Sunday, December 9, 2018

'ശനിയും ഞായറും രജനി കണ്ടക്ടറുടെ കുപ്പായത്തിലാവും'- കോഴിക്കോട്ടെ കൂട്ടുകാരന്‍ പറയുന്നു

കോഴിക്കോട് ചേവരമ്പലത്തെ ശ്രീറോഷ് ഫ്ളാറ്റിന്റെ ഓഫീസ് മുറിയിൽവെച്ചാണ് ജെയിംസിനെ കാണുന്നത്. ജീവിതസിനിമയിൽ ഇപ്പോൾ അയാൾക്ക് ഇങ്ങനെയൊരു വേഷമാണ്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളി, ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി അങ്ങനെ ചിലത്. വർഷങ്ങൾക്കുമുമ്പ് കേളകം സെയ്ന്റ് തോമസ് ഹൈസ്കൂളിൽനിന്ന് എസ്.എസ്.എൽ.സി.യും കഴിഞ്ഞ് ജബൽപുരിലേക്ക് വണ്ടികയറിയതാണ് ജെംയിസ്. അവിടെ പി.യു.സി.യും സിവിൽ എൻജിനീയറിങ്ങും കഴിഞ്ഞിരിക്കുമ്പോഴാണ് സിനിമാമോഹം ഉദിക്കുന്നത്. അന്ന് മദ്രാസിൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന വാർത്ത കാണുന്നു. സാമാന്യം സൗന്ദര്യവും അഭിനയത്തോടുള്ള അഭിരുചിയും ഇന്റർവ്യുവിൽ നന്നായി പെർഫോമും ചെയ്തതോടെ അഡ്മിഷൻ കിട്ടി. 1973-ലായിരുന്നു അത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യബാച്ച്. സഹപാഠികൾ ആരൊക്കെയായിരുന്നെന്നോ. ഇന്ന് നാം രജനീകാന്ത് എന്നുവിളിക്കുന്ന ശിവാജിറാവു. കന്നഡനടൻ അശോക്, നടരാജൻ, ഇന്ദ്രബാലൻ, ആദം അയൂബ്. തൊട്ടടുത്ത ബാച്ചായി ശ്രീനിവാസൻ, ചിരഞ്ജീവി, ശ്രീനാഥ്, ശങ്കർ... അങ്ങനെ പിൽക്കാലത്ത് പ്രശസ്തരായ താരനിര അഭിനയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത് ഒരുമിച്ച് ഈ കലാലയത്തിലായിരുന്നു. പൂജയ്ക്കെടുക്കാത്ത പൂക്കളിൽ അഭിനയിച്ച ഹേമാചൗധരി, വിജയലക്ഷ്മി, ഏഴിലരശ്ശി എന്നിവരും ഒപ്പം പഠിച്ചവരാണ്. കന്നഡ, തമിഴ്, തെലുങ്ക് മലയാളം ഭാഷകൾക്കുവേണ്ടിയായിരുന്നു ഈ ഇൻസ്റ്റിറ്റ്യൂട്ട്. പൊതുവായ ക്ലാസുകൾ ഒന്നിച്ചും ഭാഷയ്ക്കായി പ്രത്യേകം ക്ലാസുകളുമായിരുന്നു. പിന്നെ പഠനത്തോടൊപ്പം പ്രിവ്യൂ തിയേറ്ററുകളിൽനിന്നും വിവിധ രാജ്യത്തിന്റെ എംബസികളിൽനിന്നും സിനിമ കാണുക. അതേപ്പറ്റി ചർച്ചചെയ്യുക എന്നതായിരുന്നു പതിവ്. അൽപം ഗ്ലാമറും അഭിനയശേഷിയും ഉള്ളതുകൊണ്ടുതന്നെ ജെയിംസിൽ അധ്യാപകർക്കെല്ലാം നല്ല പ്രതീക്ഷയുണ്ടായിരുന്നു. നീ ഒരുപാട് ഉയരങ്ങളിലെത്തുമെന്ന് അധ്യാപകർ എപ്പോഴും പറയുമായിരുന്നു. അന്ന് സിഗരറ്റ് എറിഞ്ഞ് ചുണ്ടിൽ പിടിപ്പിച്ചും മുടി മാടിയൊതുക്കി സ്റ്റൈലുകാണിച്ചും നടന്ന രജനി ചിലപ്പോൾ ഒന്നോ രണ്ടോ പടത്തിൽ അഭിനയിച്ചേക്കുമെന്നുമായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, ഓരോരുത്തന്റെ തലയിലെഴുത്തും അവസരങ്ങൾ വരുന്ന വഴിയും പ്രേക്ഷകമനഃശാസ്ത്രവും താരങ്ങളെ സൃഷ്ടിക്കുന്നത് നമ്മുടെ ധാരണകൾക്കെല്ലാം അപ്പുറത്താണെന്ന് ഈ സഹപാഠികളുടെ ജീവിതം നോക്കിയാലറിയാം. ബി എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള ഒരാൾ ആദ്യസിനിമതരും. പിന്നെ വെച്ചടി വെച്ചടി കയറ്റമായിരിക്കുമെന്ന് രജനീകാന്ത് അന്നേ പറയാറുണ്ടായിരുന്നു. ബാംഗ്ലൂരിലുള്ള ഒരു സ്വാമി, ശിവാജിറാവുവിനോട് ഇങ്ങനെ പറയാറുണ്ടായിരുന്നത്രെ. പഠനത്തിനിടയ്ക്ക് കെ.എസ്. സേതുമാധവൻ ക്ളാസെടുക്കാൻ വന്നപ്പോൾ ജെംയിസിനെ ശ്രദ്ധിച്ചു. തന്റെ കന്യാകുമാരിയിലെ നായകവേഷംചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, പ്രിൻസിപ്പൽ കർശനനിലപാടിലായിരുന്നു. കോഴ്സ് കഴിയുന്നതുവരെ ഇവിടത്തെ ഡിപ്ളോമാ ഫിലിമിൽ അല്ലാതെ ആരും അഭിനയിക്കരുതെന്നായിരുന്നു വിലക്ക്. നിങ്ങൾ ഇതുകഴിഞ്ഞാൽ സിനിമയിൽ അഭിനയിക്കാനല്ലേ പോവുന്നതെന്ന് അന്ന് സേതുമാധവൻസാർ ചോദിക്കുകയും ചെയ്തു. 75-ൽ ആദ്യബാച്ച് പുറത്തിറങ്ങി. എം.ജി.ആറാണ് ഞങ്ങൾക്ക് സർട്ടിഫിക്കറ്റ് തന്നത്. പലരും പലവഴി പരീക്ഷിക്കാൻ തുടങ്ങി. വേണു എന്ന് ഞങ്ങൾ വിളിച്ചിരുന്ന അശോക് കന്നഡയിൽ നടനായി. പഠിച്ചത് കന്നഡ സിനിമയായിരുന്നെങ്കിലും രജനി, കെ. ബാലചന്ദർവഴി തമിഴിലാണ് എത്തിയത്. അദ്ദേഹത്തിനന്നേ തമിഴും കന്നഡയും ഹിന്ദിയും മറാഠിയും നല്ലപോലെ വഴങ്ങുമായിരുന്നു. എല്ലാ ഭാഷകളിലും അഭിനയിച്ച് ലോകം അറിയപ്പെടുന്ന നടനാവുകയും ചെയ്തു. ആദം അയൂബും സിനിമാരംഗത്തും പിന്നെ സീരിയൽ രംഗത്തും സജീവമായിരുന്നു. ഇന്ദ്രാബാലൻ ജി.എസ്. പണിക്കരുടെ ഏകാകിനി എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. രവീന്ദ്രനാഥ കന്നഡസിനിമയിൽ സംവിധായകനായി. പ്രിയമുള്ള സോഫിയ എന്ന ചിത്രത്തിലായിരുന്നു എനിക്ക് ആദ്യവേഷം കിട്ടിയത്. നാം പിറന്ന മൺ എന്ന തമിഴ്ചിത്രത്തിൽ ശിവാജിക്കൊപ്പം ബ്രിട്ടീഷുകാരനായി അഭിനയിച്ചു. പിന്നെ പി. രാംദാസിന്റെ നിറമാലയിൽ സുജാതയുടെ നായകനായി. ഒപ്പം ചെന്നൈയിൽ കേരളസമാജത്തിന്റെ നാടകങ്ങളിലും ടി.