“കർണൻ, നെപ്പോളിയൻ, ഭഗത് സിങ്. ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്. മൂന്നുപേരും തോറ്റു പോയവരാണ്...” പൃഥ്വിരാജിന്റെ മാസ് ഡയലോഗ് ഓർമിപ്പിച്ചുകൊണ്ട് 'കർണൻ, നെപ്പോളിയൻ, ഭഗത് സിങ്ങ്' എന്ന സിനിമ പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോൾ സമാനമായൊരു ഡയലോഗുമായി ഒരാൾ അതിലുണ്ട്, നായകൻ ധീരജ് ഡെന്നി. നിവിൻ പോളി, ടൊവിനോ തോമസ് എന്നിവരുടെ കുടുംബത്തിൽനിന്നു വെള്ളിത്തിരയുടെ വിസ്മയ ലോകത്തേക്കെത്തുമ്പോൾ ധീരജിന് രണ്ട് ആഗ്രഹങ്ങളുണ്ടായിരുന്നു. ഒന്ന് സിനിമയിൽ ഒരിക്കലും തോറ്റുപോകരുത്. രണ്ട് അഭിനയത്തിൽ മുന്നേ പറന്ന പക്ഷികളായ നിവിന്റെയും ടൊവിനോയുടെയും ഛായയുണ്ടെന്ന് ആരെക്കൊണ്ടും പറയിക്കരുത്. സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന ധീരജ് ഇപ്പോൾ നായകനാകുമ്പോഴും ആഗ്രഹത്തിന് അല്പംപോലും മാറ്റമില്ല. എൻജിനീയറിങ്ങും മോഡലിങ്ങും കളമശ്ശേരി രാജഗിരി സ്കൂളിൽ പ്ലസ് ടു വരെ പഠനം. അതുകഴിഞ്ഞ് അങ്കമാലി ഫിസാറ്റിൽനിന്ന് ബി.ടെക്. കഴിഞ്ഞ് ബെംഗളൂരുവിൽ എൻജിനീയറായി ജോലി ചെയ്യുമ്പോഴാണ് ധീരജിന്റെ മനസ്സിലെ സിനിമാ സ്വപ്നങ്ങൾ കെട്ടുപൊട്ടിച്ചു ചാടുന്നത്. “ബെംഗളൂരുവിൽ ഒരു ജാപ്പനീസ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴും സിനിമ മനസ്സിൽ മായാതെയുണ്ടായിരുന്നു. അതിനിടെ ഫാഷൻ വീക്ക് പോലെയുള്ള മോഡലിങ് പരിപാടിയിലും പങ്കെടുക്കുമായിരുന്നു. ഫാഷൻ ഷോയിൽ വെച്ച് പരിചയപ്പെട്ട നടൻ കോട്ടയം പ്രദീപേട്ടന്റെ മകൻ വിഷ്ണുവിലൂടെ ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. അതു ചെയ്തു കഴിഞ്ഞപ്പോഴാണ് സിനിമയിൽ ഒരു കൈ നോക്കാമെന്ന ആത്മവിശ്വാസമായത്. എൻജിനീയറിങ് ജോലി ഉപേക്ഷിച്ച് സിനിമയിലെത്തിയ നിവിനും ടൊവിനോയും മുന്നിലുള്ളപ്പോൾ ആ വഴിതന്നെ ഞാനും തിരഞ്ഞെടുത്തു. സുനിൽ ഇബ്രാഹിമിന്റെ 'വൈ' എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. അതിനു പിന്നാലെ 'വാരിക്കുഴിയിലെ കൊലപാതകം', 'കൽക്കി' തുടങ്ങിയ സിനിമകളും വന്നതോടെ ട്രാക്ക് ശരിയായെന്ന ചിന്തയിലായി ഞാൻ” - ധീരജ് സിനിമയിലെത്തിയ കഥ പറഞ്ഞു. നായകനായ നേരത്ത് ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തമായിട്ടാണ് നായകനായി അഭിനയിച്ച കർണൻ നെപ്പോളിയൻ ഭഗത് സിങ് എന്ന സിനിമയെ ധീരജ് കാണുന്നത്. “കൽക്കി സിനിമയുടെ ചിത്രീകരണ സമയത്താണ് സംവിധായകൻ ശരത് ജി. മോഹൻ ഈ സിനിമയുടെ കഥയുമായി എന്നെ സമീപിക്കുന്നത്. എസ്.ഐ. ടെസ്റ്റ് പാസായി നിൽക്കുന്ന രൂപേഷ് എന്ന യുവാവിനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. ത്രില്ലർ മൂഡിലുള്ള സിനിമയുടെ ആദ്യ പകുതിയിൽ കുടുംബത്തിനായി ജീവിക്കുന്ന ഒരു ചെറുപ്പക്കാരനായി രസകരമായിട്ടാണ് കഥ പോകുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ഒരു കൊലപാതകത്തിന്റെ അന്വേഷണം ഏറ്റെടുക്കേണ്ടി വരുന്ന രൂപേഷായി മാറുന്നതോടെ ചിത്രത്തിന്റെ മൂഡ് മാറുന്നു. അഭിനയ ജീവിതത്തിൽ വലിയൊരു ടേണിങ് പോയിന്റായി മാറുന്നതാകും ഈ കഥാപാത്രമെന്നാണ് ഞാൻ വിശ്വസിക്കുന്നത്” - ധീരജ് പുതിയ ചിത്രത്തെക്കുറിച്ചു പറഞ്ഞു. 80 വയസ്സും ഡാഡി കൂളും സിനിമയിലെത്തി താരമാകുമ്പോൾ കുറേ ആഗ്രഹങ്ങൾ ധീരജിന്റെ മനസ്സിൽ ചിറകടിക്കുന്നുണ്ട്. “ഞാൻ ജോലി രാജിവെച്ച് സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ വീട്ടിൽ വലിയൊരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. എന്നാൽ, വളരെ കൂളായിട്ടാണ് അച്ഛൻ എന്നെ സ്വീകരിച്ചത്. എനിക്ക് അത്രമേൽ സ്വാതന്ത്ര്യവും സ്നേഹവും തന്ന അച്ഛനും അമ്മയ്ക്കുമൊക്കെ നല്ലതു തന്നെ തിരിച്ചുകൊടുക്കണമെന്ന് ആഗ്രഹമുണ്ട്. ഞാൻ ഒരു 80 വയസ്സുവരെ ജീവിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതു കഴിഞ്ഞു മരിക്കുമ്പോൾ നാട്ടുകാരെക്കൊണ്ട് അവൻ ഒരു നല്ല നടനായിരുന്നുവെന്നു പറയിക്കണമെന്നു മോഹമുണ്ട്. വലിയ വീടും കുറേ പണവുമൊന്നും എന്റെ സ്വപ്നത്തിലില്ല. എന്നാൽ, നല്ലൊരു വണ്ടി മേടിക്കണമെന്ന് ആഗ്രഹമുണ്ട്. സിനിമയിൽ ആരെയും അനുകരിക്കണമെന്നു വിചാരിക്കുന്നില്ല. എന്നാൽ നല്ല നടൻമാരുടെ നിരീക്ഷണങ്ങൾ മനസ്സിലാക്കി പോയാൽ അതു ഗുണം ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു”. സംസാരം നിർത്തുമ്പോൾ അല്പനേരം മൗനമായിരുന്ന ശേഷം ധീരജ് ഒരു ഡയലോഗ് കൂടി പറഞ്ഞു, “കർണനും നെപ്പോളിയനും ഭഗത് സിങ്ങുമൊക്കെ എന്റെയും ഹീറോസാണ്”. നിവിൻ പോളിയും ബിഗ് ബിയും ധീരജിന്റെ അച്ഛന്റെ ചേട്ടന്റെ മകനാണ് നിവിൻ പോളി. ടൊവിനോയാകട്ടെ അമ്മയുടെ ചേട്ടന്റെ മകനും. ഇവർ രണ്ടുപേരും തന്റെ സിനിമാ സ്വപ്നങ്ങൾക്ക് രണ്ടു രീതിയിൽ നിറങ്ങൾ ചാലിച്ചവരാണെന്നാണ് ധീരജ് പറയുന്നത്. “നിവിൻ ചേട്ടൻ എനിക്ക് മൂത്ത ചേട്ടനെപ്പോലെയാണ് തോന്നിയിട്ടുള്ളത്. ബിഗ് ബി എന്ന സിനിമയിലെ മമ്മുക്കയെപ്പോലെ ഒരാൾ. വലിയ കരുതലും സ്നേഹവുമൊക്കെയുണ്ടെങ്കിലും അല്പം ഗൗരവത്തിലാകും നിവിൻ ചേട്ടൻ കാര്യങ്ങളെ സമീപിക്കുന്നത്. ഞാൻ സിനിമയിലേക്കു വരുന്നുവെന്നു പറഞ്ഞപ്പോഴും അപ്പനോട് ആലോചിച്ചു ചെയ്യണമെന്നായിരുന്നു ചേട്ടൻ പറഞ്ഞത്. എന്നാൽ ടൊവിയും ഞാനും പ്രായത്തിലും വൈബിലുമൊക്കെ ഒരുപോലെയാണ്. കളിക്കൂട്ടുകാരനായതിനാൽ അതിന്റെ എല്ലാ സ്വാതന്ത്ര്യവും അലമ്പുമെല്ലാം ടൊവിയുടെ മുന്നിൽ പുറത്തെടുക്കാം. ഞാൻ സിനിമയിലേക്കു വരുന്നുവെന്നു പറഞ്ഞപ്പോൾ 'നീ ചുമ്മാ വാടാ ചെക്കാ' എന്നായിരുന്നു ടൊവിയുടെ മറുപടി” - ധീരജ് താരങ്ങളായ കസിൻസിനെക്കുറിച്ചു പറഞ്ഞു. Content Highlights:Dheeraj Denni Actor Tovino Thomas Nivin Pauly cousin Brother
from movies and music rss https://ift.tt/3r06Mti
via IFTTT
No comments:
Post a Comment