'അങ്കമാലി ഡയറീസി'ലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് അന്ന രേഷ്മാ രാജൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുതിയ സിനിമയിലേക്ക് നായികമാരെ തിരഞ്ഞുനടക്കുന്ന സമയം, പരസ്യഹോർഡിങ്ങിൽനിന്നാണ് സിനിമയിലെ നായികയാകാൻ അന്നയ്ക്ക് ക്ഷണം ലഭിക്കുന്നത്.നാലുവർഷങ്ങൾക്കിപ്പുറവും സിനിമാപ്രേക്ഷകർക്ക് 'അങ്കമാലി ഡയറീസി'ലെ ലിച്ചിയോടുള്ള സ്നേഹം ഒട്ടും കുറഞ്ഞിട്ടില്ല. രണ്ട് എന്ന സിനിമയിലെ മേഴ്സി എന്ന കഥാപാത്രത്തെയും ആളുകൾ അതേ സ്നേഹത്തോടെ ഹൃദയത്തിലേറ്റുകയാണ്. പുതിയ സിനിമയെക്കുറിച്ച് അന്ന രേഷ്മ സംസാരിക്കുന്നു: ''നല്ല അഭിപ്രായമാണ് പടം കണ്ടവരൊക്കെ പറഞ്ഞത്. ഇന്നത്തെ കാലഘട്ടത്തിൽ ചർച്ചചെയ്യപ്പെടേണ്ടതും എന്നാൽ, പലരും ചർച്ചചെയ്യാൻ ആഗ്രഹിക്കാത്തതുമായ സംഭവമാണ് ഈ സിനിമയിലൂടെ കാണിക്കുന്നത്. 2022-ന്റെ തുടക്കത്തിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് രണ്ട്. രണ്ടുമതങ്ങൾ തമ്മിലുള്ള സ്നേഹവും കൂട്ടായ്മയും അവർക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങളുമൊക്കെയാണ് സിനിമ.'' സുജിത്ത് ലാൽ സംവിധാനംചെയ്യുന്ന സിനിമ ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതനാണ് നിർമിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, സുധി കൊപ, മാലാ പാർവതി തുടങ്ങിയവരും.നഴ്സിങ്ങിൽനിന്ന് സിനിമയിലേക്ക് വന്ന രേഷ്മ, 'രണ്ടി'ൽ നഴ്സായിട്ടാണ് അഭിനയിക്കുന്നത്. 'സിനിമയുടെ ലൊക്കേഷൻ കോട്ടയമായിരുന്നു. ലോക്ഡൗൺ കഴിഞ്ഞയുടനെയാണ് ഷൂട്ടിങ് തുടങ്ങിയത്. അതുവരെ പരിചിതമായ ഷൂട്ടിങ് അന്തരീക്ഷത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ലൊക്കേഷൻ. സീൻ വരുമ്പോൾ മാത്രം മാസ്ക് മാറ്റും. കട്ട് പറയുമ്പോൾ മാസ്കിടും. ടെമ്പറേച്ചർ പരിശോധനയും ഇടയ്ക്കിടെയുള്ള സാനിറ്റൈസിങ്ങും... ഓരോ സീൻ കഴിയുമ്പോഴും സാനിറ്റൈസറുമായിട്ട് ആളുവരും. നമ്മളുപയോഗിക്കുന്ന വസ്തുക്കളാണെങ്കിലും അവര് സാനിറ്റൈസ്ചെയ്ത് തിരിച്ചുതരും. പിന്നെ എല്ലാ ദിവസവും ബ്രേക്ക്ഫാസ്റ്റ് കഴിയുമ്പോഴേക്കും കുടിക്കാൻ വെള്ളംതരും. കൊറോണവെള്ളം എന്നാണ് ഞങ്ങളതിനെ വിളിച്ചത്. ഇഞ്ചിയും നാരങ്ങയും ഒക്കെ ഇട്ട് തിളപ്പിച്ച വെള്ളം. അങ്ങനെ എല്ലാ മുൻകരുതലുമെടുത്തായിരുന്നു ഷൂട്ടിങ്. കഥാപാത്രം നഴ്സാണെങ്കിലും നഴ്സിങ്ങുമായി ബന്ധപ്പെട്ട് മറ്റുജോലികളൊന്നും