അച്ഛനും അമ്മയും സമാധാനമായി ഉറങ്ങുന്നതിൽപ്പരം വേറെന്താണ് വേണ്ടത്? ഹൃദയം എന്ന ചിത്രം കണ്ടവരാരും ഈ സംഭാഷണമോ അത് പറയുന്ന സെൽവയേയോ ഒരിക്കലും മറക്കാനിടയില്ല. അരുണിനും കൂട്ടുകാർക്കും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും നൽകുന്നത് സെൽവയാണ്. ഒരർത്ഥത്തിൽ ആ ചങ്ങാതിക്കൂട്ടത്തിന്റെ ഹൃദയം തന്നെയാണ് സെൽവ. സെൽവയായെത്തിയത് ഒരു മലയാളി നടനാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ആലപ്പുഴ സ്വദേശി കലേഷ് രാമാനന്ദ് ആണ് ഹൃദയത്തിലെ സെൽവ. തിയേറ്റർ കലാകാരനും ഡബ്ബിങ് കലാകാരനുമായ തന്നെ വിനീത് ശ്രീനിവാസൻ കണ്ടെത്തിയതെങ്ങനെയെന്ന് മാതൃഭൂമി ഡോട്ട് കോമിനോട് പറയുകയാണ് കലേഷ്. വിനീത് ശ്രീനിവാസനുമായുള്ള ബന്ധം കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ വിനീതേട്ടന് (വിനീത് ശ്രീനിവാസൻ) എന്നെ അറിയാം. ആലപ്പുഴ രാജഗിരി എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചത്. ഞാൻ ഡിഗ്രി പഠിക്കുന്ന സമയത്താണ് വിനീതേട്ടൻ സംവിധാനം ചെയ്ത മലയാളി എന്ന ആൽബത്തിലെ മിന്നലഴകേഎന്ന പാട്ടിറങ്ങുന്നത്. ആ പാട്ട് ശ്രദ്ധിച്ച് നോക്കിയാൽ കാണാം, ഞാൻ അതിലുണ്ട്. റോമയുടെ കൂടെയുള്ള നാലഞ്ച് ചെക്കന്മാരിൽ ഒന്ന് ഞാനാണ്. മലർവാടിക്ക് മുമ്പാണ് അത് ചെയ്തത്. അന്ന് പക്ഷേ സിനിമ എന്നത് കരിയറായൊന്നും ചിന്തിച്ചിട്ടില്ല. പിന്നീട് തിയേറ്റർ ആർട്ടിസ്റ്റായതിനുശേഷം ആറേഴ് കൊല്ലമായി ഡബ്ബിങ് രംഗത്തുണ്ട്. ഹൃദയത്തിലേക്ക് എട്ടുകൊല്ലം മുമ്പ് മമ്മൂക്ക നായകനായ കുഞ്ഞനന്തന്റെ കടഎന്ന സിനിമയിലായിരുന്നു തുടക്കം. സുകു എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. അതിന് ശേഷം തമിഴിൽ തനി ഒരുവനിൽജയം രവിയുടെ കൂടെ അഭിനയിച്ചു. തനി ഒരുവൻ വിനീതേട്ടൻ കണ്ടിട്ടുണ്ടായിരുന്നു. നന്നായി ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അപ്പോഴാണ് ചാൻസെന്ന രീതിയിൽ ഞാൻ വിനീതേട്ടനോട് ചോദിക്കുന്നത്. അങ്ങനെയാണ് അദ്ദേഹം നമ്പർ തരുന്നത്. പിന്നെ ഞാൻ ചെയ്യുന്ന ഹ്രസ്വചിത്രങ്ങളുടേയും ഡബ്ബിങ് വീഡിയോകളുമെല്ലാം അയച്ചുകൊടുക്കും. ഇടയ്ക്കെപ്പോഴെങ്കിലും ഒരു തമ്പ്സ് അപ് അയക്കും. പക്ഷേ പുള്ളി അതെല്ലാം കാണുന്നുണ്ടെന്ന് പിന്നീടാണ് ഞാൻ മനസിലാക്കിയത്. മൂന്നുകൊല്ലം മുമ്പ് ചെന്നൈ എയർപോർട്ടിൽ ഒരു സുഹൃത്തിനെ സ്വീകരിക്കാൻ നിൽക്കുമ്പോൾ അവൻ വരുന്ന അതേ ഫ്ളൈറ്റിൽ വിനീതേട്ടനും ഉണ്ടായിരുന്നു. അദ്ദേഹമാണ് ആദ്യം വന്നതും. സുഹൃത്ത് ആദ്യം വന്നിരുന്നെങ്കിൽ വിനീതേട്ടനെ കാണാൻ കഴിയില്ലായിരുന്നു. ഞങ്ങൾ സംസാരിച്ചു. വിളിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. രണ്ട് മാസത്തിന് ശേഷം ഒരു സന്ദേശം വന്നു. പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയായി, ഒരു വേഷമുണ്ടെന്നായിരുന്നു അതിന്റെ ചുരുക്കം. രണ്ട് ദിവസം കഴിഞ്ഞ് ഞാൻ വിനീതേട്ടന്റെ വീട്ടിൽ പോയി എല്ലാം സംസാരിച്ചു. സെൽവയായി മാറാനൊരുങ്ങുന്നു 2019-ലാണ് ഈ കഥാപാത്രത്തേക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. കഥാപാത്രത്തേക്കുറിച്ച് കഥപറയുമ്പോൾത്തന്നെ പറഞ്ഞുതന്നിരുന്നു. അരുൺ എന്ന കഥാപാത്രത്തിന് മാത്രമല്ല എല്ലാവർക്കും മാതൃകയായ ഒരു പയ്യനാണ് സെൽവ എന്ന് പറഞ്ഞുതന്നിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരെ മുകളിലേക്ക് കൊണ്ടുവരണം എന്നാഗ്രഹിക്കുന്നയാളാണ്. അതിന് സഹായമാവുന്നത് അവരുടെ പഠനമാണെന്ന് മനസിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നയാളാണ്. ആ ഒരു പ്രായത്തിൽ എല്ലാവരും റിബൽസ് ആവുമ്പോൾ മറ്റുള്ളവർക്ക് മാതൃകയായി വ്യത്യസ്തമായി ചിന്തിക്കുന്നയാളാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. സെൽവയേപ്പറ്റി കേട്ടപ്പോഴേ എന്താണാ കഥാപാത്രമെന്ന് നന്നായി ഉൾക്കൊള്ളാനായി. മലയാളിയാണെങ്കിലും ചെയ്തത് തമിഴ് കഥാപാത്രം കഥാപാത്രത്തേക്കുറിച്ച് മാത്രമേ ഞാൻ ചിന്തിച്ചുള്ളൂ. മലയാളസിനിമയിൽ തമിഴ് കഥാപാത്രം വരിക എന്നു പറഞ്ഞാൽ അതൊരു കാമ്പുള്ളതാണെങ്കിൽ മലയാളികൾക്ക് എപ്പോഴും ഒരു സോഫ്റ്റ് കോർണറുണ്ടാവും. മലയാളികൾക്ക് മാത്രമല്ല, എല്ലാവർക്കുമുണ്ടാവും. ഒന്നുരണ്ട് കൂട്ടുകാരോട് കഥാപാത്രത്തേക്കുറിച്ച് പറഞ്ഞപ്പോൾ ഒരു മലയാളിയാണ് ഈ കഥാപാത്രം ചെയ്തതെന്ന് എപ്പോഴെങ്കിലും നീ അറിയിക്കണമെന്നാണ് അവർ പറഞ്ഞത്. പക്ഷേ സിനിമ നന്നായാൽ സെൽവയെ എല്ലാവർക്കും ഇഷ്ടപ്പെടും. സെൽവയെ ഇഷ്ടപ്പെട്ടാൽ ആ നടനുവേണ്ടിയുള്ള അന്വേഷണമുണ്ടാവും. അതിനേക്കുറിച്ചാലോചിച്ച് ഞാൻ വേവലാതിപ്പെടണ്ട, തന്ന ജോലി നന്നായി ചെയ്താൽ മതിയെന്നാണ് ഞാൻ ആലോചിച്ചത്. സെൽവ എന്ന ഐഡന്റിറ്റി സെൽവ ഒരു ഐഡന്റിറ്റിയായി മാറിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരിൽ നടൻ അറിയപ്പെടുക എന്നത് ഒരു ഭാഗ്യമല്ലേ? ഹൃദയത്തിന്റെ സെറ്റിൽ എല്ലാവരും അവരുടെ ശരിയായ പേരിൽ പരസ്പരം വിളിച്ചപ്പോൾ എന്നെ എല്ലാവരും സെൽവ അണ്ണാ എന്നാണ് വിളിച്ചിരുന്നത്. ഞാൻ വിളി കേൾക്കുകയും ചെയ്യും. സെൽവ എന്ന് ബാക്കിയുള്ളവർ വിളിക്കുന്നു, ഞാൻ കേൾക്കുന്നു, എന്താണിവിടെ നടക്കുന്നതെന്ന് വിനീതേട്ടൻ ഒരിക്കൽ ചോദിച്ചിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണതൊക്കെ. ഇനി അടുത്തപടം