ഹിമാചലിൽ ഉണ്ടായ കനത്ത മഴയിലും പ്രളയത്തിലും നടി മഞ്ജു വാര്യർ ഉൾപ്പെടുന്ന സിനിമാ സംഘം കുടുങ്ങിയെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. അനിശ്ചിതാവസ്ഥകൾക്കൊടുവിൽ ഇവർക്ക് വേണ്ട ഭക്ഷണവും സാധനങ്ങളും എത്തിക്കാൻ സാധിച്ചെന്നും മുപ്പതോളം പേരടങ്ങുന്ന സിനിമ സംഘത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കിയെന്ന ആശ്വാസ വാർത്തയും പുറത്തു വന്നു. അതിന് പിന്നാലെ തങ്ങൾ സുരക്ഷിതരാണെന്ന് അറിയിച്ചു കൊണ്ട് സംവിധായകൻ സനൽ കുമാർ ശശിധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റും ലൈവ് വീഡിയോയും പുറത്തുവന്നു. ഇപ്പോഴിതാ തങ്ങൾ സുരക്ഷിതരാണെന്ന് വ്യക്തമാക്കി പ്രാർഥിച്ചവർക്കും കരുതൽ നൽകിയവർക്കും നന്ദി പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മഞ്ജു. "സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ മുഴുവൻ ടീമും ഞാനും സുരക്ഷിതരായി രാത്രിയോടെ മണാലിയിൽ തിരിച്ചെത്തിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നു...മണ്ണിടിച്ചിലും മഞ്ഞ് വീഴ്ചയും മൂലം ആറ് ദിവസത്തോളം ഹിമാചലിലെ ഛത്രുവിൽ കുടുങ്ങിയ ശേഷം ഞങ്ങളിപ്പോൾ പൂർണമായും സുരക്ഷിതരാണ്... രക്ഷാപ്രവർത്തനം ഉത്തരവാദിത്തത്തോടെയും വേഗത്തിലും നടപ്പിലാക്കിയ വലിയ മനസ്സുകളോട് നന്ദി പറയുന്നു.. നിങ്ങൾനൽകിയ സ്നേഹത്തിനും കരുതലിനും പ്രാർത്ഥനകൾക്കും ഓരോരുത്തരോടും നന്ദി പറയുന്നു.." മഞ്ജു ഫെയ്സ്ബുക്കിൽ കുറിച്ചു. മഞ്ഞ് വീഴ്ച്ചക്കിടെ സംഘം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ വീഡിയോയും മഞ്ജു പങ്കുവച്ചിട്ടുണ്ട്. ചോലയ്ക്കു ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മഞ്ജു വാര്യർ ഉൾപ്പെടുന്ന സംഘം ഹിമാചലിലെ മണാലിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള ഛത്രു എന്ന സ്ഥലത്ത് എത്തിയത്. ചിത്രീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ച്ചയായി ഇവർ ഹിമാചലിൽ ഉണ്ട്. സനൽകുമാറും മഞ്ജുവുമടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇവർ. ഈ പ്രദേശത്തെ ടെലിഫോൺ, വൈദ്യുതി, ഇന്റർനെറ്റ് ബന്ധവും തകരാറിലായിരുന്നു. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരാണ് ഷൂട്ടിങ് സംഘം ഹിമാചലിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഷൂട്ട് പൂർത്തിയാകാത്തതിനാൽ കഴിഞ്ഞ ദിവസം ഛത്രുവിൽ തന്നെ തുടർന്ന സംഘത്തെ ബുധനാഴ്ച്ച ഉച്ചയോടെ കോക്സാർ ബേസിലെത്തിച്ചുവെന്നും മണാലിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും ലഹൂൽ സ്പീതി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മേധാവി അർഷീൽ ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞിരുന്നു. ആഗസ്റ്റ് 24ന് മുമ്പ് അപകടസ്ഥലത്തു നിന്നും പോകണമെന്നും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തങ്ങൾ സംഘത്തെ അറിയിച്ചിരുന്നുവെന്നും ബുധനാഴ്ച്ച രാവിലെ തങ്ങൾ പോകുമെന്ന് ഉറപ്പു നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. Content Highlights :Manju Warrier Facebook post From Himachal Kayattam Movie Location In Chathru Landslide Rain
from movies and music rss https://ift.tt/2P93HGr
via
IFTTT
No comments:
Post a Comment