``എന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കുന്നത് കേൾക്കാം നിങ്ങൾക്കാ പാട്ടിൽ -- സിനിമക്ക് വേണ്ടി ജീവിതത്തിലാദ്യമായി പാടി റെക്കോർഡ് ചെയ്ത ഗാനത്തെക്കുറിച്ച് കമൽഹാസന്റെ ഓർമ്മ. ``ഒന്നുകൂടി ശ്രദ്ധിച്ചാൽ ചെറിയൊരു വിറയലും കേട്ടെന്നിരിക്കും. എങ്ങനെ വിറയ്ക്കാതിരിക്കും? കർക്കശക്കാരനായ സാക്ഷാൽ ദേവരാജൻ മാഷാണ് എ.വി.എം. സ്റ്റുഡിയോയുടെ കൺസോളിൽ. ``കുട്ടിക്കാലം മുതലേ അറിയാം മാഷിനെ. എന്റെ നൃത്തഗുരുവായ തങ്കപ്പൻ മാസ്റ്ററുടെ അടുത്ത സുഹൃത്ത്. സംഗീതസാർവഭൗമൻ. ആദ്യം സിനിമയിൽ പാടേണ്ടിവരിക അദ്ദേഹത്തിന് വേണ്ടിയാകും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പക്ഷെ, നിയോഗം അതായിരുന്നു. ധൈര്യമായി പാടാൻ മാഷ് പ്രോത്സാഹനം തന്നെങ്കിലും മൈക്കിന് മുന്നിൽ ചെന്ന് നിന്നപ്പോൾ ഒരു പേടി. മാഷ് തൊട്ടടുത്തുനിന്ന് കയ്യുയർത്തി പാട്ട് കണ്ടക്റ്റ് ചെയ്യാൻ കൂടി തുടങ്ങിയതോടെ ഉള്ള ധൈര്യവും ചോർന്നു. -കമൽ ചിരിക്കുന്നു. ഉലകനായകന്റെ അരങ്ങേറ്റഗാനം ഏതെന്നുകൂടി അറിയുക: മുക്ത ശ്രീനിവാസൻ സംവിധാനം ചെയ്ത അന്തരംഗം (1975) എന്ന തമിഴ് ചിത്രത്തിലെ `ഞായിറ് ഒളി മഴൈയിൽ തിങ്കൾ കുളിക്കവന്താൻ. ദേവരാജ സംഗീതത്തിൽ പുറത്തുവന്ന വ്യത്യസ്തമായ തമിഴ് ഗാനങ്ങളിൽ ഒന്ന്. കമൽഹാസനിലെ പാട്ടുകാരനെ കണ്ടെത്തിയതെങ്ങനെ? നേരിട്ടു ചോദിച്ചിട്ടുണ്ട് ഒരിക്കൽ ദേവരാജൻ മാസ്റ്ററോട്. ``ആ കണ്ടെത്തൽ നടത്തിയത് ഞാനല്ല. സംവിധായകൻ മുക്ത ശ്രീനിവാസനാണ്.- മാസ്റ്റർ പറഞ്ഞു. `` ഷോട്ടുകൾക്കിടെ സെറ്റിലിരുന്ന് മൂളിപ്പാട്ടുകൾ പാടിയിരുന്ന കമലിനെ ശ്രീനിവാസൻ ശ്രദ്ധിച്ചു. അടുത്ത് ചെന്ന് കാതോർത്തപ്പോൾ മനസ്സിലായി മൂളിപ്പാട്ട് ഒരു കീർത്തനമായിരുന്നു എന്ന്. പിന്നെ സംശയിച്ചില്ല ശ്രീനിവാസൻ. നേരെ എന്റെയടുത്ത് വന്നു പറഞ്ഞു: കമലിനെ കൊണ്ട് ഈ പടത്തിൽ ഒരു പാട്ട് പാടിക്കണമെന്നുണ്ട്. വിരോധമില്ലെന്ന് കരുതുന്നു. സന്തോഷമേ ഉണ്ടായിരുന്നുള്ളു ദേവരാജൻ മാസ്റ്റർക്ക്. കമലിന്റെ ഗുരുവായ തങ്കപ്പൻ മാസ്റ്ററുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു മാസ്റ്റർ. സിനിമയിൽ വന്ന കാലം മുതൽ തങ്കപ്പൻ മാസ്റ്ററെ അറിയാം. ഒരുമിച്ചു താമസിച്ചിട്ടുപോലുമുണ്ട്. ശിഷ്യന്റെ പ്രതിഭയെ കുറിച്ച് വാചാലനാകാറുണ്ടായിരുന്നു ഗുരു. ഏതു മേഖലയിലും തിളങ്ങാൻ പോന്ന കലാകാരനാണ് കമൽ എന്ന് അന്നേ തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കമലിന്റെ ഉള്ളിലെ ഗായകനിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു ദേവരാജന്. ആ വിശ്വാസം ഇല്ലാത്തത് തനിക്ക് മാത്രമായിരുന്നു എന്ന് പറയും കമൽഹാസൻ. ``ഇന്നത്തെ പോലെ കട്ട് ആൻഡ് പേസ്റ്റ് അല്ലെങ്കിൽ, പഞ്ചിംഗ് ഒന്നും ഉള്ള കാലമല്ല. ലൈവ് റെക്കോർഡിംഗ് ആണ്. പ്രണയഗാനം ആണെങ്കിലും പ്രണയത്തേക്കാൾ ഭയം എന്ന വികാരമാണ് ഇന്ന് ആ പാട്ടിൽ നിങ്ങൾ കേൾക്കുക. ഉൾക്കിടിലത്തോടെയാണ് അത് പാടിത്തീർത്തത്. പാട്ടിനെക്കുറിച്ചു മാസ്റ്റർ അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും കൊള്ളാം എന്നൊരു ഭാവം ആ മുഖത്ത് നിന്നു വായിച്ചെടുത്തു താനെന്ന് കമൽ. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായ ``അന്തരംഗത്തിൽ ഗേവാകളറിൽ ചിത്രീകരിക്കപ്പെട്ട ഗാനരംഗങ്ങളിൽ ഒന്നായിരുന്നു `ഞായിറ് ഒളി മഴൈയിൽ. സിനിമയിൽ അത് പാടി അഭിനയിച്ചത് കമൽ തന്നെ. ഗാനരംഗത്ത് ഒപ്പം പ്രത്യക്ഷപ്പെട്ടത് അന്ന് താരതമ്യേന തുടക്കക്കാരിയായിരുന്ന ദീപ. മലയാളികളുടെ ഉണ്ണിമേരി. ഗായകനായ കമലിന്റെ ജൈത്രയാത്ര തുടങ്ങുന്നത് ആ പാട്ടിൽനിന്നാണ്. ഇന്ന് കേൾക്കുമ്പോൾ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആലാപനശൈലിയുമായി സാമ്യം തോന്നും കമലിന്റെ ആദ്യഗാനത്തിന്. ``ചിലപ്പോൾ ബാലുവിന്റെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം. അന്ന് ശ്രദ്ധേയനായി വരുകയായിരുന്നല്ലോ അദ്ദേഹം.-കമൽ. നാലര പതിറ്റാണ്ടിനിടെ വേറെയും ഹിറ്റ് ഗാനങ്ങൾ പാടി അദ്ദേഹം.ഏറെയും പ്രിയ സുഹൃത്ത് ഇളയരാജക്ക് വേണ്ടി. നിനൈവോ ഒരു പാർവൈ (സിഗപ്പു റോജാക്കൾ), സുന്ദരി നീയും സുന്ദരൻ ഞാനും (മൈക്കിൾ മദന കാമരാജൻ), കണ്മണി അൻപോട് (ഗുണാ), ഇഞ്ചി ഇടുപ്പഴകി (തേവർ മകൻ).. എല്ലാം മറക്കാനാവാത്ത പാട്ടുകൾ. എ.ആർ. റഹ്മാന് വേണ്ടി `തെനാലിയിലും വിദ്യാസാഗറിന് വേണ്ടി അൻപേ ശിവത്തിലും ശങ്കർ എഹ്സാൻ ലോയ്ക്കു വേണ്ടി വിശ്വരൂപത്തിലും ജിബ്രാന് വേണ്ടി ഉത്തമവില്ലനിലും ഹിമേഷ് രേഷ്മയ്യക്ക് വേണ്ടി ദശാവതാരത്തിലും മകൾ ശ്രുതിഹാസന് വേണ്ടി ഉന്നൈപ്പോൽ ഒരുവനിലും ഭരദ്വാജിന് വേണ്ടി വസൂൽ രാജ എം.ബി.ബി.എസ്സിലും പാടി അദ്ദേഹം. ``ഞാൻ ഒരു ഗായകനല്ല. ഗാനാഗ്രഹി മാത്രമാണ്.-എന്നിട്ടും കമൽ പറയും. Content highlights:Kamal Haasan songfor Devarajan Master Andharangam Movie
from movies and music rss https://ift.tt/3gfE3vy
via
IFTTT
No comments:
Post a Comment