പി. രാധാമണിയുടെ നാടകട്രൂപ്പിലും അഭിനയം തുടർന്നു. കെ.ജി. ജോർജ് പിന്നീട് സിനിമയാക്കിയ ഡോ. പവിത്രന്റെ മണ്ണ് എന്ന നാടകത്തിൽ ഞാനാണ് അഭിനയിച്ചത്. അന്ന് പ്രേംനസീറും സോമനുമൊക്കെ നിറഞ്ഞുനിന്ന കാലത്ത് അവരെ വെല്ലാനും മികച്ച വേഷം കിട്ടാനും നല്ല പ്രയാസമായിരുന്നു. പിന്നെ നമ്മുടെ ആദ്യചിത്രത്തിന്റെ തിരഞ്ഞെടുപ്പും ഒരു പ്രശ്നമാണ് -ജെയിംസ് പറയുന്നു. അഭിനയത്തോടൊപ്പം സിനിമയുടെ സാങ്കേതികവശങ്ങളിലേക്കും ജെയിംസ് തിരിഞ്ഞു. വിൻസെന്റ് മാഷിന്റെ ശിഷ്യനായി. അദ്ദേഹത്തോടൊപ്പം അഗ്നിനക്ഷത്രം, വയനാടൻ തമ്പാൻ, അനാവരണം, എൻ. ശങ്കരൻനായർക്കൊപ്പം രാസലീല, ജെ. വില്യംസിനൊപ്പം മിസ്റ്റർ മൈക്കിൾ, കെ.പി. കുമാരൻ, വി.പി. മുഹമ്മദ്, ആഹ്വാൻ സെബാസ്റ്റ്യൻ, വേണു, ശ്രീകുമാരൻതമ്പി സാറിനൊപ്പം മോഹിനിയാട്ടം അങ്ങനെ കുറേ ചിത്രങ്ങളിൽ പിന്നണിയിലും ചെറിയവേഷങ്ങളിലും കുറേക്കാലം സിനിമയോടൊപ്പം നിന്നു. ചില പരസ്യചിത്രങ്ങളും ചെയ്തു. അങ്ങനെയിരിക്കെ സ്വന്തമായൊരു സിനിമ എന്ന സ്വപ്നവും യാഥാർഥ്യമാവാൻ പ്രേംനസീർ സഹായിച്ചു. അദ്ദേഹത്തോടൊപ്പം ഞാൻ അപരാധി എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഒരുപാട് ചിത്രങ്ങളിൽ സഹസംവിധായകനായപ്പോഴും നസീറിനൊപ്പം ഇടപഴകാൻ പറ്റി. ആ സ്നേഹമാണ് ഡേറ്റ് കിട്ടാൻ കാരണം. അങ്ങനെ രവി വിലങ്ങന്റെ തിരക്കഥയിൽ തിടമ്പ് എന്ന ചിത്രം തുടങ്ങി. ഒരു ചിത്രകാരന്റെ കഥയായിരുന്നു അത്. ഷൂട്ടിങ് മുക്കാൽ ഭാഗം എത്തിയപ്പോൾ ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തയാൾ മരിച്ചു; പിന്നെ പ്രേംനസീറും. അതോടെ ചിത്രം പെട്ടിയിലായി. അങ്ങനെയിരിക്കെ ഹൃദയം ഒന്ന് പണിമുടക്കി. ആസ്പത്രിയും ചികിത്സയുമായി കഴിഞ്ഞതോടെ സിനിമാലോകത്തോട് തത്കാലം വിടപറയേണ്ടിവന്നു. പിന്നെ ഒരു സുഹൃത്തിനൊപ്പം റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞു. ഇനി വീണ്ടും സിനിമയിലേക്ക് തിരിയാനാണ് െജയിംസിന്റെ പദ്ധതി. തിടമ്പിന്റെ പൂർത്തിയാക്കിയ ഭാഗങ്ങൾ ഫ്ളാഷ്ബാക്കിൽ ചേർത്ത് ആ കഥയെ വർത്തമാനകാലത്തോട് ചേർത്തുനിർത്തുന്ന രീതിയിലൊരു സിനിമയാണ് മനസ്സിൽ. രജനിയെ പിന്നെ കണ്ടിട്ടുണ്ടോ? മദിരാശിയിലായിരുന്നപ്പോൾ സ്ഥിരം സ്റ്റുഡിയോകളിൽവെച്ച് കാണുമായിരുന്നു. പഠിക്കുന്ന കാലത്ത് നല്ല കൂട്ടായിരുന്നു ഞങ്ങളെല്ലാം. അന്ന് എന്റെ കൈയിലേ ക്യാമറയുള്ളൂ. അന്ന് ഞാൻ പകർത്തിയ ചിത്രങ്ങളെല്ലാം ആൽബത്തിലുണ്ട്. ഇത് രജനീകാന്തിന്റെയോ മറ്റാരുടെയുമോ കൈയിലുണ്ടാവില്ല. അന്ന് ഞങ്ങളുടെ ബാച്ച് പുറത്തിറങ്ങുമ്പോൾ തയ്യാറാക്കിയ ഫിലിം ചേംബറിന്റെ പുസ്തകത്തിലും ഞങ്ങളുടെ ഫോട്ടോയും വിലാസവും കൊടുത്തിരുന്നു. നിർമാതാക്കൾക്ക് നടൻമാരെ കണ്ടെത്താൻ വേണ്ടിയായിരുന്നു അത്. എന്നാൽ, അതുവഴി ഒരവസരവും വന്നില്ലെന്നതാണ് സത്യം. അന്ന് ഞാൻ ജെമിനിക്കടുത്തുള്ള ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. കന്നഡയിൽ നടനായി മാറിയ അശോകിനൊപ്പമായിരുന്നു രജനിയുടെ താമസം. രജനി ശനി, ഞായർ ദിവസങ്ങളിൽ ബാംഗ്ലൂർക്ക് പോയി കണ്ടക്ടർ പണിയും എടുക്കുമായിരുന്നു. അശോകിനും കന്നഡയിൽ ആദ്യം നല്ലവേഷങ്ങൾ കിട്ടിയെങ്കിലും പിന്നീട് പിടിച്ചുനിൽക്കാൻ പറ്റിയില്ല. അന്ന് രജനി തിരിച്ചും ഒരുപാട് സഹായംചെയ്തിരുന്നു. ഞങ്ങളുടെ ബാച്ചിലുണ്ടായിരുന്ന നടരാജൻ, അൻപുള്ള രജനീകാന്ത് എന്നപേരിലൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞവർഷം ഞങ്ങളുടെ അധ്യാപകൻ ഗോപാലിസാറിന് ഞങ്ങളെയെല്ലാം കാണണമെന്ന് തോന്നി ഒരു ഗെറ്റ്ടുഗതർ വെച്ചിരുന്നു. രജനി വിദേശത്ത് ഷൂട്ടായതിനാൽ വന്നില്ല. ശ്രീനിവാസനും വരാൻ പറ്റിയില്ല. ഞാൻ പോയിരുന്നു. ഈ ചിത്രങ്ങളെല്ലാം കൊണ്ടുപോയപ്പോൾ എല്ലാവർക്കും ആശ്ചര്യമായിരുന്നു. ഇതൊക്കെ ഇപ്പോഴും സൂക്ഷിക്കുന്നല്ലോ എന്നായിരുന്നു അവർ പറഞ്ഞത്. പലരും കോപ്പി ആവശ്യപ്പെട്ടു. കുടുംബം... കലോപാസന എന്ന സിനിമയുടെ സെറ്റിൽവെച്ച് കണ്ട് പരിചയപ്പെട്ട് ജീവിതസഖിയായതാണ് ഗീത. ജിജോ ജെയിംസ്, ശില്പ എന്നിവരാണ് മക്കൾ ContentHighlights: Rajanikanth classmate interview, james, actor rajani kanth, kozhikod

from movies and music rss https://ift.tt/2RR62D3
via IFTTT

No comments:

Post a Comment