ബോളിവുഡിൽ തന്റേതായൊരു ഇടം ഉണ്ടാക്കിയെടുത്ത നടിയാണ് വിദ്യാബാലൻ. എന്നാൽ, ഈ താരസിംഹാസനത്തിലേയ്ക്കുളള വിദ്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പൂച്ചെണ്ടുകൾ കൊണ്ട് മാത്രമല്ല, കൂർത്ത കുപ്പിച്ചില്ലുകളും വിരിച്ചായിരുന്നു സിനിമാലോകം വിദ്യയെ സ്വീകരിച്ചത്. ഇന്നും ആ അനുഭവങ്ങൾ നരയ്ക്കാതെ നിൽപുണ്ട് വിദ്യയുടെ മനസ്സിൽ. അതാണ് വിനോദ വെബ്സൈറ്റായ പിങ്ക്വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ തുറന്നുപറയുന്നത്. കാണാൻ കൊള്ളില്ലെന്ന് ഒരു നിർമാതാവ് മുഖത്ത് നോക്കി പറഞ്ഞതും സംസാരിക്കാൻ മുറിയിലേയ്ക്ക് പോകാൻ ഒരു സംവിധായകൻ നിർബന്ധിച്ച കാര്യവുമെല്ലാം വിദ്യ അഭിമുഖത്തിൽ പറയുന്നുണ്ട്. ഒരു ടെലിവിഷൻ സീരിയലിനുവേണ്ടിയായിരുന്നു എന്റെആദ്യ ഓഡിഷൻ. അന്ന് കേളേജിൽ പഠിക്കുകയായിരുന്നു ഞാൻ. സഹോദരിയാണ് എനിക്കുവേണ്ടി അപേക്ഷ അയച്ചത്. മേക്കപ്പിട്ടതും എങ്ങനെ പോസ് ചെയ്യണമെന്നുമെല്ലാം പറഞ്ഞത് അവൾ തന്നെ. എന്നിട്ട് ഞങ്ങൾ അവിടുത്തെ ഒരു സ്റ്റുഡിയോയിൽ പോയി പടമെടുത്തു. ആ ചിത്രങ്ങൾ അയച്ചുകൊടുത്തു. എനിക്ക് ഓഡിഷനുള്ള കത്ത് ലഭിക്കുകയും ചെയ്തു. ഏതാണ്ട് എഴുപത്, എൺപത് പേരെങ്കിലും ഉണ്ടായിരുന്നു അന്നവിടെ. കാലത്ത് പതിനൊന്ന് മണിക്ക് അവിടെ എത്തിയിട്ട് എനിക്ക് അവസരം ലഭിച്ചത് വൈകീട്ട് ഏഴ് മണിക്കാണ്. ശരിക്കും വട്ടായിരുന്നു. എന്റെ അമ്മ ചോദിച്ചു. നിനക്ക് ശരിക്കും ഇത് വേണോ. ഒരുപാട് കാത്തിരിക്കേണ്ടിയെല്ലാം വരില്ലേ എന്നൊക്കെ ചോദിച്ചു. പക്ഷേ, ആ ഓഡിഷനിൽ ഞാൻ തിരിഞ്ഞെടുക്കപ്പെട്ടില്ല. എട്ട് മാസം ഷൂട്ടിങ്ങുണ്ടായിരുന്നു. എന്നിട്ട് അത് നിർത്തി. ആ ചാനൽ വെളിച്ചം കണ്ടതുമില്ല. തുടക്കം മുതൽ തന്നെ ഹൃദയം തകരുന്ന അനുഭവമായിരുന്നു. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടിട്ടും ഞാൻ പോയില്ല എന്നായിരുന്നു എന്റെ വീട്ടുകാർ വിചാരിച്ചിരുന്നത്.. പിന്നെ ഞാൻ ഓഡിഷനൊന്നും പോയില്ല. പടങ്ങൾ അയച്ചുകൊടുത്തതുമില്ല. ആയിടയ്ക്കാണ് ബാലാജി സ്റ്റുഡിയോയിൽ നിന്ന് വിളി വരുന്നത്. അപ്പോഴാണ് ഹം പാഞ്ച് സംഭവിക്കുന്നത്. ഒരു വീഡിയോ ശിൽപശാലയിൽ പങ്കെടുക്കുകയായിരുന്നു ഞാൻ. അതിന്റെ വിധികർത്താവാണ് പരസ്യത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. അങ്ങനെ നാൽപത് പേർ പങ്കെടുത്ത ഒരു ഓഡിഷനിൽ ഞാനും പങ്കാളിയായി. അന്ന് മലയാളം ഉൾപ്പടെ വാക്കാൽ കരാർ ഉറപ്പിച്ച ഒരുപാട് സിനിമകൾ എനിക്ക് നഷ്ടമായി. മോഹൻലാലിന്റെ സിനിമ വരെയുണ്ട് അതിൽ.