Saturday, April 10, 2021

'പിന്നണിഗാനരംഗം പ്രൊഫഷണാക്കുന്ന കാലം കഴിയാറായി'

കോവിഡിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിലെ സംഗീതപരിപാടി മുടങ്ങിയപ്പോൾ ഗായകൻ പി. ഉണ്ണികൃഷ്ണന്റെ മനസ്സിൽ ഉദിച്ച ആശയമാണ് സ്വന്തം യൂട്യൂബ് ചാനൽ. റെക്കോഡിങ് സ്റ്റുഡിയോ വീട്ടിലുണ്ട്. മകൻ വാസുദേവ് കൃഷ്ണ, പിയാനോ വായിക്കും. മകൾ ഉത്തര പാടും. കട്ടയ്ക്കു നിൽക്കാൻ ഭാര്യ പ്രിയയും. അടുത്തമാസം തന്നെ ഈ കൊച്ചു കുടുംബം സംഗീതക്കൂടൊരുക്കി. അതിൽനിന്നും മനോഹര ഗാനങ്ങൾ പാറിപ്പറന്നു. ഒരു വർഷത്തിനകം പി. ഉണ്ണികൃഷ്ണൻ ഒഫീഷ്യൽ ചാനൽ 60 ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി. സംഗീതം ആഗോള തലത്തിൽ മാറുന്നു. സാങ്കേതിക വളർച്ചയാണ് കാരണം. പുതുമകളാണ് എല്ലാവർക്കും വേണ്ടത്. അതിനനുസരിച്ച് നമ്മളും മാറിയേ പറ്റൂ. - ചെന്നൈ കാണത്തൂരിലുള്ള ഓഷ്യാനിക് അപ്പാർട്ട്മെന്റ്സിലെ 903-ാം നമ്പർ വീട്ടിലിരുന്ന് ഉണ്ണികൃഷ്ണൻ ഇതു പറയുമ്പോൾ മകൾ ഉത്തര അടുത്തിരിപ്പുണ്ട്. ലോക്ഡൗൺ സമയത്ത് അച്ഛനുമൊത്ത് കീർത്തനങ്ങളും ഭക്തിഗാനങ്ങളും ആലപിക്കാനായതിന്റെ സന്തോഷം ആ മുഖത്തുണ്ട്. മികച്ച പിന്നണി ഗായകർക്കുള്ള ദേശീയപുരസ്കാരം ലഭിച്ച ഈ അച്ഛനും മകളും വീട്ടിൽ പക്ഷേ, ഗഹനമായ സംഗീത ചർച്ചകളൊന്നുമില്ല. െറക്കോഡിങ് വേളയിൽ വഴക്കാണ് പതിവ്. ദേഷ്യം മാറിയാൽപ്പിന്നെ തമാശയും പൊട്ടിച്ചിരിയും. ഉത്തരയുടെ ആലാപനം മെച്ചപ്പെടുത്താൻ പരമാവധി ശ്രമിക്കാറുണ്ട്. നല്ല ഗാനങ്ങൾ തിരഞ്ഞുപിടിച്ച് കൈമാറും. അത്തരം പാട്ടുകൾ ആവർത്തിച്ചു പാടിയാൽ സ്വരശുദ്ധി കൂടും. മകനും എല്ലാ തരം പാട്ടുകളും ഇഷ്ടമാണ്. പാടുകയും ചെയ്യും. കീ ബോർഡ് സ്വയം പഠിച്ചതാണ്. ഇപ്പോൾ പിയാനോ പഠിക്കുന്നു. നടൻ സിലമ്പരശൻ സംഗീതം പകർന്ന സക്ക പോട് രാജ എന്ന സിനിമയിൽ വാസുദേവ് പാടിയിട്ടുണ്ട്. ഉണ്ണിയുടെ ഭാര്യ പ്രിയ കോഴിക്കോട് പുതിയറ സ്വദേശിനിയാണ്. ക്ലാസിക്കൽ നർത്തകിയായ പ്രിയ കലാമണ്ഡലം സരസ്വതിയുടെയും ക്ഷേമാവതിയുടെയും ശിഷ്യയാണ്. നല്ല സംഗീതജ്ഞാനവും ഉണ്ട്. സമാനതകളുടെ അടിവേരുകൾ ഉണ്ണികൃഷ്ണൻ കച്ചേരികളിൽ പാടിത്തെളിഞ്ഞ്നിൽക്കുന്നതിനിടയിലാണ് 1994-ൽ കാതലൻ സിനിമയിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ എന്നവളെ അടി എന്നവളെ എന്ന പാട്ടുപാടുന്നത്. ഇതിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഉത്തരയും സംഗീതം പ്രൊഫഷനായി കണ്ടിരുന്നില്ല. 2015-ൽ എ.എൽ. വിജയ് സംവിധാനം ചെയ്ത സൈവം എന്ന സിനിമയിൽ അഴകേ... എന്ന പാട്ടു പാടാൻ അവസരം ലഭിച്ചു. അച്ഛന്റെ വഴിയേ മകൾക്കും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം. െറക്കോഡിങ് വേളയിൽ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ ലണ്ടനിലായിരുന്നു. പ്രിയയാണ് പാടാൻ കൊണ്ടുപോയത്. സ്റ്റുഡിയോയിൽ ടെൻഷനിടിച്ച് ഇരിക്കുകയായിരുന്നു പ്രിയ. മോനും മോളും പാടുമെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. കച്ചേരികൾക്കുപോലും വരാൻ താത്പര്യമില്ലാത്ത മക്കൾക്ക് സംഗീത ബോധമുണ്ടാകില്ലെന്ന് ഞങ്ങൾ കരുതി. പാടുമെന്നറിഞ്ഞപ്പോൾ എല്ലാവിധ പ്രോത്സാഹനവും നൽകി. സൈവത്തിൽ പാടുമ്പോൾ അവൾക്ക് കുട്ടിക്കളി മാറിയിട്ടില്ല. കർണാടകസംഗീതം പഠിച്ചു തുടങ്ങിയിട്ടേയുള്ളൂ. ജലദോഷം കാരണം തൊണ്ട ശരിയല്ലായിരുന്നു. ഭയങ്കര വാശിക്കാരിയും. വിശക്കുന്നു എന്നു പറഞ്ഞ് കരയും. മസാലദോശ വാങ്ങിത്തരാമെന്നു പറഞ്ഞാണ് പാടിപ്പിച്ചത്. -ഉത്തരയെ ചേർത്തുപിടിച്ച് പ്രിയയുടെ ദീർഘനിശ്വാസം. കർണാടക, ഹിന്ദുസ്ഥാനി പഠനം ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ, കൂടുതലിഷ്ടം വെസ്റ്റേൺ മ്യൂസിക്കിലാണെന്നുമാത്രം. ഉണ്ണിയും നിരുത്സാഹപ്പെടുത്താറില്ല. ലോകത്തെ ഏതു ഭാഷയിലും ഏതു ജനുസ്സിലുമുള്ള പാട്ടുകൾ നന്നായി പാടാൻ കർണാടകസംഗീതം ശക്തമായ അടിത്തറയാണ്. സിനിമാ സംഗീതത്തിൽ ഞാൻ വളർന്നത് കർണാടക സംഗീതജ്ഞാനം കൊണ്ടായിരുന്നു. സിനിമയിൽ പാടിയപ്പോൾ ഏറ്റവും കൂടുതൽ എതിർപ്പുണ്ടായതും കർണാടക സംഗീതജ്ഞരിൽനിന്നാണ്. ഇനിമുതൽ കച്ചേരികളിൽ കണ്ടുപോകരുതെന്നുവരെ ഭീഷണിയുണ്ടായി -ഉണ്ണികൃഷ്ണൻ ഓർക്കുന്നു. ഉണ്ണി കൈവെക്കാത്ത ഡബ്ബിങ് മേഖലയിലേക്കുകൂടി ഉത്തര ചേക്കേറി. എ.