഘട്ടത്തിലെ മലയാള സിനിമകളിലെ തമാശകൾ ഒരുപാട് ആസ്വദിച്ച ഒരാളാണ് ഞാൻ. അക്കാലത്തെ ഇന്നസെന്റിന്റെ കോമഡികളെല്ലാം എനിക്ക് ഇഷ്ടമായിരുന്നു. ബിഹേവിയറിൽ നിന്നും, റിയലിസത്തിൽ നിന്നും വരുന്ന തമാശകളായിരുന്നു അവ. അതുപോലെ ദ ഓഫീസ്, സിലിക്കൺ വാലി തുടങ്ങിയ സീരീസുകളെല്ലാം എനിക്ക് ഇഷ്ടപ്പെട്ടവയാണ്. ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് മാധ്യമപ്രവർത്തനമാണ്. അത് പൊതുവേ ഗൗരവമുള്ള ഒരു ജോലിയാണ്. അതിൽ നിന്നെല്ലാം വേറിട്ട ലളിതമായ എന്തെങ്കിലും ചെയ്യണമെന്ന് കരുതിയിരുന്നു. അങ്ങനെയാണ് ഡീകപ്പിൾഡിന്റെ ആശയത്തിലേക്കെത്തുന്നത്. വളരെ ചെറുതും ലളിതവുമായ കാര്യങ്ങളിൽ നിന്ന് തമാശയുണ്ടാക്കുക. അതിന് മാത്രമേ ശ്രമിച്ചിട്ടുള്ളൂ. ആദ്യം ഒരു എപ്പിസോഡ് എഴുതി. പിന്നീട് നെറ്റ്ഫ്ലിക്സ് രംഗത്ത് വന്നപ്പോൾ കൂടൂതൽ എപ്പിസോഡുകൾ എഴുതി. ഒടുവിൽ അത് സംഭവിച്ചു. ഹർദിക് മെഹ്തയായിരുന്നു സംവിധായകൻ, ആർ. മാധവൻ സുർവീൺ ചൗള തുടങ്ങിയവരായിരുന്നു കേന്ദ്രകഥാപാത്രങ്ങൾ, ഇവരുടെ സാന്നിധ്യവും സീരീസിനെ സംബന്ധിച്ച് വലിയ കരുത്തായിരുന്നില്ലേ? തീർച്ചയായും, ഒരു തിരക്കഥാകൃത്തിനെ സംബന്ധിച്ച് അയാൾ പറയുന്ന ആശയം കൃത്യമായി സംവദിക്കണമെങ്കിൽ നല്ല സംവിധായകന്റെ പിന്തുണ കൂടിയേ തീരൂ. അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിൽ ഞാൻ ഇടപെട്ടില്ല. എന്നാൽ നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങൾ ചർച്ചകൾ ചെയ്യുമായിരുന്നു. നിർദ്ദേശങ്ങൾ പരസ്പരം പങ്കുവയ്ക്കുമായിരുന്നു. ഹർദിക് മെഹ്ത അദ്ദേഹത്തിന്റെ ഭാഗം അതിഗംഭീരമായി തന്നെ ചെയതു തീർത്തു. അഭിനേതാക്കളായ ആർ മാധവൻ, സുർവീൺ ചൗള, അരിസ്റ്റാ മെഹ്ത, ചേതൻഭഗത് എന്നിങ്ങനെ ഓരോരുത്തരും അവരുടെ ചുമതലകൾ നന്നായി നിറവേറ്റി. സീരീസിന്റെ മേക്കിങ്ങിലെ എല്ലാ ഘട്ടങ്ങളിലും സജീവമായി പങ്കെടുത്തു. എന്റെ ആശയത്തെ നെറ്റ്ഫ്ലിക്സിന്റെയും നിർമാതാക്കളുടെയും മുന്നിൽ അവതരിപ്പിച്ചപ്പോൾ വളരെ പോസിറ്റീവായ മറുപടിയാണ് ലഭിച്ചത്. അതിന് ശേഷമാണ് സംവിധായകൻ വരുന്നത്. എക്സിക്യൂഷൻ പൂർണമായും സംവിധായകന്റെ ചുമതലയായിരുന്നു. എന്നാൽ എക്സിക്യൂഷന്റെ പ്രധാനഘട്ടങ്ങളിലെല്ലാം എന്നെയും ഉൾപ്പെടുത്തിയാണ് മുന്നോട്ട് പോയത്. ഫൈനൽ പ്രൊഡക്ടിൽ ഞാൻ വളരെ സന്തോഷവാനാണ്. ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളിലും അതിയായ സന്തോഷമുണ്ട്. ഒരാളെ കരയിപ്പിക്കുവാൻ എളുപ്പമാണെന്നും ചിരിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടുമാണെന്നാണ് പൊതുവെ പറയാറുള്ളത്. തമാശയെഴുതുന്നത് പ്രത്യേകിച്ച് ആ തമാശ മറ്റുള്ളവരുമായി സംവദിക്കുന്നത് തികച്ചും ദുഷ്കരമായ ഒരു ജോലിയായിരുന്നില്ലേ? മനു ജോസഫ് കോമഡി സീരിയസ്നെസ് എന്ന് പറയുന്നത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. വളരെ ഗൗരവകരമായ മുഹൂർത്തങ്ങളിൽ നിന്നാണ് തമാശകൾ പൊട്ടിപ്പുറപ്പെടുന്നത്. വിവാഹം, വിവാഹമോചനം എന്ന് പറയുന്നത് ഗൗരവകരമാണ്. അതിൽ നിന്ന് ഹ്യൂമറുണ്ടാക്കുന്നത് തികച്ചും രസകരമായിരുന്നു. ഡീകപ്പിളിലെ കഥാപാത്രങ്ങൾ നഗരത്തിൽ ജീവിക്കുന്നവരാണ്. രണ്ട് സ്വതന്ത്ര്യവ്യക്തികൾ. നഗരത്തിൽ ജീവിക്കുന്ന പലർക്കും അവരുടെ ജീവിതവുമായി ഈ കഥാപാത്രങ്ങളെ ബന്ധിപ്പിക്കാൻ സാധിക്കും. പിന്നെ എന്നെ പരിചയമുള്ളവർക്ക് ഞാൻ വലിയ തമാശക്കാരനാണെന്ന് തോന്നില്ല. അങ്ങനെയാണെന്ന് ഞാൻ സ്വയം വിചാരിക്കുന്നുമില്ല. എനിക്ക് ഹ്യൂമറായി തോന്നുന്ന പലതും എല്ലായിടത്തും അവതരിപ്പിക്കാൻ പറ്റണമെന്നില്ല. ഞാൻ പറയുന്നത് ഹ്യൂമറായി മറ്റുള്ളവർക്ക് തോന്നണമെങ്കിൽ നിങ്ങൾ ആരോട് പറയുന്നു, എപ്പോൾ പറയുന്നു, എവിടെ വച്ച് പറയുന്നു എന്നീ ഘടകങ്ങൾ ആശ്രയിച്ചിരിക്കും. ഡീകപ്പിളിൽ ഈ ഘടകമെല്ലാം ഒത്തുവന്നുവെന്ന് തോന്നുന്നു. ഹ്യൂമർ എഴുതണമെന്ന് കരുതി എഴുതാനിരുന്നാൽ ഒരിക്കലും പ്രൊഡക്ട് നന്നാവുകയില്ല. തികച്ചും സ്വാഭാവികമായി സംഭവിക്കേണ്ടതാണ്. ഡീകപ്പിൾഡ് എഴുതി തീർക്കാൻ ഒട്ടും എളുപ്പമായിരുന്നില്ല അതേ സമയം വലിയ ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഒരുപാട് ഡ്രാഫ്റ്റുകൾ വെട്ടിത്തിരുത്തിയാണ് ഫൈനൽ പ്രൊഡക്ട് തയ്യാറായത്. ചില എപ്പിസോഡുകൾ പത്തോളം ഡ്രാഫ്റ്റുകളിലൂടെ കടന്നുപോയിട്ടുണ്ട്. അതേ സമയം ഇനിയും നൂറ് കണക്കിന് എപ്പിസോഡുകൾ പോകാനുള്ള കണ്ടന്റ് എന്റെ കൈവശമുണ്ട്. അത് ആത്മവിശ്വാത്തോടെ പറയാൻ സാധിക്കും. വിമർശനങ്ങൾ ഡീകപ്പിൾഡ് ഇഷ്ടമാകാത്തവരും ഉണ്ടായിരിക്കും. എന്റെ മാതാപിതാക്കൾ അത് ആസ്വദിച്ചുവെന്ന് എനിക്കു തോന്നുന്നില്ല. പിതാവ് എന്നെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം ആസ്വദിച്ചോ എന്ന കാര്യത്തിൽ ഉറപ്പില്ല. അമ്മയ്ക്ക് അയച്ചുകൊടുത്തുവെങ്കിലും അത് കണ്ടെന്ന് തോന്നുന്നില്ല (ചിരിക്കുന്നു). വിമർശനങ്ങൾ സ്വാഭാവികമായുണ്ടാകും. എല്ലാവരും ഒരു സംഭവത്തെ ഒരുപോലെയല്ല നോക്കി കാണുന്നത്. അത് ഒരാളുടെ പക്വത, വൈകാരികത, മാനസികാരോഗ്യം തുടങ്ങിയ ഘടകങ്ങളെ ആസ്വദിച്ചിരിക്കും. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ ഇക്കാലമത്രയും ഞാൻ എഴുതിയ കാര്യങ്ങൾ ഇഷ്ടപ്പെടാത്തവരും സീരീസിനെ വിമർശിച്ചിരുന്നു. പൊതുവേ ഇന്ത്യക്കാർക്ക് പരിചിതമല്ലാത്ത ഒരു സമീപനമാണ് ഡീകപ്പിൾഡിൽ സ്വീകരിച്ചിരിക്കുന്നത്. ഞാൻ നേരത്തേ പറഞ്ഞത് പോലെ 1980 കളിലെ മലയാള സിനിമയിലെ തമാശകൾ ആസ്വദിച്ചവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരിക്കാം. Content Highlights:Decoupled, Manu JosephCreatorInterview,R madhavan, Surveen Chawla, Netflix series

from movies and music rss https://ift.tt/3Gh0Xgk
via IFTTT

No comments:

Post a Comment