കൊച്ചി: സാറ്റിനിൽ തീർത്ത പേസ്റ്റൽ വസന്തം... 'ബ്രോ ഡാഡി' സിനിമ കണ്ടവർക്കെല്ലാം അറിയാം, പേസ്റ്റൽ കളർ പാറ്റേണുകളുടെ ഒരു മാജിക്കാണ് സിനിമയിലുടനീളം നിറഞ്ഞുനിൽക്കുന്നതെന്ന്. പേസ്റ്റൽ നിറങ്ങളുടെ മനോഹാരിതയെ ഇതുപോലെ കോർത്തിണക്കിയ മറ്റൊന്ന് മലയാള സിനിമയില്ലെന്ന് ഉറപ്പിച്ചുപറയാം. ഒരു ബോളിവുഡ് സിനിമ കാണുന്ന ഫീലിൽ ഈ സിനിമയിൽ വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ സുജിത് സുധാകരനാണ്. ടർക്കോയിഷ് ബ്ലൂ, കോബാൾട്ട് ബ്ലൂ, സീ ബ്ലൂ തുടങ്ങി നീല നിറത്തിന്റെ സാധ്യതയെ അത്രയേറെ പ്രയോജനപ്പെടുത്തിയിട്ടുണ്ട് സുജിത്. മോഹൻ ലാലിന്റെയും മീനയുടെയും മാച്ചിങ് കോസ്റ്റ്യൂമുകളും സിനിമയിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ടൈ ആൻഡ് ഡൈ ചെയ്തെടുത്ത ലൈറ്റ് ഷേഡുകളും നിറങ്ങളുമാണ് സിനിമയുടെ മുഴുവൻ തീമെന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വസ്ത്രാലങ്കാര രംഗത്ത് വേറിട്ട വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സുജിത്. 'മരക്കാർ അറബിക്കടലിന്റെ സിംഹം' സുജിതിനെ ദേശീയ പുരസ്കാരത്തിന് അർഹനാക്കി. ഏഴു വർഷമായി സിനിമാ മേഖലയിൽ സജീവം. ഇതുവരെ ചെയ്തത് 15-ലധികം ചിത്രങ്ങൾ മാത്രം. ''വാരിവലിച്ച് സിനിമ ചെയ്യുന്നതിൽ അർഥമില്ല. നമ്മുടേതായ ക്രിയേറ്റീവ് സ്പെയ്സിനെ നിർണയിക്കാൻ പറ്റുന്ന സിനിമകൾ ചെയ്യാൻ സാധിക്കണം'' - സുജിത് പറയുന്നു. സ്വപ്നങ്ങളുടെ നിറങ്ങളിലേക്ക് ബെംഗളൂരുവിൽ വോഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയ ഫാഷൻ ഡിസൈനിങ് പഠനം സുജിത്തിനെ തമിഴ് സിനിമയിലെത്തിച്ചു. തുടക്കത്തിൽ എല്ലാവരെയും പോലെ ഡിസൈനർമാരോടൊപ്പവും ഫാഷൻ ഷോകളുമൊക്കെയായി സുജിത് പ്രവർത്തിച്ചിരുന്നു. മലയാളികളുൾപ്പെടെ നെഞ്ചിലേറ്റിയ 'തനി ഒരുവൻ' സുജിത്തിന്റെ ഭാഗ്യ ചിത്രമായി. അത് സുജിത്തിന്റെ വെള്ളിത്തിരയുടെ ഫാഷൻ ലോകത്തേക്കുള്ള റെഡ് കാർപ്പറ്റായി മാറി. തുടർച്ചയായ തമിഴ് ചിത്രങ്ങൾ... സംവിധായകൻ പ്രിയദർശനെ കണ്ടുമുട്ടിയത് ജീവിതത്തിന്റെ വഴിത്തിരിവായെന്ന് സുജിത് പറയും. പ്രിയനോടൊപ്പം 'ഒപ്പം' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് സുജിത്തിന്റെ ഡിസൈനിങ് മികവെത്തി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വൻ ബാനറുകൾക്കും സൂപ്പർ താരങ്ങൾക്കുമൊപ്പമാണ് സുജിത്തിന്റെ ജൈത്രയാത്ര. തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിൽ സുജിത് തിരക്കിട്ട ഡിസൈനറാണിന്ന്. 'തനി ഒരുവനി'ലെ അരവിന്ദ് സ്വാമിയുടെയും 'ലൂസിഫറി'ലെ വിവേക് ഒബ്റോയിയുടെയും ലുക്ക് ആരാണ് മറക്കുക. സിനിമയ്ക്ക് അപ്പുറത്തേക്ക് തന്റെ കൂടി ആത്മാവിഷ്കാരമായാണ് സുജിത് ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. ക്ലാസാണ് സൂര്യ ഇതുവരെ വർക്ക് ചെയ്തതെല്ലാം സൂപ്പർ താരങ്ങൾക്കൊപ്പമാണ്. അതിൽ നടൻ സൂര്യ, തന്നെ പ്രത്യേകം ആകർഷിച്ചതായി സുജിത് പറയുന്നു. എല്ലാത്തിലും അദ്ദേഹത്തിന്റേതായ ക്ലാസ് ശൈലി സൂക്ഷിക്കുന്ന സിംപിളായ മനുഷ്യൻ. എല്ലാ നടന്മാർക്കും ഒരുപാട് പ്രത്യേകതകൾ ഇങ്ങനെ എടുത്തുപറയാൻ സാധിക്കും. ചെറിയ ഡീറ്റെയ്ലിങ് വരെ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന ലാലേട്ടൻ, എന്ത് കോസ്റ്റ്യൂമിലും സൂപ്പർ ലുക്കുള്ള പൃഥ്വി, ഫാഷൻ പരീക്ഷണങ്ങളിൽ എന്ത് എഫർട്ടുമെടുക്കുന്ന ദുൽഖർ... സുജിത് വാചാലനായി. ഓരോ സിനിമയ്ക്കു വേണ്ടിയും കൃത്യമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതുകൊണ്ടാണ് ഒരുപാട് ചിത്രങ്ങൾ ചെയ്യാത്തത്. മരക്കാർ വലിയ വെല്ലുവിളിയായിരുന്നു. കൂടുതൽ സിനിമകൾ കൂടുതൽ ഉത്തരവാദിത്വം തരുന്നു. ഓരോ സിനിമയ്ക്കു വേണ്ടിയും ഓരോന്ന് പഠിക്കുന്നു. ഡൈയിങ് പഠിച്ചത് സിനിമയ്ക്കു വേണ്ടിയാണ്. മരക്കാറിലും ബ്രോ ഡാഡിയിലുമെല്ലാം അതിന്റെ റിസൽട്ടും നമുക്ക് കാണാം. തൃശ്ശൂർ വെള്ളാനിക്കര കോമാട്ടിൽ കെ.എൻ. സുധാകരന്റെയും വിമലയുടെയും മകനാണ് സുജിത്. സഹോദരനായ ജിഗ്നേഷിനൊപ്പം വസ്ത്ര ഡിസൈനിങ് സ്ഥാപനവും നടത്തുന്നുണ്ട്. പാലാരിവട്ടത്താണ് താമസം. Content Highlights : Costume Designer Sujith Sudhakaran Bro Daddy Mohanlal Prithviraj Suriya
from movies and music rss https://ift.tt/egLQAYz70
via IFTTT
No comments:
Post a Comment