Monday, December 4, 2017

പൊട്ടിയ ഈ പടങ്ങളാണ് ശശി കപൂറിനെ ബച്ചനേക്കള്‍ വലിയവനാക്കിയത്

ഐശ്വര്യറായിയും പ്രിയങ്ക ചോപ്രയും ഇർഫൻ ഖാനുമെല്ലാമാണ് ഇന്ന് ഹോളിവുഡിലെ ഇന്ത്യൻ മുഖങ്ങൾ. എന്നാൽ, ഇവരൊക്കെ ഇംഗ്ലീഷ് സിനിമയിൽ മുഖം കാണിക്കും മുൻപല്ല, ജനിക്കുന്നതിന് മുൻപ് തന്നെ തന്നെ ഹോളിവുഡിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചൊരു ആളുണ്ടായിരുന്നു, ശശി കപൂർ. ഹോളിവുഡിൽ തിളങ്ങിയത് അറുപതുകളിലാണ്. വെറുത ഒരു ഇന്ത്യക്കാരനായി മുഖം കാണിക്കുകയല്ല, ബോംബെ ടാക്കീസ്, ഹീറ്റ് ആൻഡ് ഡസ്റ്റ്, കോൺറാഡ് റൂക്ക്സ്, സിദ്ധാർഥ തുടങ്ങിയവയിൽ ശ്രദ്ധേയമായ വേഷം തന്നെയായിരുന്നു പൃഥ്വിരാജ് കപൂറിന്റെ ഈ ഇളയ മകന്. ഒരുതരത്തിൽ പറഞ്ഞാൽ ഹോളിവുഡിലെ ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണവും ചേരും ശശിക്ക്. ബോളിവുഡിലെ തന്റെ സമകാലികരായ അമിതാഭ് ബച്ചനോ ധർമേന്ദ്രയ്ക്കോ കൈവരിക്കാനാവാത്ത ഒരു വലിയ നേട്ടം തന്നെയായിരുന്നു ഇത്. ബോക്സ് ഓഫീസിലെ ലാഭക്കണക്കെടുത്താൽ ബച്ചനും ധർമേന്ദ്രയും ശശി കപൂറിനേക്കാൾ വലിയ താരങ്ങളായിരുന്നു. എന്നാൽ, ഹോളിവുഡിൽ മുഖം കാണിച്ചതുപോലെ തന്നെ ബോളിവുഡിലും തന്റേതായ ഒരു വഴിയുണ്ടായിരുന്നു ശശിക്ക്. ബോക്സ് ഓഫീസിലെ കോടികളുടെ കിലുക്കത്തിലായിരുന്നില്ല ശശിയുടെ കണ്ണ്. സിനിമയുടെ ഗുണനിലവാരത്തിലായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ ജ്യേഷ്ഠന്മാരായ രാജ് കപൂറോ ഷമ്മി കപൂറോ ആയിരുന്നില്ല, അച്ഛൻ പൃഥ്വിരാജ് കപൂറായിരുന്നു ശശിയുടെ മാതൃക. അച്ഛനെപ്പോലെ നാടകത്തോടായിരുന്നു എന്നും പ്രിയം. കുട്ടിക്കാലം മുതൽ വർഷങ്ങളോളം അച്ഛനൊപ്പം പൃഥ്വി തിയ്യറ്ററുമായ രാജ്യമെമ്പാടും യാത്ര ചെയ്ത അനുഭവവുമുണ്ടായിരുന്ന ശശിക്ക്. ആറാം വയസ്സിൽ തന്നെ വേദിയിലെത്തി. പിന്നെയും ആറു വയസ്സു കഴിഞ്ഞാണ് മൂത്ത ജ്യേഷ്ഠൻ രാജ്കപൂറിനൊപ്പം ആവാരയിൽ വേഷമിടുന്നത്. നാടകങ്ങളോടും നല്ല സിനിമകളോടുമുള്ള