പിസ്ത സുമാ കിറാ സോ മാറി ജമാ കിറായാ...പലരും അതു വരെ കേട്ടിട്ടില്ലാത്ത കുറേ വാക്കുകൾ, ഒരർഥവുമില്ലാത്ത കുറച്ചു വരികൾ, ഒപ്പം ഒരു പുതിയ മ്യൂസിക് ഡയറക്ടറുടെ പെപ്പിസംഗീതവും. പിന്നെ സംഭവിച്ചത് ഒരു മാജിക്കായിരുന്നു. നേരം എന്ന ദ്വിഭാഷാ സിനിമയുടെ അണിയറപ്രവർത്തകർ പോലും സങ്കൽപിക്കാത്ത വിജയമായിരുന്നു പിസ്ത ഗാനത്തിന്റേത്. രാജേഷ് മുരുഗേശൻ എന്ന സംഗീതസംവിധായകന്റെ ആദ്യ സിനിമയായിരുന്നു നേരം. പിസ്ത: ദ റൺ ആന്തെം (Pistah : The Run Anthem) എന്ന ഗാനം സിനിമയുടെ ക്ലൈമാക്സ് ഗാനമായാണ് സിനിമയിലേക്ക് കടന്നു വന്നത്. നിവിൻ പോളിയും നസ്രിയയും നായികാനായകൻമാരായി എത്തിയ സിനിമയുടെ പ്രൊമോസോങ്ങായി പുറത്തിറങ്ങിയ പിസ്ത സുമാ കിറായാ ദിവസങ്ങൾക്കിടെയാണ് വൈറലായത്. ഗാനം സിനിമയ്ക്ക് നൽകിയതാകട്ടെ വൻ പ്രൊമോഷനും. നസ്രിയയും നിവിനും | Photo : Facebook / Tamil Cinema Thagaval Thazam വരികളുടെ അർഥം തിരഞ്ഞ് മെനക്കെടരുത്, കാരണം ഈ വരികൾക്ക് പ്രത്യേകിച്ച് ഒരർഥവുമില്ല എന്നാണ് പ്രൊമോസോങ് വീഡിയോയുടെ ആദ്യഭാഗത്ത് തന്നെ എഴുതിക്കാണിക്കുന്നത്. അർഥമില്ലാത്ത വരികൾ അവിചാരിതമായാണ് സിനിമയിലേക്ക് കടന്നുവന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗത്തിന് പറ്റിയ വരികൾ കണ്ടെത്താൻ സംവിധായകൻ അൽഫോൻസ് പുത്രനും മറ്റും കുറേ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. രാജേഷ് മുരുഗേശൻ | Photo : Facebook /Rajesh Murugesan അതിനിടെയാണ് ഒഴിവുനേരങ്ങളിൽ ശബരീഷ് വർമ പാടുന്ന ചില വരികൾ അൽഫോൺസിന്റെ ഓർമയിലെത്തുന്നത്. ആ വരികൾക്ക് ചേരുന്ന അടിപൊളി സംഗീതം രാജേഷ് മുരുഗേശൻ ഒരുക്കുകയും ചെയ്തു. 1983 ൽ റിലീസായ കിന്നാരം എന്ന സത്യൻ അന്തിക്കാട് സിനിമയിൽ സംഗീതസംവിധായകന്റെ കഥാപാത്രമായെത്തിയ ജഗതി ശ്രീകുമാറിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ വരികളായിരുന്നു പിസ്ത സുമാ കിറായൊക്കെ. കുറച്ചു വരികൾ കൂടി അവയ്ക്ക് സമാനമായി പിന്നീട് ശബരീഷ് എഴുതിച്ചേർത്തു. ശബരീഷ് തന്നെയാണ് ഗാനം ആലപിച്ചത്. ശബരീഷ് വർമ | Photo : Facebook /Shabare Esh അൽഫോൺസ്പുത്രന്റെ ആദ്യസിനിമയായിരുന്നു നേരം. മലയാളം, തമിഴ് ഭാഷകളിൽ ഒരേ സമയം നിർമിച്ച ചിത്രത്തിന്റെ എഡിറ്റിങ്ങും അൽഫോൺസ് തന്നെയാണ് ചെയ്തത്. 2009 ൽ പുറത്തിറങ്ങിയ അൽഫോൺസിന്റെ ഒരു ഹ്രസ്വചിത്രത്തിന്റെ സിനിമാപ്പതിപ്പായിരുന്നു നേരം. രാജേഷ് മുരുഗേശൻ എന്ന സംഗീതസംവിധാകനെ സംഗീതപ്രേമികൾക്ക് പരിചയപ്പെടുത്തിയതും അൽഫോൺസാണ്. നേരത്തിലെ പിസ്ത സുമാ കിറാ എന്ന ആദ്യഗാനം രാജേഷ് മുരുഗേശന് സംഗീതസംവിധായകനെന്ന നിലയിൽ അംഗീകാരം നേടിക്കൊടുത്തു. 2013 മാർച്ച് 13 നാണ് പിസ്ത സുമാ കിറാ റിലീസായത്. ഗാനമിറങ്ങുന്നതിന് ഒരു കൊല്ലം മുമ്പ് അപകടത്തിൽ പെട്ട് വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറിനുള്ള ആദരവാണ് പിസ്ത സുമാ കിറാ എന്ന് നിവിൻ പോളി അറിയിക്കുകയും ചെയ്തു. അൽഫോൺസ് പുത്രൻ | Photo : Facebook /Alphonse Puthren സിനിമയുടെ പശ്ചാത്തലസംഗീതമൊരുക്കിയതും രാജേഷ് മുരുഗേശാണ്. നേരത്തിന്റെ വിജയത്തിനൊപ്പം പശ്ചാത്തലസംഗീതവും ഏറെ അഭിനന്ദനം നേടി. ഡപ്പാംകൂത്ത് പാട്ടിന്റെ ശൈലിയിലാണ് പിസ്താ സുമാ കിറാ. ഒരു ഡാൻസ് നമ്പറായതിനാൽ തന്നെ വളരെ വേഗത്തിലാണ് ഗാനം സ്വീകാര്യത നേടിയത്. വെറുമൊരു ഹാസ്യരംഗത്തിന് വേണ്ടി പിറന്ന ഒരർഥവുമില്ലാത്ത വരികൾ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒരു വൈറൽ ഗാനമായി മാറിയത് ചരിത്രം. പ്രേമം എന്ന അൽഫോൺസിന്റെ അടുത്ത സൂപ്പർഹിറ്റ് ചിത്രത്തിനും സംഗീതസംവിധാനം നിർവഹിച്ചത് രാജേഷ് മുരുഗേശാണ്. പ്രേമത്തിലെ പാട്ടുകളും വൻഹിറ്റായിരുന്നു. Content Highlights: Pistah Suma Kira Neram Movie Song
from movies and music rss https://ift.tt/3qi3jG8
via IFTTT
No comments:
Post a Comment