മഴ, കട്ടൻ ചായ, ജോൺസൺ മാഷിന്റെ പാട്ട്... മലയാളിയുടെ ഗൃഹാതുരമായ ഓർമകളുടെ വീണ്ടെടുക്കൽ എന്ന സ്വപ്നവുമായാണ് വിനീത് ശ്രീനിവാസനും ഹിഷാമും പഴയ ഓഡിയോ കാസറ്റ് തേടി യാത്ര തുടങ്ങിയത്. കേരളത്തിൽ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. മുംബൈയിലും കൊൽക്കത്തയിലുമൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അന്വേഷിച്ചെങ്കിലും ഇപ്പോൾ നിർമാണമില്ലെന്ന മറുപടിയാണ് കിട്ടിയത്. പുതിയ സിനിമയിലെ പാട്ടുകൾ ഓഡിയോ കാസറ്റിലാക്കണമെന്ന സ്വപ്നവുമായുള്ള അവരുടെ യാത്ര അവിടെയും അവസാനിച്ചില്ല. തുർക്കിയിലെ ഇസ്താംബൂളിലെ തെരുവുകളിലൂടെ സംഗീതോപകരണങ്ങൾ തേടി നടക്കുമ്പോൾ കണ്ടെത്തിയ കാസറ്റുകളെക്കുറിച്ചുള്ള അന്വേഷണം ഒടുവിലെത്തിയത് ജപ്പാനിൽ. അവിടെ ടോക്യോയിലുള്ള ഒരു സ്ഥാപനത്തിൽനിന്ന് കാസറ്റ് നിർമിച്ച് അവർ കേരളത്തിലെത്തിച്ചതോടെ പൂവണിഞ്ഞത് ഗൃഹാതുരമായൊരു സ്വപ്നം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' എന്ന സിനിമയിലെ പാട്ടുകൾ കാസറ്റിലാക്കാനുള്ള ശ്രമമാണ് ജപ്പാൻവരെയുള്ള യാത്രയിലെത്തിയത്. “ജപ്പാനിലെ ചില ഫാക്ടറികളിൽ ഇപ്പോഴും കാസറ്റ് നിർമാണമുണ്ട്. 'തിങ്ക് മ്യൂസിക്' എന്ന കമ്പനിയാണ് കാസറ്റ് നിർമിച്ച് കേരളത്തിലെത്തിച്ചുതന്നത്.” -ഹിഷാം പറഞ്ഞു. ജപ്പാൻ തന്ന തിരിച്ചറിവും ഈ സ്വപ്നയാത്രയുടെ വലിയൊരു പാഠമാണെന്നാണ് വിനീത് ശ്രീനിവാസൻ പറഞ്ഞത്. “നൂതന സാങ്കേതികവിദ്യയുടെ നാടായിട്ടും പഴയതൊന്നും മറക്കാത്തവരാണ് ജപ്പാൻ. നമ്മുടെ നാട്ടിലും ടേപ്പ് റെക്കോഡറും വാക്മാനുമൊക്കെ പൊന്നുപോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസറ്റ് പ്ലേ ചെയ്ത് പാട്ടുകേൾക്കുന്നവർ ഇപ്പോഴുമുണ്ട്. എന്നാൽ, അവരെ ഓർക്കുന്ന നിർമാണ കമ്പനികളൊന്നും നമ്മുടെ നാട്ടിലില്ല.” -വിനീത് പറയുന്നു. കാസറ്റ് തേടിയുള്ള ഈ യാത്ര നടൻ മോഹൻലാൽ അടക്കം ഒട്ടേറെപ്പേരുടെ ഹൃദയത്തിൽ സ്പർശിച്ചെന്ന് ഹിഷാം പറഞ്ഞു. കാസറ്റിലെ പാട്ടുകേൾക്കാൻ കേരളത്തിലെ പലരും പഴയ ടേപ്പ് റെക്കോഡർ പൊടിതട്ടിയെടുത്തെന്ന വിശേഷവും ഇവരെ തേടിയെത്തുന്നുണ്ട്. ആദ്യം 2000 കാസറ്റുകളാണ് കേരളത്തിലെത്തിച്ചതെങ്കിലും ഇപ്പോൾ ആവശ്യക്കാർ കൂടിയതോടെ ജപ്പാനിൽനിന്നു വീണ്ടും കാസറ്റ് കൊണ്ടുവരേണ്ടിവരുമെന്നാണ് ഹിഷാം പറയുന്നത്. Content Highlights:Hridayam Movie audio cassette imported from Japan, Pranav Mohanlal, Vineeth Sreenivasan, Hisham, Darshana Rajendran, Kalyani Priyadarshan
from movies and music rss https://ift.tt/3fOHCrd
via IFTTT
No comments:
Post a Comment