പല തമിഴ് സിനിമകളിലെയും സോ കോൾഡ് വില്ലനാണ് പാർത്ഥിപൻ. എന്നാൽ സംവിധായകനായ പാർത്ഥിപൻ തീർത്തും വ്യത്യസ്തനാണ്. തമിഴ് സിനിമകളുടെ എല്ലാ കമേഴ്സ്യൽ ചേരുവകകളും ഉൾപ്പെടുത്തിയ നിരവധി ചിത്രങ്ങൾ കരിയറിലുണ്ട്. എന്നാൽ ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത ഒത്ത സെരുപ്പ് സൈസ് 7 എന്ന പരീക്ഷണം മികച്ച വിജയമാണ്. നിരവധി കഥാപാത്രങ്ങളുള്ള സിനിമയിൽ ഒരു അഭിനേതാവ് മാത്രമാണുള്ളത്. മാസിലാമണി. ഉദ്വേഗജനകമായ ഒരു സിനിമ അവസാനം വരെ ത്രിൽ നഷ്ടപ്പെടാതെ കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം നടനെന്ന നിലയിൽ മാത്രമല്ല സംവിധായകൻ എന്ന നിലയിലും പാർത്ഥിപൻ ഏറ്റെടുക്കുന്നു. കോടികളുടെ സെറ്റുകളോ വിദേശ ലൊക്കേഷനുകളോ ഒന്നുമില്ലാതെ ഒരു ചെറിയ സിനിമ പ്രേക്ഷകരെ മുൾ മുനയിൽ നിർത്തി. ദേശീയ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ രണ്ട് അംഗീകാരങ്ങളാണ് ഒത്ത സെരുപ്പ് സൈസ് 7 നേടിയത്. സിനിമയുടെ നിർമാതാവും സംവിധായകനുമായ പാർഥിപന് പ്രത്യേക ജൂറി പുരസ്കാരവും മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്കാരം റസൂൽ പൂക്കുട്ടിയും നേടി. ചിത്രത്തെക്കുറിച്ച് പാർഥിപൻ മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖം. ഒത്ത സെരുപ്പ് സൈസ് 7 ലേക്ക്... നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന പ്രമേയമാണ് ഈ ചിത്രത്തിന്റേത്. സമൂഹത്തിൽ മനുഷ്യർ തമ്മിൽ അന്തരമുണ്ട്. പണം, ജാതി എന്നിവയാണ് അതിലെ ഘടകങ്ങൾ. ഞാൻ ജനിച്ചത് ഒരു സാധാരണ കുടുംബത്തിലാണ്. അതുകൊണ്ടു തന്നെ ഇത്തരം വിവേചനങ്ങൾ ഞാൻ കണ്ടിട്ടും കേട്ടിട്ടുമുണ്ട്. അതിൽ നിന്ന് ലഭിച്ച ഊർജ്ജമാണ്, ഒത്ത സെരുപ്പ് സൈസ് 7 ലേക്ക് എന്നെ നയിച്ചത്. ജാതി വ്യവസ്ഥയ്ക്കെതിരേയുള്ള പോരാട്ടമായിരുന്നു ഈ ചിത്രം. ഒരേ ഒരു അഭിനേതാവ് മാത്രമാണ് ചിത്രത്തിലുള്ളത്, മറ്റുള്ളവരുടെ ശബ്ദ സാമീപ്യം മാത്രം, ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക് നയിച്ച ഘടകമെന്തായിരുന്നു? വർഷങ്ങളായി അന്താരാഷ്ട്ര സിനിമകൾ കാണുകയും അവയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ അഭിരുചിയെ ഒട്ടനവധി സിനിമകൾ സ്വാധീനിച്ചിട്ടുണ്ട്. ലോകസിനിമയിൽ എത്രമാത്രം പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒത്ത സെരുപ്പ് സൈസ് 7 ന്റെ തിരക്കഥ എഴുതുമ്പോൾ ഒരു കഥാപാത്രം മാത്രം മതിയെന്നൊന്നും ഞാൻ തീരുമാനിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഒരു ഘട്ടമെത്തിയപ്പോൾ അങ്ങനെ പരീക്ഷിച്ചാൽ നന്നാകുമെന്ന് എനിക്ക് തോന്നി. പിന്നെ ചിത്രത്തിന്റെ നിർമാതാവും ഞാൻ ആണല്ലോ, ഞാൻ എനിക്ക് മാത്രം പ്രതിഫലം നൽകിയാൽ മതിയല്ലോ (ചിരിക്കുന്നു) ഈ പരീക്ഷണം വലിയ വെല്ലുവിളി ആയിരുന്നില്ലേ? പതിനഞ്ച് വർഷത്തെ കാത്തിരിപ്പാണ് ഈ ചിത്രം. തീർച്ചയായും, ഒരു കഥാപാത്രത്തെ മാത്രം കണ്ടിരുന്നാൽ പ്രേക്ഷകർക്ക് മടുക്കില്ലേ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ആ ചോദ്യം എനിക്കുള്ളിലും പിറന്നിരുന്നു. എന്നാൽ ആ മടുപ്പിനെ എങ്ങനെ മറികടക്കാം എന്ന് ഞാൻ ആലോചിച്ചു. പരിചരണത്തിൽ അല്ലെങ്കിൽ മേക്കിങ്ങിൽപുതുമ കൊണ്ടുവരികയാണെങ്കിൽ ഈ പ്രശ്നത്തെ അതിജീവിക്കാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പരീക്ഷണം വെല്ലുവിളി തന്നെയായിരുന്നു. എന്നാൽ അത് സ്വീകരിക്കപ്പെട്ടു എന്ന് തിരിച്ചറിയുമ്പോൾ ഇതിനേക്കാൾ വലിയ സന്തോഷം മറ്റെന്തുണ്ട്. Content Highlights:R Parthiban Interview Oththa Seruppu Size 7, National Film awards 2019, 67th National Film awards
from movies and music rss https://ift.tt/3ca0eAP
via
IFTTT
No comments:
Post a Comment