Friday, January 14, 2022

വെള്ളിത്തിരയില്‍ മായാതെ ആനന്ദനും തമിഴ് സെല്‍വനും കല്‍പ്പനയും

ഇരുവരി;=ൽ തമിഴ് സെൽവനിലൂടെ കരുണാനിധിയെയും ആനന്ദനിലൂടെ എം.ജി.ആറിനെയും മണിരത്നം പ്രേക്ഷകർക്ക് മുന്നിൽ വരച്ചിട്ടപ്പോൾ തമിഴകത്ത് പിറന്നതൊരു ക്ലാസിക് ചിത്രം. തമിഴ്നാട് കണ്ട മൂന്ന് രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്നു കരുണാനിധിയും എം.ജി. രാമചന്ദ്രനും ജയലളിതയും. അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങളാണ് സാങ്കൽപിക കഥാപാത്രങ്ങളിലൂടെ മണിരത്നം വരച്ചു കാണിച്ചത്. ആനന്ദൻ, തമിഴ് സെൽവൻ എന്നീ കഥാപാത്രങ്ങളിലൂടെ അവരുടെ സൗഹൃദത്തിലൂടെ, പിന്നീട് രാഷ്ട്രീയ വൈരത്തിലൂടെ സംവിധായകൻ സഞ്ചരിച്ചപ്പോൾ ഇരുവർ കാലത്തെ അതിജീവിച്ച കലാസൃഷ്ടിയായി. അത് തമിഴ് രാഷ്ട്രീയത്തിന്റെ ചരിത്രവുമായി ഇഴചേർന്നു. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ആനന്ദൻ. ലാലിന്റെ അഭിനയപാടവം തന്നെയാണ് സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചത്. ആ വർഷത്തെ ദേശീയ പുരസ്കാര പട്ടികയിൽനിന്ന് അദ്ദേഹം അപ്രത്യക്ഷനായത് ഏറെ അവിശ്വസനീയമായിരുന്നു. ഒപ്പം തമിഴ്സെൽവമായി പ്രകാശ് രാജ് കാഴ്ചവച്ച അസാമാന്യ പ്രകടനവും. മോഹൻലാലും പ്രകാശ് രാജും പരസ്പരം അഭിനയിച്ച് മത്സരിക്കുകയാണോ എന്ന് തോന്നിപ്പോകും. ജയലളിതയുടെ സിനിമാറ്റിക് വേർഷനായി അരങ്ങിലെത്തിയത് ഐശ്വര്യ റായ് ആയിരുന്നു. ഒപ്പം നാസറും ഗൗതമിയും തബുവും രേവതിയുമെല്ലാം ചിത്രത്തിലെ കഥാപാത്രങ്ങളായി നിറഞ്ഞാടി. ഇരുവറിനെക്കുറിച്ച് സംസാരിക്കുമ്പോൾ സന്തോഷ് ശിവനെയും എ.ആർ. റഹ്മാനെയും ഓർക്കാതെ തരമില്ല. സന്തോഷ് ശിവന്റെ ഫ്രെയിമുകളുടെ ചാരുതയും കഥയുടെ വൈകാരികത ചോർന്നുപോകാതെ രംഗങ്ങളോട് ഇഴ ചേർന്നുനിന്ന സംഗീതവുമാണ് ഇരുവറിനെ ക്ലാസിക് ചിത്രമാക്കിയത്. തമിഴ്സെൽവനായിരുന്നില്ല ഇരുവറിന്റെ ശ്രദ്ധാകേന്ദ്രം. ആനന്ദനും കൽപ്പനയുമായിരുന്നു. അവരുടെ പ്രണയമായിരുന്നു പ്രധാന പ്രമേയം. സിനിമയിൽ വെന്നിക്കൊടി പാറിച്ച് രാഷ്ട്രീയത്തിലും സമാനമായ വിജയം കൈവരിച്ച ആനന്ദന്റെ അസൂയാവഹമായ വളർച്ച എം.ജി.ആറിന്റെ കഥ തന്നെയായിരുന്നു. കേരളത്തിൽ വേരുകളുള്ള ആനന്ദൻ സിനിമാ മോഹിയായിരുന്നു. സിനിമയ്ക്കു പിന്നാലെയുള്ള നീണ്ട അലച്ചിലുകൾക്കൊടുവിൽ അയാൾക്ക് നായകവേഷം കിട്ടുന്നു. എന്നാൽ, അത് അയാളിൽനിന്ന് വിധി തട്ടിപ്പറിക്കുന്നു. നിരാശയിൽ കുളിച്ചു നിൽക്കുന്ന ആനന്ദനെ ആത്മവിശ്വാസം നൽകി കൂടെ നിൽക്കുന്നത് കവിയും ചിന്തകനുമായ തമിഴ് സെൽവനാണ്. അണ്ണ വേലുതമ്പിയുടെ (അണ്ണാദുരൈ) ചിന്തകളോട് ആകൃഷ്ടനായ ആനന്ദനും തമിഴ്സെൽവനും തമ്മിലുള്ള സൗഹൃദം തമിഴ്നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ ചരിത്രത്തിന് നാന്ദി കുറിക്കുകയാണ്. സിനിമയിൽ തരംഗമായ ആനന്ദൻ തന്റെ വീട്ടിൽ വിരുന്നെത്തിയപ്പോൾ ഭക്ഷണം കഴിക്കുന്നതിനിടെ പിടിച്ചു