എൽ. വിജയിന്റെ ലക്ഷ്മിഎന്ന ചിത്രത്തിൽ സാറാ അർജുൻ എന്ന ബാലനടിക്കുവേണ്ടി ശബ്ദം നൽകിയത് ഉത്തരയാണ്. സ്റ്റുഡിയോയിൽ വോയ്സ് ടെസ്റ്റിനു പോയതാണ്. പുറത്തിറങ്ങിയത് ഡബിങ് ആർട്ടിസ്റ്റായി. സിനിമയിലേക്കുള്ള നടവഴികൾ സിനിമാ സംഗീതത്തിലേക്കുവരാൻ ഉണ്ണികൃഷ്ണൻ ആഗ്രഹിച്ചിരുന്നില്ല. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോനാണ് നിമിത്തമായത്. പാരി കൺഫെക്ഷനറി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഉണ്ണി. ഒരു സൽക്കാരച്ചടങ്ങിൽ സംഗീതസംവിധായകൻ എ.ആർ. റഹ്മാന് ഉണ്ണിയുടെ സംഗീത ആൽബം രാജീവ് മോനോൻ നൽകി. ഒരു മാസത്തിനകം റഹ്മാൻ പാടാൻ വിളിച്ചു. അതായിരുന്നു കാതലൻ. പാട്ട് ഹിറ്റായതോടെ ധാരാളം സിനിമകൾ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ 2000-ത്തോളം ഗാനങ്ങൾ ഇതിനകംപാടി. ഉത്തരയുടെ സിനിമാവരവും അവിചാരിതം. നവരാത്രി ഗൊലു കാണാൻ സംഗീത സംവിധായകൻ ജി.വി. പ്രകാശിന്റെ വീട്ടിൽ പോയപ്പോൾ നാലുവരി പാടിയത് വഴിത്തിരിവായി. പ്രകാശിന്റെ ഭാര്യ സൈന്ധവിക്ക് പാട്ട് ഇഷ്ടപ്പെട്ടു. പിന്നീട് ജി.വി. പ്രകാശ് പാടാൻ വിളിച്ചു. ദേശീയ പുരസ്കാരം പ്രഖ്യാപിക്കുമ്പോഴും ഉത്തര കുട്ടിക്കളിയിൽത്തന്നെയായിരുന്നു. ചാനലുകളിൽ വാർത്ത വരുമ്പോൾ ഞാൻ വീഡിയോ ഗെയിം കളിക്കുകയായിരുന്നു -ഉത്തരയുടെ ചിരി. ഇതിനകം 12 സിനിമകളിൽ ഉത്തര പാടിക്കഴിഞ്ഞു. അച്ഛൻ പാടിയതിൽ ഏറെ ഇഷ്ടം ഇരുവർ സിനിമയിലെ നറുമുഖിയേ... നറുമുഖിയേ എന്ന ഗാനമാണ്. തുരൈപ്പാക്കത്തെ എ.പി.എൽ. ഗ്ലോബൽ സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന ഉത്തരയ്ക്ക് വിദേശത്തുപോയി സൈക്കോളജിയിൽ ഉന്നതപഠനം നടത്തണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, സംഗീതപഠനം മുടങ്ങുമോ എന്നാണ് ഉണ്ണിയുടെയും പ്രിയയുടെയും ആശങ്ക. പാട്ടില്ലെങ്കിൽ കളിക്കളത്തിൽ പാട്ടുകാരല്ലെങ്കിൽ താൻ ക്രിക്കറ്റ് താരമോ ബിസിനസുകാരനോ ആകുമായിരുന്നുവെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. 