ഇതിൽ വരുന്നില്ല. നഴ്സാണെന്ന് കാണിക്കുന്ന കുറച്ച് സന്ദർഭങ്ങളേ സിനിമയിലുള്ളൂ. എങ്കിലും നഴ്സുമാരുടെ യൂണിഫോമായ വെള്ളസാരിയുടുത്തപ്പോഴാണ് ശരിക്കും ആവേശം തോന്നിയത്. കാരണം, ഒരു ടിപ്പിക്കൽ നഴ്സ് എന്നുപറയുമ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്ന രൂപം വെള്ളസാരിയുടുത്തിട്ടാണ്. പക്ഷേ, ഞാൻ ജോലി ചെയ്യുന്ന സമയത്തൊന്നും അതുടുക്കാൻ പറ്റിയിരുന്നില്ല. ഞങ്ങൾക്ക് വേറെ യൂണിഫോമായിരുന്നു.'' സിനിമയിലേക്ക് വന്നെങ്കിലും ആതുരസേവനത്തോടുള്ള ഇഷ്ടം അന്ന രേഷ്മ മറച്ചുവെക്കുന്നില്ല. ''നഴ്സിങ് പ്രൊഫഷൻ നിലനിർത്താൻ നമ്മൾ എവിടെയെങ്കിലും ജോലിചെയ്യണമെന്നില്ല. അല്ലാതെയും പറ്റും. വീട്ടിലുള്ളപ്പോഴും സെറ്റിലാണെങ്കിലും പലരും ഓരോ സംശയങ്ങൾ വിളിച്ചുചോദിക്കും. ഈ മരുന്ന് കഴിക്കാൻപറ്റുമോ, ഈ മരുന്നിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നൊക്കെ. ചില സെറ്റുകളിൽ രാത്രി എന്തെങ്കിലും അത്യാവശ്യമുണ്ടാവുമ്പോൾ ഇൻജക്ഷൻ എടുത്തുതരാമോയെന്ന് ചോദിച്ചുവരുമ്പോൾ, അതൊക്കെ ചെയ്തുകൊടുക്കും. അതൊക്കെ എനിക്ക് സന്തോഷമാണ്. നമ്മൾ പഠിച്ച കാര്യങ്ങളാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്.'' 'അങ്കമാലി ഡയറീസി'നുശേഷം കുറെ ചിത്രങ്ങൾ അന്നയെ തേടിയെത്തി. മോഹൻലാൽ നായകനായ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ മധുരരാജ, ജയറാമിന്റെ ലോനപ്പന്റെ മാമോദീസ, ബിജുമേനോനും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തിയ അയ്യപ്പനും കോശിയും... ''ഇപ്പോൾ നാലുവർഷമായി സിനിമയിലെത്തിയിട്ട്. ഇതിനിടയിൽ കുറെ വലിയ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻപറ്റി. സിനിമയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും അറിയാനും കഴിഞ്ഞു. ഇനി കുറെ ചാലഞ്ചിങ് റോളുകൾ ചെയ്യണം, അതാണ് ആഗ്രഹം. രാജീവ് ഷെട്ടി സംവിധാനംചെയ്യുന്ന തിരിമാലി എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനുള്ളത്. അതുകഴിഞ്ഞ് ഫെബ്രുവരിയിൽ പുതിയ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. മലയാളത്തിലും തമിഴിലുമായി രണ്ട് സിനിമകളാണുള്ളത്.'' Content Highlights:Anna Reshma Rajan Interview Randu Movie Vishnu Unnikrishnan
from movies and music rss https://ift.tt/3A0nCeA
via IFTTT
No comments:
Post a Comment