Sunday, February 13, 2022

'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' മുന്നോട്ട് വെയ്ക്കുന്നത് സ്ത്രീ ശാക്തീകരണം - എം മുകുന്ദന്‍

കൊച്ചി: എഴുത്തുകാരൻ എം.മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം ഓട്ടോറിക്ഷക്കാരൻ്റെ ഭാര്യ ചിത്രീകരണം പൂർത്തിയായി. ബെൻസി പ്രൊഡക്ഷൻസിൻറെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിച്ച് ഹരികുമാർ സംവിധാനം ചെയ്യുന്ന ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും. വർത്തമാനകാല സമൂഹം വളരെ ഗൗരവമോടെ ചർച്ച ചെയ്യുന്ന വിഷയമാണ് ചിത്രത്തിൻറെ പ്രമേയം. സിനിമയുടെ വിശേഷങ്ങൾ എം.മുകുന്ദൻ പങ്കുവെയ്ക്കുന്നു. "സ്ത്രീ ശാക്തീകരണം ഇതിവൃത്തമാക്കിയ സിനിമയാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ. 2016 ൽ മാതൃഭൂമി വീക്കിലിയിൽ വന്ന ഒരു ചെറുകഥയാണ് സിനിമയുടെ പ്രമേയം. ആ കഥ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമ. ഞാൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരൻറെ ഭാര്യ. എൻറെ ആദ്യചിത്രമായ ദൈവത്തിൻറെ വികൃതിയിൽ തിരക്കഥയിൽ ആദ്യഘട്ടങ്ങളിൽ ഞാൻ സഹകരിച്ചിരുന്നു. എൻറെ മറ്റൊരു ചിത്രമായിരുന്ന മദാമ്മ പൂർണ്ണമായും ആ ചിത്രത്തിൻറെ ടീം തന്നെയാണ് തിരക്കഥയും മറ്റും ഒരുക്കിയത്. ഓട്ടോറിക്ഷക്കാരൻറെ ഭാര്യ യാണ് ഞാൻ പൂർണ്ണമായും എഴുത്തിൽ പൂർത്തിയാക്കിയ ചിത്രം. വളരെ രസകരമായ ഇരുപത് മിനിട്ടിൽ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോർത്തിണക്കിയാണ് ഒരു സിനിമയുടെ പൂർണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഈ സിനിമ യാഥാർത്ഥ്യമാക്കുന്നതിൽ ഏറെ സഹായിച്ചത് പ്രൊഡക്ഷൻ ഹൗസായ ബെൻസി പ്രൊഡക്ഷൻസും നിർമ്മാതാവ് കെ വി അബ്ദുൾ നാസറുമാണ്. ഞങ്ങളുടെ പ്രിയപ്പെട്ട ബോസിൻറെ (കെ.വി.അബ്ദുൾ നാസർ )പൂർണ്ണ സഹകരണമാണ് ഈ സിനിമയെ വിജയകരമായി പൂർത്തീകരിക്കാൻ വഴിയൊരുക്കിയത്. വളരെ ശാന്തമായി ഒരു കാര്യത്തിലും ഇടപെടാതെ ബോസ് സിനിമയെ പിന്തുണച്ചു. സിനിമാക്കാരുടെ പൊതുവെയുള്ള കർക്കശ സ്വഭാവമോ ജാഡയോ ഒന്നും അദ്ദേഹം കാണിച്ചിരുന്നില്ല. എന്നെ അത്ഭുതപ്പെടുത്തിയ ഒരു പെരുമാറ്റവും സമീപനവുമായിരുന്നു അദ്ദേഹത്തിൻറേത്. അദ്ദേഹത്തിൻറെ നല്ല മനസ്സ് തന്നെയാണ് ഈ സിനിമയുടെ വിജയവും. പിന്നെ മലയാളത്തിലെ മുതിർന്ന സംവിധായകനായ ഹരികുമാറിൻറെ സംവിധാന മികവും ചിത്രത്തെ മികവുറ്റതാക്കി. ഓട്ടോറിക്ഷക്കാരൻറെ ഭാര്യ സിനിമയാക്കാൻ പുതുതലമുറയിൽ പെട്ട ഒത്തിരിപേർ എന്നെ സമീപിച്ചതാണ്. പക്ഷേ പുതിയ ആൾക്കാരെ വെച്ച് സിനിമ ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക് പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്ക്കാണ്. അതുകൊണ്ടാണ് ഹരികുമാർ എന്നെ സമീപിച്ചപ്പോൾ ഞാൻ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികൾക്ക് ലഭിക്കുന്നത്. മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ചഓട്ടോറിക്ഷക്കാരൻറെ ഭാര്യ അധികം വൈകാതെ പ്രേക്ഷകരിലെത്തും". എം മുകന്ദൻ പറഞ്ഞു. സൂരാജ് വെഞ്ഞാറമൂട്,ആൻ അഗസ്റ്റിൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. കൈലാഷ്, ജനാർദ്ദനൻ,സ്വാസിക വിജയ്,ദേവി അജിത്,നീനാ കുറുപ്പ്,മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഛായാഗ്രഹണം എൻ അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്,സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യക്കല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പി.ആർ.ഒ: പി.ആർ.സുമേരൻ Content Highlights : M Mukundan about Autorickshawkkarante Bharya starring Suraj and Ann Augustine

from movies and music rss https://ift.tt/PWX9LqH
via IFTTT

No comments:

Post a Comment