സംവിധായകൻ പി.പത്മരാജന്റെ ചരമവാർഷികം ഇരുപത്തിയൊന്നാം തീയ്യതി, പുതിയതായി വാങ്ങിയ സ്ഥലത്ത് മതിലുകെട്ടിത്തുടങ്ങി, അവിടെ ഇരിക്കെ, അദ്ദേഹം എന്നോടു ചോദിച്ചു. നമ്മളിവിടെ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നത്? നമ്മുടെ മോൾ പ്രായമായി വരികയല്ലേ, അവളുടെ കല്ല്യാണം നമുക്ക് ഈ പുരയിടത്തിൽ വലിയ പന്തലുകെട്ടി നടത്താം. വാടകയ്ക്കെടുത്ത മണ്ഡപങ്ങളിലെ കല്യാണം എനിക്കിഷ്ടമേ അല്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. അവൾ കൊച്ചുകുട്ടിയല്ലേ- നമ്മൾ ഉടനെ ഇവിടെ എന്തുചെയ്യണം എന്നാണ് ഞാൻ ചോദിച്ചത് എന്നായി അദ്ദേഹം. നമുക്കെല്ലാവർക്കും തടി വളരെ കൂടുതലാണല്ലോ. ഇവിടെയൊരു ഷട്ടിൽക്കോക്ക് കോർട്ടുണ്ടാക്കി നമുക്കു നാലുപേർക്കും കൂടി കളിക്കാം- ആരോഗ്യത്തിനും നല്ലതാണ് എന്ന എന്റെ സജഷൻ അദ്ദേഹത്തിന് നന്നേ ബോധിച്ചു. വിളപ്പിൽശാല പുരയിടത്തിൽ ഇരിപ്പുണ്ടായിരുന്ന കുറച്ചു ചുടുകട്ടകൾ ഇങ്ങോട്ട് കൊണ്ടുവരാനായി ഞങ്ങൾ വൈകീട്ട് പോയി. കുട്ടികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. സന്ധ്യക്ക് സൂര്യാസ്തമയം നോക്കി നിന്നതിനുശേഷം എന്നോടു പറഞ്ഞു. അടുത്ത വർഷമാകുമ്പോഴേക്കും നമ്മുടെ രണ്ടു പുരയിടങ്ങൾക്കും ഇടയ്ക്കായി കിടക്കുന്ന സ്ഥലം ഞാൻ വാങ്ങിച്ച് അവിടെ ഒരു വീടുവച്ചിരിക്കും എന്ന്, എങ്കിലത് തൊണ്ണൂറ്റി രണ്ട് മാർച്ചിലാകാം എന്നു പറഞ്ഞ് ഞാൻ ചിരിച്ചു. എന്തെന്നാൽ ഓരോ വർഷവും മാർച്ചുമാസത്തിൽ എന്തെങ്കിലുമൊക്കെ മരാമത്തു പണികൾ ഞങ്ങൾക്ക് പതിവുള്ളതാണ്. എല്ലാ ശല്യങ്ങളിൽ നിന്നും ഒഴിഞ്ഞ് വളരെ ശാന്തമായ ഒരു ചുറ്റുപാടിൽ ഇരുന്നുകൊണ്ട് വീണ്ടും സാഹിത്യ രചന തുടങ്ങണം, സിനിമയിൽ നിന്നും എങ്ങനെയെങ്കിലും ഒന്നു തലയൂരണം എന്ന് ആ മനസ്സിൽ തോന്നിത്തുടങ്ങിയിരുന്നു. രാധാലക്ഷ്മി ആർട്ട്സ് കോളേജിലെ ആർട്ട്സ് ക്ലബ്ബ് ഉൽഘാടനത്തിന് അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. പണ്ട്, പ്രീയൂണിവേഴ്സിറ്റിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം താമസിച്ചിരുന്ന ഹോസ്റ്റലിൽതന്നെ താമസിച്ച്, സീനിയർ ക്ലാസ്സിൽ പഠിച്ചിരുന്ന സുന്ദരം ധനുവച്ചപുരമായിരുന്നു അന്ന് ആർട്ട്സ് കോളേജിലെ പ്രിൻസിപ്പൽ. ശരിക്ക് പറഞ്ഞാൽ, സുന്ദരമാണ് അവിടുത്തെ പ്രിൻസിപ്പൽ എന്നറിഞ്ഞതു കൊണ്ടുമാത്രമാണ് അദ്ദേഹം, നല്ല ക്ഷീണമുണ്ടായിരുന്നിട്ടും, മീറ്റിങ്ങിനു പോകാം എന്നു സമ്മതിച്ചത്.അന്നത്തോടെ തേച്ചുകുളി തീരുകയായിരുന്നു. കുളികഴിഞ്ഞായിരുന്നു ഉൽഘാടനം. എല്ലാം കഴിഞ്ഞ് അദ്ദേഹം വീട്ടിലെത്തിയപ്പോൾ ഉച്ചയായി. അപ്പോൾ അദ്ദേഹത്തിന് വല്ലാത്ത ക്ഷീണമുണ്ടായിരുന്നു. മീറ്റിങ്ങിനുപോയപ്പോൾ കോളേജിലെ ഏണിപ്പടികൾ കയറേണ്ടിവന്നതും, ഫ്ളാറ്റിൽ ചെന്നപ്പോൾ കറന്റില്ലാതിരുന്നതുകൊണ്ട് നാലാമത്തെ നിലവരെ നടന്നുകയറേണ്ടിവന്നതും അദ്ദേഹം പറഞ്ഞു. കൂട്ടത്തിൽ, കുറച്ചു നടക്കുമ്പോഴേക്കും വല്ലാത്ത തളർച്ചതോന്നുന്നു എന്നും പറഞ്ഞു. തേച്ചു കുളിയുടെ ക്ഷീണമായിരിക്കും എന്നും പറഞ്ഞ് ഞാനദ്ദേഹത്തെ സമാധാനിപ്പിച്ചു. അന്നുച്ചയ്ക്കും ചപ്പാത്തി തിന്നണം എന്നദ്ദേഹം പറഞ്ഞപ്പോൾ, ഊണുകഴിച്ചാൽ മതി, ക്ഷീണം കുറയട്ടെ എന്ന് ഞാൻ വിലക്കി. വൈകീട്ട് ചാപ്പാത്തി കഴിച്ചാൽ മതി എന്നു പറഞ്ഞു. അത് ഞങ്ങളൊന്നിച്ചുള്ള അവസാനത്തെ ഊണാണെന്ന് ഞാനറിഞ്ഞില്ല. സന്ധ്യയാകുന്നതിനുമുമ്പ് ജോഷിമാത്യു വന്നു. പെട്ടെന്ന് ആഹാരം കഴിച്ച് അദ്ദേഹം ഡ്രസ്സ്മാറി. ബാഗെടുത്ത് അതിലുണ്ടായിരുന്ന രക്തം പരിശോധിച്ചതിന്റെ റിസൾട്ട് എടുത്ത് എന്റെ കയ്യിൽത്തന്നു. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ചാരനിറത്തിലുള്ള ഒരു ഷർട്ടാണ് ഇട്ടിരുന്നത്. ആദ്യം എടുത്ത ഷൂ പോരെന്നുതോന്നി അതുമാറ്റി വേറൊരെണ്ണം എടുത്തിടുമ്പോൾ, ട്രെയിനിൽ കിടന്നുറങ്ങാൻ എന്തിന് ഇത്രയൊക്കെ ഒരുങ്ങുന്നു എന്നെനിക്ക് തോന്നി. എട്ടുമണിക്ക് മുമ്പായി അദ്ദേഹം ഇറങ്ങി. ജോഷിമാത്യുവും മോഹൻദാസും റെയിൽവേസ്റ്റേഷനിൽ ചെന്ന് അദ്ദേഹത്തെ യാത്രയാക്കി. ആദ്യം പാലക്കാട്ടേക്കും അവിടെനിന്ന് കണ്ണൂർ കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകാനായിരുന്നു ഉദ്ദേശ്യം. പിറ്റേന്ന് രാവിലെ ഞാനൊരു ബന്ധുവീട്ടിൽ പോയിട്ട് ഉച്ചയോടെയാണ് തിരിച്ചെത്തിയത്. പാലക്കാടുനിന്ന് അദ്ദേഹം ഫോൺ ചെയ്തിരുന്നെന്നും അങ്ങോട്ടു വിളിക്കണമെന്നും അനന്തരവൻ ഹരി എന്നോടു പറഞ്ഞതനുസരിച്ച് രണ്ടുമണിയോടെ ഞാൻ പാലക്കാട്ട് ഹോട്ടലിലേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ വല്ലാത്ത ക്ഷീണം തോന്നിയിരുന്നു. എന്തോ ഒരു പന്തിയില്ലായ്മ ആ ശബ്ദത്തിൽ എനിക്ക് അനുഭവപ്പെട്ടതുകൊണ്ട്, എന്താ ബോറടിക്കുന്നോ എന്നു ഞാൻ ചോദിച്ചു. ഇല്ല, ബാലൻ വന്നിട്ടുണ്ട്. നിതീഷും മോഹനും ഒക്കെ എത്തിയിട്ടുണ്ട്. നിങ്ങളൊരു കാര്യം ചെയ്യണം. ജോഷിയെ ഒന്നുവിളിച്ച് ഞങ്ങൾ നാളെ വൈകീട്ടേ കോട്ടയത്ത് എത്തൂ എന്നും, അവിടുത്തെ സ്വീകരണം ഇരുപത്തിയഞ്ചാം തീയതി രാവിലേക്ക് മാറ്റിവെക്കണമെന്നും ഒന്നു പറയണം. നാളെ തൃശ്ശൂരും എറണാകുളവും കവർ ചെയ്ത് സന്ധ്യക്ക് കോട്ടയത്തെത്തും എന്നു പറഞ്ഞിട്ട് മക്കളെ രണ്ടുപേരെയും അന്വേഷിച്ചു. കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൂടെ ട്രെയിനിൽ പുനത്തിൽ കുഞ്ഞബ്ദുള്ള ഉണ്ടായിരുന്നു എന്നും പറഞ്ഞു. പിന്നീടൊരിക്കലും ആ ചുണ്ടുകൾ എന്നോടൊന്നും ഉരിയാടിയിട്ടില്ല. ആ മുഴങ്ങുന്ന ശബ്ദം പിന്നീടൊരിക്കലും ഞാൻ കേട്ടില്ല. ജനവരി ഇരുപത്തിനാലിന് മകൾ മാധവിക്കുട്ടിക്ക് കോളേജിൽ ക്യാമ്പസ് വീക്കിന്റെ മത്സരങ്ങളായിരുന്നു. ഗ്രൂപ്പ് ഡാൻസ്, മലയാളം റെസിറ്റേഷൻ, കൈകൊട്ടിക്കളി, ഗ്രൂപ്പ് മ്യൂസിക്ക് എല്ലാറ്റിനും അവൾ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് തലേന്നുരാത്രി വളരെ വൈകുന്നതുവരെ അവൾക്ക് ഡാൻസിനുവേണ്ടി ഉടപ്പുകൾ തുന്നി ശരിയാക്കിക്കൊണ്ട് ഞാനും അവളും ഇരുന്നു. പിറ്റേന്ന് അവൾ ജീവിതത്തിലാദ്യമായി സാരിയുടുത്തു. അപ്പച്ചിയെയും ചിറ്റപ്പനെയും ചെന്ന് കാണിച്ചു. കാലത്ത് എട്ടുമണിക്കുതന്നെ കോളേജിൽ പോകണമായിരുന്നു. പറഞ്ഞ സമയത്ത് ഡ്രൈവർ വരാത്തതുകൊണ്ട് പപ്പൻതന്നെ കാറെടുത്ത് അടുത്ത ഇടവഴിയിൽ താമസിക്കുന്ന മോഹൻദാസിനെ വിളിക്കാനായിപോയി. പപ്പൻ അന്ന് ഡ്രൈവിങ്ങ് ലൈസൻസ് എടുക്കുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ഇവാനിയസ് കോളേജ് വരെ അവൻ മോളെ കൊണ്ടുപോകാമെന്നു പറഞ്ഞപ്പോൾ എനിക്ക് ഭയംതോന്നി. ഏതായാലും, ചിറ്റപ്പനും കൂടെ അവരോടൊപ്പം ചെല്ലാമെന്ന് സമ്മതിച്ചു. അപ്പച്ചിയുടെ ഇളയമോനും അവരോടൊപ്പം കാറിൽ കയറി. വലതു വശത്തുകൂടെ പപ്പൻ കാറും കൊണ്ടുപോയി. ഇടുതുവശത്തെ ഇടവഴിയിലൂടെ മോഹൻദാസ് വരികയും ചെയ്തു. പിന്നീട് മോഹൻദാസ് കുട്ടികളെ അന്വേഷിച്ച് ഓടി. ഇവരെങ്ങനെയാണ് പോയത്. കാർ ആരാണ് ഡ്രൈവ് ചെയ്തത് എന്നൊന്നും അറിയാതെ ഞാൻവല്ലാതെ പരിഭ്രമിച്ചു. പതിവില്ലാത്ത വിധത്തിൽ ഒരു വെപ്രാളം എനിക്കനുഭവപ്പെട്ടു. പ്രഭയുടെയും ഞങ്ങളുടെയും വീട്ടിലായി നാലഞ്ചു പ്രാവശ്യം ഞാൻ അങ്ങോട്ടുമിങ്ങോട്ടും ഓടി. ഭ്രാന്തുപിടിച്ചതുപോലൊരവസ്ഥ. അവസാനം, പ്രഭയുടെ മോൻ അന്നന്ന (അനന്തകൃഷ്ണൻ) ട്യൂഷൻ കഴിഞ്ഞുവരികയും, അവരെല്ലാം കാറിൽ പോകുന്നതുകണ്ടെന്നും ഡ്രൈവ് ചെയ്തിരുന്നത് മോഹൻദാസാണ് എന്നു പറയുകയും ചെയ്തപ്പോഴാണ് എന്റെ മനസ്സ് ഒന്നു ശാന്തമായത്. എട്ടേകാൽ മുതൽ എട്ടരവരെ എന്റെ മനസ്സ് വല്ലാതെ പിടയുന്നുണ്ടായിരുന്നു. അകാരണമായ ഒരു ഭയം എന്നെ ബാധിച്ചിരുന്നു. പത്തുമണി കഴിഞ്ഞപ്പോൾ, ഓപ്പറേഷൻ കഴിഞ്ഞുകിടക്കുന്ന ഞങ്ങളുടെ ഒരു കൂട്ടുകാരിയെ അന്വേഷിച്ച് ആശുപത്രിയിൽ പോകാൻ ഞാനും പ്രഭയും ഒരുങ്ങി. ഞാൻ പ്രഭയുടെ വീട്ടിൽചെന്നു നിൽക്കുമ്പോഴാണ് ഞങ്ങളുടെ കൂടെ നേരത്തേ നിന്നിരുന്ന ഡ്രൈവർ അങ്ങോട്ടുവരുന്നത്. ഡ്രൈവറോട് ഞാൻ കുശലം ചോദിച്ചു. ചേച്ചി, പത്മരാജൻ സാറിന് ഒരു ആക്സിഡന്റ് പറ്റി എന്ന് ഇതാ ഇപ്പോൾ മദ്രാസിൽ നിന്ന് ഡയറക്ടർ മോഹൻദാസ് നൂപുര കുറുപ്പുസാറിനെ ഫോണിൽ വിളിച്ചു പറഞ്ഞുഎന്നയാൾ എന്നോടു പറഞ്ഞു. പൊതുവേ ഒരു മദ്യപാനിയായ അയാൾ രാവിലെതന്നെ വെള്ളമടിച്ചു വന്ന് എന്തോ പറയുന്നു എന്നേ ഞാൻ ധരിച്ചുള്ളൂ. സാറ് മദ്രാസിലോട്ടു പോയില്ലല്ലോ- എന്താ ആക്സിഡന്റിൽ മരിച്ചു എന്നോ മറ്റോ കേട്ടോ എന്ന് കളിയാക്കി ഞാനായാളോടു ചോദിച്ചു. അങ്ങനെ ചോദിക്കുവാൻ കാരണമുണ്ടായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് മമ്മൂട്ടി മരിച്ചെന്നു കേൾക്കുന്നു. ശരിയാണോ എന്നു ചോദിച്ച് അബുദാബിയിൽ നിന്ന് ഒരു ഫോൺ വന്നത്. ഞാൻ തന്നെയാണ് ആ ഫോൺ അറ്റന്റു ചെയ്തിരുന്നത്. കൂടാതെ പത്മരാജൻതന്നെ ആക്സിഡന്റിൽ മരിച്ചു എന്നൊരു വാർത്ത മുമ്പൊരിക്കൽ ചിറ്റൂരാകെ പരന്നിട്ട് അവിടെനിന്ന് ചേച്ചിയുടെ മോൻ വിളിച്ചു ചോദിച്ചിട്ടുണ്ട്. യേശുദാസ് മരിച്ചെന്ന വാർത്ത ഇടയ്ക്കിടയ്ക്ക് കേൾക്കുന്നതുമാണ്. അതു പോലെയൊക്കെ ഉള്ള ഒരു കള്ളം, എന്നു മാത്രമേ ഞാൻ കരുതിയുള്ളൂ. മരിച്ചെന്നാ പറയുന്നത് എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ, ഇവരൊക്കെ ഇടയ്ക്കിടയ്ക്ക് മരിക്കും എന്ന് തമാശയായി ഞാൻ പറഞ്ഞു. എങ്കിലും ഒന്ന് ഫോൺ ചെയ്ത് തിരക്കിക്കളയാം എന്നു കരുതി പ്രഭയും ഞാനും അനന്തരവൻ ഹരിയുമായി വീട്ടിലേക്ക് വന്നു. അന്ന് ഫ്ളാറ്റിൽ ഉണ്ടായിരുന്ന ജോഷിമാത്യുവിനെ വിളിച്ചാണ് ആദ്യം വിവരം തിരിക്കിയത്. കള്ളം പറയുകയാണ് ചേച്ചീ എന്ന് ജോഷി പറഞ്ഞു. പിന്നീട് ഞാൻ ഗുഡ്നൈറ്റിന്റെ ഓഫീസിൽ വിളിച്ചു. അവിടെയും ആർക്കും അറിയില്ലെന്നു പറഞ്ഞു. പിന്നീട് ഞാൻ ഒരുപാട് ഫോൺ നമ്പറുകൾ കറക്കി. പ്രഭയോ ഹരിയോ വിളിച്ചിട്ട് ശരിയായില്ലെങ്കിലോ എന്നു കരുതി ഫോൺ ഞാൻ ആരുടെ കയ്യിലും കൊടുത്തില്ല. വിളിക്കുന്ന നമ്പരുകളെല്ലാം എൻഗേജ്ഡ് ആയിരുന്നു. താഴത്തെ ഫോണിന് എന്തോ കുഴപ്പമുണ്ട് എന്ന ധാരണയിൽ ഞങ്ങൾ മുകളിലേക്ക് പോയി. അവിടെ ഞങ്ങളുടെ ബെഡ്റൂമിലെ ഫോണിലൂടെയായി ശ്രമം. ആരെയും കിട്ടിയില്ല. രണ്ടുമിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ഫോൺ വന്നു. അരോമാ മൂവീസിൽ നിന്നായിരുന്നു. ഇവിടെ മിസിസ് പത്മരാജനാണ് എന്നു പറഞ്ഞപ്പോൾ. വേറെ ആരുടെ കയ്യിലെങ്കിലും ഫോൺ കൊടുക്കുവാൻ അപ്പുറത്തുനിന്നും നിർദ്ദേശം വന്നു. ഞാൻ കൊടുത്തില്ല എന്താ പത്മരാജന് ആക്സിഡന്റായോ എന്നു ഞാൻ ചോദിച്ചു. അപ്പുറത്ത്, എന്തു പറയണമെന്നറിയാതെ വിഷമിക്കുന്നത് ഞാനറിഞ്ഞു. എന്താണെങ്കിലും പറയൂ അദ്ദേഹം മരിച്ചോ? വീണ്ടും ഞാൻ ചോദിച്ചു. മരിച്ചു. പക്ഷേ, ആക്സിഡന്റല്ല. ഇന്നലെരാത്രി ഉറങ്ങാൻ കിടന്നു രാവിലെ ഉണർന്നില്ല എന്നായിരുന്നു മറുപടി. പക്ഷേ, എന്റെ മനസ്സ് അതുവിശ്വസിക്കുവാൻ തയ്യാറായിരുന്നില്ല. ആട്ടെ നിങ്ങൾ എവിടെ നിന്നാണ് ഈ വാർത്ത കേട്ടത്? എന്ന എന്റെ ചോദ്യത്തിന് കോഴിക്കോട് എന്നവാക്ക് ഇടിത്തീപോലെ എന്റെ ചെവിയിലേക്ക് വന്നുവീണു. ആ ശപിക്കപ്പെട്ട നിമിഷത്തിൽ പിന്നെ യാതൊന്നും ഞാൻ കേട്ടില്ല. എങ്ങും ശൂന്യത. പ്രഭയും ഹരിയും ചുറ്റുമുള്ള എല്ലാവസ്തുക്കളും എന്റെ കൺമുന്നിൽ നിന്ന് അപ്രത്യക്ഷമായി. കനത്ത ശൂന്യതയിൽ വെളിവുകെട്ടവളെപ്പോലെ ഞാൻ മരവിച്ചിരുന്നു. പിന്നീട് എന്റെ പ്രജ്ഞ ഉണരുന്നത് മുതുകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ എങ്ങുനിന്നോ എന്റെ മടിയിലേക്ക് വന്നു വീണ ഷട്ടിൽ കോക്കിന്റെ വെൺമയിലേക്കാണ്. ഞാൻ ഞെട്ടിയുണർന്നുനോക്കി. കാറിനകത്ത് എനിക്കിരുവശവുമായി ആരൊക്കെയോ ഡോറിന്റെ ഗ്ലാസ്സ് മുക്കാൽ ഭാഗവും ഉയർത്തിവച്ചിരിക്കുന്നു. പുറത്ത് പൊള്ളുന്ന വെയിൽ റോഡിനിരുവശത്തുമായി കൊഴുത്തുവളരുന്ന അക്കേഷ്യാ മരങ്ങൾ. എവിടെനിന്നെന്നില്ലാതെ കൃത്യം എന്റെ മടിയിൽ വന്നുവീണ ഫെതർ കോക്ക്, എല്ലാവർക്കും ഒരുദ്ഭുതമായി. കാറ്റിലൂടെ അദ്ദേഹത്തിന്റെ സ്വരം എന്റെ കാതിൽ വന്നു വീഴുന്നതായി എനിക്ക് തോന്നി. ആ ശബ്ദത്തിൽ സാന്ത്വനവും പ്രേമവും ഇടകലർന്നിരുന്നു. തങ്കം കരയണ്ടാ ഞാൻ കൂടെത്തന്നെയുണ്ട്- എപ്പോഴും കളിച്ചുകൊണ്ടിരിക്കാനല്ലേ ആഗ്രഹം- ഇതാ കോക്ക്- നമ്മുടെ പുതിയ പുരയിടത്തിൽ കോർട്ടിട്ട് കളിച്ചോളൂ ആ ശബ്ദം ഒരു സെക്കന്റ് നേരത്തേക്ക് എന്റെ ചേതനയിൽ നിർവൃതിയുടേതായ ഒരു കണിക ഉതിർത്തു. പിന്നീടത് എന്നെ ഭ്രാന്തു പിടിപ്പിച്ചു. വീണ്ടും ഞാനാശബ്ദം കേട്ടു- ഇക്കുറി അത് വേറെ ഏതോ ലോകത്തുനിന്നായിരുന്നു. ആ ശബ്ദത്തിന്റെ മാസ്മരികതയിൽ ലയിച്ച് ഞാനിരുന്നു. ഞാൻ, ഗന്ധർവൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെമുത്തമാകാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പത്മരാജൻ എന്റെ ഗന്ധർവ്വൻ എന്ന പുസ്തകത്തിൽ നിന്ന്) Content Highlights:Padmarajan Death anniversary, wife Radhalakshmi remembers Legendary Director, Padmarajan Movies
from movies and music rss https://ift.tt/3Ao2Aqt
via IFTTT
No comments:
Post a Comment