നീണ്ട കാത്തിരിപ്പിനൊടുവിൽതിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം വൺ. പുറത്തിറങ്ങിയ ട്രെയിലറും ടീസറുംസൂചിപ്പിക്കുന്നതുപോലെ രാഷ്ട്രീയം തന്നെയാണ് സിനിമയ്ക്ക് പശ്ചാത്തലം. ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന വിശേഷണത്തോട് നൂറ് ശതമാനവും നീതി പുലർത്തിയ ചിത്രമാകുന്നു വൺ. ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമയ്ക്കുശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് വണ്ണിന്. ഇത്തവണ സംവിധായകൻ രാഷ്ട്രീയത്തിലാണ് കൈവെച്ചത്. സംശയങ്ങൾക്ക് പഴുതില്ലാത്ത വിധം അതിൽ അദ്ദേഹം വിജയം കണ്ടിരിക്കുന്നു. സംവിധായകന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടാൻ എന്തുകൊണ്ടും യോഗ്യമാണ് വൺ. സാധാരണക്കാരുടെ പ്രശ്നങ്ങളിലൂടെയും സമകാലിക കേരള രാഷ്ട്രീയത്തിൽ പൊതുവായി കണ്ടുവരുന്ന ചില വിഷയങ്ങളിലൂടെയുമാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയത്തേക്കാൾ ആവേശം നിറഞ്ഞ രംഗങ്ങളും മാസ് ഡയലോഗുകളും തന്നെയാണ് ഹൈലൈറ്റ്. കേരളത്തിനൊരു മുഖ്യമന്ത്രിയുണ്ട്, കടയ്ക്കൽ ചന്ദ്രൻ എന്നാണ് അയാളുടെ പേര് എന്ന മാസ് ഡയലോഗിനെ അന്വർഥമാക്കുന്ന തരത്തിൽ തന്നെയാണ് ചിത്രത്തിന്റെ മുന്നോട്ടുപോക്ക്. കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിവേഷത്തിൽ മമ്മൂട്ടി അഭ്രപാളിയിൽ നിറഞ്ഞാടി. കുറച്ചുകാലങ്ങൾക്കുശേഷം മമ്മൂട്ടിയുടെ വൺമാൻഷോ പ്രകടനം ആരാധകരിൽ ആവേശവും രോമാഞ്ചവും നിറയ്ക്കുന്ന തരത്തിലുള്ളതാണ്. യാത്ര എന്ന തെലുങ്കുചിത്രത്തിലെ വൈ.എസ്.ആർ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിൽനിന്ന് കടയ്ക്കൽ ചന്ദ്രനിലേക്കെത്തുമ്പോൾ അഭിനയത്തിന്റെ റേഞ്ച് വേറെ ലെവൽ തന്നെയായിരിക്കുന്നു. മറ്റെന്തിനേക്കാളും വലുത് ജനങ്ങളാണെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്നതാണ് പ്രധാനമെന്നും കരുതുന്ന മുഖ്യമന്ത്രിയാണ് കടയ്ക്കൽ ചന്ദ്രൻ. ഔദ്യോഗിക ജീവിതത്തിനിടയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചിലപ്രശ്നങ്ങളെ വളരെ ആത്മവിശ്വാസത്തോടെ നേരിട്ട് ജനപ്രിയ മുഖ്യമന്ത്രി പരിവേഷംനേടുന്നു കടയ്ക്കൽ ചന്ദ്രൻ. എന്നാൽ ഒരു ഘട്ടത്തിൽ വലിയ ഒരു രാഷ്ട്രീയ പ്രശ്നത്തിന് പരിഹാരം കാണാൻനടത്തുന്ന ശ്രമവും അതിനിടയിൽ നേരിടേണ്ടി വരുന്ന സംഘർഷങ്ങളുമാണ് ചിത്രം. ഇതുവരെ കണ്ടുപരിചയിച്ച രാഷ്ട്രീയ സിനിമകളിൽനിന്ന് വേറിട്ട ഒരു സ്ഥാനം കണ്ടെത്താൻ കഴിയുന്ന സിനിമയാണ് വൺ. തിരക്കഥയുടെ കെട്ടുറപ്പും ഉദ്വേഗഭരിതമായ രംഗങ്ങളും ചിത്രത്തിന്റെ വിജയത്തിൽ വലിയ മുതൽക്കൂട്ടാകുന്നു. ബോബി-സഞ്ജയ്മാർ ഒരിക്കൽകൂടി കൈയ്യടി അർഹിക്കുന്നു. കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനെയും ചോർത്തിക്കളയാത്ത തരത്തിൽ വൈദി സോമശേഖരത്തിന്റെ ഛായാഗ്രഹണം മികച്ചുനിന്നു. നിഷാദ് യൂസഫിന്റെ എഡിറ്റിംഗിനെ പക്ക എന്നുതന്നെ വിശേഷിപ്പിക്കാം. വലിയ ഒരു താരനിര തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. സലീംകുറിന്റെ ദാസപ്പൻ എന്ന കഥാപാത്രം, മമ്മൂട്ടിയുടെ സഹോദരിയായി എത്തിയ നിമിഷ സജയൻ, പ്രതിപക്ഷ നേതാവായി മുരളി ഗോപി, ജോജു ജോർജിന്റെ ബേബി... അങ്ങനെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് എല്ലാ അഭിനേതാക്കളും കൈയ്യടി നേടുന്നു. മധു, സിദ്ദിഖ്, ജഗദീഷ്, ശങ്കർ രാമകൃഷ്ണൻ, മാത്യു തോമസ് തുടങ്ങിയ താരങ്ങൾക്കും വലിയ പ്രാധാന്യം തന്നെയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. കൊവിഡ് 19നെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് സിനിമയുടെ വിജയത്തെ ഒട്ടും ബാധിക്കില്ലെന്നുറപ്പാണ്. പ്രേക്ഷകരെ ഉറപ്പായും തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്റർടെയിനർ തന്നെയാണ് ചിത്രം. മുൻവിധികളില്ലാതെ ധൈര്യമായി ടിക്കറ്റെടുക്കാം വണ്ണിന്! Content highlights :malayalam movie one review starring mammootty
from movies and music rss https://ift.tt/3cmeVRB
via
IFTTT
No comments:
Post a Comment