Thursday, December 13, 2018

''ഒരു സിനിമയേ ചെയ്തിട്ടുള്ളൂ. അത് നല്ല സിനിമയായിരുന്നു. അതിലെനിക്കഭിമാനമുണ്ട്''

പെരുന്തച്ചൻ എന്ന കന്നിച്ചിത്രം സംവിധാനംചെയ്ത് മലയാള സിനിമാചരിത്രത്തെത്തന്നെ മാറ്റിമറിച്ച മനുഷ്യനാണ് തോപ്പിൽഭാസിയുടെ മകനായ അജയൻ. മികച്ച തിരക്കഥകൊണ്ടും അവതരണമികവു കൊണ്ടും വേറിട്ടുനിൽക്കുന്ന, ഇത്രയും ഗ്രമാറ്റിക്കലി കറക്ടായ ഒരു ചിത്രത്തിന് കിട്ടേണ്ടിയിരുന്ന പുരസ്കാരങ്ങൾ അന്ന് കിട്ടിയിരുന്നോ എന്ന് സംശയം. അതിനുശേഷം ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്ന് തിരക്കാത്തത് നമ്മൾ മലയാളികളുടെ പിഴവായിയിരുന്നു. ചിത്രഭൂമിയ്ക്ക് വേണ്ടി 2018 ഒക്ടോബർ 13-ന് അർച്ചുന വാസുദേവ് ചെയ്ത അഭിമുഖത്തിൽ നിന്ന്. ഞാനൊരു സിനിമയേ ചെയ്തിട്ടുള്ളൂ. അത് നല്ല സിനിമയായിരുന്നു. അതിലെനിക്കഭിമാനമുണ്ട്. ഇന്നും സിനിമ മാത്രമാണെന്റെ സ്വപ്നം. അജയൻ സംസാരിച്ചു തുടങ്ങി. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രബന്ധത്തിന്റെ ഭാഗമായാണ് പെരുന്തച്ചൻ എന്ന സിനിമയുടെ പണികൾ തുടങ്ങുന്നത്. എന്നാൽ പല കാരണങ്ങളാൽ അത് ചെയ്യാൻ ഇൻസ്റ്റിറ്റ്യൂട്ടുകാർ സമ്മതിച്ചില്ല. കോഴ്സ് കഴിഞ്ഞ് ഇരിക്കുന്ന സമയമാണ് ഭാവചിത്രയുടെ ജയകുമാർ തന്റെ സ്വപ്നപദ്ധതിയായ എം.ടി.യുടെ മാണിക്യക്കല്ല് സിനിമയാക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത്. ഒറ്റരാത്രികൊണ്ടാണ് അതിന്റെ തിരക്കഥ തയ്യാറാക്കിക്കൊടുത്തത്. അതിൽ ജയകുമാറിന് വളരെയധികം മതിപ്പുതോന്നിയിരുന്നു. മാണിക്യക്കല്ല് ഒരു ഫാന്റസിയുടെ സ്വഭാവമുള്ള സിനിമയായതുകൊണ്ട് അത്ര പെട്ടെന്ന് അത് സിനിമയാക്കുക അന്നത്തെക്കാലത്ത് എളുപ്പമല്ലായിരുന്നു. അങ്ങനെയാണ് പെരുന്തച്ചന്റെ പണിപ്പുരയിലേക്കിറങ്ങുന്നത്. ജി. ശങ്കരക്കുറുപ്പിന്റെ പറയിപെറ്റ പന്തിരുകുലം വായിച്ചനാൾമുതൽ പെരുന്തച്ചനോടൊരു ഇഷ്ടം ഉണ്ടായിരുന്നു. എം.ടി.യോട് സംസാരിച്ചപ്പോൾ അത് സിനിമയാക്കുന്നതിൽ അദ്ദേഹത്തിന് പൂർണ സമ്മതം. തിരക്കഥ എഴുതുന്നത് എം.ടി.