Tuesday, April 20, 2021

ഈ 'കരുത'ലിന്റെ പേരില്‍ പെണ്‍കുട്ടികളെ എത്രകാലം തളച്ചിടാനാകും; ആര്യ ദയാല്‍ ചോദിക്കുന്നു

സ്ത്രീവിരുദ്ധ ചിന്തകളെ തിരുത്തിക്കുറിക്കുന്ന വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് യുവഗായിക ആര്യ ദയാൽ. സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനം ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേർതിരിവിനോടും മുൻവിധികളോടും ഇനി വേണ്ട വിട്ടുവീഴ്ച എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളെ തിരുത്തുകയും സ്വതന്ത്രമായ, പരാശ്രയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഒരു ലോകത്തെ ആഗ്രഹിക്കുന്നു പുതിയ കാലത്തെ സ്ത്രീകളെന്ന് പറഞ്ഞുവെക്കുകയുമാണ് അങ്ങനെ വേണം. ശശികല മേനോന്റെ വരികൾ സംഗീതം നൽകി ആലപിച്ചിരിക്കുന്നത് ആര്യ ദയാൽ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷൻ വർക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാൻ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകൾവെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിർത്താൻ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്നു അങ്ങനെ വേണം. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും മികച്ച അഭിപ്രായങ്ങളും നേടുന്ന ഈ ഗാനത്തെക്കുറിച്ച് ആര്യ ദയാൽ മനസ്സു തുറക്കുന്നു. ഈ പാട്ടിന് പിന്നിലെ പ്രചോദനം എന്തായിരുന്നു? എല്ലായ്പ്പോഴും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് ഞാൻ പാട്ടിലൂടെ പറയാൻ ശ്രമിച്ചത്. ഒരു ഗേൾസ് സ്കൂളിലെ വിദ്യാർഥിനിയായിരുന്നു ഞാൻ. എന്റെ സഹപാഠികളും സുഹൃത്തുക്കളും അവരുടെ വീടുകളിലും ചുറ്റുപാടിലും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങൾ പറയുന്നത് കേട്ടപ്പോൾ വളരെയേറെ സങ്കടം തോന്നിയിട്ടു്ണ്ട്. കരുതൽ എന്ന പേരിൽ സ്വാതന്ത്ര്യം.ഹോമിക്കേണ്ടി വരുന്നത് എന്തൊരു അവസ്ഥയാണെന്ന് ചിന്തിച്ചു നോക്കുക? ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ പുറത്തുപോകാനോ സ്വാതന്ത്ര്യമില്ലാത്ത ജീവിതം വളരെ വിഷമം നിറഞ്ഞതാണ്. വളരെക്കാലങ്ങളായി സമൂഹത്തിൽ വേരിറങ്ങിപ്പോയ ഇത്തരം ജീർണിച്ച ചിന്തകളെ വലിച്ചെറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അത് തന്നെയാണ് ഞാൻ പറയാൻ ആഗ്രഹിച്ചത്. കാലം മാറി നാം ഓരോരുത്തരും സമൂഹമാധ്യമങ്ങളിലൂടെ പുറം ലോകത്തെ ജീവിതത്തെ കാണുകയും അറിയുകയും ചെയ്യുന്നുണ്ട്. സ്ത്രീ-പുരുഷ സമൂഹത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി നിലനിൽക്കുന്നു. ഈ കാലഘട്ടത്തിൽ എത്രകാലം ഇങ്ങനെ പെൺകുട്ടികളെ തളച്ചിടാനാകും? ഒരു കാര്യം കൂടി ഞാൻ എടുത്തു പറയുന്നു. വരികളാണ് ഈ പാട്ടിന്റെ ശക്തി. മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ച വനിതയായ ശശികല വി മേനോനാണ് വരികൾ എഴുതിയിരിക്കുന്നത്. ശശികലാമ്മയുമായി ഒരു പാട്ട് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. കരുതൽ ആങ്ങളമാർ എന്നൊരു വിഭാഗം സോഷ്യൽ മീഡിയകളിൽ പോലും ഉണ്ട്. അവർക്കുള്ള മറുപടിയാണോ? കരുതൽ ആങ്ങളമാർക്ക് മാത്രം വേണ്ടിയുള്ള മറുപടിയില്ല. മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ ഇഷ്ടത്തിന് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലുണ്ടെന്ന് പെൺകുട്ടികളും അറിയണം. കരുതലിന്റെ പേരിലുള്ള ഈ നിയന്ത്രണം തിരിച്ചറിയാൻ പോലും സാധിക്കാത്ത പെൺകുട്ടികളുണ്ട്. അവർക്കും വേണ്ടിയാണ് ഈ പാട്ട്. സ്ത്രീശരീരം പരിശുദ്ധമാണ്, മൂടിവയ്ക്കേണ്ടതാണ്, രാത്രി പുറത്തിറങ്ങരുത് തുടങ്ങിയ കാര്യങ്ങളാണ് സ്ത്രീസുരക്ഷയെക്കുറിച്ച് പറയുമ്പോൾ ഇപ്പോഴും ചിലർ പറയുന്നത്. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങൾ കുറയ്ക്കാൻ സ്ത്രീകൾ അടങ്ങി ഒതുങ്ങി ഇരിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണുള്ളത് എന്ന ചിന്തിക്കുക. മറിച്ച് സ്കൂൾ തലം മുതൽ കുട്ടികളിലും മറ്റും ലിംഗസമത്വത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതല്ലേ. സ്കൂളുകളിൽ മാത്രമല്ല വീടുകളിലും പഠിപ്പിക്കേണ്ട വിഷയമാണ്. ആര്യയ്ക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? ഇന്ന് ഒരു പോസ്റ്റ് ഞാൻ കണ്ടു. കോവിഡുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണിത്. പെൺകുട്ടികൾ അവരുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ഫോൺ നമ്പർ പരമാവധി നൽകാതെ ഇരിക്കുക എന്നും മാതാപിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ നമ്പർ നൽകണമെന്നൊക്കെയായിരുന്നു അതിൽ പറഞ്ഞിരിക്കുന്നത്. പ്രത്യക്ഷത്തിൽ നിരുപദ്രവകരമായി തോന്നുന്ന എന്ന കാര്യം. എന്നാൽ ചിന്തിക്കുമ്പോൾ അതിലൊരു വലിയ പ്രശ്നമുണ്ട്. പ്രായപൂർത്തിയായ ഒരാളുടെ ഉത്തരവാദിത്തം ആ വ്യക്തിയ്ക്ക് മാത്രമാണ്. അതിൽ ലിംഗവ്യത്യാസമില്ല. അതിൽ പെൺകുട്ടികളുടെ കാര്യംവരുമ്പോൾ രക്ഷാകർത്താവിനെ തിരഞ്ഞ് പോകേണ്ട ആവശ്യം എന്താണ്. നിയമം എനിക്ക് സംരക്ഷണം നൽകുന്നുണ്ട്. അത് കൃത്യമായി നടപ്പാക്കുമെങ്കിൽ ഞാൻ എന്തിന് മറ്റുള്ളവരെ ഭയക്കണം? എന്തിന് നമ്പർ നൽകാതിരിക്കണം. സോഷ്യൽ മീഡിയകളിൽ സജീവമായി ഇടപെടുമ്പോൾ ഈ കരുതൽ ആങ്ങളമാരുമായി എനിക്കും ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. എനിക്ക് മാത്രമല്ല