കമ്പം ജീവിതാവസാനം വരെ കാത്തുപോരുകയും ചെയ്തു ശശി. ഈയൊരു കാരണം കൊണ്ടുതന്നെ യാഷ് ചോപ്ര പോലുള്ള മുഖ്യധാര സിനിമാക്കാരുമായി പലപ്പോഴും കലഹത്തിലായിരുന്നു ശശി. ബച്ചനെയും ധർമേന്ദ്രയെയും പോലെ കാശുവാരുന്ന വമ്പൻ ചിത്രങ്ങൾ ഏറെയൊന്നും ലഭിക്കാതിരുന്നതിനും ജനപ്രീതി കൊണ്ട് ഒരു മാസ് താരമായി മാറാതിരുന്നതിന്റെയും കാരണവും ഇതുതന്നെ. ആർത്തിരമ്പുന്ന, സിനിമകൾ ഉത്സവമാക്കുന്ന ഫാൻസായിരുന്നില്ല ശശിയുടെ കരുത്ത്. കുടുംബങ്ങളുടെ ഹൃദയത്തിലാണ് ശശി സ്ഥാനം നേടിയത്. അതി സമ്പന്നരോ തനി സാധാരണക്കാരോ അല്ല, ഇടത്തരക്കാരായിരുന്നു ആരാധകരിൽ ഏറെയും. ജബ് ജബ് ഫൂൽ കിലേയിലെയും ആഗലെ ലാഗ് ജായിലെയും കഥാപാത്രങ്ങളാണ് ശശിയെ ഇവരുടെ മനസ്സിൽ കുടിയിരുത്തിയത്. ഇവരുടെ പിന്തുണയിലാണ് ദീവാറും ഷർമിലീയും പ്യാർ ക മൗസമും ഫകിരയും സുഹാഗും തൃശൂലും പോലുള്ള ഹിറ്റുകൾ ശശി കപൂറിന് സൃഷ്ടിക്കാനായത്. അസീം ഛാബ്ര എന്ന മാധ്യമ പ്രവർത്തകന്റെ രചിച്ച ശശിയുടെ ജീവചരിത്രത്തിന് പേരു തന്നെ ശശി കപൂർ ദി ഹൗസ്ഹോൾഡർ, ദി സ്റ്റാർ എന്നാണ്. അന്വർഥമാണ് ഈ ടൈറ്റിൽ. എഴുപതുകളിൽ സമാന്തര സിനിമയുടെ വക്താക്കളായ ശ്യാം ബെനഗലും അപർണ സെന്നും ഗോവിന്ദ് നിഹലാനിയും ഗിരീഷ് കർണാടുമൊക്കയായിരുന്നു ശശിയുടെ ഇഷ്ടക്കാർ. സിനിമ ഒരു വ്യവസായമല്ല, സമൂഹത്തിന്റെ ഉന്നമനത്തിനുള്ളതാണെന്ന യൂറോപ്പ്യൻ കാഴ്ചപ്പാടായിരുന്നു ശശിക്കും. ശശി കപൂർ നിർമിച്ച ചിത്രങ്ങളും ഇതുപോലെ സമാന്തര പാതയിൽ സഞ്ചരിച്ചവ തന്നെയായിരുന്നു. മുഖ്യധാരാ ബോളിവുഡ് സിനിമയുടെ ഭാഗമായ മറ്റൊരു നടനും സമാന്തര സിനിമയ്ക്ക് ഇതുപോലെ പിന്തുണച്ചിട്ടില്ല ശശി കപൂറിനെപ്പോലെ. ബോക്സ് ഓഫീസിലെ വിജയങ്ങളല്ല, അച്ഛന്റെ പ്രതിഭയുടെ ദാഹം മാറിയത് ഒരു നിർമാതാവുകയും കുറേ നല്ല സിനിമകൾ നിർമിക്കുകയു ചെയ്പ്പോഴാണെന്ന് മകൻ കുനാൽ കപൂർ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വെറുതെ സമാന്തര സിനിമകളിൽ അഭിനയിച്ചു മേനി നടിക്കുകയല്ല, അധ്വാനിച്ചുണ്ടാക്കിയ കാശ് അതിനുവേണ്ടി യാതൊരു ലുബ്ധുമില്ലാതെ ചെലവിടുകയാണ് ശശി ചെയ്ത്. എന്നാൽ, ഇവയെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കാൻ ബച്ചന്റെയും ധർമേന്ദ്രയുടെയും രാജേഷ് ഖന്നയുടെയുമെല്ലാം തട്ടുപൊളിപ്പൻ മസാലകൾ കണ്ടു ശീലിച്ച ബോളിവുഡിന് കഴിഞ്ഞില്ല. ശ്യാം ബെനഗലിന്റെ കലിയുഗും അപർണ സെന്നിന്റെ 36 ചൗവ്വിംഗി ലെയ്നും ഗിരീഷ് കർണാടിന്റെ ഉത്സവും തന്റെതന്നെ കന്നിസംവിധാന സംരംഭമായ അജൂബയുമെല്ലാം വിമർശക പ്രശംസ പിടിച്ചുപറ്റിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ ചലനങ്ങളുണ്ടാക്കാതിരുന്നതിന്റെ കാരണവും ഇതാണ്. സമാന്തര സിനിമകളെ ബോളിവുഡ് നിഷ്കരുണം തള്ളിയ കാലത്താണ് ശശി കപൂർ വീണ്ടും അച്ഛന്റെ നാടകത്തിലേയ്ക്ക് തിരിഞ്ഞത്. അക്കാലത്ത് തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും പൃഥ്വി തിയ്യറ്ററിനുവേണ്ടിയാണ് ശശി കപൂർ ചെലവിട്ടത്. വൻ തുക ചെലവിട്ട് മുംബൈയിലെ ജുഹുവിൽ പൃഥ്വി തിയ്യറ്ററിനുവേണ്ടി ഭൂമി വാങ്ങുകയും ചെയ്തിരുന്നു. അച്ഛന്റെ സമരണാർഥമാണ് ശശി കപൂർ ജുഹുവിൽ പൃഥ്വി തിയ്യേറ്റർ സ്ഥാപിച്ചത്. ഇക്കാര്യത്തിൽ ഇംഗ്ലീഷ് നാടടകവേദിയടെ പാരമ്പര്യം അവകാശപ്പെടാവുന്ന ഭാര്യ ജെന്നിഫർ കെൻഡലിന്റെ വലിയ പിന്തുണയും ശശി കപൂറിന് ലഭിച്ചിരുന്നു. ജെന്നിഫറിന്റെ മരണശേഷമാണ് ശശി കപൂർ നാടകവേദിയിൽ നിന്ന് അൽപമെങ്കിലും അകന്നു തുടങ്ങിയത്. ഈയൊരു അപൂർണമായ പാരമ്പര്യം ബാക്കിവച്ചാണ് ശശി കപൂർ ജീവിതത്തിലെ അവസാനഭാഗവും അഭിനയിച്ചു തീർത്ത് മടങ്ങുന്നത്. എന്നാൽ, ഈയൊരു പാരമ്പര്യം ഏറ്റെടുക്കാൻ, ഈ പാതയിൽ സഞ്ചരിക്കാൻ പുതിയകാല സൂപ്പർ നായകരിൽ എത്രപേർ തയ്യാറാകുമെന്ന് കണ്ടറിയണം. ഇതാണ്, അല്ലെങ്കിൽ ഇതുമാത്രമാണ് ബോളിവുഡിന് ശശി കപൂർ എന്ന സിനിമാപ്രവർത്തകന് നൽകാനുള്ള ഒരേയൊരു അഞ്ജലിയും.

from movies and music rss http://ift.tt/2BwROyr
via IFTTT

No comments:

Post a Comment