ജീവിതത്തിലായാലും സിനിമയിലായാലും മോഹൻലാലിന് 'ബ്രോ' ആയിട്ടുള്ള മനുഷ്യനാണ് അയാൾ. സിനിമാ നിർമാതാവെന്ന മേൽവിലാസത്തോടൊപ്പം അഭിനേതാവ് എന്ന മേൽവിലാസം ചേർത്തുവെക്കുമ്പോഴും ആ മനുഷ്യൻ പലർക്കും 'ബ്രോ' തന്നെയാണ്. മലയാള സിനിമയിൽ നിർമാണവും വിതരണവും മുതൽ അഭിനയം വരെയായി പല രംഗങ്ങളിൽ തിളങ്ങുമ്പോൾ ആന്റണി പെരുമ്പാവൂർ പറയുന്നതും 'ബ്രോ' ആയ ചില കാര്യങ്ങളാണ്. 'കിലുക്കം' മുതൽ 'ബ്രോ ഡാഡി' വരെ 25-ലേറെ സിനിമകളിൽ അഭിനയിച്ചതൊക്കെ പല സുഹൃത്തുക്കളും തന്നെ 'ബ്രോ' ആയി കണ്ടതു കൊണ്ടാണെന്നാണ് ആന്റണി വിശ്വസിക്കുന്നത്. ലാൽ സാറും കിലുക്കവും മോഹൻലാലിന്റെ സ്നേഹവും വിശ്വാസവുമാണ് നിർമാതാവ് മുതൽ നടൻ വരെയുള്ള വേഷങ്ങളിൽ തന്നെ എത്തിച്ചതെന്നാണ് ആന്റണി പറയുന്നത്. “ലാൽ സാർ ഇല്ലായിരുന്നെങ്കിൽ ആന്റണി പെരുമ്പാവൂർ എന്ന ഇന്നത്തെ ഞാൻ ഉണ്ടാകില്ലായിരുന്നു. 30 വർഷം മുമ്പ് 'കിലുക്കം' എന്ന സിനിമയിലൂടെയാണ് ഞാൻ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാൻ അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്. പ്രിയൻ സാറും ലാൽ സാറും അങ്ങനെയൊരു വേഷം ചെയ്യാൻ പറഞ്ഞപ്പോൾ അതു ചെയ്തെന്നു മാത്രം. പിന്നീട് പല സിനിമകളുടെ ചർച്ചകൾ നടക്കുമ്പോഴും ലാൽ സാർ ചോദിക്കും, 'ആന്റണി ഇതിൽ അഭിനയിക്കുന്നില്ലേ' എന്ന്. സത്യത്തിൽ ആ ചോദ്യമാണ് എന്നെ ഇത്രയും സിനിമകളിൽ എത്തിച്ചത്” - ആന്റണി സിനിമയിലെത്തിയ കഥ പറഞ്ഞു. പൃഥ്വിരാജും ലോക്ഡൗണും സമീപകാലത്ത് നിർമാതാവായും നടനായും ഒരുമിച്ച് തിളങ്ങിയ 'ബ്രോ ഡാഡി'യുടെ വിശേഷങ്ങൾ പറയുമ്പോൾ രണ്ടു കാര്യങ്ങളിലാണ് ആന്റണി അടിവരയിടുന്നത്. “ഈ സിനിമയെപ്പറ്റി പറയുമ്പോൾ പൃഥ്വിരാജിനെയും ലോക്ഡൗണിനെയും മറക്കാനാകില്ല. രാജുവിന്റെ സംവിധാന മികവിലാണ് എനിക്ക് ആ പോലീസ് വേഷം അങ്ങനെ ചെയ്യാൻ പറ്റിയത്. ഏതെങ്കിലും സിനിമ ചെയ്തു കഴിയുമ്പോൾ അതിലെ എന്റെ വേഷത്തെപ്പറ്റി രാജുവും ജയസൂര്യയും അജു വർഗീസുമൊക്കെ വിളിച്ചു സംസാരിക്കാറുണ്ട്. ബ്രോ ഡാഡി എന്ന സിനിമയിൽ നിർമാതാവായും അഭിനേതാവായും നിൽക്കുമ്പോൾ ഉത്തരവാദിത്വം ഏറെയായിരുന്നു. ആ സിനിമ കേരളത്തിൽ ഷൂട്ട് ചെയ്യാൻ എല്ലാ ഒരുക്കങ്ങളുമായപ്പോഴാണ് ഇവിടെ ലോക്ഡൗൺ വരുന്നത്. അങ്ങനെയാണ് ഷൂട്ടിങ് ഹൈദരാബാദിലേക്കു മാറ്റുന്നത്. ഒരുപാട് വാഹനങ്ങൾ സഹിതം ഷൂട്ടിങ് സംഘം ഹൈദരാബാദിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ഇവിടെ വീണ്ടും ഷൂട്ടിങ്ങിന് അനുമതി തന്നുകൊണ്ടുള്ള ഉത്തരവ് വരുന്നത്. അതോടെ എന്തു ചെയ്യണമെന്നറിയാതെ വാഹനവ്യൂഹം കോയമ്പത്തൂരിൽ നിർത്തിയിട്ട് ഞങ്ങൾ കുറേ ആലോചിച്ചതാണ്. ഒടുവിൽ രാജു തന്നെയാണ് യാത്ര തുടരാനും ഹൈദരാബാദിൽ ഷൂട്ട് ചെയ്യാനും തീരുമാനിച്ചത്” - ആന്റണി ബ്രോ ഡാഡിയുടെ ഷൂട്ടിങ് വിശേഷം പറഞ്ഞു. ഇനിയും ഈ മുഖം കണ്ടേക്കും നടൻ എന്ന നിലയിൽ ഇനിയുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോൾ മനോഹരമായൊരു ചിരിയായിരുന്നു ആദ്യ മറുപടി. “ഞാൻ ഒരു നടനാണെന്ന് ഇനിയും വിശ്വസിക്കാത്ത ഒരാൾ ഞാൻ തന്നെയാണ്. എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടിയതെല്ലാം ബോണസാണ്. അഭിനയം എന്നു പറയുന്നത് എന്താണെന്നറിയാൻ എനിക്ക് ലാൽ സാറിനെക്കാൾ വലിയൊരു അനുഭവമില്ല. അദ്ദേഹത്തിനൊപ്പം എത്രയോ വർഷങ്ങളായി നിഴൽ പോലെ ഞാനുണ്ട്. ലാൽ സാർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്', ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുറാൻ' എന്നിവയടക്കം കുറേ നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കണമെന്നാണ് എന്റെ ആഗ്രഹം. നിർമാതാവ് എന്ന വേഷത്തിൽ ലാൽ സാറിനൊപ്പം മുന്നോട്ടു പോകുമ്പോൾ അതിന്റെ കൂടെ വരുന്ന കൊച്ചു വേഷങ്ങളിൽ ഇനിയും പ്രത്യക്ഷപ്പെടുന്നതിൽ സന്തോഷമേയുള്ളൂ. അപ്പോഴും ഒരു കാര്യം എനിക്കു ബോധ്യമുണ്ട്, നടൻ എന്നതിനെക്കാൾ നിർമാതാവ് എന്ന നിലയിലാണ് എനിക്ക് മലയാള സിനിമയ്ക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളത്”-ആന്റണിയുടെ മുഖത്ത് അപ്പോഴും ആ ചിരി മായാതെയുണ്ടാ യിരുന്നു. Content Highlights : Antony Perumbavoor abouMohanlal Bro Daddy Movie Prithviraj Priyadarshan
from movies and music rss https://ift.tt/3IpYLR0zJ
via IFTTT
No comments:
Post a Comment