ഹൃദയഭേദകമായിരുന്നു ആ അനുഭവങ്ങൾ. ഒരു തമിഴ് ചിത്രത്തിൽ നിന്ന് വലിച്ചെറിയപ്പെടുകയായിരുന്നു ഞാൻ. അന്ന് എന്റെ വീട്ടുകാർ ഒപ്പം വന്നിരുന്നു. ഞാൻ ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഞങ്ങൾ നിർമാതാവിന്റെ ഓഫീസിലെത്തി. അദ്ദേഹം സിനിമയിലെ ചില ക്ലിപ്പിങ്ങുകൾ ഞങ്ങളെ കാണിച്ചു. എന്നിട്ട് ചോദിച്ചു: ഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ എന്ന്. സത്യസന്ധമായി പറഞ്ഞാൽ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. സംവിധായകനായിരുന്നു നിർബന്ധം. ഞാൻ വിവരം അറിയുമ്പൊഴേയ്ക്കും അവർ എന്നെ ചിത്രത്തിൽ നിന്ന് മാറ്റിക്കഴിഞ്ഞിരുന്നു. എന്റെ വീട്ടുകാർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല. എന്തായിരുന്നു പ്രശ്നം എന്നറിയാൻ മാത്രമാണ് ഞങ്ങൾ നിർമാതാവിനെ ചെന്നു കണ്ടത്. മറ്റെന്തെങ്കിലും നോക്കിക്കൂടെ എന്നായിരുന്നു അവർ അന്ന് എന്നോട് ചോദിച്ചത്. ആത്മനിന്ദയായിരുന്നു എനിക്ക് അപ്പോൾ തോന്നിയത്. ഏതാണ്ട് ആറു മാസത്തോളം ഞാൻ കണ്ണാടിയിൽ പോലും എന്നെ നോക്കിയില്ല. ഒരു വൃത്തികെട്ട രൂപമായാണ് എനിക്ക് എന്നെ തന്നെ തോന്നിയിരുന്നത്. ആ പറഞ്ഞതിന് അയാളോട് കുറേക്കാലം ഞാൻ ക്ഷമിച്ചിരുന്നുമില്ല. പക്ഷേ, മറ്റ് പലതും പോലെ ഈ അനുഭവവും എന്നെ ഒരു പാഠം പഠിപ്പിച്ചു. ഞാൻ എങ്ങനെയാണോ അതുപോലെ തന്നെ എന്നെ ഞാൻ തന്നെ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്ന് ആ അനുഭവമാണ് എന്നെ പഠിപ്പിച്ചത്. ചിലർ നമ്മളെ സൗന്ദര്യമുള്ളവരായി കണ്ടേക്കും ചിലർ നമ്മളെ അങ്ങേയല്ലം വൃത്തികെട്ടവരായി കണ്ടേക്കും. പക്ഷേ, നമ്മളെ തന്നെ എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. പിന്നെ മറ്റൊരു തമിഴ് ചിത്രത്തിലും വാക്കാൽ കരാറായിരുന്നു. അങ്ങനെ ഞാൻ ചെന്നൈയിൽ എത്തി ഒരു ദിവസം ഷൂട്ട് ചെയ്യുകയും ചെയ്തു. എനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതായിരുന്നു അതിലെ ഹാസ്യം. എല്ലാം ദ്വയാർഥമുള്ള ഡയലോഗുകൾ. അതൊരു സെക്സ് കോമഡി ആയിരുന്നോ എന്നെനിക്ക് അറിയില്ലായിരുന്നു. ഇതുപോലുള്ള ചിത്രങ്ങൾ ചെയ്യാൻ എനിക്ക് താത്പര്യമില്ലെന്ന് ഞാൻ തുറന്നു പറഞ്ഞു. അങ്ങനെ ഞാൻ അത് ഉപേക്ഷിച്ച് തിരിച്ചുവന്നു. അയാൾ പിന്നീട് എനിക്ക് ഒരു വക്കീൽ നോട്ടീസ് അയക്കുകയൊക്കെ ചെയ്തിരുന്നു. തുടക്കകാലത്ത് ആളുകൾ നമ്മളോട് മാന്യമായൊന്നും പെരുമാറി എന്നു വരില്ല. അതൊന്നും എനിക്ക് ഇഷ്ടമായിരുന്നില്ല. ബഹുമാനം നൽകിയാൽ തിരിച്ചുകിട്ടും എന്നായിരുന്നു എന്റെ രക്ഷിതാക്കൾ എന്നെ പഠിപ്പിച്ചത്. അവർ എന്നോട് മോശമായി പെരുമാറി എന്നല്ല, പക്ഷേ, ഞാൻ അവർക്കൊപ്പം അസ്വസ്ഥയായിരുന്നു. ഇതൊക്കെ വളരെ വിലപ്പെട്ട പാഠങ്ങളായിരുന്നു. പരിണീതയ്ക്കുവേണ്ടി എത്ര ഓഡിഷൻ നൽകിയെന്ന് എനിക്ക് തന്നെ ഓർമയില്ല. ആളുകൾ പല കണക്കുകളും പറയുന്നുണ്ട്. പ്രദീപ് സർക്കാർ ഇടയ്ക്ക് പറയും നമുക്ക് ഒരു ടെസ്റ്റ് കൂടി ആയാലോ എന്ന്. വല്ലാണ്ടാവുമ്പോൾ ഞാൻ ചോദിക്കും, നിങ്ങളെന്താണ് എന്റെ വിരലാണോ പരിശോധിക്കുന്നത് എന്ന്. പക്ഷേ, അവർ അത് തുടർന്നു. കാരണം അതൊരു ബിഗ് ബജറ്റ് ചിത്രമായിരുന്നു. എന്റേത് ടൈറ്റിൽ റോളല്ലെ. അതുകൊണ്ട് ഞാൻ അതിന് തയ്യാറാണെന്ന് അവർക്ക് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ഇതുപോലെ വസ്ത്രം ധരിച്ച് പുറത്തിറങ്ങരുതെന്ന് ആളുകൾ എഴുതിയപ്പോഴാണ് ഞാൻ ശരിക്കും ആശങ്കപ്പെട്ടത്. അതെന്നെ വല്ലാതെ ബാധിച്ചിരുന്നു. ഒരുപാട് കാലം അതോർത്ത് എനിക്ക് ദേഷ്യം വരാറുണ്ടായിരുന്നു. ഇപ്പോൾ ഞാൻ അത് കാര്യമാക്കാറില്ല. എല്ലാവരും നമ്മളെ ഇഷ്ടപ്പെടുന്ന ഒരു സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ല. നമ്മൾ എന്നും ഒരുപോലെ സ്നേഹിക്കുന്ന ഒരാളേ ഉണ്ടാകൂ. അത് നമ്മൾ തന്നെയാണ്. നമുക്ക് നമ്മളോടുള്ള ഇഷ്ടവും അനിഷ്ടവുമാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ഒരു ദിവസം ഞാൻ ഓർക്കുന്നു. ചെന്നൈയിൽ വച്ച് ഒരു സംവിധായകൻ എന്നെ കാണാൻ വന്നു. ഞാൻ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമ്മൾ കോഫി ഷോപ്പിൽ വച്ച് സംസാരിക്കാം എന്നു ഞാൻ പറഞ്ഞു. എന്നാൽ, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആൾക്കാരുണ്ട് അതുകൊണ്ട് മുറിയിൽ പോകാം എന്ന് അയാൾ നിർബന്ധിച്ചുകൊണ്ടിരുന്നു. ഞാൻ അപ്പോൾ ഒരു കാര്യം ചെയ്തു. വാതിൽ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാൾ അപ്രത്യക്ഷനായി. അയാൾ ഒന്നും പറഞ്ഞില്ല. അത്തരത്തിൽ ഒരു മോശം അനുഭവം മാത്രമാണ് എനിക്ക് ഉണ്ടായത്. Story Courtesy: Pinkvilla.com Content Highlights:Bollywood Actress Vidya Balan shares nightmarish experience with Tamil producer
from movies and music rss https://ift.tt/2Hrphj3
via
IFTTT
No comments:
Post a Comment