എന്റെ ഗുരുവായൂരപ്പാ എന്ന് വിളിക്കുന്ന ഓരോ മലയാളിയുടെയും മനസിൽ സാക്ഷാൽ കൃഷ്ണന്റെ സ്ഥാനത്ത് തെളിഞ്ഞു വരുന്ന ഒരു മുഖമുണ്ട്. കൃത്യമായി പറഞ്ഞാൽ 2002 മുതൽ, രഞ്ജിത്തിന്റെ സംവിധാനത്തിൽ നന്ദനം എന്ന ചിത്രം ഇറങ്ങിയത് മുതൽ, അരവിന്ദ് ആകാശ് എന്ന നടനാണ് മലയാളികൾക്ക് കൃഷ്ണൻ. ചിത്രം പുറത്തിറങ്ങി പത്തൊമ്പത് വർഷങ്ങൾ പിന്നിട്ടുവെങ്കിലും കന്നി ചിത്രത്തിലൂടെ കിട്ടിയ സ്നേഹവും പ്രശസ്തിയും ഇന്നും മുതൽക്കൂട്ടായി കാണുന്നു അരവിന്ദ്. നന്ദനത്തിന് ശേഷം തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ അരവിന്ദ് വേഷമിട്ടു. ബാക്ക്ഗ്രൗണ്ട് ഡാൻസറായി തുടങ്ങി, നൃത്തസംവിധായകനായി, നടനായി മാറിയ കരിയറാണ് അരവിന്ദിന്റേത്. കൂടുതൽ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ചിലതെങ്കിലും പ്രേക്ഷകമനസിൽ നിൽക്കുന്ന സന്തോഷമാണ് അരവിന്ദിന്. തമിഴിൽ അഭിയും നാനും എന്ന പരമ്പരയിലെ നായക കഥാപാത്രമായി ശ്രദ്ധ നേടുന്ന വേളയിൽ അരവിന്ദ് മാതൃഭൂമി ഡോട് കോമിനോട് മനസ് തുറക്കുന്നു. കൃഷ്ണ ഭഗവാനുമായുള്ള ബന്ധം എവിടെയോ ജനിച്ചു, എവിടെയോ വളർന്നു ഇപ്പോൾ എവിടെയോ ജോലി ചെയ്യുന്നു. എന്റെ ജീവിതത്തിൽ നന്ദനം സംഭവിക്കുന്നത് അപ്രതീക്ഷിതമായാണ്. ആ കഥാപാത്രത്തിന് എന്നെ തിരഞ്ഞെടുത്തത് ഗുരുവായൂരപ്പന്റെ തീരുമാനമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സ്കൂൾകാലത്ത് നാടകത്തിലും മറ്റും സജീവമായിരുന്നു ഞാൻ. അന്നും കൃഷ്ണന്റെ വേഷമാണ് എന്നെ തേടി വന്നിരുന്നത്. ശ്രീകൃഷ്ണജയന്തിക്ക് ഞാനാണ് കൃഷ്ണ വേഷം കെട്ടിയിരുന്നത്. കൃഷ്ണ ഭഗവാനും ഞാനും തമ്മിൽ അന്നേ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതുപോലെ നല്ലത് നടക്കണമെങ്കിൽ ശരിയായ സമയം വരണമെന്നല്ലേ.. അതെനിക്ക് സംഭവിച്ചു എന്ന് വേണം പറയാൻ. പിന്നെ നമ്മൾ പറയില്ലേ ചിലർ ദൈവദൂതരെ പോലെ മുന്നിൽ വരുമെന്നൊക്കെ. അങ്ങനെയൊരാളാണ് രേവതി മാം. അവരാണ് എന്നോട് മലയാളം സിനിമ ചെയ്യാൻ താത്പര്യമുണ്ടോ എന്ന് ആദ്യം ചോദിക്കുന്നത്. അങ്ങനെയാണ് മലയാളത്തിലേക്ക് എനിക്ക് ഒരു അവസരം ലഭിക്കുന്നത്. ഇന്നും ചിത്രത്തിലെ എന്റെ കഥാപാത്രം ജനഹൃദയങ്ങളിൽ നിൽക്കുന്നുണ്ടെങ്കിൽ ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ട്. രഞ്ജിത്ത് സർ, സിദ്ധിഖ് സർ, ഛായാഗ്രാഹകൻ അഴകപ്പൻ സർ, എന്റെ സഹതാരങ്ങളായ പൃഥ്വിരാജ്, നവ്യ, ഉണ്ണികൃഷ്ണന് ശബ്ദം നൽകിയ സുധീഷ്, ചിത്രത്തിന്റെ എല്ലാ അണിയറപ്രവർത്തകരോടും എന്നും നന്ദിയും കടപ്പാടുമുണ്ട്. ജന്മദിനത്തിൽ വർഷങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന് മുന്നിൽ ഞാൻ ഈയടുത്താണ് വീണ്ടും ഗുരുവായൂർ പോകുന്നത്, എന്റെ ജന്മദിനത്തിന്റെ അന്ന്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു അമ്പലത്തിൽ പോകുന്നത് തന്നെ. എല്ലാം ശരിയായ സമയത്ത് നടക്കുമെന്ന് ഞാൻ പറഞ്ഞില്ലേ. അതിന് മറ്റൊരുദാഹരണം കൂടിയാണ് ഇത്.കോവിഡ് കാലത്ത് ആർക്കും തന്നെ അമ്പലത്തിന്റെ അകത്ത് പ്രവേശിക്കാനാകില്ല. പക്ഷേ എനിക്ക് അകത്ത് കടക്കാൻ പറ്റി. ഗുരുവായൂരപ്പനെ കണ്ണ് നിറയെ കണ്ട് തൊഴാൻ പറ്റി. രസകരമായ മറ്റൊരു യാദൃശ്ചികതയും ഉണ്ട്. നന്ദനത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോൾ നടയ്ക്കൽ നിന്ന് ആളുകളെ മുഴുവൻ മാറ്റിയിരുന്നു അവിടെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം അതേ നടയിൽ ഞാൻ വീണ്ടും ഒറ്റയ്ക്ക്. അതൊന്നും ഞാൻ പ്രതീക്ഷിച്ചതല്ല. പുറത്തിറങ്ങിയപ്പോൾ ഒരു കുടുംബം എന്നെ കണ്ട് തിരിച്ചറിഞ്ഞു, കണ്ണടച്ച് ഗുരുവായൂരപ്പനെ വിളിക്കുമ്പോൾ എന്റെ മുഖമാണ് മനസിൽ വരുന്നതെന്ന് പറഞ്ഞു. കല്യാണങ്ങൾ നടക്കുന്നുണ്ടായിരുന്നു അവിടെ. അവരും എന്നെ കണ്ട് തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ചു. ഇത്ര വർഷം കഴിഞ്ഞിട്ടും ഇതെല്ലാം ലഭിക്കുന്നുവെങ്കിൽ അതിനെ അനുഗ്രഹം എന്നല്ലാതെ എന്താണ് പറയുക. നമ്മൾ എത്ര സിനിമകൾ ചെയ്തു എന്നതിലല്ല കാര്യം. ഇതുപോലെ ഒരു ചിത്രം കൃത്യമായി കിട്ടിയാൽ മതി. View this post on Instagram A post shared by aravind Aakash (@aravindaakash) നൃത്തത്തിൽ നിന്ന് അഭിനയത്തിലേക്ക് എന്റെ അമ്മ സിനിയിലെ ബാക്ക്ഗ്രൗണ്ട് ഡാൻസർ ആയിരുന്നു. അമ്മ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഒറിയ, ബംഗാളി അങ്ങനെ പല ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡാൻസിനോടും സിനിമയോടും ഒക്കെ ചെറിയ പ്രായത്തിലേ ഒരു താത്പര്യം ഉണ്ടായിരുന്നു. ആദ്യം ബാക്ക്ഗ്രൗണ്ട് ഡാൻസറായി തുടങ്ങി, പിന്നെ നൃത്തസംവിധായകനായി, പത്ത് പതിനഞ്ച് ചിത്രങ്ങൾക്ക് കോറിയോഗ്രാഫി ചെയ്തു. പിന്നെ നടനായി മാറി. ഈ യാത്ര ഒരു മികച്ച അനുഭവമായിരുന്നു. തമിഴിലാണ് അഭിനയം തുടങ്ങിയതെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം നന്ദനമായിരുന്നു. അഭിയും നാനും, വിദ്യ എന്ന മികച്ച കലാകാരിയും തമിഴിൽ അഭിയും നാനും എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ഇപ്പോൾ. നടൻ വിനു മോഹന്റെ ഭാര്യ വിദ്യ വിനു മോഹനാണ് അതിൽ എന്റെ നായിക. മികച്ചൊരു സഹതാരമാണ് വിദ്യ. നന്നായി അഭിനയിക്കും. ആദ്യമായാണ് വിദ്യയ്ക്കൊപ്പം ജോലി ചെയ്യുന്നത്. നല്ല ആത്മാർഥതയുള്ള, കഠിനാധ്വാനം ചെയ്യുന്ന കലാകാരിയാണ്. ഒരു ആറേഴ് മാസമായി വിദ്യയെ എനിക്കറിയാം. വിദ്യയും അതേ വിനുവും അതേ വളരെ ജെനുവിൻ ആയ ആൾക്കാരാണ്. കോവിഡ് കാലത്ത് ഒരുപാട് സാമൂഹ്യപ്രവർത്തനങ്ങൾ ഇരുവരും ചേർന്ന് ചെയ്യുന്നുണ്ടായിരുന്നു. വിദ്യ വിനു മോഹനൊപ്പം അരവിന്ദ് വളരെ നല്ലൊരു ടീം ആണ് അഭിയും നാനും എന്ന പരമ്പരയുടേത്. മെഗാസീരിയലാണ്. ഇപ്പോൾ മലയാളത്തിലേക്കും വരാൻ പോകുന്നു.സീരിയലിലൂടെയാണ് ഞാൻ അഭിനയം തുടങ്ങുന്നത്. പിന്നെ നേരെ സിനിമയിലേക്ക്, അവിടുന്ന് വീണ്ടും ഇപ്പോൾ സീരിയലിലേക്ക്. ഇവിടുന്നല്ലേ ഞാൻ അഭിനയം പഠിച്ചത് . നമ്മൾ പഠിച്ചിടത്തേക്ക് തന്നെ തിരികെ എത്തുന്നത് നല്ലതല്ലേ. മാത്രമല്ല സീരിയലിന് സാധാരണ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ട്. ഞാനിത്രയും ചിത്രങ്ങൾ ചെയ്തു നന്ദനം പോലെ മറ്റൊരു ചിത്രം മലയാളത്തിൽ ലഭിച്ചില്ല. തമിഴിലും അതേ ഒന്ന് രണ്ട് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു പിന്നെ നല്ല കഥാപാത്രങ്ങളൊന്നും വന്നില്ല. പക്ഷേ ഈ പരമ്പരകളിലൂടെ ആളുകൾക്ക് ഞാൻ സുപരിചിതനാണ്. പുതിയ ചിത്രങ്ങൾ ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന മാനാടാണ് പുതിയ ചിത്രം. അതിലെ കഥാപാത്രം സസ്പെൻസാണ്. അതുപോലെ എസ്പിബി സാറിന്റെ മകൻ എസ്പി ചരൺ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്സീരീസിൽ ഒരു പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൈറ്റ് മാസ്റ്റർ സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിൽ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക. ആത്മാഭിമാനം വിട്ടുകൊടുക്കാനാവില്ല എന്റെ അമ്മ ഒരു ഡാൻസറായിരുന്നുവെന്ന് പറഞ്ഞല്ലോ, അന്ന് എന്നെ നോക്കി ആളുകൾ പറയുമായിരുന്നു അത് ഇന്ന ആളുടെ മകനാണെന്ന്. ഇപ്പോൾ അത് പക്ഷേ ഇന്ന ആളുടെ അമ്മയാണ് അതെന്ന് ആളുകളെക്കൊണ്ട് പറയിപ്പിക്കാൻ എനിക്ക് സാധിച്ചു. അതാണ് എന്റെ വിജയം. അത് മതി എനിക്ക്, ഇതിൽപരം വലിയ അവാർഡ് എന്താണ്. അമ്മയുടെ അനുഗ്രഹം ഉണ്ട്, ആരാധകരുടെ സ്നേഹവും അനുഗ്രഹവും ബഹുമാനവും ലഭിക്കുന്നുണ്ട്. അതൊക്കെ ധാരാളം. എങ്കിലും നല്ലൊരു കഥാപാത്രം ചെയ്ത് മലയാളത്തിലേക്ക് തിരിച്ചു വരണമെന്ന് ആഗ്രഹമുണ്ട്. ഇരുപത് ഇരുപത്തിരണ്ട് വർഷമായി സിനിമയിൽ എത്തിയിട്ട്. യാതൊരു സിനിമാ പശ്ചാത്തലവും കൂടാതെയാണ് ഇവിടെ വന്നത്. ഞാനൊരു വലിയ താരത്തിന്റെയോ നിർമാതാവിന്റെയോ സംവിധായകന്റെയോ മകനോ ഒന്നുമില്ല. ഒരു ചിത്രം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടണം. അല്ലെങ്കിൽ അത് വേണ്ടെന്ന് വയ്ക്കണം. നന്ദനത്തിന് ശേഷം അത്രയ്ക്കും നല്ല കഥാപാത്രങ്ങൾ എനിക്ക് മലയാളത്തിൽ പിന്നീട് ചെയ്യാനായിട്ടില്ല. ചിലപ്പോൾ സൂപ്പർതാര ചിത്രങ്ങൾ ചെയ്യാത്തത് കൊണ്ടായിരിക്കും. ഞാൻ ചെന്നൈയിലാണ് താമസിക്കുന്നത്. ഇവിടെ കേരളത്തിൽ അങ്ങനെ വലിയ ബന്ധങ്ങൾ ഒന്നും തന്നെയില്ല. എനിക്ക് അമ്മയിൽ അംഗത്വമുണ്ട്. പക്ഷേ ഞാൻ ആരോടും അങ്ങോട്ട് പോയി ചാൻസ് ചോദിക്കാറില്ല. അതിനുള്ള എക്സ്പീരിയൻസ് എനിക്കില്ല. ഇപ്പോൾ ഉള്ളവരെല്ലാം പുതിയ ആൾക്കാരാണ്. അവരുടെ അടുത്ത് ചാൻസിനായി ചെല്ലുമ്പോൾ ഞാൻ ഇന്നതാണെന്ന് തെളിയിക്കാനുള്ള ഒരു സിനിമാ അനുഭവം എനിക്ക് വേണമല്ലോ.അതുപോലെ തന്നെ നമ്മൾ ജീവിതത്തിൽ എന്തൊക്കെ തന്നെ ചെയ്താലും ശരി ആത്മാഭിമാനം എന്നൊന്ന് ഉണ്ടല്ലോ. അത് വിട്ടു കൊടുത്തുകൂടാ. ജീവിതത്തിൽ എന്നും പോസറ്റീവ് ആയി ഇരിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഇത്ര ചിത്രങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് ശ്രദ്ധ നേടിയില്ല എന്ന ചോദ്യം ഞാൻ ഒരുപാട് നേരിട്ടിട്ടുണ്ട്. നമുക്കുള്ളത് നമ്മളെ തേടി വരും. ദൈവത്തിന് എന്നോട് കരുണയുണ്ടെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. അതിന് വലിയൊരു ഉദാഹരണമാണ് ഈ കൊറോണക്കാലത്ത് പലർക്കും ജോലി നഷ്ടമായപ്പോൾ മുന്നോട്ടെന്ത് എന്ന് ചിന്തിച്ചപ്പോൾ എനിക്ക് ജോലിയുണ്ടായിരുന്നു. ആ സമയം ഞാനൊരു പരമ്പരയിൽ അഭിനയിക്കുകയായിരുന്നു. അതൊക്കെ അനുഗ്രഹമല്ലേ.സമയം എന്നൊന്നുണ്ടല്ലോ. കാത്തിരിക്കണം. Content Highlights : Nandanam movie fame krishnan Aravind Akash Interview New movies
from movies and music rss https://ift.tt/3fdM9o6
via
IFTTT
No comments:
Post a Comment