120 വർഷം പാരമ്പര്യമുള്ള കേസരി കുടീരം ആയുർവേദ കമ്പനി ഞങ്ങളുടെ കുടുംബത്തിന്റേതാണ്. പാട്ടിൽ വന്നില്ലെങ്കിൽ ബസിനസിൽ ശ്രദ്ധിക്കുമായിരുന്നു. കുട്ടിക്കാലം മുതൽ ക്രിക്കറ്റ് ഭ്രാന്തുണ്ട്. ഭയങ്കര കായിക പ്രേമിയായിരുന്നു. ചെന്നൈയിലെ വിവേകാനന്ദ കോളേജിൽ പഠിക്കുമ്പോൾ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്റെ കീഴിലുള്ള തമിഴ്നാട് ക്വാർട്സ് ടീമിലെ മുൻനിര കളിക്കാരിൽ ഒരാളായിരുന്നു ഞാൻ. ക്രിക്കറ്റ് താരങ്ങളായ റോബിൻസിങ്ങും എൽ. ശിവരാമകൃഷ്ണനും അന്ന് ഒപ്പം കളിച്ചവരാണ്. കളിക്കൊപ്പം അന്ന് പാട്ടും ഉണ്ടായിരുന്നു. ക്രിക്കറ്റ് മാച്ച് കഴിഞ്ഞ് വൈകീട്ട് കച്ചേരി അവതിരിപ്പിച്ച ഒട്ടേറെ സന്ദർഭങ്ങളുണ്ടായിരുന്നു. അച്ഛന്റെ കായിക പ്രേമം ഉത്തരയിലേക്കും പകർന്നിട്ടുണ്ട്. സ്കൂൾ കഴിഞ്ഞാൽ വായനയും പാട്ടുകേൾക്കലും കളികളുമാണ് വിനോദം. ഉണ്ണികൃഷ്ണന്റെ മകൾ ഉത്തരയും ഭാര്യ പ്രിയയും. Photo: Mathrubhumi Archives പെണ്ണുകാണലും കച്ചേരിയും പ്രിയയെ ഉണ്ണികൃഷ്ണൻ ജീവിതസഖിയാക്കുന്നത് 1994 നവംബറിലാണ്. പാട്ടും നൃത്തവുമായി കോഴിക്കോട്ട് ഒതുങ്ങിക്കഴിയുകയായിരുന്നു പ്രിയ. ഉണ്ണി പാലക്കാട് സ്വദേശിയെങ്കിലും ചെന്നൈയിൽ ജനിച്ചുവളർന്ന മറുനാടൻ മലയാളി. കച്ചേരികൾ കേട്ടിട്ടുണ്ടെന്നല്ലാതെ പ്രിയയ്ക്ക് ഉണ്ണിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. ഞങ്ങളുടെ വിവാഹം നിശ്ചയിച്ച് തൊട്ടടുത്ത മാസമാണ് ഉണ്ണിക്ക് ആദ്യമായി സിനിമയിൽ അവസരം ലഭിക്കുന്നത്. അവിടെനിന്നും ഉയർച്ചകൾ മാത്രമായിരുന്നു. -പ്രിയ ഓർക്കുന്നു. പെണ്ണുകാണാൻ വന്നപ്പോൾ ഉണ്ണി പാടിയത് ഇപ്പോഴും പ്രിയയുടെ കാതുകളിൽ അലയടിക്കുന്നു. ജയദേവ അഷ്ടപദിയും ജബ് ദീപ് ചലേ ആയാ എന്ന ഹിന്ദി പാട്ടുമാണ് പാടിയത്. കൂട്ടുകുടുംബമായിരുന്നു പ്രിയയുടേത്. അതിനാൽ ബന്ധുക്കളൊക്കെ ചുറ്റും പാട്ടുകേൾക്കാനിരുന്നു. -ഉണ്ണിയും ഓർമകൾ പൊടിതട്ടിയെടുത്തു. വിവാഹസമയത്ത് കച്ചേരികളുടെ തിരക്കിലായിരുന്നു ഉണ്ണി ഗുരുവായൂരിലാണ് ഞങ്ങളുടെ വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം