നാം ഇതുവരെ കണ്ട സിനിമ കാഴ്ചകളുടെ പൊളിച്ചെഴുത്തുകയാണ് ഓരേ ചിത്രത്തിലും ഗിരീഷ് ഗംഗാധരൻ ക്യാമറയിലൂടെ ചെയ്യുന്നത്. ആ പരീക്ഷണവഴിയിലെ നാഴികക്കല്ലായിരുന്നു ലിജോജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്. മലയാള സിനിമയെ പഴഞ്ചൻ ക്യാമറ രീതികളിൽ നിന്ന് കയറുപൊട്ടിച്ചോടാൻ പഠിപ്പിച്ച ഛായാഗ്രഹകന് ദേശീയ അവാർഡിന്റെ തിളക്കം. പോത്ത് ഓടുകയല്ലേ, ക്യാമറയും കൂടെ ഓടട്ടെ , ജല്ലിക്കട്ട് ഇറങ്ങുന്നതിന് മുമ്പേയാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ പറഞ്ഞയാളെ നമ്മൾ കോമാളിയാക്കും. എന്നാൽ പരീക്ഷണ ചിന്തകളൊന്നും സിനിമയിൽ അസാധ്യമല്ലെന്ന് തെളിയിക്കുകയായിരുന്നു ജല്ലിക്കെട്ടിലൂടെ ലിജോജോസ് പല്ലിശ്ശേരിക്കൊപ്പം ഗിരീഷ് ഗംഗാധാരൻ. പോത്തിനൊപ്പം ഓടിയും കിണറ്റിലിറങ്ങിയുമെല്ലാം ഗിരീഷ് ഗംഗാധരന്റെ ക്യാമറ മലയാളിയെ പുതിയ സിനിമ കാഴ്ചകളുടെ മേച്ചിൽപ്പുറങ്ങളിലേക്ക് കയറൂരി വിടുകയായിരുന്നു. പഴഞ്ചൻ ക്യാമറ രീതികളെ പൊളിച്ചെഴുതിയ ആ ക്യാമറ കാഴ്ച ദേശീയ അവാർഡിൽ തിളങ്ങിയിരിക്കുകയാണ്. 2019 ഏറ്റവും മികച്ച ക്യാമറമാനുള്ള ദേശീയ പുരസ്കാരം ഗിരീഷ് ഗംഗാധരിനലൂടെ മലയാളത്തിലേക്ക് എത്തുന്നു. അങ്കമാലി ഡയറീസിലെ പത്ത് മിനുട്ട് നീളുന്ന ക്ലൈമാക്സ് ഒറ്റ ഷോട്ടിൽ എടുത്ത് വിസ്മയിപ്പിച്ച അതേ കോമ്പിനേഷൻ, ജല്ലിക്കട്ടിൽ ഓരോ ഷോട്ടിലും പരീക്ഷണങ്ങളുടെ ഘോഷയാത്രയാണ് നടത്തിയത്. നീലകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര്വ ഛായഗ്രഹകനായി അരങ്ങേറ്റം കുറിച്ച ഗിരീഷിന്റെ പത്താമത്തെ സിനിമയായിരുന്നു ജല്ലിക്കട്ട്. ഗപ്പി, അങ്കമാലി ഡയറീസ്, തമിഴ് ചിത്രം സർക്കാർ തുടങ്ങി കടന്നുവന്ന വഴികളെ കുറിച്ചും ജല്ലിക്കട്ടിനെ ഗീരിഷ് സംസാരിക്കുന്നു ജല്ലിക്കട്ട് ആദ്യ കേൾവിയിൽ തന്നെ ഒരുപാട് മുന്നൊരുക്കങ്ങൾ വേണ്ടിവരുമെന്ന് തോന്നിയിരുന്നോ ? ജല്ലിക്കട്ടിന്റെ കഥ കേൾക്കുമ്പോൾ തന്നെ എനിക്ക് തീരെ പരിചിതമല്ലാത്ത കഥാപരിസരമാണെന്ന് മനസിലായി. കാരണം പോത്താണ് സിനിമയിലെ ഹീറോ. അതുപോലെ മലയോര ഗ്രാമത്തിൽ വച്ചാണ് കഥ പറയുന്നത്. കൂടുതൽ ഭാഗവും നടക്കുന്നത് രാത്രിയിലാണ്. ഇതെല്ലാം ഒരുമിക്കുന്നൊരു സിനിമ എന്നത് തന്നെയായിരുന്നു ജല്ലിക്കട്ടിന്റെ പ്രധാന വെല്ലുവിളി. അത്തരമൊരു സിനിമ ഞാൻ മുമ്പ് ചെയ്തിട്ടില്ല. മലയാളത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകുന്നത്. അതിനാൽ തന്നെ ചെറിയൊരു പാളിച്ച ഉണ്ടായാൽ തന്നെ അത് സിനിമയെ ബാധിക്കും. കാരണം മൃഗങ്ങളെ വച്ച് എടുത്ത ചില സിനിമകൾ കോമാളിക്കളി മാത്രമായി മാറിയത് നമ്മൾ കണ്ടിട്ടുണ്ട്. എല്ലാ സിനിമയ്ക്കും ആവശ്യമായ മുന്നൊരുക്കങ്ങൾ മാത്രമേ ജല്ലിക്കട്ടിനും വേണ്ടിവന്നിട്ടുള്ളൂ. പതിവുപോലെ ലൊക്കേഷനുകൾ പോയി കാണുകയും നമുക്ക് എന്തൊക്കെ ആവശ്യമായി വരും എന്ന് കണ്ടെത്തുകയുമാണ് ആദ്യം ചെയ്തത്. ഓരോ ഘട്ടത്തിലും വളരെ ഭംഗിയായി തന്നെ മുന്നൊരുക്കങ്ങൾ ചെയ്തു എന്നതാണ് വിജയകാരണം. ജല്ലിക്കട്ടിൽ പോത്ത് ഓടുമ്പോൾ ക്യാമറമാനും കൂടെ ഓടുന്നുണ്ട്. ഇത്തരം പരീക്ഷണങ്ങൾ മുൻകൂട്ടി പ്ലാൻചെയ്യുന്നതാണോ ? അത്തരം ഷോട്ടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതൊന്നുമല്ല. എല്ലാം ഓരോ സന്ദർഭങ്ങളിൽ സംഭവിക്കുന്നതാണ്. സാധാരണ സിനിമകൾ കാണുന്ന സന്ദർഭങ്ങളല്ല ജല്ലിക്കട്ടിലുള്ളത്. ആളുകൾ പന്തവും ടോർച്ചുമൊക്കെയായി പോത്തിന് പിറകെ ഓടുകയാണ്. കാണുന്ന പ്രേക്ഷകരിലേക്ക് ആ ഓട്ടത്തിന്റെയും ചുറ്റുപാടിന്റെയുമെല്ലാം വ്യാപ്തി കൈമാറണം. അത്തരമൊരു ട്രീറ്റ്മെന്റ് ഷോട്ടുകൾക്ക് ഉണ്ടാകണം എന്ന് തീരുമാനിച്ചപ്പോൾ അത് കിട്ടുന്ന രീതിയിൽ ഷൂട്ട് ചെയ്യാനുള്ള വഴികൾ നോക്കി. ഷോട്ടുകൾക്ക് അതിനുതകുന്ന മൂവ് മെന്റ് നൽകാൻ ചില പരീക്ഷണങ്ങൾ. പോത്തിനൊപ്പവും പിറകെയുമൊക്കെയുള്ള ഓട്ടവും കിണറ്റിലിറങ്ങി ഷൂട്ട് ചെയ്തതുമെല്ലാം അത്തരം ശ്രമങ്ങളായിരുന്നു. ചില ശ്രമങ്ങൾ വിജയിക്കും മറ്റ് ചിലത് പരാജയപ്പെടും. വിജയിച്ച ശ്രമങ്ങളാണ് പ്രേക്ഷകൻ കാണുന്നത്. മുമ്പ് അങ്കമാലി ഡയറീസിൽ 10 മിനുട്ട് നീളുന്ന ക്ലൈമാക്സ് സീൻ ഒറ്റ ഷോട്ടിൽ തീർത്തത് അത്തരമൊരു പരീക്ഷണമായിരുന്നു. ജല്ലിക്കട്ടിൽ എത്തുമ്പോൾ കുറച്ച് കൂടി പരീക്ഷണങ്ങൾ കൂടി എന്നുമാത്രം. സംവിധായകനും മൊത്തം ടീമും പിന്തുണച്ചാൽ മാത്രമേ അത്തരം പരീക്ഷണങ്ങൾ വിജയകരമായി നടത്താൻ കഴിയുകയുള്ളൂ. ക്ലൈമാക്സ് സീനുകളടക്കം വലിയ ആൾക്കൂട്ടത്തെ വച്ചാണ് ഷൂട്ട് ചെയ്യേണ്ടി വന്നത്. അതും രാത്രി. പിടിവിട്ട പോയ സന്ദർഭങ്ങളുണ്ടോ ? ക്ലൈമാക്സ് രംഗങ്ങളിൽ വലിയ ആൾക്കൂട്ടം കടന്നുവരുന്നുണ്ട്. ഷൂട്ടിങ് നടന്ന പ്രദേശങ്ങളിൽ നിന്നുള്ള അഭിനേതാക്കളാണ് ഭൂരിഭാഗവും അഭിനയിച്ചിരിക്കുന്നത്. എന്താണ് ചെയ്യേണ്ടതെന്നതിനെപ്പറ്റി അവർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു. മൃഗങ്ങളെപ്പോലെ തന്നെ മനുഷ്യരും ഓടിവരികയാണ്. പിടിവിട്ടുപോകുമോ എന്ന് എല്ലാവർക്കും ആശങ്കയുണ്ടായിരുന്നെങ്കിലും നന്നായി തന്നെ രംഗങ്ങളെല്ലാം ചിത്രീകരിക്കാനായി. ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത്തരമൊരു സ്പെഷ്യൽ ക്ലൈമാക്സ് ചിത്രീകരിക്കുമ്പോൾ ബുദ്ധിമുട്ടുകൾ സാധാരണമാണ്. അതിനപ്പുറം വലിയ രീതിയിലുള്ള തടസങ്ങളൊന്നും ഉണ്ടായില്ല. ലിജോയുമായി ഒന്നിക്കുമ്പോൾ സംഭവിക്കുന്ന മാജിക് ? അങ്കമാലി ഡയറീസിലാണ് ആദ്യമായി ലിജോയുമായി ഒന്നിച്ച് വർക്ക് ചെയ്യുന്നത്. അതിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ വളരെ എളുപ്പത്തിൽ കാര്യങ്ങൾ കമ്യൂണിക്കേറ്റ് ചെയ്യാൻ ഞങ്ങൾക്ക് പറ്റുന്നുണ്ട്. ഒന്നിച്ചുള്ള രണ്ടാമത്തെ സിനിമയായ ജല്ലിക്കട്ടിലേക്കെത്തുമ്പോൾ ലിജോവിന് എന്താണ് വേണ്ടതെന്ന് എളുപ്പം മനസിലാക്കാൻ എനിക്ക് പലപ്പോഴും സാധിക്കുന്നു്. ഓരോ സംവിധായകർക്കും ഓരോ തരത്തിലുള്ള പ്രത്യേകതകൾ ഉണ്ടാകും. അങ്ങനെ നോക്കുമ്പോൾ കുറച്ചധികം പരീക്ഷണങ്ങൾ നടത്താൻ താത്പര്യമുള്ള ആളാണ് ലിജോ. സാധാരണ സിനിമകളെക്കാൾ അല്ലെങ്കിൽ തന്റെ മുൻ സിനിമകളെക്കാൾ വ്യത്യസ്തമായൊരു സിനിമ ഉണ്ടാക്കണം എന്ന് ലിജോ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. അതിന്റെ ഊർജം നമ്മളിലേക്കും കൈമാറുമ്പോൾ പുതിയ ആശയങ്ങളും പരീക്ഷണങ്ങളുമൊക്കെ നടത്താൻ ധൈര്യവും ആത്മവിശ്വാസവും ലഭിക്കും. അത്തരം സിനിമകളെ പ്രേക്ഷകർ അംഗീകരിക്കുമ്പോൾ സന്തോഷം. ഇതുവരെയുള്ള യാത്ര എങ്ങനെ.. ? സംവിധാനം ? ഞാനും ജേമോൻ ടി ജോണുമൊക്കെ ഒന്നിച്ച് ക്യാമറ പഠിച്ചിറങ്ങിയവരാണ്. അന്നൊക്കെ നല്ല സിനിമകളുടെ ഭാഗമാകണമെന്നാണ് ഞങ്ങളെല്ലാം സ്വപ്നം കണ്ടത്. നീലകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് ഞാൻ സ്വതന്ത്ര ഛായാഗ്രഹകനാകുന്നത്. അതിനാൽ തന്നെ ആ സിനിമ തന്നെയാണ് എന്റെ പേഴ്സണൽ ഫേവറേറ്റ്. കലി, ഗപ്പി, അങ്കമാലി ഡയറീസ്, ഹേയ് ജൂഡ, സർക്കാർ, ജല്ലിക്കട്ട്, തുടങ്ങി കുറേയെറെ സിനിമകളുടെ ഭാഗമാകാൻ പറ്റി. ഓരോ സിനിമയും സംവിധായകരും ഓരോ അനുഭവങ്ങളാണ്. നല്ല സിനിമകളുടെ ഭാഗമാകാൻ സാധിക്കുന്നു എന്നതിൽ പൂർണ സന്തോഷവാനാണ്. സംവിധാന പരിപാടിയൊക്കും അടുത്തൊന്നും പ്ലാൻ ചെയ്യുന്നില്ല. ഛായാഗ്രഹണവുമായി തന്നെ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. പുന:പ്രസിദ്ധീകരണം Content Highlights : Gireesh Gangadharan National film Award Winner Cinematography For Jallikkattu Movie
from movies and music rss https://ift.tt/3154gEj
via
IFTTT
No comments:
Post a Comment