Saturday, February 12, 2022

പോസ്റ്ററൊട്ടിപ്പുകാരന്‍, സംവിധായകന്‍, നോവലിസ്റ്റ്; സുധീഷിനെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍

താൻ അഭിനയിച്ച ഒരു സിനിമയുടെ പോസ്റ്റർ സ്വന്തമായി ഒട്ടിക്കണം. ഇതാണ് സുധീഷ് മഞ്ഞപ്പാറയുടെ ഏറ്റവും വലിയ സിനിമാസ്വപ്നം. സിനിമ എന്ന മായികാപ്രപഞ്ചത്തെ സ്വപ്നം കണ്ട് നടക്കുന്ന ഒരുപാട് പേരുടെ പ്രതിനിധി എന്നതിനപ്പുറം സുധീഷ് എന്ന യുവാവിന്റെ സ്വപ്നത്തിന് ഒരുപാട് സിനിമപോസ്റ്ററുകളുടെ നിറങ്ങളും ആ പോസ്റ്ററുകൾ ചുമരിലൊട്ടിക്കാൻ തേച്ച പശയുടെ ഗന്ധവുമുണ്ട്. കാരണം നഴ്സിങ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പതിനേഴ് കൊല്ലത്തോളം സിനിമ പോസ്റ്ററുകളൊട്ടിക്കുന്ന തൊഴിലായിരുന്നു സുധീഷിന്, ഒപ്പം തിയറ്ററുകളിലെ ക്ലീനിങ് ജോലികളുംചെയ്തു. കണ്ടു തീർത്ത സിനിമകളിൽനിന്ന് ദൃശ്യം സിനിമയിലെ നായകനെ പോലെ പത്താം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള സുധീഷ് അറിവുകൾ സ്വായത്തമാക്കി. ഒരു ഡോക്യുമെന്ററി സംവിധായകനായി, ജീവിതാനുഭവങ്ങൾ ചേർത്തുവെച്ച് ഓലക്കൊട്ടക എന്ന നോവലുമെഴുതി. സുഹൃത്തുക്കൾക്കും സിനിമാപ്രവർത്തകർക്കും സുധീഷ് മഞ്ഞപ്പാറ എന്ന കലാകാരൻ സുപരിചിതനാണെങ്കിലും ഹൃദയം എന്ന സിനിമയുടെ പോസ്റ്ററൊട്ടിക്കുന്ന സുധീഷിന്റെ വീഡിയോ വിനീത് ശ്രീനിവാസൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചതോടെയാണ് കൂടുതൽ പേർ സുധീഷിനെ കുറിച്ച് കൂടുതലറിഞ്ഞത്. സുധീഷിനെ വർഷങ്ങളായി പരിചയമുണ്ട്. എഴുത്തുകാരനാവാൻ ആഗ്രഹിച്ച് അതിനുവേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുന്ന സുധീഷിന്റെ ഓലക്കൊട്ടക എന്ന പുസ്തകം ഇപ്പോൾ വിപണിയിലുണ്ട്. പോസ്റ്റർ ഒട്ടിക്കുന്ന ജോലി വർഷങ്ങളായി ചെയ്യുന്ന ആളാണ്. സുധീഷിന്റെ നോവലിന് എല്ലാവിധ ആശംസകളും. നോവൽ കയ്യിൽ കിട്ടാൻ കാത്തിരിക്കുന്നു. വീഡിയോ ഷെയർ ചെയ്ത് ഹൃദയത്തിന്റെ സംവിധായകനായ വിനീത് കുറിച്ചു. ആദ്യം തിയറ്ററിൽ ക്ലീനിങ് പണി, പിന്നീട് സിനിമാഭ്രാന്ത് മൂത്ത് മദ്രാസിലേക്ക് അമ്മൂമ്മ നടത്തിയിരുന്ന മുറുക്കാൻകടയ്ക്ക് സമീപത്തായിരുന്നു തൊട്ടടുത്ത സിനിമ തീയറ്ററിലെ ബോർഡ് പ്രദർശിപ്പിച്ചിരുന്നത്. ആ ബോർഡിൽ പതിപ്പിച്ചിരുന്ന സിനിമ പോസ്റ്ററുകളിൽനിന്നാണ് സുധീഷിന് പോസ്റ്ററുകളോടുള്ള കമ്പം ആരംഭിച്ചത്. കുട്ടിക്കാലത്ത് തന്നെ സിനിമയോട് കലശലായ ഭ്രമമുണ്ടായിരുന്ന സുധീഷ് വീട്ടിൽനിന്ന് കുറച്ചകലെ നാട്ടിലെ പ്രമാണിയുടെ വീട്ടിലെ ടെലിവിഷനിലൂടെയാണ് സിനിമകൾ കണ്ടിരുന്നത്. അമ്മയും സഹോദരിയും സഹോദരനും ഒന്നിച്ചാണ് ആ സിനിമ കാണൽ യാത്രകൾ. രാത്രി വൈകി ചൂട്ടൊക്കെ കത്തിച്ചായിരുന്നു മടക്കം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന അശോകേട്ടൻ തിയറ്ററിലേക്ക് ജോലിക്കായി കൂട്ടിക്കൊണ്ട് പോയത്. അദ്ദേഹത്തിന് പോസ്റ്ററൊട്ടിക്കലായിരുന്നു പണി. തീയറ്ററിൽ ആദ്യം ക്ലീനിങ്ങായിരുന്നു സുധീഷ് ചെയ്തിരുന്നത്. പിന്നീട് അശോകേട്ടനൊപ്പം പോസ്റ്ററൊട്ടിക്കാൻ പോയിത്തുടങ്ങി. പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ പൂർണമായും ജീവിതം തീയറ്ററിലേക്ക് മാറി. അതോടെ സിനിമയോടുള്ള ഭ്രമം ഇരട്ടിയായി. മദ്രാസിലേക്ക് ചേക്കേറിയാൽ സിനിമയിലേക്ക് എളുപ്പവഴി കണ്ടെത്താമെന്ന് കരുതി നാടുവിട്ട സുധീഷ് അതൊരു മിഥ്യാധാരണയായിരുന്നുവെന്ന തിരിച്ചറിവിൽ നാട്ടിലേക്ക് മടങ്ങി. സ്ഥിരം ചലച്ചിത്രമേളകളിലേക്ക്; ശ്യാമപ്രസാദും കഥയിൽ ഇല്ലാത്തവർ എന്ന ഡോക്യുമെന്ററിയും എങ്കിലും സിനിമയോടുള്ള പ്രണയം സുധീഷിന് ഉപേക്ഷിക്കാനാവുമായിരുന്നില്ല. ചലച്ചിത്രമേളകൾ നല്ല സിനിമകൾ കാണാൻ അവസരമൊരുക്കുമെന്നു അറിഞ്ഞതോടെ ചലച്ചിത്രമേളകളിൽ സ്ഥിരമായി പങ്കെടുക്കാനെത്തി. സിനിമാപ്രണയം തലയ്ക്ക് പിടിച്ചതോടെ ഊണും ഉറക്കവും നഷ്ടമായി, ഇടയ്ക്ക് മനസ് നേരെയാവാൻ ഡോക്ടറേയും കാണേണ്ടി വന്നു. അഗ്നിസാക്ഷിയും ഒരേ കടലും കണ്ട് സംവിധായകൻ ശ്യാമപ്രസാദിനെ പരിചയപ്പെടണമെന്ന ആഗ്രഹം ശക്തമായി. ശ്രമങ്ങൾക്കൊടുവിൽ സുധീഷ് ശ്യാമപ്രസാദിനെ പരിചയപ്പെട്ടു. സിനിമയാക്കാം എന്ന ആഗ്രഹത്തിൽ എഴുതിയ കഥ ശ്യാമപ്രസാദിന്റെ നിർദേശത്തോടെയും അദ്ദേഹത്തിന്റെ കൂടി സാമ്പത്തിക പിന്തുണയിലൂടെയും കഥയിൽ ഇല്ലാത്തവർ എന്ന ഡോക്യുമെന്ററിയായി സുധീഷ് സംവിധാനം ചെയ്തു. സിനിമ പോസ്റ്ററുകൾ ഒട്ടിക്കുന്നവരുടെ ജീവിതമായിരുന്നു ഡോക്യുമെന്ററിയുടെ പ്രമേയം. റസൂൽ പൂക്കുട്ടി, സുരേഷ് ഗോപി, മേനക, സുരേഷ് കുമാർ, ലിബർട്ടി ബഷീർ തുടങ്ങിയ ഒട്ടനവധി ചലച്ചിത്ര പ്രവർത്തകരും ഡോക്യുമെന്ററിയുടെ ഭാഗമായി. ഏഴോളം മേളകളിൽ പ്രദർശിപ്പിച്ച ഡോക്യുമെന്ററി പുരസ്കാരങ്ങളുംനേടി. സംവിധായകൻ ശ്യാമപ്രസാദിനൊപ്പം ജയരാജിന്റെ പ്രോത്സാഹനത്തിലൂടെ പ്രസിദ്ധീകരിച്ച ഓലക്കൊട്ടക ചലച്ചിത്രമേളയ്ക്കിടെയാണ് സംവിധായകൻ ജയരാജിനെ പരിചയപ്പെടുന്നത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും സുധീഷ് പ്രവർത്തിച്ചു. ആ സിനിമയിൽ ഒന്നു മുഖം കാണിക്കാനുള്ള അവസരവും സുധീഷിന് ജയരാജ് നൽകി. ജയരാജിന്റെ പ്രോത്സാഹനത്തിലാണ് ഓലക്കൊട്ടക പുറത്തിറക്കിയത്. ജയരാജ് തന്നെയാണ് സുധീഷിന്റെ നോവലിന് ആമുഖം എഴുതിയിരിക്കുന്നത്. ചിത്രകാരനും തരക്കേടില്ലാത്ത ഗായകനും കൂടിയാണ് സുധീഷ്. ശ്യാമപ്രസാദുമായി ഏറെ അടുപ്പമുള്ള സുധീഷ് അദ്ദേഹത്തിന്റെ പിറന്നാളിന് സമ്മാനമായി നൽകിയത് ശ്യാമപ്രസാദിന്റെ കുട്ടിക്കാലചിത്രം വരയിലൂടെ പകർത്തിയാണ്. ഏറെക്കാലം സിനിമാലോകത്ത് തന്നെ ചെലവഴിച്ച സുധീഷ് ഇപ്പോൾ കോഴിക്കോട് ഫറോക്ക് ഇ.എസ്.ഐ. ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. സർക്കാർ ജോലി കിട്ടിയത് ഏറെ സന്തോഷമുള്ള സംഗതിയാണെങ്കിലും മുഴുവൻ സമയവും ഏറ്റവും പ്രിയപ്പെട്ട സിനിമാലോകത്ത് ചെലവിടാനാവാത്തതിന്റെ ചെറുതല്ലാത്ത ദുഃഖം സുധീഷിനുണ്ട്. ഇടയ്ക്കിപ്പോഴും സിനിമകളുടെ പോസ്റ്ററൊട്ടിക്കാൻ സുധീഷ് കൂടാറുണ്ട്. കൊല്ലം അഞ്ചൽ മഞ്ഞപ്പാറ സ്വദേശിയായ സുധീഷ് ഇപ്പോൾ ഫറോക്കിലെ സർക്കാർ ക്വാട്ടേഴ്സിലാണ് താമസിക്കുന്നത്. ഇതിനകം രണ്ട് തിരക്കഥകൾ സുധീഷ് പൂർത്തിയാക്കിയിട്ടുണ്ട്. സിനിമയിലഭിനയിക്കണം, താൻ കണ്ട കാഴ്ചകളും തന്റെ അനുഭവങ്ങളും പങ്കുവെച്ച നോവൽ സിനിമയാക്കണം തുടങ്ങിയ മോഹങ്ങൾ സുധീഷിനുണ്ട്. സുധീഷിന്റെ സ്വപ്നങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. സുകുമാരൻ ആചാരിയും രാജമ്മയുമാണ് സുധീഷിന്റെ മാതാപിതാക്കൾ. ഭാര്യ ശരണ്യ നൃത്താധ്യാപികയാണ്. ഏഴു വയസുകാരിയായ ഭാഗ്യലക്ഷ്മിയും ഒന്നര വയസുകാരൻ യാദവുമാണ് മക്കൾ. പതിനാറ് കൊല്ലം മുമ്പുണ്ടായ അപകടത്തിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടും സിനിമയോടുള്ള അടങ്ങാത്ത ആവേശം സുധീഷിന് നഷ്ടമായില്ല. ഇരട്ടിയിലേറെ ആത്മവിശ്വാസവും സിനിമാപ്രണയവുമായി സിനിമ സ്വപ്നംകാണുന്ന ഒരുപാട് ആളുകൾക്ക് പ്രചോദനമാവാൻ സുധീഷിന് സാധിക്കട്ടെയെന്ന നമുക്കാശംസിക്കാം. Content Highlights: Article on Sudheesh Manjappara writer of Olakkottaka

from movies and music rss https://ift.tt/gCUBXqm
via IFTTT

No comments:

Post a Comment