സൂപ്പർസ്റ്റാർ അശോക്രാജ് കാതിൽ ചുവന്ന കടുക്കനിട്ട കളിക്കൂട്ടുകാരൻ ബാലനെ ഓർത്തു വിതുമ്പുന്നത് ഒരു തേങ്ങലോടെയല്ലാതെ കണ്ടിരിക്കാനാവില്ല. കഥ പറയുമ്പോൾ എന്ന മമ്മൂട്ടി ചിത്രത്തിലെ വെള്ളിത്തിരയിലെ രംഗത്തെ കടത്തിവെട്ടിയിരിക്കുകയാണ് യഥാർഥ ജീവിതത്തിൽ സ്റ്റൈൽ മന്നൻ രജനികാന്ത്. ഇന്ത്യയിലെ ഏറ്റവും പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ ഫാൽക്കെ അവാർഡ് നേടിയ രജനിയെ അഭിനന്ദിച്ചവരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വരെയുണ്ട്. ഇവർക്കൊക്കെ ഹൃദയത്തിൽ തൊട്ട് നന്ദി പറയുകയും ചെയ്തു രജനി. എന്നാൽ, അഭിനന്ദനപെരുമഴയിൽ ഒരാളെ രജനി മറന്നില്ല. രാജ് ബഹദൂറിനെ. രാജ് ബഹാദൂർ സിനിമാക്കാരനല്ല. ഒരു ബസ് ഡ്രൈവറാണ്. ബെംഗളൂരുവിൽ ശ്രീനഗരയിൽ നിന്ന് മെജസ്റ്റിക്കിലേയ്ക്കുള്ള പത്താം നമ്പർ ബസിലെ ഡ്രൈവറായിരുന്നു. പണ്ട് ഈ ബസിലെ കണ്ടക്ടറായിരുന്നു ശിവാജി റാവു ഗെയ്ക്വാദ്. ബഹാദൂറിന്റെ ഉറ്റ ചങ്ങാതി. ശിവാജി കണ്ടക്ടർ ജോലി ഉപേക്ഷിച്ച് രജനികാന്ത് എന്ന സ്റ്റൈൽമന്നനായപ്പോഴും പഴയ ചങ്ങാതിയെ മറന്നില്ല. വിശേഷസമയങ്ങളില്ലെന്നാം ഓർത്ത് കൂടെ ചേർത്തു.ഇന്നും രജനിയെ ശിവാജി എന്നു വിളിക്കുന്ന അപൂർവം ആളുകളിൽ ഒരാളാണ് രാജ് ബഹാദൂർ. ഒരു സിനിമാനടനാവണമെന്ന തന്റെ മോഹത്തിന് കരുത്ത് പകർന്നത് രാജ് ബഹാദൂറാണെന്ന് പലവട്ടം രജനി തുറന്നുപറഞ്ഞിട്ടുണ്ട്. ദാദാ ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ അതുകൊണ്ടു തന്നെ നന്ദി പറയാൻ രജനി ആദ്യം ഓർത്തെടുത്ത പേരുകളിൽ ഒന്ന് ബഹാദൂറിന്റേതായിരുന്നു. എന്നിലെ നടനെ ആദ്യമായി കണ്ടെത്തുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത രാജ് ബഹാദൂറിന് നന്ദി-രജനി കത്തിൽ പറഞ്ഞു. പട്ടിണിയുമായി പൊരുതുന്ന കാലത്തും തന്നെ ഒരു നടനായി കാണാൻ വേണ്ടി എല്ല ത്യാഗവും സഹിച്ച സഹോദരൻ സത്യനാരായണ റാവു ഗെയ്ക്വാദിനോടും സിനിമയിൽ ആദ്യ അവസരം നൽകിയ കെ.ബാലചന്ദറിനും രജനി നന്ദി പറഞ്ഞു. ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുന്ന കാലത്ത് രജനിയുടെ അഭിനയമോഹം കണ്ട രാജ് ബഹാദൂറാണ് അഡയാറിൽ അഭിനയം പഠിക്കാനുള്ള സൗകര്യമെല്ലാം ചെയ്തുകൊടുത്തത്. കെ. എസ്. ആർ.ടി.സി ജീവനക്കാരുടെ ക്ലബിൽ പുരാണ നാടകങ്ങൾ കളിക്കുമായിരുന്ന രജനിയോട് കണ്ടക്ടറായി പ്രതിഭ തുലയ്ക്കരുതെന്ന് പറഞ്ഞതും ബഹാദൂറായിരുന്നു. വീട്ടിലെ പശു വളർത്തലിൽ നിന്ന് കിട്ടുന്ന അധികവരുമാനം അങ്ങനെ ബഹാദൂർ രജനിക്കായി മാറ്റിവച്ചു. അങ്ങനെയാണ് അഭിനയം പഠിക്കാനായി ചെന്നൈയിലേയ്ക്ക് വണ്ടികയറുന്നത്. കെ. എസ്. ആർ.ടി.സിയിലെ ജോലി രാജിവച്ച ശിവാജി റാവു അങ്ങനെ കെ.ബാലചന്ദറിന്റെ അപൂർവ രാഗങ്ങൾ വഴി കമൽഹാസനും ശ്രീദേവിക്കുമൊപ്പം രജനിയായി വില്ലൻ വേഷത്തിൽ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. ശേഷം ചരിത്രം. വലിയ നടനായെങ്കിലും രജനി ബഹാദൂറുമായുള്ള സൗഹൃദം അവസാനിപ്പിച്ചിരുന്നില്ല. ബെംഗളൂരുവിൽ വരുമ്പോഴെല്ലാം ഇരുവരും ഒന്നിച്ചു. പുതിയ സിനിമ ഇറങ്ങുമ്പോൾ വിശേഷങ്ങൾ പങ്കിട്ടു. വീട്ടിലെ ചടങ്ങുകൾക്കെല്ലാം രജനി ബഹാദൂറിനെ പ്രത്യേകം ക്ഷണിക്കാനും ശ്രദ്ധിച്ചു. 🙏🏻 pic.twitter.com/WwOHRNhLwF — Rajinikanth (@rajinikanth) April 1, 2021 Content Highlights:Rajinikanth Dadasaheb Phalke Award Bus Driver Raj Bahadur Narendra Modi Kamal Hassan
from movies and music rss https://ift.tt/3ue1MQM
via
IFTTT
No comments:
Post a Comment