Friday, November 20, 2020

'അഭിനയമായാലും നൃത്തമായാലും വാശികയറിയാല്‍ മഞ്ജുവിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല'

മഴക്കാലത്ത് അന്തിക്കാട് കോൾപ്പാടങ്ങളിൽ വെള്ളം നിറയും. കടവത്തുനിന്ന് നോക്കിയാൽ നോക്കെത്താദൂരത്തോളം വെള്ളം മാത്രം. അതിനപ്പുറത്തെ കരയാണ് പുള്ള് എന്ന ഗ്രാമം. സ്കൂൾക്കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ മഴക്കാലമാകാൻ കാത്തിരിക്കും. എന്റെ വീട്ടിൽനിന്ന് നിർത്താതെ ഒരോട്ടമോടിയാൽ കോൾപ്പടവുകളാരംഭിക്കുന്ന കടവിലെത്തും. മണ്ണുമ്മൽ ചന്ദ്രൻ, മാമ്പുള്ളി ശശി, ഒല്ലേക്കാട്ടെ സഹദേവൻ എന്നിങ്ങനെ കുറെ കൂട്ടുകാരുണ്ട്. കൂട്ടത്തിൽ മുതിർന്ന കുട്ടികൾ കടവിൽക്കിടക്കുന്ന വഞ്ചിയെടുത്ത് തുഴയാൻ തുടങ്ങും. ബാക്കിയുള്ളവർ ഐലസ പാടി പ്രോത്സാഹിപ്പിക്കും. വഞ്ചികുത്താൻ നല്ല പരിചയം വേണം, ഇടയ്ക്ക് ഞാനും ശ്രമിച്ചുനോക്കിയിട്ടുണ്ട്. നീളമുള്ള ഒരു മുളയാണ് കഴുക്കോൽ. അമരത്തുനിന്ന് ഇടതുവശം കുത്തിയാൽ വലത്തോട്ടും വലതുഭാഗത്ത് കുത്തിയാൽ ഇടത്തോട്ടും തിരിഞ്ഞ് വട്ടംകറങ്ങുകയല്ലാതെ വഞ്ചി മുന്നോട്ടുപോകില്ല. അറിയാവുന്നവർക്ക് ആ ജോലി വിട്ടുകൊടുത്താലാണ് വഞ്ചിയാത്ര ആസ്വദിക്കാനാവുക. വേനൽക്കാലത്തെ കൃഷിക്കുള്ള വെള്ളം സംഭരിക്കാൻ പുഴപോലെ വീതിയുള്ള നീർച്ചാലുകളുണ്ട്. അതിന്റെ ഇരുവശത്തും ഉയർത്തിക്കെട്ടിയ വീതിയുള്ള വരമ്പിൽ തട്ടാതെവേണം വള്ളം കൊണ്ടുപോകാൻ. കടലുപോലെ കിടക്കുന്ന പാടശേഖരത്തിലൂടെ വഞ്ചികുത്തി കളിച്ചു ക്ഷീണിക്കുമ്പോൾ കാഞ്ഞാണി - തൃശ്ശൂർ റോഡിലുള്ള പെരുമ്പുഴ പാലത്തിനടുത്തേക്ക് ഒതുക്കിനിർത്തും. അവിടെ വഴിവാണിഭക്കാർ സർബത്തും താമരച്ചക്കയും വിൽക്കാനിരിക്കുന്നുണ്ടാകും. പോക്കറ്റിലുള്ള ചില്ലറകൾ പെറുക്കിയെടുത്ത് എല്ലാവരുംചേർന്ന് ചക്കപ്പഴവും സർബത്തും കഴിക്കും. പിന്നെ വഞ്ചിവിടുന്നത് പുള്ളിലേക്കാണ്. ദേവീക്ഷേത്രവും അതിന്റെ തൊട്ടടുത്തുള്ള പുള്ള് വാരിയവും അന്നുമുണ്ട്. അവിടത്തെ മാധവവാരിയർ എന്ന യുവാവ് ഗിരിജ വാരിയർ എന്ന യുവ എഴുത്തുകാരിയെ അന്ന് താലികെട്ടിക്കൊണ്ടുവന്നിട്ടില്ല. പിന്നെയും കുറെക്കാലം കഴിഞ്ഞിട്ടാകണം ഗിരിജ വാരിയർ ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ പഠിക്കാൻ ചേർന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ അവരെഴുതിയ ചെമന്ന നൂലിഴ കോളേജ് കഥാ വിഭാഗത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ദുഃഖിതയുടെ മുഖം എന്ന കഥയും ആഴ്ചപ്പതിപ്പിൽത്തന്നെയാണ് വന്നത്. ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച ചിത്രങ്ങളോടെ മാതൃഭൂമിയിൽ വന്ന ആ കഥകളൊന്നും ഞാൻ അന്ന് കണ്ടിട്ടില്ല. അടുത്തകാലത്താണ് പഴയ വാരികകൾ പരിശോധിച്ചപ്പോൾ അത് കണ്ണിൽപ്പെട്ടത്. ഗിരിജ വാരിയർ പുള്ള് വാരിയത്തേക്കെത്തുമെന്നും അവർക്ക് മഞ്ജു എന്ന ഒരു സുന്ദരിക്കുട്ടി പിറക്കുമെന്നുമറിയാതെ ഞങ്ങൾ വീണ്ടും അന്തിക്കാട് കടവിലേക്ക് വഞ്ചിതുഴയും. വേനലും മഴയും പലതവണ മാറിമാറിവന്നു. ഞങ്ങൾ കൂട്ടുകാർ പലവഴിക്കായി. ശശി ദുബായിൽ പോയി, സഹദേവൻ പോർബന്തറിൽ സ്ഥിരതാമസക്കാരനായി, ചന്ദ്രൻ ചെത്തുകാരനും കർഷകനുമായി, ഞാൻ സിനിമയുടെ വഴിയിലും. സല്ലാപം എന്ന സിനിമയുടെ സെറ്റിൽവെച്ച് കണ്ടപ്പോഴാണ് മാധവവാരിയർ പറഞ്ഞു: ഞങ്ങൾ സത്യന്റെ അടുത്ത ദേശക്കാരാണ്. ജോലിസംബന്ധമായി നാഗർകോവിലിലും കണ്ണൂരുമൊക്കെയായിരുന്നെങ്കിലും ഇപ്പോൾ തിരിച്ചു പുള്ളിലെത്തി. പെട്ടെന്ന് ഒരു പ്രാദേശികസ്നേഹം എന്നിലുണർന്നു. സല്ലാപത്തിൽ മഞ്ജു വാര്യർ മഞ്ജുവിനെ ആദ്യം കണ്ടപ്പോൾത്തന്നെ എന്റെ നാട്ടുകാരി എന്ന തോന്നലുണ്ടായതങ്ങനെയാണ്. ലോഹിതദാസ് ക്ഷണിച്ചിട്ടാണ് ഞാനന്ന് സല്ലാപത്തിന്റെ ലൊക്കേഷനിലെത്തിയത്. ഒന്നു തലകാണിച്ച് പോരണമെന്നേ ഉണ്ടായിരുന്നുള്ളൂ. ലോഹി പറഞ്ഞു: അവളൊരു മിടുക്കിക്കുട്ടിയാണ്. എന്തു നാച്ചുറലായാണഭിനയിക്കുന്നത്... ഒരു സീൻ മുഴുവൻ കണ്ടിട്ട് പോയാൽ മതി. ഒരു സീനല്ല, അന്നത്തെ മുഴുവൻ സീനുകളും കണ്ടിട്ടേ ഞാൻ തിരിച്ചുപോന്നുള്ളൂ. പുതുമുഖത്തിന്റെ പകർച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കുമുന്നിൽ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകർഷിച്ചിരുന്നു. മഞ്ജുവിന്റെ രണ്ടാമത്തെ സിനിമ തൂവൽക്കൊട്ടാരമായിരുന്നു. എന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. പാർവതി മനോഹരി എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കൽ ഡാൻസുണ്ട് ആ ചിത്രത്തിൽ. സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിന്റെ സന്ദർഭം. മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയിൽനിന്ന് സ്വർണമെഡൽ നേടിയ നർത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനിൽക്കാൻ പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫർ. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോൾ കലാമാസ്റ്റർ പറഞ്ഞു: ഒരു ചെറിയ പ്രശ്നമുണ്ട് സർ. എന്താണ് -ഞാൻ ചോദിച്ചു. സുകന്യയുടെമുന്നിൽ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്നരീതിയിലാണ് സിനിമയിൽ വേണ്ടത്. പക്ഷേ, പലപ്പോഴും സുകന്യയെക്കാൾ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം! എത്ര ദൈർഘ്യമേറിയ ചുവടുകൾ കാണിച്ചുകൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു. ഒടുവിൽ ഞാൻ മഞ്ജുവിനെ മാറ്റിനിർത്തി രഹസ്യമായി പറഞ്ഞു: ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളർച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതുപോലെ. ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനുവേണ്ടി അങ്ങനെ ചെയ്തു. അഭിനയമായാലും നൃത്തമായാലും വാശികയറിയാൽ മഞ്ജുവിനെ തോൽപ്പിക്കാൻ ആർക്കുമാവില്ല. സല്ലാപത്തിൽ മഞ്ജുവിന് ശബ്ദംകൊടുത്തത് ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജയായിരുന്നു. ശ്രീജ അത് ഭംഗിയായി ചെയ്തിട്ടുണ്ട്. എങ്കിലും തൂവൽക്കൊട്ടാരത്തിലെ സ്വാഭാവികതയുള്ള അഭിനയം കണ്ടപ്പോൾ ഞാൻ മഞ്ജുവിനോട് പറഞ്ഞു: ഈ സിനിമയിൽ സ്വന്തം ശബ്ദം മതി. അയ്യോ വേണ്ടവേണ്ട, എന്റെ ശബ്ദം മഹാ ബോറാണ്, എന്നായി മഞ്ജു. നിർബന്ധപൂർവം ആദ്യത്തെ ഒന്നുരണ്ടു റീലുകൾ ഡബ്ബ് ചെയ്യിച്ചു. അത് പ്ലേചെയ്തുകേട്ടപ്പോൾ കാതുരണ്ടും പൊത്തിപ്പിടിച്ച് മഞ്ജു പറഞ്ഞു: ബോറാണ്... അങ്കിൾ ശ്രീജച്ചേച്ചിയെ വിളിച്ചോളൂ. സാരമില്ല, നമുക്ക് നോക്കാം. തുടർച്ചയായി അടുത്ത എല്ലാ റീലുകളും മഞ്ജുതന്നെ ഡബ്ബ് ചെയ്തു. പകുതിയായപ്പോഴേക്കും ആത്മവിശ്വാസമായി. അവസാനരംഗമായപ്പോഴേക്കും ശബ്ദനിയന്ത്രണത്തിലൂടെ സീനിന് കൂടുതൽ ജീവൻ പകരാൻ മഞ്ജു സ്വയം പഠിച്ചു. അപ്പോൾ ആദ്യത്തെ രണ്ടുമൂന്നു റീലുകൾ വീണ്ടും ചെയ്തുനോക്കാമെന്ന് ഞാൻ പറഞ്ഞു, മഞ്ജു അത് അതിമനോഹരമായി ചെയ്തു. ഇന്ന് മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ശബ്ദംപോലെ മലയാളിക്ക് പരിചിതമാണ് മഞ്ജുവിന്റെ ശബ്ദവും. ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തിൽ ജയറാമിനൊപ്പം മഞ്ജു വാര്യർ അക്കാലത്ത് നാട്ടിലുള്ളപ്പോൾ വേറൊരു രീതിയിലും മഞ്ജു എന്നെ ഞെട്ടിക്കാറുണ്ടായിരുന്നു. ഒരുദിവസം അതിരാവിലേ ഫോണിൽ വിളിച്ചു: അങ്കിളിന്റെ വീട്ടിൽ, ഗേറ്റിനടുത്ത് മൂന്ന് ചെറിയ സൈക്കിളും കാറിന്റെ വലതുഭാഗത്ത് ഒരു വലിയ സൈക്കിളും ഇരിപ്പുണ്ടോ? ഉണ്ട് -ഞാൻ പറഞ്ഞു. എന്റെ മൂന്ന് മക്കളും സൈക്കിളിലാണ് സ്കൂളിൽ പോകുന്നത്. വലിയ സൈക്കിൾ എന്റെതും. എങ്ങനെ മനസ്സിലായി? അതൊക്കെ മനസ്സിലായി. എങ്ങനെയെന്നു പറഞ്ഞില്ല. അടുത്തദിവസം രാവിലെ വീണ്ടും മഞ്ജുവിന്റെ ഫോൺ കോൾ: ആ കിഴക്കേ മതിലിനടുത്ത കിണറിനോടു ചേർന്നുനിൽക്കുന്ന വാഴയില്ലേ... അതിന്റെ കുല നന്നായി മൂത്തു, വവ്വാലുകൾ നോട്ടമിട്ടിട്ടുണ്ട്. ഞാൻ ചെന്നു നോക്കിയപ്പോൾ സത്യമാണ്, കായ പഴുത്തുതുടങ്ങിയിരിക്കുന്നു. ഒന്നുരണ്ടെണ്ണം വവ്വാലുകൾ കൊണ്ടുപോയിക്കഴിഞ്ഞു. എന്നാലും ഇതെങ്ങനെ മഞ്ജു അറിയുന്നു! വീടിന്റെ മുകളിലെ വരാന്തയിലിരുന്നാണ് ഞാൻ വായിക്കാറുള്ളത്. രാത്രി 11 മണി കഴിഞ്ഞിട്ടേ കിടക്കാറുള്ളൂ. ഒരാളും വീട്ടിലേക്ക് നോക്കുന്നത് ഞാൻ കണ്ടിട്ടില്ല. സത്യം പറ... മഞ്ജുവിനോടാരാണ് ഇതൊക്കെ പറഞ്ഞുതരുന്നത്? ആരും പറഞ്ഞുതരുന്നതല്ല, എനിക്ക് ജ്ഞാനദൃഷ്ടിയുണ്ടെന്ന് മനസ്സിലാക്കിക്കോളൂ! അന്നുതന്നെ ഞാൻ ആ വാഴക്കുല വെട്ടി. പിറ്റേന്നു രാവിലെ പതിവുപോലെ മഞ്ജുവിന്റെ വിളി: വാഴക്കുല വെട്ടിയല്ലേ... നന്നായി. ഇത്തവണ ഞാൻ അല്പം സീരിയസായി. അത് മനസ്സിലായപ്പോഴാണ് മഞ്ജു സത്യം പറഞ്ഞത്. സ്റ്റാർ ആൻഡ് സ്റ്റൈൽ വാങ്ങാം മഞ്ജു ഡ്രൈവിങ് പഠിക്കുന്ന കാലമായിരുന്നു. രാത്രി 12 മണിയോടടുപ്പിച്ചാണ് കാർ പുറത്തേക്കെടുക്കുന്നത്. ആനേരത്ത് റോഡിൽ തിരക്കുണ്ടാവില്ലല്ലോ. അച്ഛനോ ചേട്ടനോ അടുത്ത കൂട്ടുകാരോ ഒക്കെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത്. പുള്ള് കഴിഞ്ഞ് ചാഴൂർ പെരിങ്ങോട്ടുകരവഴി അന്തിക്കാട്ടെത്തുമ്പോൾ മഞ്ജു പറയുമത്രേ, സത്യനങ്കിളിന്റെ വീടിന്റെ മുന്നിലൂടെ പോയിവരാമെന്ന്. പാതിരാത്രി എന്റെ വീടിനുമുന്നിലൂടെയുള്ള ഡ്രൈവിങ് പഠനത്തിനിടയിലാണ് പിറ്റേന്നെന്നെ അമ്പരപ്പിക്കുന്ന കാര്യങ്ങൾ കണ്ടുവെക്കുന്നത്. വലിയൊരിടവേളയ്ക്കുശേഷം മഞ്ജുവിന്റെ രണ്ടാം വരവിലെ രണ്ടാമത്തെ പടവും എന്റേതുതന്നെയായിരുന്നു, എന്നും എപ്പോഴും. അതിലും മഞ്ജുവിന്റെ ഒരു ക്ലാസിക്കൽ ഡാൻസുണ്ട്. കലാമാസ്റ്ററുടെ സഹോദരി വൃന്ദയായിരുന്നു നൃത്തസംവിധായക. ഓരോ ഷോട്ട് കഴിയുമ്പോഴും വൃന്ദമാസ്റ്റർ വന്ന് പറയും: എന്തൊരു ടാലന്റാണീ ഈ കുട്ടിക്ക്! ടാലന്റ് മാത്രമല്ല, ധൈര്യവും കുറുമ്പും, എന്ന് ഞാൻ തിരുത്തും. എന്നും എപ്പോഴും എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ സത്യൻ അന്തിക്കാടിനും മോഹൻലാലിനും ഒപ്പം മഞ്ജു വാര്യർ ലോക്ക് ഡൗൺ തുടങ്ങുന്നതിനുമുമ്പുള്ള ദിവസം ഗേറ്റുകടന്ന്, വലിയൊരു കാർ വരുന്നു, പുതിയ റേഞ്ച് റോവർ. ഇതാരപ്പാ എന്ന് സംശയിച്ചുനിന്ന എന്റെ മുന്നിൽ, കാർ സഡൻ ബ്രേക്കിട്ടു. ഡ്രൈവിങ് സീറ്റിൽനിന്ന് ചിരിച്ചുകൊണ്ടിറങ്ങിവരുന്നു മഞ്ജു വാരിയർ: പുതിയൊരു വണ്ടി വാങ്ങിയപ്പോൾ അങ്കിളിനെ കാണിക്കാമെന്നുവെച്ചു, ഒരു സർപ്രൈസ്... ഇത്തരം കാറൊക്കെ ഓടിച്ചുതുടങ്ങിയോ! അഭിമാനത്തോടെയുള്ള മറുപടി: പിന്നേ... അതിശയിക്കാനില്ല, ദയയുടെ ഷൂട്ടിങ് സമയത്ത് അധികമാർക്കും മെരുങ്ങാത്ത കുതിരപ്പുറത്തുകയറി സുഖമായി ഓടിച്ചുവന്ന പാർട്ടിയാണ്, കുതിരസവാരി ഒരു മുൻപരിചയവുമില്ലാതെതന്നെ. മലയാളസിനിമ ഇനിയും കാത്തിരിക്കുകയാണ്, മഞ്ജുവിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാണാൻ. (സ്റ്റാർ ആൻഡ് സ്റ്റൈൽ 2020 ഒക്ടോബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്) Content Highlights : Sathyan Anthikkad About Manju Warrier Thoovalkottaram, Irattakuttikalude Achan, Ennum Eppozhum Movies

from movies and music rss https://ift.tt/3kVaDS1
via IFTTT

No comments:

Post a Comment