ചെയ്യുമ്പോൾ ചിലപ്പോൾ സെൽവയെ അവതരിപ്പിച്ച നടൻ എന്ന് പറയുമായിരിക്കും. ഇങ്ങനെയൊരു കഥാപാത്രത്തെ തന്നതിന് വിനീതേട്ടനോടും നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തോടും വളരെയധികം നന്ദിയുണ്ട്. സ്പോട്ടിലെഴുതിയ ഡയലോഗ് ചിത്രീകരണത്തിനിടെ രസകരമായ ഒരു സംഭവമുണ്ടായി. പ്രണവ് അവതരിപ്പിക്കുന്ന അരുണും അശ്വതിന്റെ ആന്റണിയും സെൽവയുടെ അടുത്തേക്ക് കമ്പെയിൻ സ്റ്റഡി നടത്താൻ വരുന്ന ഒരു രംഗമുണ്ട്. നേരത്തെ വേറെ ഒരു രീതിയിലാണ് അത് പ്ലാൻ ചെയ്തിരുന്നത്. ഷൂട്ടിങ് നടക്കുന്നതിന് തൊട്ടുമുമ്പാണ് സീനീൽ മാറ്റമുണ്ടെന്ന് വിനീതേട്ടൻ പറഞ്ഞത്. അന്ന് രാവിലയാണ് ആ ഡയലോഗുകൾ എഴുതിയത്. തന്ന ഡയലോഗ് കുറച്ച് അധികമുണ്ടായിരുന്നു താനും. പത്തുമിനിറ്റുകൊണ്ട് എടുക്കണമെന്ന് പറഞ്ഞപ്പോൾ ആകെ ടെൻഷനായി. പക്ഷേ എന്താണ് ചെയ്യേണ്ടതെന്ന അദ്ദേഹം വളരെ കൃത്യമായി പറഞ്ഞുതന്നു. സ്ക്രിപ്റ്റിൽ ഇല്ലാത്ത സംഭാഷണങ്ങളായതുകൊണ്ട് ഞാനെന്താണ് പറയാൻ പോകുന്നതെന്ന് വിനീതേട്ടനും എനിക്കുമല്ലാതെ മറ്റൊരാൾക്കും അറിയില്ല. മാസ്റ്റർഷോട്ട് എടുത്തശേഷം ഡബ്ബിങ്ങിന്റെ ആവശ്യത്തിനായി തിരക്കഥയിലേക്ക് ആ സംഭാഷണം എഴുതിച്ചേർക്കുകയായിരുന്നു. സത്യത്തിൽ വിനീതേട്ടന്റെ തിരക്കഥ എന്നു പറയുന്നത് ഒരു ബ്ലൂപ്രിന്റാണ്. മാറ്റിയെഴുതലൊന്നും അങ്ങനെ ഉണ്ടാവാറില്ല. പ്രണവ് നമ്മൾ ചിന്തിക്കുന്നയാളല്ല പ്രണവ് ഒരു പ്രണവ് മോഹൻലാൽ ആണെന്നും ഒരു മഹാനടന്റെ മകനാണെന്നും നമ്മൾ ചിന്തിക്കുന്നുണ്ട്. പക്ഷേ പ്രണവിന് ആ ചിന്തയില്ല. പ്രണവിനെ സ്ബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മനുഷ്യൻ മാത്രമാണ്. അങ്ങനെയൊക്കെ പറയാൻ പറ്റും. പക്ഷേ ജീവിക്കാൻ പറ്റില്ല. ഒരു വിസ്മയം തന്നെയാണദ്ദേഹം. എല്ലാവരോടും ഇങ്ങോട്ട് വന്ന് സംസാരിക്കുന്ന കൂട്ടത്തിലാണ്. ഇടവേളകളിൽ പുറത്ത് കാരവനിൽ പോയി ഇരിക്കുന്ന ആളൊന്നുമല്ല. പരീക്ഷയെഴുതുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ആ ക്ലാസ് റൂമിലെ ബെഞ്ചിലിരിക്കുമ്പോഴാണ് ഞങ്ങൾ ആദ്യമായി പരസ്പരം പരിചയപ്പെടുന്നത്. സഹജീവിയായി നമ്മളെ കാണുന്ന മനുഷ്യനാണ് പ്രണവ്. ഓഡിയോ ലോഞ്ചിന് ചെന്നൈയിൽ നിന്ന് വരുമ്പോൾ നിമിത്തം പോലെ കണ്ടുമുട്ടി. ഒരുമിച്ചാണ് വന്നത്. അന്നും കുറേ നേരം സംസാരിച്ചു. ഡബ്ബിങ്ങിന്റെ സമയത്തും ഒരുമിച്ചുണ്ടായിരുന്നു. സെൽവയും അരുണും എന്ന് പറയുന്നതുപോലെ നല്ല ഒരു സൗഹൃദമുണ്ട് ഇപ്പോൾ. ആദ്യ ഷോ പ്രണവിന് കാണാൻ പറ്റിയിരുന്നില്ല. ഞാനും അശ്വതുമെല്ലാം പ്രണവിനെ വിളിച്ചു. സെൽവയെപ്പറ്റി എല്ലാവരും നല്ലത് പറയുന്നുണ്ടെന്ന് പ്രണവ് പറഞ്ഞു. പുള്ളി