'ലാലുച്ചായാ, അച്ചായനെ ഹീറോ ആക്കി ഞാനൊരു പടം സംവിധാനംചെയ്യാൻ പോവുകയാണ്. അതിനെനിക്കെന്തുതരും' 'അങ്ങനെയാണെങ്കിൽ ഞാനെന്റെ വീടും സ്ഥലവും നിന്റെ പേരിലെഴുതിത്തരാം...' ബ്രോ ഡാഡിയുടെ സംവിധായകൻ പൃഥ്വിരാജും നടൻ ലാലു അലക്സും തമ്മിലുള്ള ആദ്യ ഫോൺസംഭാഷണംതന്നെ ഇങ്ങനെയായിരുന്നു. വീടും സ്ഥലവും പൃഥ്വിരാജിന്റെപേരിൽ എഴുതിക്കൊടുക്കുമോ എന്നറിയില്ല. എന്തായാലും ബ്രോ ഡാഡിയിലെ കുര്യൻ മാളിയേക്കൽ ഹിറ്റായി. സിനിമയുടെ ട്രെയിലറിലും പരസ്യങ്ങളിലും മോഹൻലാലും പൃഥ്വിരാജും നിറഞ്ഞുനിന്നപ്പോൾ സിനിമയ്ക്കുള്ളിലെ സർപ്രൈസ് പാക്കാണ് ലാലു അലക്സിന്റെ കുര്യൻ മാളിയേക്കൽ. ഒരിടവേളയ്ക്കുശേഷം സിനിമയിൽ മുഴുനീളവേഷം ചെയ്യാനായതിന്റെ സന്തോഷം പങ്കുവെക്കുകയാണ് അദ്ദേഹം. 'ബ്രോ ഡാഡി, ഇത് ലാലു അലക്സിന്റെ സിനിമയാണ്' എന്നാണല്ലോ പ്രേക്ഷകപ്രതികരണങ്ങൾ ഏതൊരു കലാകാരന്റെയും സന്തോഷം എന്നുപറയുന്നത് അയാൾ അഭിനയിച്ച സിനിമ നല്ലതാണെന്നും അയാളുടെ കഥാപാത്രം ഗംഭീരമാണെന്നും ജനങ്ങൾ അംഗീകരിക്കുമ്പോഴാണ്. അവരുടെ സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾക്ക് നന്ദിയും ഒത്തിരി സന്തോഷവുമുണ്ട്. വർഷങ്ങൾക്കുശേഷമാണ് ഒരു ചിത്രത്തിൽ മുഴുനീളകഥാപാത്രം ചെയ്യുന്നത്. എന്റെ സിനിമാജീവിതത്തിൽ ഇടയ്ക്കിടെ ഇങ്ങനെ ചില നല്ല കഥാപാത്രങ്ങൾ തേടിയെത്താറുണ്ട്. അങ്ങനെ ഒത്തുകിട്ടിയ കഥാപാത്രമാണ് കുര്യൻ മാളിയേക്കൽ. നിർമാതാവ് ആന്റണി പെരുമ്പാവൂരാണ് ആദ്യം എന്നെ വിളിച്ചത്. സിനിമയെക്കുറിച്ച് പൃഥ്വി വിളിച്ച് സംസാരിക്കുമെന്നും പറഞ്ഞു. ഉടനെ പൃഥ്വിരാജ് വിളിച്ചു. ലാലുച്ചായനെ ഹീറോയാക്കി ഞാനൊരു പടം ചെയ്യാൻ പോവുകയാണെന്നാണ് പൃഥ്വി പറഞ്ഞത്. കഥയും കഥാപാത്രവും കേട്ടയുടനെ എനിക്കിഷ്ടമായി. ഏറ്റവും അടുത്ത സുഹൃത്തായിരുന്ന സുകുമാരന്റെ മകനുമൊന്നിച്ച് ഒരു ചിത്രം. പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച്... സുകുവേട്ടൻ എന്റെ വെറുമൊരു സുഹൃത്താണെന്ന് പറഞ്ഞുകൂടാ; അതിലൊരു ബഹുമാനക്കുറവുണ്ട്. സുകുവേട്ടൻ സിനിമയിൽ വരുന്നകാലത്ത് ഞാൻ സിനിമകൾ കണ്ടുതുടങ്ങുന്നതേയുള്ളൂ. പിന്നീട് ഞാനും സിനിമയിലെത്തിപ്പെടുകയും സുകുവേട്ടനൊപ്പം ഒട്ടേറെ പടങ്ങളിൽ അഭിനയിക്കാനും സാധിച്ചു. എപ്പോഴും എന്നോട് ഒരു പ്രത്യേക ഇഷ്ടം അദ്ദേഹത്തിനുണ്ടായിരുന്നു. ആ കാലത്ത് സുകുമാരൻ എന്ന ഗംഭീര നടനെ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി കൊണ്ടുകൂടിയാണ്. എന്നെയും ജനങ്ങൾ സ്വീകരിച്ചത് അങ്ങനെയൊക്കെയാണ്. എന്നുവെച്ചാൽ, അദ്ദേഹത്തെപ്പോലെ ഞാൻ കേമനാണെന്നല്ല പറയുന്നത്. സുകുവേട്ടന്റെ ആരാധകനായിരുന്നു ഞാൻ. അദ്ദേഹത്തിന്റെയടുത്ത് ഇടപെടുന്നതിൽ കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഒരു സഹോദരനെന്നോ അനിയനെന്നോ ഒക്കെ പറയാം. സിനിമയിൽ ചില സീനുകളിൽ സുകുവേട്ടന്റെ ചിത്രം കാണിക്കുന്നുണ്ട്. അതൊരു പ്രത്യേക ഫീൽ നൽകുന്നുണ്ട്. ഒരു ദിവസം ഷൂട്ടിനിടയ്ക്ക് ഞാനും രാജുവും സുകുവേട്ടനെക്കുറിച്ച് സംസാരിക്കാനിടയുണ്ടായി. അപ്പോൾ രാജു പറഞ്ഞു, എന്റെ ലാലുച്ചായാ, അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നല്ലൊരു ലൈഫ് സ്റ്റൈലിൽ ഞാൻ കൊണ്ടുനടന്നേനെ എന്ന്. ഞങ്ങൾക്കെല്ലാം പ്രിയപ്പെട്ട ആളാണ് സുകുവേട്ടൻ. രാജുവിന്റെ ആദ്യസിനിമ 'ലൂസിഫർ' ഞാനും കണ്ടതാണ്. രാജുവിന്റെ ഡയറക്ഷൻ എന്താണെന്ന് അതിൽ മനസ്സിലാക്കാം. ബ്രോ ഡാഡിയിലെ എന്റെ ഡയലോഗുകളൊക്കെ രാജു തന്നെ കാണാതെ പറഞ്ഞുതരുമായിരുന്നു. സ്ക്രിപ്റ്റ് മുഴുവൻ കാണാതെ പഠിച്ചുവെച്ചേക്കുവായിരുന്നു. സിനിമയിൽ മുഴുകിയിരിക്കുന്ന ആളാണ് രാജു. ഓരോ സീനും അഭിനയിച്ചു കാണിച്ചുതരും. അത്രയും പെർഫെക്ഷൻ ആഗ്രഹിക്കുന്ന സംവിധായകനാണ്. ഈ സിനിമ ഇറങ്ങി ആളുകൾ അഭിനന്ദനമറിയിക്കുമ്പോൾ എനിക്ക് ഒറ്റക്കാര്യമേ പറയാനുള്ളൂ, ഞാൻ പഴയ നടനാണ്. എനിക്ക് സംവിധായകൻ കഴിഞ്ഞേ എന്തുമുള്ളൂ, ഞാൻ ആ ക്ലാസാണ്. സംവിധായകന്റെ ആർട്ടിസ്റ്റാണ്. ഇതിന്റെ എല്ലാ കടപ്പാടും പൃഥ്വിരാജിനുള്ളതാണ്. പണ്ടുമുതൽ സ്ക്രീനിൽ ഒന്നിച്ചുകണ്ട രണ്ടുപേർ. മോഹൻലാലും ലാലു അലക്സും... ഒരിടവേളയ്ക്കുശേഷം നിങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ... മോഹൻലാൽ, അയാളൊരു കൂൾ ക്യാറ്റാണ്. ലാലും ഞാനും എത്രയോ സിനിമകളിൽ ഒന്നിച്ചഭിനയിച്ചവരാണ്. എത്രയോ വർഷത്തെ ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ഞങ്ങൾ തമ്മിൽ പരസ്പരം പ്രത്യേകം സ്നേഹം കാണിക്കേണ്ടവരല്ല. അതിന്റെ കാര്യമില്ല. പരസ്പരം എടാ പോടാ എന്ന് വിളിക്കാവുന്ന ബന്ധമാണ്. ലാലിനെപ്പോലെ ഇന്ത്യ കണ്ട ബെസ്റ്റ് ആക്ടറിൽനിന്ന് ഷൂട്ടിനിടയിൽ എനിക്കൊരു അഭിനന്ദനം കിട്ടിയിരുന്നു. ഞങ്ങൾ തമ്മിലുള്ള ഒരു സീൻ കഴിഞ്ഞപ്പോൾ പതുക്കെ എന്നോടുപറഞ്ഞു, ഗംഭീരമല്ല അതിഗംഭീരമായിരുന്നു അഭിനയമെന്ന്... സന്തോഷമല്ലേ അങ്ങനെയൊക്കെ കേൾക്കുന്നത്... സിനിമയിൽനിന്ന് മാറിനിന്ന കാലത്ത് സിനിമ എന്നെ മറന്നുപോവുമോ എന്നോർത്ത് നിരാശ തോന്നിയിട്ടുണ്ടോ? ഞാനായിട്ട് സിനിമയിൽനിന്ന് മാറിനിന്നതല്ല. മലയാള സിനിമ ഇടയ്ക്കിടയ്ക്ക് എന്നോട് വീട്ടിലിരുന്നോളാൻ പറയുന്നതാണ്. ഒരു ബ്രേക്ക് തരും. ഞാൻ അന്നും ഇന്നും തനിച്ചുപോവുന്നൊരാളാണ്. നമ്മളെത്തേടി വല്ലപ്പോഴും ചില കഥാപാത്രങ്ങൾ വരുന്നു. അത് വരുമ്പോൾ അത്രയും സ്നേഹത്തോടെയും സന്തോഷത്തോടെയും ചെയ്യാൻ ശ്രമിക്കുന്നു. വർഷങ്ങളായി സിനിമകൾ ചെയ്ത് എന്നും തിരക്കിലായിരുന്നവർ കുറച്ചുനാളുകൾ വീട്ടിലിരിക്കുമ്പോൾ നിരാശതോന്നും. അതിലൊരു സംശയവുമില്ല. പക്ഷേ, ആ ബുദ്ധിമുട്ടോർത്തുനടന്നിട്ട് കാര്യമുണ്ടോ. ആ സാഹചര്യത്തെ നേരിട്ട് മുന്നോട്ടുനീങ്ങുക എന്നേയുള്ളൂ. വീട്ടിലിരിക്കുമ്പോൾ ഞാൻ കുറേനേരം കിടന്നുറങ്ങും. നല്ല