20 ഭാഷകൾ, 25,000 ത്തിലേറെ ഗാനങ്ങൾ, പത്മഭൂഷൺ, പത്മശ്രീ, നിരവധി ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ, എണ്ണിയാലൊടുങ്ങാത്ത മറ്റ് പുരസ്കാരങ്ങൾ.. കെ.എസ് ചിത്ര എന്നത് വെറുമൊരു പേരല്ല, ഒരു വികാരം കൂടിയാണെന്ന് തെളിയിക്കുന്ന നാല് പതിറ്റാണ്ടുകൾ. മലയാളികളുടെ സ്വകാര്യ അഹങ്കാരം. അനിഷ് എ.വി സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷ് എന്ന ചിത്രത്തിലൂടെ ആ സ്വരമാധുര്യത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഗാനം ആസ്വാദകഹൃദയങ്ങൾ കീഴടക്കുക്കയാണ്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ഈണം നൽകിയ ഗാനം തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് പറയുന്നു ചിത്രയും. തിരമാലയാണ് നീ വളരെ നല്ലൊരു മെലഡിയാണ് വിഡ്ഢികളുടെ മാഷിലേത്. ഞാൻ ബിജിപാലിന് വേണ്ടി പാടുന്ന രണ്ടാമത്തെ ഗാനമാണ്. ആർട്ടിസ്റ്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഞാൻ ആദ്യമായി ബിജിബാലിന് വേണ്ടി പാടുന്നത്. രണ്ടും അതിമനോഹരമായ ഗാനങ്ങൾ. മനസ് നിറഞ്ഞ് ഞാൻ പാടിയതാണ്. അതുപോലെ റഫീക്ക് അഹമ്മദ് സാറാണ് വിഡ്ഢികളുടെ മാഷിലെ ഈ ഗാനത്തിന്റെ രചന. അദ്ദേഹത്തിന്റെ രചനയിൽ ഒരുപാട് ഗാനങ്ങൾ പാടിയിട്ടുണ്ട്. വളരെ ആഴമുള്ള വരികളാണ് ഈ ഗാനത്തിലേത്. തിരമാലയാണ് നീ കടലായ ഞാൻ നിന്നെ തിരയുന്നതെത്രമേൽ അർഥശൂന്യം... ഒന്നാന്തരം വരികൾ. നല്ലൊരു ഗാനം പാടിയതിൽ ഒരുപാട് സന്തോഷം അമിത ആത്മവിശ്വാസം പാടില്ല പുതിയ സംഗീത സംവിധായകർക്കൊപ്പം ആദ്യമായി പാടാൻ പോവുമ്പോൾ ഉള്ളിലൊരു ഭയമുണ്ടാകാറുണ്ട്. അവർക്കൊപ്പം ആദ്യമായല്ലേ, അവർക്ക് എങ്ങനെ പാടിയാലാണ് ഇഷ്ടമാവുക, അങ്ങനെയുള്ള ചിന്തകൾ അലട്ടാറുണ്ട്. ആരുടെ മുന്നിലും ആദ്യമായി പാടുമ്പോൾ ആ ഭയം എനിക്കുണ്ടാവാറുണ്ട്. പിന്നീട് രണ്ട് മൂന്ന് പാട്ടുകൾ പാടിക്കഴിഞ്ഞാൽ ആത്മവിശ്വാസം വരും. ഒരുവിധം ആർടിസ്റ്റുകൾക്ക് എല്ലാം അങ്ങനെയാണ്. അമിത ആത്മവിശ്വാസം ആർക്കും വരാൻ പാടില്ല. എന്നും നമ്മൾ ഓരോരുത്തരിൽ നിന്നും പഠിച്ചുകൊണ്ടിരിക്കുകയല്ലേ. ഇവിടെ ബിജിപാലിന്റെ കാര്യം പറയുകയാണെങ്കിൽ ഇത്രയും സൗമ്യനായ ഒരു സംഗീത സംവിധായകൻ വേറെ കാണുമോ എന്ന് വരെ നമ്മൾ ചിന്തിച്ച് പോവും. അത്രയ്ക്കും ശാന്തനായ ഒരു മനുഷ്യനാണ്. മാറിക്കൊണ്ടിരിക്കുന്ന റെക്കോർഡിങ്ങ് ഞാൻ പാടിത്തുടങ്ങിയ സമയത്ത് ഓർക്കസ്ട്രയ്ക്കൊപ്പം ലൈവ് റെക്കോർഡിങ്ങ് ആയിരുന്നു. ഒരു വരി തെറ്റിയാൽ ആദ്യം മുതൽ പാടണമായിരുന്നു. അതുകൊണ്ട് തന്നെ ഒരു ദിവസം രണ്ട് പാട്ടിൽ കൂടുതലൊന്നും റെക്കോർഡിങ്ങ് നടക്കില്ലായിരുന്നു. പിന്നീട് ട്രാക്ക് എടുത്ത് വോയ്സ് മിക്സ് ചെയ്യാൻ തുടങ്ങി. അത് കൂറച്ചൂടെ എളുപ്പമായി. അനുപല്ലവിയിൽ തെറ്റ് വന്നാൽ അനുപല്ലവി മാത്രമേ രണ്ടാമത് മുഴുവനായി പാടേണ്ടതുള്ളൂ. ടെക്നോളജി മാറി മാറി വന്ന് ഇന്നിപ്പോൾ ചരണം പാടിക്കഴിഞ്ഞാൽ ചില സംഗീത സംവിധായകർ പറയാറുണ്ട് പല്ലവി ഞങ്ങൾ പേസ്റ്റ് ചെയ്തോളാം വീണ്ടും പാടണ്ട എന്ന്. എങ്കിലും ഞാൻ വീണ്ടും പാടാൻ ശ്രമിക്കാറുണ്ട്. ഇന്ന് കാര്യങ്ങൾ കൂടുതൽ എളുപ്പമായി എങ്കിലും അതുകൊണ്ട് ദോഷവും ഉണ്ട്. ഇന്ന് പാട്ടിൽ പെർഫക്ഷൻ വേണമെന്നില്ല. പാട്ടിന്റെ രീതികളും ഇന്ന് മാറിയിട്ടുണ്ട്. പിന്നത്തെ ഇന്നത്തെ കുട്ടികൾ പഴയ പാട്ടുകൾക്കൊപ്പം തന്നെ വെസ്റ്റേൺ ഗാനങ്ങൾ ഒരുപാട് കേൾക്കുന്നവരാണ്. അതവർക്ക് നൽകുന്ന എക്സ്പോഷർ വളരെ വലുതാണ്. പാടുന്നതേറെയും താരാട്ടുകൾ നല്ല കുറേ ഗാനങ്ങളുടെ ശബ്ദമാകാൻ സാധിച്ചിട്ടുണ്ട്. അതിലേതാണ് ഏറ്റവും പ്രിയപ്പെട്ടതെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ പ്രയാസമാണ്. ചില നല്ല പാട്ടുകൾ പുറത്തിറങ്ങാതെ പോയതും ഉണ്ട്. അതിൽ ചെറിയ സങ്കടവുമുണ്ട്. എങ്കിലും അടുത്തിടെ ഞാൻ പാടിയ പാട്ടുകളിൽ ഏറെ പേർക്ക് ഇഷ്ടപ്പെട്ടതിൽ ഒന്ന് മാലിക്കിലെ തീരമേ ആണ്. കുറേ നല്ല കവർ വേർഷനുകളൊക്കെ ഇറങ്ങിയിരുന്നു. അത് സുഷിന് വേണ്ടി ഞാൻ ആദ്യമായി പാടിയ പാട്ടാണ്. പിന്നെ മരക്കാറിലെ കുഞ്ഞുകുഞ്ഞാലിക്ക് എന്ന താരാട്ട് പാട്ടും ഒത്തിരി പേർ ഇഷ്ടപ്പെട്ടതാണ്. ഇപ്പോൾ ഞാൻ പാടുന്നതിലേറെയും താരാട്ടുകളാണ്. ബാലു സാർ നികത്താനാവാത്ത നഷ്ടം എന്റെ സംഗീത ജീവിതത്തിൽ ഏറ്റവുമധികം ഡ്യൂയറ്റുകൾ പാടിയിരിക്കുന്നത് ബാലു സാറിന്റെ കൂടെയാണ്. അദ്ദേഹത്തിനൊപ്പം പാടുന്നത് വലിയ അനുഭവം ആണ്. പ്രത്യേകിച്ചും തെലുങ്കിലൊക്കെ. പലപ്പോഴും അതിശയിച്ചു പോയിട്ടുണ്ട്. തെലുങ്കിൽ ഒരു പാട്ടുണ്ടായിരുന്നു. ഒരു പെൺകുട്ടിയിൽ നിന്ന് വയസായ സ്ത്രീയിലേക്കുള്ള ഒരുവളുടെ യാത്രയെക്കുറിച്ചാണ് പറയുന്നത്. അതിനകത്ത് എനിക്ക് വരികളില്ല, ചെറിയ ചെറിയ എക്സ്പ്രഷൻസും മറ്റുമേ ഹമ്മിങ്ങിൽ ഉള്ളൂ. അന്ന് എനിക്ക് തെലുങ്ക് അത്ര വശമില്ല. പക്ഷേ ബാലു സർ പാടുന്നതിൽ നിന്ന് എനിക്ക് വരികളുടെ അർഥം മനസിലായി. അത്രയധികം ഭാവത്തോടെയാണ് അദ്ദേഹം ഗാനങ്ങൾ ആലപിക്കുക. അദ്ദേഹത്തെ പോലുള്ള ഇതിഹാസങ്ങൾക്കൊപ്പം പാടാനായി എന്നതാണ് എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും വലിയ ഭാഗ്യം. Content Highlights : KS Chithra Interview, Songs,Viddikalude Mashu movie Song
from movies and music rss https://ift.tt/3nFOlZ5
via IFTTT
No comments:
Post a Comment