യാകുമ്പോൾ ആ ഭാഗം തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ല. സുഹൃത്തായിരുന്ന കൃഷ്ണമൂർത്തിയുമായി ഉടനെ ലൊക്കേഷൻ കാണാൻ ഇറങ്ങി. മൂകാംബിക, കുന്താപുർ ഭാഗങ്ങളിൽ കുറെ കറങ്ങിത്തിരിഞ്ഞ് നടന്നു. ഷൂട്ടിങ് ലൊക്കേഷനുകളിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ എപ്പോഴും ഒരു തടസ്സമായി തോന്നാറുണ്ട്. പോസ്റ്റുകൾ അധികമില്ലാത്ത സ്ഥലമാവണം തിരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിച്ചിരുന്നു. കുന്താപുർ പ്രകൃതിരമണീയമായ സ്ഥലമായിരുന്നു. കൊട്ടാരങ്ങളും പഴയ അമ്പലങ്ങളും മയിലുകളും മുയലുകളും എല്ലാം ധാരാളമുള്ള ആ ഭാഗംതന്നെ പെരുന്തച്ചന്റെ ലൊക്കേഷനായി തിരഞ്ഞെടുത്തു. പെരുന്തച്ചന്റെ കുടുമ സിനിമയ്ക്കുവേണ്ടിയുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, എല്ലാം തങ്ങൾതന്നെ പോയി വാങ്ങണമെന്നുണ്ടായിരുന്നു. കസവുവസ്ത്രങ്ങൾ ഭാര്യ മുൻകയ്യെടുത്ത് തിരുവനന്തപുരത്തുനിന്ന് വാങ്ങി. മദ്രാസിൽ പോയാണ് അഭിനേതാക്കൾക്കുള്ള ആന്റിക് ആഭരണങ്ങളൊക്കെ വാങ്ങിയത്. മൗണ്ട് റോഡിലെ തെരുവുകളിൽ ഒരുപാട് കറങ്ങിത്തിരിഞ്ഞ് നടന്നിട്ടുണ്ട്. അവിടെയുള്ള ഒരു കടയിൽ നല്ല ഭംഗിയുള്ള ജാപ്പനീസ് പാവകളെ വെച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അതിലെ ഒരു പാവയ്ക്ക് തന്റെ സങ്കല്പത്തിലെ പെരുന്തച്ചന്റെ കുടുമയുമായി നല്ല സാദൃശ്യമുണ്ടായിരുന്നു. ആ പാവ, കടക്കാരൻ വിൽക്കാൻ തയ്യാറാവാത്തതുകൊണ്ട് കൃഷ്ണമൂർത്തിയോട് പറഞ്ഞ് ആ രൂപം അതേപോലെ വരച്ചെടുക്കാൻ ആവശ്യപ്പെട്ടു. പെരുന്തച്ചന്റെ വിഖ്യാതമായ കുടുമ ആ പാവയുടെ തനിപ്പകർച്ചയാണ്. കുന്താപുരിലെ അമ്പലങ്ങളിൽ നിഷ്ഠകൾ കുറവായിരുന്നു. പല സമയങ്ങളിലും അമ്പലത്തിന്റെ ഓടിളക്കി ഷൂട്ട്ചെയ്യേണ്ടതായിവന്നിട്ടുണ്ട്. അവിടെയുള്ളവർക്ക് അതൊരു പ്രശ്നമായിരുന്നില്ല. അവർ അമ്പലത്തിനുള്ളിലെ ബിംബംവരെ ഷൂട്ട്ചെയ്യാൻ അനുവാദം തന്നു. ഇത്രയും സൗകര്യങ്ങൾ കേരളത്തിലെ അമ്പലങ്ങളിൽ ലഭിച്ചിരിക്കുമോ എന്നത് സംശയമാണ്. നായിക വന്ന വഴി അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നകാര്യത്തിൽ വലിയ തയ്യാറെടുപ്പുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. എം.