ആഹാരം കഴിക്കും. കുറേ സിനിമ കാണും. നല്ല പാട്ടുകൾ കേൾക്കും. അതൊക്കെ ഒരു സുഖമാണ്. കുറെ സ്നാക്സ് വാങ്ങി കൊറിച്ചുകൊണ്ട് സിനിമ കാണുന്നതാണ് പ്രധാന പരിപാടി. കുടുംബവുമൊത്ത് ചെലവഴിക്കുന്നതാണ് മറ്റൊരു സന്തോഷം. ലാലു അലക്സ് എന്ന നടനിൽ കാലം വരുത്തിയ മാറ്റങ്ങളെന്തൊക്കെയാണ്? കാലം മാറിയപ്പോൾ സിനിമ സമ്പന്നമായില്ലേ. ഇനിയും വളരട്ടെ. ഞാൻ വരുന്ന കാലത്തെ സിനിമയും ഇപ്പോഴത്തെ സിനിമയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ദൈവം ആയുസ്സ് തരുന്നിടത്തോളം അഭിനയിക്കാനുള്ള കഴിവിൽ ഒരു മാറ്റവുമുണ്ടാവല്ലേ എന്നാണ് പ്രാർഥന. അഭിനയം മികവുറ്റതാക്കാനുള്ള സാഹചര്യം സംവിധായകൻ ഒരുക്കിത്തരുമ്പോൾ എനിക്ക് നന്നായി പെർഫോം ചെയ്യാൻ സാധിക്കും. ആ സംവിധായകന്റെ ഡയറക്ഷനും അയാളുടെ കരുതലും തലോടലും എന്നിലുള്ള അഭിനേതാവിനെ ഉത്തേജിപ്പിക്കും. എനിക്ക് തന്നതിന്റെ മൂന്നിരട്ടി തിരിച്ചുകൊടുക്കാനുള്ള ആഗ്രഹമുണ്ടാവും. അന്നേരം പെർഫോംചെയ്യുമ്പോൾ ഗംഭീരമായേക്കാം. സംവിധായകന്റെ കൈയിലല്ലേ മൊത്തം സിനിമ. ഇപ്പോൾ ഇടയ്ക്കിടെയാണെങ്കിലും നല്ല കഥാപാത്രങ്ങൾക്കായി നിർമാതാക്കളും സംവിധായകരും സമീപിക്കുന്നുണ്ട്്. അങ്ങനെ വരുമ്പോഴല്ലേ സുഖമുള്ളൂ. ചിലപ്പോൾ അതുകൊണ്ടായിരിക്കാം എനിക്ക് സിനിമ ഇല്ലാതിരിക്കുന്നതിന്റെ കാരണവും. ഞാൻ ഇടിച്ചുകേറാറില്ല. അന്നും ഈ നിമിഷംവരെയും സിനിമയോടും സിനിമയുമായി ബന്ധപ്പെട്ടവരോടും സ്നേഹത്തോടെയും നന്ദിയോടെയും മാത്രമേ ഞാൻ പെരുമാറിയിട്ടുള്ളൂ. ആ ഒരു കടപ്പാട് എന്നുമെന്റെ ഉള്ളിലുണ്ട്. പഴയതൊന്നും മറക്കുന്ന ആളല്ല. നിറത്തിലെ സണ്ണിച്ചായൻ, കല്യാണരാമനിലെ തമ്പി, ഇപ്പോഴിതാ കുര്യച്ചൻ... പെൺമക്കളുടെ ചങ്ക് ബ്രോ ഡാഡിയാണ് താങ്കൾ. ഇങ്ങനെയൊരു അപ്പൻ തന്നെയാണോ ജീവിതത്തിലും? അതെന്റെ മകളോട് ചോദിക്കേണ്ടിവരും. ഞാനും എന്റെ ഭാര്യയും മക്കളുമൊന്നിച്ചുള്ള