ഒട്ടുമിക്ക സ്ത്രീകൾക്കും വ്യക്തി ജീവിതത്തിലോ അല്ലെങ്കിൽ സോഷ്യൽ മീഡിയകളിലോ ഇത്തരം ആളുകളുമായി കലഹിക്കേണ്ടി വരും. ഇനി വരാനിരിക്കുന്ന പ്രൊജക്ടുകൾ എന്തൊക്കെയാണ്? പരമാവധി സ്വതന്ത്ര മ്യൂസിക് വീഡിയോകൾ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. കവർ വേർഷനുകളേക്കാൾ ഒറിജിനൽ സോങ്ങുകളാണ് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ചേടത്തോളം ഏറ്റവും വലിയ സ്വപ്നവും വെല്ലുവിളിയും. പലപ്പോഴും ഇൻഡിപെൻഡന്റായി ചെയ്യുമ്പോൾ കാഴ്ചക്കാരുടെ എണ്ണം കുറയുന്നതിൽ ഒരു ചെറിയ സങ്കടമുണ്ട്. എന്റെ ആദ്യത്തെ ഇൻഡിപെൻഡൻസ് വർക്ക് ട്രൈ മൈ സെൽഫ് ആയിരുന്നു. സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് അതിന്റെ വിഷയം. എന്നെപ്പോലെ ഒരുപാട് ആർട്ടിസ്റ്റുകൾ ധാരാണം ഇൻഡിപെൻഡന്റ് വീഡിയോകൾ ചെയ്യുന്നുണ്ട്. വേടൻ പോലുള്ളവർ. എല്ലാവരും സംസാരിക്കുന്നത് സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളാണ്. അത്തരം വർക്കുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകിയാൽ, കൂടുതൽ ആർട്ടിസ്റ്റുകൾ മുന്നോട്ട് വരും. ധാരാളം വിമർശനങ്ങളും ആര്യയെ തേടി എത്തിയിട്ടുണ്ട്. സംഗീതപ്രേമികളുടെ ഒരു ഗ്രൂപ്പിൽ ആര്യ പാടുമ്പോൾ എക്സ്പ്രഷൻ കൂടുതലാണെന്ന തരത്തിൽ ഒരു ചർച്ച കണ്ടിരുന്നു? ഞാനും അത് കാര്യമാക്കി എടുക്കാറില്ല. കുട്ടിക്കാലം മുതൽ പാട്ട് പഠിക്കുന്ന ഒരാളാണ് ഞാൻ. അന്ന് മുതൽ ഞാൻ കേൾക്കുന്ന പരാതിയാണ് എന്റെ മുഖത്തെ എക്സ്പ്രഷൻ കൂടുതലാണെന്നത്. ഒരുകാലത്ത് ഞാൻ അത് നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പരാജയപ്പെട്ടു. എനിക്ക് ഇങ്ങനെ പാടാനേ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞതോടെ എനിക്കത് വിഷയമല്ലാതെയായി. വളരെ കൂളായി നിന്ന് പാടുന്നവരുമുണ്ട്. എസ്.ജാനകി അമ്മ, എം.എസ് സുബല്ക്ഷ്മി അമ്മ, ചിത്രാമ്മ തുടങ്ങിയ വലിയ ഗായികമാർ പാടുമ്പോൾ അവരുടെ മുഖത്ത് അധികം ഭാവപ്രകടനങ്ങൾ ഇല്ല. അത് കണ്ടു ശീലിച്ചത് കൊണ്ടായിരിക്കണം നമ്മൾ പാടുമ്പോൾ ഇത്രയ്ക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുത്. പുരുഷ ഗായകരെക്കുറിച്ച് ഇത്തരം വിമർശനങ്ങൾ ഉയരുന്നത് അധികം കണ്ടിട്ടില്ല. സ്ത്രീകളെക്കുറിച്ചാണ് പരാതി. നമ്മൾ അടങ്ങി ഒതുങ്ങി നിന്ന് പാടണം എന്ന ചിന്ത ഉള്ളതുകൊണ്ടാണോ ഇവർ ഇ്ങ്ങനെ പറയുന്നത് എന്ന് എനിക്കറിയില്ല. Content Highlights:Arya Dhayal singer Interview ,Angane Venam, Gender equality, women empowerment, feminism, Sasikala V Menon

from movies and music rss https://ift.tt/3dxVsOj
via IFTTT

No comments:

Post a Comment