ടി.യുടെ അഭിപ്രായപ്രകാരം പെരുന്തച്ചനായി തിലകനെയും തമ്പുരാനായി നെടുമുടിവേണുവിനെയും ആദ്യമേ നിശ്ചയിച്ചു. അവരെ അതറിയിക്കുകയും രണ്ടുപേരും സമ്മതം തരുകയും ചെയ്തു. മറ്റ് നടീനടന്മാരെക്കുറിച്ച് ഷൂട്ടിന് രണ്ടുദിവസം മാത്രം ബാക്കിയാവുന്ന സമയത്താണ് ആലോചിക്കുന്നത്. രണ്ട് നായികമാർ വേണം. പെരുന്തച്ചന്റെ മകനായി അഭിനയിക്കാൻ ഒരാൾ വേണം. നീലകണ്ഠനാവാൻ ഒരുത്തൻ വേണം. നായികയെ തിരഞ്ഞെടുക്കാൻ മോനിഷയുടെ അമ്മയെ സമീപിക്കാൻ തീരുമാനിച്ചു. ഉടനെ ഒരു കാറെടുത്ത് അവരെ കാണാൻ ബാംഗ്ലൂരിലേക്ക് പോയി. അവർ അംഗമായിട്ടുള്ള മലയാളിസമാജത്തിൽനിന്നോ അവരുടെ നൃത്തവിദ്യാലയത്തിൽനിന്നോ കഥാപാത്രത്തിന് അനുയോജ്യയായ ഒരു കുട്ടിയെ തിരഞ്ഞെടുത്തുതരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇത് കേട്ടുകൊണ്ടാണ് മോനിഷ മുകളിൽനിന്നിറങ്ങിവരുന്നത്. ആവശ്യം കേട്ടതോടുകൂടി അവരുടെ മുഖത്തെ പ്രസാദം ഇല്ലാതായത് ശ്രദ്ധിച്ചു. എന്നാൽ മോനിഷതന്നെ മതിയല്ലോ തമ്പുരാട്ടിക്കുട്ടിയായി എന്ന് തീരുമാനിച്ചു. ഉടനെ എം.ടി.സാറിനെ വിളിച്ച് കാര്യം പറയുകയും ചെയ്തു. അടുത്തദിവസം മൂകാംബികയിൽവെച്ച് പെരുന്തച്ചന്റെ സ്വിച്ച് ഓൺ കർമമാണ്. നിങ്ങൾ നടിയെ തേടി ബാംഗ്ലൂരിലാണെങ്കിൽ സ്വിച്ച് ഓൺ കർമത്തിന് ആര് പോകും എന്ന് എം.ടി. ചോദിച്ചതിപ്പോഴും ഓർക്കുന്നു. ആ രാത്രിതന്നെ വണ്ടിയോടിച്ച് മൂകാംബികയിലേക്ക് പോയി. സ്വിച്ച് ഓൺ കർമം കഴിഞ്ഞ് അടുത്തദിവസം ഷൂട്ട് തുടങ്ങുകയാണ്. മുഖ്യനായിക തീരുമാനമായിട്ടില്ല. ജയകുമാറിന്റെ നിർദേശപ്രകാരം മദ്രാസിൽനിന്ന് വന്നിട്ടുള്ള ഒരു പെൺകുട്ടിയെ തനിക്ക് അത്ര ബോധിച്ചില്ല. കൃഷ്ണമൂർത്തിയെയും കൂട്ടി പുറത്തേക്കിറങ്ങി തന്റെ ഫോൺബുക്കിൽനിന്ന് നമ്പർ തപ്പിയെടുത്ത് സുഹൃത്തായ പ്രസാദിനെ വിളിച്ചു. വിനയയ്ക്ക് ഉടനെ മംഗലാപുരത്തേക്ക് ഒരു ടിക്കറ്റ് എടുത്തുകൊടുത്ത് നാളെത്തന്നെ എത്തിക്കണം എന്നാവശ്യപ്പെട്ടു. തന്റെ ആദ്യസിനിമയാണെന്നും പറ്റില്ലെന്ന് പറയരുതെന്നും ശഠിച്ചു. 