ജീവിതത്തിൽ ഒത്തിരി സന്തോഷവാനാണ്. പ്രത്യേകിച്ച് വലിയ കേമത്തരങ്ങളൊന്നും എനിക്ക് പറയാനില്ല. ഞാൻ താമസിക്കുന്നത് സിറ്റിയിലല്ല, ഗ്രാമത്തിലാണ്. പിറവത്താണ് വർഷങ്ങളായി കുടുംബവുമൊത്ത് താമസിക്കുന്നത്. ഭാര്യ ബെറ്റി. മൂത്തമകൻ ബെൻ ലാലു അലക്സ്, രണ്ടാമത്തെയാൾ സെൻ ലാലു അലക്സ്, ഇളയവൾ സിയ. ഒരു സാധാരണ കുടുംബത്തിലുള്ളതുപോലെ എല്ലാവിധ ഇണക്കങ്ങളും പിണക്കങ്ങളുമായി ഒന്നിച്ചങ്ങനെ പോകുന്നു. ഇങ്ങനെത്തന്നെ എപ്പോഴും കൂളാണോ ? സാഹചര്യങ്ങൾക്കനുസരിച്ച് ഞാൻ കൂളാവും. അല്ലാതെയും വരാം. പണ്ട് ഞാനിങ്ങനെയായിരുന്നില്ല. കാലം വരുത്തിയ മാറ്റമായിരിക്കാം. ഞാനിങ്ങനെയിരിക്കുന്നെങ്കിലും സിനിമയെക്കുറിച്ച് എപ്പോഴും ചിന്തിക്കാറുണ്ട്. വളരെ കൊതിയോടെ സിനിമയെ കാത്തിരിക്കാറുണ്ട്. കലാകാരനായിട്ട് ജനിച്ചൊരാൾക്ക് അവന്റെ ജീനിൽ ദൈവം കലയുടെ വിത്തുപാകിയിട്ടുണ്ടാവും. അന്നേരം അവൻ ചിലപ്പോൾ സാധാരണമനുഷ്യനെക്കാളും സെൻസിറ്റീവായിരിക്കും. എല്ലാവരെയും പ്രീതിപ്പെടുത്തിയും ചിരിച്ചും കളിച്ചും പോവാൻ പറ്റുന്നൊരാളല്ല ഞാൻ. ഞാൻ ഹമ്പിളാണ്. എന്നോർത്ത് വിനയകുനിയൊന്നുമല്ല. സ്വയം ഒതുങ്ങിക്കൂടാൻ ശ്രമിക്കാറുണ്ടോ? പൊതുവേ എന്റെ കാറ്റഗറിയിലുള്ളവർക്ക് ഇടിച്ചുകയറാനുള്ള വാസന വേണം. അതൊരു പ്രത്യേക കഴിവാണ്, ഇടിച്ചിടിച്ച് കേറിപ്പോവുക എന്നുള്ളത്. എനിക്കതിന് ഇച്ചിരി വശക്കുറവുണ്ട്. അതെന്റെ ബലഹീനതയായിട്ടോ ക്രെഡിറ്റായിട്ടോ പറയുന്നതല്ല. എനിക്ക് പറ്റാത്തൊരു കാര്യമാണ്. താത്പര്യവുമില്ല. കാരണം, സ്നേഹമാവുമ്പോൾ സ്നേഹമായിട്ടുതന്നെ പോവണം. ഈ ഭൂമിയിൽ നമുക്ക് നിശ്ചയിച്ചുവെച്ചിരിക്കുന്ന സമയം ചെറുതാണ്. അതിനിടയിൽ എല്ലാവരെയും പ്രീതിപ്പെടുത്തി എങ്ങനെ ജീവിക്കാനാവും. എനിക്കുപറ്റില്ല. അതുപോലെ പലവിധ താത്പര്യങ്ങൾ തമ്മിൽ യോജിക്കണം. എന്നാൽ, സമൂഹത്തിൽ അല്പം ആർട്ടിഫിഷ്യലാവാം. പക്ഷേ, ജീവിതത്തിലുടനീളം