ഭയങ്കര ഹാപ്പിയാണ്. ചാർളിയിൽ ഇല്ലാത്ത കഥാപാത്രമായി മാരയിൽ മാരയുടെ സംവിധായകൻ തനി ഒരുവൻ കണ്ടിട്ടുണ്ടായിരുന്നു. അദ്ദേഹം ചെന്നൈയിൽത്തന്നെയുള്ളയാളാണ്. നാടകങ്ങളൊക്കെ വന്ന് കാണുമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തിനൊപ്പം ഞാനൊരു നാടകം ചെയ്തപ്പോൾ അതുകാണാൻ പുള്ളിയും വന്നിരുന്നു. അതൊരു ഇംഗ്ലീഷ് നാടകമായിരുന്നു. പിന്നീട് ചാർളിയുടെ റീമേക്ക് പുള്ളി ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒരു മെസേജ് അയച്ചു. അറിയിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടാലോചിച്ചപ്പോൾ ചാർളിയിൽ എനിക്ക് പറ്റിയ കഥാപാത്രമൊന്നുമില്ലെന്ന് മനസിലായി. അതോടെ ഞാനത് വിട്ടു. പെട്ടന്നൊരു ദിവസം മാരയുടെ കാസ്റ്റിങ് ഡയറക്ടർ വിളിച്ച് റോളുണ്ടെന്ന് പറയുന്നത്. സത്യത്തിൽ ചാർളിയിൽ ഇല്ലാത്ത ഒരു കഥാപാത്രമായിരുന്നു അത്. മാരയ്ക്കുവേണ്ടി പുതിയൊരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. ഹൃദയത്തിലെ അതേ ലുക്കിൽ ചെയ്ത മാര ഹൃദയത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് മാരയിൽ നിന്നുള്ള വിളി വരുന്നത്. 2019 മാർച്ചിൽ കോളേജ് രംഗങ്ങൾ ചിത്രീകരിക്കുന്ന സമയമായിരുന്നു അത്. ചെന്നൈയിൽ നിന്ന് പോണ്ടിച്ചേരിക്ക് പോകുന്ന വഴിയാണ് മാരയുടെ ലൊക്കേഷൻ. ഹൃദയത്തിലെ സെൽവ എന്ന കഥാപാത്രത്തിന്റെ രംഗത്തിന്റെ ചിത്രീകരണം ഉച്ചയോടെ കഴിഞ്ഞിരുന്നു. ആ സെറ്റിൽ നിന്ന് പോയി രാത്രി മാരയിലെ രംഗങ്ങൾ പൂർത്തിയാക്കി തിരിച്ചുവന്നു. ഒ.ടി. റിലീസായതുകൊണ്ട് ആദ്യം വന്നത് മാരയാണെന്നുമാത്രം. ഡബ്ബിങ് കൂടെ കൊണ്ടുപോകുന്നു ഡബ്ബിങ് ജോലികളുള്ളതിനാൽ ചെന്നൈയിൽത്തന്നെയാണ് സ്ഥിരതാമസം. തമിഴിൽ എസ്.ടി.ആർ, ജീവ എന്നിവർക്കും തെലുങ്കിൽ റാം പോത്തിനേനി, അഖിൽ അക്കിനേനി എന്നിവർക്കൊക്കെ മലയാളത്തിൽ ശബ്ദം നൽകുന്നത് ഞാനാണ്. തമിഴിൽ ഈയിടെ ഈശ്വരൻ എന്ന ചിത്രത്തിന്റെ മലയാളം മൊഴിമാറ്റ പതിപ്പിൽ ചിമ്പുവിന് ശബ്ദം നൽകി. പുതിയ ചിത്രങ്ങൾ ഹൃദയം റിലീസിന് തയ്യാറെടുക്കുമ്പോൾ ഒരു തമിഴ് സിനിമ ചെയ്തു. നിവിൻ പോളിയുടെ റിച്ചി സംവിധാനം ചെയ്ത ഗൗതം രാമചന്ദ്രൻ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്. നായികാ പ്രാധാന്യമുള്ള സിനിമയിൽ സായി പല്ലവിയാണ് പ്രധാനവേഷത്തിൽ. ഇതിൽ സായി പല്ലവിയുടെ ജോഡിയായാണ് എത്തുന്നത്. അതിന്റെ ഷൂട്ട് കഴിഞ്ഞു. Content Highlights:kalesh ramanand interview, hridayam movie, pranav mohanlal, vineeth sreenivasan
from movies and music rss https://ift.tt/3IyI214
via IFTTT
No comments:
Post a Comment