25,000 രൂപ വേതനം കൊടുക്കാമെങ്കിൽ അവരെ അയയ്ക്കാമെന്ന് പ്രസാദ് പറഞ്ഞു. അങ്ങനെ വിനയാപ്രസാദിനെ മുഖ്യനായികയായി തീരുമാനിച്ചു. ഷൂട്ട് തുടങ്ങുന്നതിന് ഒരു രാത്രി മുൻപ്! ഷൂട്ടിങ്ങിനിടയിൽ ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചാണ് പ്രശാന്തിനെ കാണുന്നത്. അന്വേഷിച്ചറിഞ്ഞപ്പോൾ നടൻ ത്യാഗരാജന്റെ മകനാണെന്ന് മനസ്സിലായി. അദ്ദേഹത്തോട് സമ്മതം ചോദിച്ച് പ്രശാന്തിനെ പെരുന്തച്ചന്റെ മകനായി അഭിനയിപ്പിക്കാൻ തീരുമാനിച്ചു. എം.ടി.ക്ക് ആ തീരുമാനത്തോട് അത്രയ്ക്ക് താത്പര്യമില്ലായിരുന്നുവെങ്കിലും സമയപരിമിതി കാരണം വേറെ ആളെ നോക്കിയില്ല. മനോജ് അന്ന് അവിടെ അഭിനയമോഹവുമായി കറങ്ങിനടക്കുന്നുണ്ടായിരുന്നു. തല മുണ്ഡനംചെയ്ത് മനോജിനെ നീലകണ്ഠനാക്കി. തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയിൽവെച്ചാണ് സന്തോഷ് ശിവനെ പരിചയപ്പെട്ടത്. അദ്ദേഹം ചെയ്ത ചില വർക്കുകൾ കാണാൻ തന്നെ ക്ഷണിച്ചതപ്പോഴാണ്. അസാധ്യമായ കലാസൃഷ്ടികളായിരുന്നു അവയെല്ലാം. പെരുന്തച്ചൻ ഷൂട്ട്ചെയ്യാൻ സന്തോഷിനെ ക്ഷണിക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായിവന്നില്ല. ഫോണിൽ ബന്ധപ്പെട്ടതും വളരെ സന്തോഷത്തോടെ ഒരുപാട് പുസ്തകങ്ങളും ക്യാമറയും ഒക്കെയായി സന്തോഷ് അടുത്തദിവസംതന്നെ എത്തി. സിനിമയിൽ ഉപയോഗിക്കേണ്ടതായ കളർ ടോൺ ഏതാവണമെന്ന് സന്തോഷിന് നല്ല ധാരണയുണ്ടായിരുന്നു. തടിയിൽ പണിയെടുക്കുന്ന ആളായിരുന്നു പെരുന്തച്ചൻ എന്നുള്ളതുകൊണ്ട് അതിനനുയോജ്യമായ ഒരു ടോൺ സിനിമയിലുടനീളം ഉപയോഗിക്കാൻ തീരുമാനിച്ചു. ഈസ്റ്റ്മാൻ ഫിലിമിലാണ് പെരുന്തച്ചൻ ഷൂട്ട്ചെയ്തത്. സാമ്പത്തികബുദ്ധിമുട്ടുകൾ ധാരാളം ഉണ്ടായിരുന്നു. രാവിലെയായാൽ ലൊക്കേഷനിൽ നാലഞ്ച് വണ്ടികൾ നിരനിരയായി കിടക്കുന്നത് കാണാം. വണ്ടി ഓടിക്കാൻ ഡീസൽ ഇല്ല. ഓരോ ദിവസത്തെയും പ്രശ്നങ്ങൾ പരിഹരിച്ച് ഷൂട്ടിങ് തുടങ്ങാൻ ഉച്ചയാകും. ടെക്നോളജിയുടെ സഹായമില്ല. എന്നിട്ടും ഒരൊറ്റ ക്യാമറ ഉപയോഗിച്ച് മുപ്പത്തിരണ്ടുദിവസം മാത്രമാണ് പടം തീർക്കാനായി എടുത്തത്. ധൂർത്തില്ലാത്ത