ആർട്ടിഫിഷ്യലായാൽ പിന്നെന്തിനാ ജീവിക്കുന്നത്. ഹൃദയംകൊണ്ടല്ലേ നമ്മൾ ജീവിക്കുന്നത്. ആ ഹൃദയത്തിനകത്ത് കള്ളമോ ചതിയോ വഞ്ചനയോ പാടില്ല. ഹൃദയം നിർമലമാണ്. ബുദ്ധിയിലാണ് കുനിഷ്ഠ്. ഞാൻ ഹൃദയംകൊണ്ട് ജീവിക്കുന്നൊരാളാണ്. സാധാരണ മനുഷ്യനെപ്പോലെ എല്ലാ പ്ലസും മൈനസും എനിക്കുമുണ്ട്. എല്ലാം തികഞ്ഞവനൊന്നുമല്ല. ഇത്രയുംവർഷത്തെ സിനിമാജീവിതത്തിൽ, വളരെ പേഴ്സണലായി പറയുവാണെങ്കിൽ ലാലു അലക്സ് ഹാപ്പിയാണോ ? ആദ്യത്തെ സിനിമ മുതൽ ഇപ്പോഴത്തെ സിനിമവരെ എനിക്കുകിട്ടിയ നല്ല നല്ല കഥാപാത്രങ്ങളെ ഞാനെന്നും ഓർക്കാറുണ്ട്. ആദ്യകാലത്ത് ചാൻസുകൾ തേടി സംവിധായകരുടെ വീട്ടിലേക്ക് പോവുന്നതും നിർമാതാക്കളെ കാണുന്നതുമെല്ലാം ഇന്നലെയെന്നപോലെ എന്റെ മനസ്സിലിപ്പോഴും മായാതെനിൽക്കുന്നുണ്ട്. ഒരു തരത്തിലുമുള്ള നാടകാഭിനയത്തിന്റെ പശ്ചാത്തലമോ പരിചയമോ ഒന്നുമില്ലായ്മയിൽനിന്ന് ഇവിടെവരെ എത്തി. സന്തോഷം മാത്രം. എന്റെ അകത്ത് ഇനിയും ഒരുപാട് സാധനങ്ങളുണ്ട്. എന്റെ ഉള്ളിലെ ആ വിത്തിനെ ഇടയ്ക്ക് ഞാൻ വിലയിരുത്താറുണ്ട്. പക്ഷേ, അതെന്റെ ഉള്ളിലുണ്ടെന്ന് പറഞ്ഞുനടക്കാൻ പറ്റില്ലല്ലോ. അതിനെ പുറത്തിറക്കാൻ, അതിനെ വലിച്ചെടുക്കാൻ പറ്റുന്ന സംവിധായകർകൂടി ഉണ്ടാവണം. ഏതുവേഷവും എന്നെക്കൊണ്ട് ചെയ്യാൻപറ്റും എന്ന ധൈര്യവും ആത്മവിശ്വാസവും ഇപ്പോഴുമുണ്ട്. പക്ഷേ, സംവിധായകർ, തിരക്കഥാകൃത്ത്, ക്രൂ ഇവരെല്ലാം എനിക്കൊപ്പം നിൽക്കണം. ഇവരുടെയെല്ലാം തലോടൽ എനിക്ക് കിട്ടിക്കൊണ്ടിരിക്കണം. ഉപ്പായി മാപ്പിള പറയുംപോലെ ഞാൻ കണ്ട ഉലകമല്ല നീ കണ്ട ഉലകം, നീ കണ്ട ഉലകമല്ല, ഞാൻ കണ്ട ഉലകം. നമ്മൾ രണ്ടുപേരും കണ്ട ഉലകമല്ല, ഇന്ത ഉലകം... Content Highlights:lalu alex interview, bro daddy, mohanlal, prithviraj
from movies and music rss https://ift.tt/JrfCKHhVy
via IFTTT
No comments:
Post a Comment