Monday, April 19, 2021

പ്രാർഥനയും സേവനവും മാത്രമല്ല; റോയി അച്ചന്‍ സിനിമയും എടുക്കും

കോട്ടയം: ഭരണങ്ങാനത്ത് അസീസി മാഗസിന്റെ എഡിറ്ററായിരിക്കുമ്പോൾ റോയി അച്ചന്റെ മനസ്സിൽ എഴുത്തും വായനയും നാടകവുമൊക്കെയായിരുന്നു. എഡിറ്ററുടെ കസേരയിൽ നിന്നിറങ്ങുമ്പോൾ മേലധികാരിയായിരുന്ന സെന്റ് ജോസഫ്സ് കപ്പൂച്ചിൻ സഭയിലെ കോട്ടയംപ്രൊവിൻഷ്യൽ ഫാ. തോമസ് ജേക്കബ് പറഞ്ഞു- എന്തെങ്കിലുമൊക്കെ ഇനിയും കോൺട്രിബ്യൂട്ട് ചെയ്യണം; റോയിക്ക് ഇഷ്ടമുള്ളത് പഠിക്കാം. സിനിമയായിരുന്നു അച്ചൻ തിരഞ്ഞെടുത്ത വഴി. സിനിമ പഠിച്ചിറങ്ങിയ റോയിയച്ചൻ ഇന്ന് സംവിധായകനാണ്. അച്ചൻ സംവിധാനം ചെയ്ത കാറ്റിനരികെ എന്ന ചിത്രം ഈസ്റ്റർ ദിനത്തിൽ പ്രൈം റീൽസ് ഒ.ടി.ടി. പ്ലാറ്റ്ഫോം വഴിയാണ് റിലീസ് ചെയ്തത്. ഒരു വൈദികൻ ഒരു മുഴുനീള സിനിമയുടെ സംവിധായകനായി രംഗത്തെത്തുന്നത് അത്യപൂർവം. പ്രാർഥനയ്ക്കുംസേവനത്തിനുമായി സമർപ്പിച്ച ജീവിതത്തിൽ സിനിമയുടെ ലോകം കൂടി ചേർക്കുകയാണ് 47-കാരനായ ഫാ. റോയി ജോസഫ് കാരയ്ക്കാട്ട്. പല മേഖലകളിൽനിന്ന് അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോൾ ഫാ. റോയിക്ക് സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ളാദം. കപ്പൂച്ചിൻ സഭാംഗമായ ഫാ. റോയി കോട്ടയം ചവിട്ടുവരി സെന്റ് ജോസഫ്സ് പ്രൊവിൻഷ്യലേറ്റിൽ അംഗമാണ്. ഇത് ഒരു കൊച്ചുസിനിമയാണ്. ഒരു കുടുംബത്തിന്റെ കഥ. അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധിയാണ് പ്രമേയം.- ഫാ. റോയി സിനിമയെക്കുറിച്ച് പറഞ്ഞു. അശോകൻ, സിനി എബ്രഹാം, പവൻ റോയി, അനു മനു എന്നിവരാണ് മുഖ്യവേഷങ്ങളിൽ. 2019-ൽ ഷൂട്ടിങ് പൂർത്തിയായെങ്കിലും കോവിഡിനെത്തുടർന്ന് റിലീസ് ചെയ്യാനായില്ല. 2019-ലെ ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ നവാഗതപ്രതിഭക്കുള്ള പ്രത്യേക പുരസ്കാരത്തിനും ഈ ചിത്രത്തിലൂടെ ഫാ. റോയി അർഹനായി. 2010-11 കാലത്ത് ചങ്ങനാശ്ശേരി മീഡിയാ വില്ലേജിലാണ് ഫാ. റോയി സിനിമ പഠിച്ചത്. പിന്നീട് ചില ഷോർട്ട് ഫിലിമുകൾ ചെയ്തു. 2018-ൽ ജലദൗർലഭ്യം പ്രമേയമാക്കി ദി ലാസ്റ്റ് ഡ്രോപ് എന്ന പേരിൽ ഡേക്യുമെന്ററി ഒരുക്കി. കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക പരാമർശത്തിന് ഈ ചിത്രം അർഹമായി. മുന്നോട്ടുപോകാൻ അത് വലിയ പ്രോത്സാഹനമായിരുന്നു. മീഡിയാ വില്ലേജിലെ സഹപാഠികളാണ് സിനിമയൊരുക്കാൻ സഹായമായി കൂടെ നിന്നത്. തിരക്കഥയൊരുക്കിയ സ്മിറിൻ സെബാസ്റ്റ്യൻ, ക്യാമറ ചെയ്ത ഷിനൂബ് ടി.ചാക്കോ, മ്യൂസിക് ചെയ്ത നോബിൾ പീറ്റർ, എഡിറ്റിങ് നിർവഹിച്ച വിശാഖ് രാജേന്ദ്രൻ എന്നിവരെല്ലാം വലിയ സപ്പോർട്ടായിരുന്നു- ഫാ. റോയി പറഞ്ഞു. ഡോ. ആന്റണി സി. കപ്പൂച്ചിന്റേതാണ് കഥ. വാഗമണിലായിരുന്നു ഷൂട്ട്. രണ്ടു മണിക്കൂർ 16 മിനിട്ടാണ് ദൈർഘ്യം. Content Highlights:father Roy Joseph director, Katttinarike Movie, Interview Malayalam Cinema

from movies and music rss https://ift.tt/3ao8wUH
via IFTTT

No comments:

Post a Comment