പാലക്കാട്ട് കച്ചേരി ഉണ്ടായിരുന്നു. - ഉണ്ണിയുടെ മുഖത്ത് ചിരിപടർന്നു. മാറുന്ന സംഗീതം, മാറുന്ന വഴികൾ പിന്നണിഗാനരംഗം പ്രൊഫഷനാക്കുന്ന കാലം കഴിയാറായെന്നാണ് ഉണ്ണികൃഷ്ണൻ പറയുന്നത്. പണ്ടത്തെ കാലമല്ല ഇത്. പണ്ട് അംബാസഡർ കാറും ഫിയറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ കാറുകളുടെ പ്രളയമല്ലേ! സംഗീതത്തിനും ഇതേ അവസ്ഥയാണ്. എല്ലാവർക്കും എല്ലാം പെട്ടെന്ന് ബോറടിക്കുന്നു. പഴയ ഗായകരുടെ ശബ്ദംപോലും പുതിയ തലമുറയ്ക്ക് ഇഷ്ടമാവുന്നില്ല. അങ്ങനെ സംഗീതസംവിധായകർ പുതിയ ശബ്ദത്തിലുള്ള ഗായകരെ കൊണ്ടുവരുന്നു. സിനിമാപ്പാട്ടുകളുടെ പ്രസക്തി തന്നെ കുറയുകയാണ്. അഥവാ പാട്ട് റെക്കോഡ് ചെയ്താൽപ്പോലും സിനിമയിൽ വിഷ്വൽ വരുന്നത് കുറവായിരിക്കും. പിന്നണിഗാനരംഗം മികച്ച പ്രൊഫഷൻ ആണെന്ന നില മാറിക്കൊണ്ടിരിക്കുന്നു. സംഗീതത്തിൽ കുറച്ചു കൂടി സ്വാതന്ത്ര്യം വേണമെന്നാണ് പുതിയ തലമുറ ആവശ്യപ്പെടുന്നത്. ട്രെൻഡ് മാറുന്നതിനനുസരിച്ച് പഴയ ഗായകർ പുറന്തള്ളപ്പെടുന്നു. മെലഡിയൊന്നും ഇപ്പോൾ ആർക്കും വേണ്ടാ. തമിഴ് സിനിമാ സംഗീതത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നത് എ.ആർ. റഹ്മാനാണ്. ഒട്ടേറെ പുതിയ ഗായകർക്ക് റഹ്മാൻ അവസരം നൽകി. അവരുടേതൊക്കെ വേറിട്ട സ്വരവുമായിരുന്നു. അപ്പോഴും മലയാളത്തിൽ പഴയ രീതികൾ തുടരുകയായിരുന്നു. കേരളത്തിലെ ഗായകർ ദാസേട്ടനെയും ചിത്രച്ചേച്ചിയെും അനുകരിക്കാനാണ് ശ്രമിച്ചത്. അതിൽ നിന്നും ഒരു മാറ്റമായിരുന്നു എം.ജി. ശ്രീകുമാറും വേണുഗോപാലുമൊക്കെ. സംഗീത സംവിധായകരായ എം. ജയചന്ദ്രനും ദീപക് ദേവുമൊക്കെയാണ് മലയാള സിനിമാ സംഗീതത്തിൽ പുതിയ ശബ്ദങ്ങൾ കൊണ്ടുവന്നവരിൽ പ്രമുഖർ. ജ്യോത്സ്ന, സിതാര, കാർത്തിക്, സൂരജ്, സന്തോഷ്, ഹരിചരൺ, സിദ് ശ്രീറാം തുടങ്ങിയവരൊക്കെ വേറിട്ട ശബ്ദവും ശൈലിയുമായി എത്തിയ ഗായകരാണ്. -ഉണ്ണികൃഷ്ണൻ പറയുന്നു. Content Highlights:Singer P Unnikrishnan AR Rahman

from movies and music rss https://ift.tt/3wLKnRq
via IFTTT

No comments:

Post a Comment