Tuesday, January 18, 2022

ഓരോ ജീവനും അതിന്റേതായ അവകാശമുണ്ടെന്ന് പറയുന്ന ചിത്രം; മികച്ച പ്രതികരണം നേടി 'തേരട്ട'

ബാലുവി. സംവിധാനം ചെയ്ത് മാതൃഭൂമി ഡോട്ട് കോം പുറത്തിറക്കിയ തേരട്ട എന്ന ഹ്രസ്വചിത്രത്തിന് അഭിനന്ദന പ്രവാഹം. മനുഷ്യനെ മാത്രമല്ല സർവജീവജാലങ്ങളേയും നമുക്ക് രക്ഷിക്കാനും ഓരോ ജീവനും അതിന്റേതായ അവകാശമുണ്ടെന്ന് പറയുന്നതാണ് ചിത്രമെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു. "വലിയ കാഴ്ച ബാലു ഈ കുഞ്ഞുസിനിമയിലൂടെ പറയുന്നുണ്ട്. പൂമ്പാറ്റകളെ ഇടിച്ച് തെറിപ്പിച്ച് അവ വീണുകിടക്കുന്നത് പല യാത്രകളിലും കണ്ടിട്ടുണ്ട്. ഇതിനെയൊന്നും ശ്രദ്ധിക്കാതെ മനുഷ്യൻ മനുഷ്യനെ മാത്രം അല്ലെങ്കിൽ അതിനേക്കാൾ വലിയജീവികളെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ. കുഞ്ഞുജീവികൾക്കും ഈ ഭൂമിയിൽ അവകാശമുണ്ട് എന്ന് സിനിമയിലൂടെ ബാലു വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട്. ഭൂമിയുടെ അവകാശികളാണ് ഇവരെല്ലാമെന്ന് ബഷീർ മുമ്പ് പറഞ്ഞിട്ടുണ്ട്. ആ വിശ്വാസം നമുക്കെല്ലാവർക്കും കൃത്യമായി കാണാൻ കഴിയണം, അതും ചേർത്ത് നിർത്തിവേണം നമ്മൾ ജീവിക്കാൻ എന്നും സിനിമ പറയുന്നുണ്ട്. ഏറ്റവും രസകരമായി തോന്നിയ കാര്യം പരത്തുള്ളി രവീന്ദ്രൻ എന്ന എഴുത്തുകാരനും ഒപ്പമുള്ളവരുമെല്ലാം ജീവിതം കണ്ട് മനസിലാക്കിക്കൊണ്ട് നമ്മോട് സംസാരിക്കുകയാണെന്നതാണ്." അദ്ദേഹം പറഞ്ഞു. "മനുഷ്യർ മാത്രമല്ല എല്ലാ തിരിയക്കുകളും പ്രകൃതിയിൽ തുല്യരാണെന്നും അവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും പ്രഖ്യാപിക്കുന്ന രീതിയിലുള്ള അർത്ഥവത്തായ ആശയം മുന്നോട്ടുവെയ്ക്കുന്ന സിനിമയാണിതെന്നാണ് സാഹിത്യകാരൻ സന്തോഷ് ഏച്ചിക്കാനം അഭിപ്രായപ്പെട്ടത്. സിനിമയിലെ റോഡ് എന്നത് ജീവൻ തന്നെയാണ്. എല്ലാ ജീവജാലങ്ങളും അത് മറികടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ജീവിതത്തിൽ നിരന്തരമായി കടന്നുവരുന്ന പ്രതിബന്ധങ്ങൾ, വിപത്തുകൾ, പ്രത്യാശകൾ, ഓർമകൾ, സ്വപ്നങ്ങൾ എല്ലാം തന്നെ ഇതിനകത്ത് വായിച്ചെടുക്കാൻ സാധിക്കും. ജീവിതത്തിനുമേൽ ആത്യന്തികമായ മരണത്തിന്റെ ആത്മീയ സാന്നിധ്യവും അതിന്റെ ​ഗഹനതയും മൗനവും നിശ്ശബ്ദതയുമെല്ലാം സിനിമയുടെ അവസാനരം​ഗത്തിലൂടെ നമുക്ക് വായിച്ചെടുക്കാൻ സാധിക്കും." അദ്ദേഹം അഭിപ്രായപ്പെട്ടു. തേരട്ട റോഡ് മുറിച്ചുകടക്കുന്ന അവസരത്തിൽ നമുക്ക് ടെൻഷൻ ഉണ്ടായിത്തുടങ്ങി എന്നതാണ് അദ്ഭുതകരമായ കാര്യമെന്ന് സംവിധായിക വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു. കഥാപാത്രങ്ങളുടെ ഉത്ക്കണ്ഠ പ്രേക്ഷകരിലേക്കും പകരാൻ പറ്റി എന്നത് തന്നെ വലിയ വിജയമാണെന്നും അവർ പറഞ്ഞു. മാതൃഭൂമി ചിൽഡ്രൻസ് പബ്ലിക്കേഷൻസിലെ ആർട്ടിസ്റ്റും ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളുടെ സ്റ്റോറി ബോർഡ് ആർട്ടിസ്റ്റുമാണ് വി. ബാലു. 40 വർഷം മുമ്പ് ദേവീക്ഷേത്രനടയിൽ എന്ന സൂപ്പർഹിറ്റ് ഗാനം മലയാള സിനിമയ്ക്ക് സമ്മാനിച്ച പരത്തുള്ളി രവീന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രിക രവീന്ദ്രനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ലാൽ നർമ്മകല, മീനാക്ഷി അജിത്, കൃഷ്ണൻ കൽഹാര എന്നിവരെ കൂടാതെ ഒരു തേരട്ടയും ചിത്രത്തിലെ താരമാണ്. രാഹുൽ പിരപ്പൻകോഡ് ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് മാതൃഭൂമി ക്ലബ് എഫ് എമ്മിലെ സൗണ്ട് റെക്കോഡിസ്റ്റ് ജോജു സെബാസ്റ്റ്യനാണ്. സൗണ്ട് ഡിസൈൻ - പ്രണവ് പി.എസ്. Content Highlights:theratta short film getting good responses, madhupal, santhosh echikkanam, vidhu vincent

from movies and music rss https://ift.tt/3GLUfiE
via IFTTT

No comments:

Post a Comment