ഷൂട്ടിംഗ് കാശിന്റെ പരിമിതി കണക്കാക്കാതെ ഷൂട്ടിനാവശ്യമായ എല്ലാ വസ്തുക്കളും ലൊക്കേഷനിൽ ജയകുമാർ എത്തിച്ചിരുന്നു. സ്ത്രീകളുടെതെല്ലാം മുന്തിയ ഇനം കസവുവസ്ത്രങ്ങളായിരുന്നു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും അതിലൊന്നും ചെയ്തിട്ടില്ല. ഭക്ഷണമെല്ലാം ആ സ്ഥലത്തുതന്നെയുള്ള ചെറിയ ഹോട്ടലുകളിലായിരുന്നു. ചെറിയ കുടിലുകളായിരുന്നു അവിടെയുള്ള ഹോട്ടലുകൾ. നല്ല മാങ്ങാ അച്ചാറും തൈരും കൂട്ടിയുള്ള സ്വാദിഷ്ടവും ലളിതവുമായ ഊണ്. തിലകന് പച്ചക്കറിവിഭവങ്ങളോട് വലിയ താത്പര്യമില്ലായിരുന്നു. അദ്ദേഹത്തിനുവേണ്ടി മാത്രം മാംസാഹാരങ്ങൾ പ്രത്യേകമായി വരുത്താറുണ്ടായിരുന്നു. ഷൂട്ട് കഴിഞ്ഞ് എന്നും വൈകീട്ട് മുപ്പത്തിയഞ്ചോളം കിലോമീറ്ററുകൾ വണ്ടിയോടിച്ച് മൂകാംബികയിലേക്ക് പോകുമായിരുന്നു. അവിടെ പോയി കുളിച്ചുതൊഴുത് തിരിച്ച് താമസസ്ഥലത്തേക്ക് തിരിക്കും. ആ പതിവ്, ഷൂട്ട് കഴിയുവോളം തെറ്റിച്ചിട്ടില്ല. തികഞ്ഞ ആത്മാർഥതയോടെയാണ് എല്ലാവരും സിനിമയ്ക്കുവേണ്ടി പ്രവർത്തിച്ചത്. താൻ അന്ന് നവാഗതനായ സംവിധായകൻ, സന്തോഷ് ശിവന്റെ ചിത്രങ്ങളൊന്നും ആളുകൾ അറിഞ്ഞുതുടങ്ങിയിട്ടില്ല, അഭിനേതാക്കളിലും ആർക്കും വലിയ വിശ്വാസം പോരാ എന്നതൊക്കെക്കൊണ്ട് ആസമയം നാട്ടിലുണ്ടായിരുന്ന എല്ലാ പ്രമുഖരെയും വിളിച്ചാണ് അന്ന് പെരുന്തച്ചന്റെ റഷസ് കാണിച്ചത്. എല്ലാവർക്കും അന്ന് നല്ല അഭിപ്രായമായിരുന്നു. ലാബിൽവെച്ചുതന്നെ സിനിമ കണ്ട് അന്ന് മണിരത്നം പുകഴ്ത്തിയത് ഒരുപാട് സന്തോഷിപ്പിച്ചിരുന്നു. ഷൂട്ടിങ്ങിനിടയിൽ തിലകൻ, എം.ടി, സന്തോഷ് ശിവൻ എന്നിവരോടൊപ്പം ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ് പപ്പന്റെ വിയോഗം ആയിടയ്ക്ക് സംവിധായകൻ പദ്മരാജനുമായി ചെറിയൊരു പിണക്കത്തിലായി. അദ്ദേഹത്തിന്റെ സിനിമയുടെ ഷൂട്ടിനിടയിൽ വന്ന ഒരു ചെറിയ സൗന്ദര്യപ്പിണക്കം. ഒരുദിവസം പദ്മരാജൻ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ മുറിയിലേക്ക് ചെല്ലുവാൻപറഞ്ഞു. എന്തൊക്കെയോ സംസാരിക്കാനുണ്ടെന്ന് മനസ്സിലായെങ്കിലും അധികനേരം