മറ്റൊരു വിഷുക്കാലമെത്തുമ്പോൾ മലയാളിയുടെ പ്രിയപ്പെട്ട മഞ്ജു വാരിയർ സിനിമയിൽ പുതിയൊരു വേഷംകൂടി അണിയുകയാണ്. വെള്ളിത്തിരയിൽ നിർമാതാവിന്റെ പേരിലും ഇനി മഞ്ജുവിനെ കാണാം. മഞ്ജു വാരിയർ നിർമാണ പങ്കാളിയാവുന്ന ചതുർമുഖം എന്ന സിനിമ തിയേറ്ററിലെത്തിക്കഴിഞ്ഞു. ഇത് ടെക്നോ ഹൊറർ എന്ന വിഭാഗത്തിൽപ്പെടുത്താവുന്ന സിനിമയാണ്. ഇതിന്റെ കഥയും അവതരണവുമെല്ലാം പുതുമയുള്ളതാണ്. ഇപ്പോൾ നമ്മുടെ ജീവിതത്തിൽ ടെക്നോളജിയുടെ ഒരു അതിപ്രസരം തന്നെയുണ്ട്. നമ്മൾ നിയന്ത്രിക്കുന്നതിനുപകരം ടെക്നോളജി നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാവുന്നു. നമ്മുടെ ജീവിതശൈലി തന്നെ അങ്ങനെ ആയിപ്പോയി. ടെക്നോളജിയുടെ ഈ ഭയാനകമായ വേർഷനാണ് ചതുർമുഖം എന്ന സിനിമയിൽ കാണിക്കുന്നത്. -നിർമാണപങ്കാളിയാവുന്ന സിനിമയെക്കുറിച്ച് തികഞ്ഞ പ്രതീക്ഷയിലാണ് മഞ്ജു വാരിയർ. ചതുർമുഖം സിനിമയിൽ തേജസ്വിനി എന്ന കഥാപാത്രത്തിന് ജീവൻപകരുന്നതും മഞ്ജുവാണ്. ലളിതം സുന്ദരം എന്ന പേരിൽ മഞ്ജു നിർമിക്കുന്ന മൂന്നാമത്തെ സിനിമ അണിയറയിൽ തയ്യാറാവുന്നുണ്ട്. ആദ്യമായി നിർമാതാവായ കയറ്റം എന്ന സിനിമയ്ക്ക് ഫെസ്റ്റിവലുകളിൽ പ്രേക്ഷകർക്കിടയിൽ വലിയ വരവേൽപ്പ് ലഭിച്ചിരുന്നു. നിർമാണ രംഗത്തേക്കുള്ള ചുവടുവെപ്പ് ജീവിതത്തിലെ മറ്റൊരു സിനിമാ പരീക്ഷണമായി കാണാനാണ് മഞ്ജുവിന് ഇഷ്ടം. വരുന്ന സിനിമകൾ നല്ലതാണെന്ന് മനസ്സിലാവുകയും അതിലൊരു ആത്മവിശ്വാസം തോന്നുകയും ചെയ്തപ്പോഴാണ് ഞാനും നിർമാണപങ്കാളിയാകാം എന്ന് തീരുമാനിക്കുന്നത്. അത് ആ സിനിമയിലുള്ള വിശ്വാസവും പ്രതീക്ഷയുംകൊണ്ട് തന്നെയാണ്. ഇത് സിനിമയുമായി ബന്ധപ്പെട്ട് എന്റെ ജീവിതത്തിലുണ്ടാവുന്ന മറ്റൊരു പരീക്ഷണമാണ്. പതിനേഴാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിൽ ആദ്യമായി മുഖം കാണിക്കുകയും 26 വർഷംകൊണ്ട് സിനിമയിൽ സ്വന്തമായൊരു ഇടം ഉണ്ടാക്കിയെടുക്കുകയും ചെയ്തിട്ടും സിനിമയോടുള്ള അടങ്ങാത്ത കൊതി മറച്ചുവെക്കുന്നില്ല അവർ. സിനിമാനിർമാണം ഒരുപാട് ഉത്തരവാദിത്വങ്ങളും വെല്ലുവിളിയും നിറഞ്ഞ മേഖലയല്ലേ =വെല്ലുവിളി എന്ന രീതിയിൽ അതിനെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട അവസ്ഥ കൂടെയുള്ള ആളുകൾ ഇതുവരെ എനിക്ക് തന്നിട്ടില്ല. അവരെല്ലാം വളരെ മികവുറ്റ രീതിയിൽ കാര്യങ്ങൾ നടത്തുന്നുണ്ട്. തീർച്ചയായും സിനിമാനിർമാണത്തിന് അതിന്റേതായ വെല്ലുവിളികളും ഉത്തരവാദിത്വങ്ങളുമുണ്ട്. നമ്മൾ സിനിമയിൽ വിശ്വസിച്ച് അതങ്ങ് ഏറ്റെടുക്കുന്നുവെന്ന് മാത്രം. പണ്ട് അഭിനയിച്ചിരുന്ന കാലത്ത് നിർമാണത്തെക്കുറിച്ച് ചിന്തിച്ചിരുന്നോ =പണ്ട് ഒട്ടും ചിന്തിച്ചിട്ടില്ല. വീണ്ടും അഭിനയിച്ചു തുടങ്ങിയപ്പോൾപ്പോലും ഞാൻ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞവർഷം കയറ്റം എന്ന സിനിമയോടു കൂടിയാണ് ഞാൻ ഈയൊരു മേഖലയെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. പിന്നെ ഓരോന്നും ആലോചിച്ച് ഉറപ്പിക്കുകയോ അതിന് അനുസരിച്ചുള്ള തീരുമാനങ്ങൾ എടുക്കുകയോ പോലുള്ള കാര്യങ്ങളൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അങ്ങനെ നോക്കുമ്പോൾ ഇതൊരു പരീക്ഷണമായി കാണാനാണ് ഇഷ്ടം. കയറ്റം എന്ന സിനിമയ്ക്ക് ഐ.എഫ്.എഫ്.കെ.യിൽ അടക്കം പല ഫെസ്റ്റിവലുകളിലും നല്ല പ്രതികരണങ്ങൾ കിട്ടിയിരുന്നു. പിന്നെ നിർമാണച്ചുമതല ഏറ്റെടുത്തത് ലളിതം സുന്ദരം എന്ന സിനിമയാണ്. അതൊരു ഫീൽ ഗുഡ് ഫാമിലി എന്റർടെയിനറാണ്. ഒരു തണുത്തകാറ്റ് എന്നൊക്കെ പറയുന്നപോലെ സുഖമുള്ള സിനിമ. ചതുർമുഖം ടെക്നോ ഹൊറർ മൂഡുള്ള ചിത്രമാണ്. ഞാൻ ഇതുവരെ ഏറ്റെടുത്ത സിനിമാനിർമാണ സംരംഭങ്ങളെല്ലാം തികച്ചും വ്യത്യസ്തമാണെന്ന് എനിക്ക് അഭിമാനപൂർവം പറയാൻ പറ്റും. ഈ സിനിമകളെല്ലാം പ്രേക്ഷകരിലേക്ക് എത്തുമ്പോഴേ എന്റെയീ യാത്ര പൂർണമാവുന്നുള്ളൂ. അവരുടെ പ്രതികരണം കാത്തിരിക്കുകയാണ് ഞാൻ. ഏതു തരത്തിലുള്ള സിനിമകളാണ് പ്രേക്ഷകർക്ക് നൽകാൻ പോവുന്നത് =ഇപ്പോൾ തന്നെ വ്യത്യസ്ത പ്രമേയങ്ങളുള്ള സിനിമകളാണ് ചെയ്തിരിക്കുന്നത്. ഇനിയും നല്ല സിനിമകൾ, പ്രേക്ഷകർക്ക് കാണാൻ ഇഷ്ടമുള്ള സിനിമകൾ നിർമിക്കണം. അതിൽ നിർമാണ പങ്കാളിയാവണം. ഇങ്ങനെയൊക്കെയുള്ള ആഗ്രഹങ്ങളേയുള്ളൂ. വലിയ പദ്ധതികളും തന്ത്രങ്ങളുമൊന്നുമില്ല. എല്ലാം വരുന്നപോലെ വരട്ടെ. ഈയിടെ മമ്മൂട്ടിയുടെ ക്യാമറയ്ക്കു മുന്നിൽ മോഡലായല്ലോ =ഞാൻ മമ്മൂക്കയ്ക്ക് ഒപ്പം ആദ്യമായി അഭിനയിച്ച പ്രീസ്റ്റ് സിനിമയുടെ ഷൂട്ടിങ് സമയത്ത് അവിടെ ലൈറ്റപ്പ് ചെയ്ത് വെച്ചിരുന്നു. ഒരു ചുമരിൽ ലൈറ്റ് വീണുകിടക്കുന്നത് കണ്ടപ്പോൾ മമ്മൂക്ക എന്നോട് വന്ന് പോസ് ചെയ്യാൻ പറഞ്ഞതാണ്. മുമ്പ് മമ്മൂക്ക ഫോട്ടോ എടുക്കുന്ന വാർത്തയൊക്കെ കണ്ടിട്ടേയുള്ളൂ. ഇത് കേട്ടപ്പോൾ ദൈവമേ മമ്മൂക്ക എന്റെ ഫോട്ടോ എടുക്കുന്നുവല്ലോ എന്നൊരു ആവേശവും ആകാംക്ഷയുമൊക്കെ തോന്നി. ഞാനും മമ്മൂക്കയുടെ ക്യാമറയ്ക്ക് മോഡലായല്ലോ എന്ന് സന്തോഷിച്ചു. എങ്ങനെ പോസ് ചെയ്യണം, എവിടെ നോക്കിയാലാണ് ആ വെളിച്ചത്തിന്റെ ഭംഗി കണ്ണിൽ വരുന്നത് എന്നൊക്കെ മമ്മൂക്ക പറഞ്ഞുതന്നു. ഫോട്ടോഗ്രാഫർമാർക്ക് മാത്രം അറിയുന്ന മർമമാണല്ലോ അത്. എന്തായാലും നല്ല ഭംഗിയുള്ള ഫോട്ടോകളായിരുന്നു. ആ ചിത്രങ്ങളിലെ പോലെ മഞ്ജു വീണ്ടും ചിരിക്കുന്നു. എങ്ങും വെളിച്ചം വീശുന്ന ചിരി. (ജീവിതത്തിലെ പുതിയ ആനന്ദങ്ങളെക്കുറിച്ച് മഞ്ജു വാരിയർ മനസ്സുതുറക്കുന്ന അഭിമുഖം ഏപ്രിൽ രണ്ടാംലക്കം ഗൃഹലക്ഷ്മിയിൽ വായിക്കാം...) Content Highlights:Malayalam Actress Manju Warrier Malayalam Movie Chathur Mukham
from movies and music rss https://ift.tt/2PUlodV
via
IFTTT
No comments:
Post a Comment