വലിച്ച് അവിടെ തടിച്ച് കൂടിയ ജനങ്ങൾക്ക് മുൻപിൽ തമിഴ്സെൽവം എത്തിക്കുന്നത് ചിത്രത്തിലെ അവിസ്മരണീയ മുഹൂർത്തമാണ്. മട്ടുപ്പാവിന് താഴെ കൈവീശിയാർക്കുന്ന ജനക്കൂട്ടം ആനന്ദനിൽ ഒരു വലിയ തിരിച്ചറിവാണ് സൃഷ്ടിക്കുന്നത്. രാഷ്ട്രീയവും സിനിമയും തമ്മിൽ അതിർവരമ്പുകളില്ലാത്ത തമിഴ് മനസ്സിനെ ആനന്ദൻ മനസ്സിലാക്കുന്നത് അവിടെനിന്നാണ്. സിനിമയിൽ സൂപ്പർതാരമായ ആനന്ദൻ രാഷ്ട്രീയത്തിലും സമാനമായ സ്വാധീനം ഉണ്ടാക്കിയതോടെ തമിഴ്സെൽവൻ അസ്വസ്ഥനാകുന്നു. ഗുരുവിന്റെ മരണത്തിന് ശേഷം നടന്ന അനുശോചനയോഗത്തിലാണ് ആനന്ദന്റെ കരുത്ത് തമിഴ്സെൽവൻ പൂർണമായും തിരിച്ചറിയുന്നത് (ഇരുവറിലെ മികച്ച രംഗങ്ങളിലൊന്നാണത്). രാഷ്ടീയവൈരം ഇവരെ പരസ്പരം അകറ്റുന്നു. തെറ്റിപ്പിരിഞ്ഞ് വ്യത്യസ്ത രാഷ്ട്രീയപ്രസ്ഥാനങ്ങൾ രൂപീകരിച്ച് അതിന്റെ അമരത്ത് എത്തിയ ഇവർ തമ്മിലുള്ള അധികാരപ്പോരാട്ടം ഇരുവറിൽ പറഞ്ഞുപോകുന്നുണ്ട്. ചരിത്രവും കെട്ടുകഥയും പരസ്പരം വേർതിരിച്ചറിയാനാവാത്ത വിധം ചേർന്നു നിന്നപ്പോൾ ഇരുവറിനെ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു. അവരുടെ അനുയായികളുടെ ആക്രോശങ്ങൾക്ക് മുൻപിൽ (പ്രത്യേകിച്ച ജയലളിതയുടെ) മണിരത്നത്തിന് ക്ലൈമാക്സ് അടക്കം മാറ്റിയെടുക്കേണ്ടി വന്നുവെന്നാണ് വാൽക്കഷ്ണം. സെൻസർ ബോർഡിന്റെ കത്രികയ്ക്കു മുൻപിൽ ഇരുവർ നല്ലവണ്ണം മുറിപ്പെട്ടിരുന്നു. ഇത് ഉൺമൈ കഥൈ അല്ല എന്ന ഒരു കുറിപ്പോടു കൂടിയാണ് ചിത്രം തുടങ്ങുന്നത്. തമിഴ്നാട് രാഷ്ട്രീയത്തിലെ മൂന്ന് വടവൃക്ഷങ്ങളുടെ ജീവിതത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ചലച്ചിത്രകാരൻ നേരിടേണ്ടി വരുന്നത് വലിയ പ്രതിസന്ധിയായിരിക്കും എന്നതിൽ സംശയമില്ലല്ലോ? സിനിമയുടെ റിലീസിന് രണ്ട് ദിവസം മുൻപ് ദ്രാവിഡ കഴകം നേതാവ് കെ. വീരമണി രംഗത്തെത്തി. പെരിയാർ സ്ഥാപിച്ച ദ്രാവിഡ പ്രസ്ഥാനത്തെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു ആരോപണം. അർഹിച്ച അംഗീകാരങ്ങളൊന്നും ചിത്രത്തെ തേടിയെത്തിയില്ല. എന്നാൽ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ അഭിനയത്തിന്റെയും ഫിലിം മേക്കിങ്ങിന്റെയും പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കാൻ ഈ ചിത്രത്തിന് കഴിഞ്ഞു. സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു. ചിത്രവും അതിലെ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷക മനസ്സിൽ മരണമില്ലാതെ നിൽക്കുന്നു. എന്നാൽ, അന്ന് മണിരത്നം വരച്ചിട്ട കഥാപാത്രങ്ങളുടെയും ജീവിതമാതൃകകൾ മൂന്നു പേരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകഴിഞ്ഞു. Content Highlights:Iruvar, Mohanlal, Movie, 25 years of Iruvar, Prakash Raj, Aishwarya Rai, Maniratnam, Tabu, Gauthami, Revathy

from movies and music rss https://ift.tt/3zZwukx
via IFTTT

No comments:

Post a Comment