അദ്ദേഹത്തിന്റെയടുത്ത് നിന്നില്ല. പെരുന്തച്ചന്റെ എഡിറ്റിങ്ങെല്ലാം പൂർത്തിയായസമയം അദ്ദേഹത്തെ വിളിച്ച് സിനിമയിലെ അവസാനഭാഗം കാണിച്ചുകൊടുത്ത് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കിൽ പറയുവാൻ പറഞ്ഞു. പദ്മരാജന്റെ വീക്ഷണം തെറ്റില്ലെന്ന് എനിക്ക് അത്രയ്ക്കുറപ്പായിരുന്നു. സിനിമ കണ്ട് ക്ലൈമാക്സ് അതുപോലെതന്നെ മതിയെന്ന് ഉറപ്പുപറഞ്ഞത് പദ്മരാജനാണ്. പിന്നീട് പെരുന്തച്ചന്റെ മിക്സിങ്ങിനിരിക്കുമ്പോഴാണ് അദ്ദേഹം വിളിക്കുന്നത്. അദ്ദേഹത്തിന്റെ ചിത്രം ഞാൻ ഗന്ധർവൻ അടുത്തദിവസം റിലീസാണ്. അതൊന്ന് കാണുവാനാണ് വിളിക്കുന്നത്. അപ്പോഴെല്ലാം ലാബ് കിട്ടുക അത്ര എളുപ്പമല്ല. മിക്സിങ് പാതിയിൽ നിർത്തി പോകുന്നത് ശരിയല്ലല്ലോ എന്നുകരുതി അടുത്തദിവസം തിരുവനന്തപുരത്തേക്ക് വരുമെന്നും അവിടെവെച്ച് കാണാം എന്നും പറഞ്ഞാണ് ഫോൺ വെച്ചത്. പക്ഷേ, പെരുന്തച്ചന്റെ ആദ്യപ്രിന്റുമായി തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോൾ ആദ്യം കേൾക്കുന്നത് പദ്മരാജന്റെ മരണവാർത്തയായിരുന്നു. മരണവീട്ടിൽ പോയി പദ്മരാജനെ അവസാനമായൊന്ന് കണ്ടു. അവിടെനിന്ന് നേരേ പോയത് കൊല്ലത്തേക്കായിരുന്നു. അന്ന് പെരുന്തച്ചൻ റിലീസാണ്. തിയേറ്ററിൽ മാറ്റിനി കാണാൻവേണ്ടി കയറി. പെരുന്തച്ചൻ തന്റെ ഒരു വലിയ സ്വപ്നമായിരുന്നു. അത് ഗംഭീരമായിരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. തിയേറ്റർ ഹൗസ് ഫുൾ ആണ്. തിങ്ങിനിറഞ്ഞ തിയേറ്ററിന്റെ പിൻഭാഗത്തെ ഒരു സീറ്റിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ കൈകാലുകൾ ചലനമറ്റപോലെ തോന്നി. ആളുകളുടെ പ്രതികരണം എന്താകുമെന്ന ഉത്കണ്ഠയാണ് മനസ്സ് നിറയെ. പടം കഴിഞ്ഞതും ജനമൊന്നടങ്കം എഴുന്നേറ്റുനിന്ന് കൈയടിച്ചു. ചിരിക്കണോ കരയണോ എന്നറിയാത്ത ഒരു അവസ്ഥയായിരുന്നു അപ്പോൾ. പറഞ്ഞറിയിക്കാൻവയ്യാത്ത സന്തോഷമായിരുന്നു മനസ്സ് നിറയെ. Content Highlights: Perumthachan film director Ajayan interview

from movies and music rss https://ift.tt/2UElIep
via IFTTT

No comments:

Post a Comment