Saturday, February 12, 2022

ദീദി മൗഷി എന്റെ അമ്മ

ലതാ മങ്കേഷ്കർ വിട പറഞ്ഞപ്പോൾ പാട്ടിന്റെ ഒരു കാലമാണ് പെയ്തുതോർന്നത്. ലോകമാകെ ഈ വിയോഗം പങ്കുവെക്കുമ്പോഴും ലതയുടെ മരണം ഏറ്റവും വ്യക്തിപരമായി ഉൾക്കൊള്ളുന്ന ചിലരുണ്ട്. അവരിലൊരാളാണ് സംഗീതവിദഗ്ധനും കവിയുമായ അംബരീഷ് മിശ്ര. അമ്മയും മകനും എന്നതുപോലുള്ള ആ ബന്ധത്തെക്കുറിച്ച് അംബരീഷ് ഓർക്കുന്നു ആ മരണം എനിക്ക് സഹിക്കാവുന്നതിലേറെയായിരുന്നു.എന്റെ അമ്മ എന്നെ പറിച്ചെറിഞ്ഞ് മറഞ്ഞുപോയതുപോലെ. ആ ദിവസം എനിക്കോർക്കാൻ പോലുമാവുന്നില്ല. ലതാജി ഇനിയും കുറച്ചു വർഷംകൂടി ജീവിക്കുമെന്ന് എനിക്ക് അത്ര വിശ്വാസമുണ്ടായിരുന്നു. ലതാജിയുടെ അമ്മ ശേവന്തിയമ്മ മരണപ്പെട്ടത് 96-ാമത്തെ വയസ്സിലാണ്. ആ വയസ്സുവരെ ലതാജി ജീവിക്കുമെന്ന ഗാഢമായ വിശ്വാസം എന്നിലുണ്ടായിരുന്നു. ആ വിശ്വാസത്തെയാണ് ദൈവം തട്ടിയെടുത്തത്. ലതാജി എനിക്ക് അമ്മ തന്നെയായിരുന്നു. അത്തരമൊരു കരുതലും സ്നേഹവുമാണ് അവരിൽനിന്ന്് ഞാൻ അനുഭവിച്ചത്. എന്റെ അമ്മ സുശീല ലോട്ട്ലിക്കറുടെ സുഹൃത്തായിരുന്നു അവർ. 1940-കളിൽ ഗോവയിൽ ജനിച്ചുവളർന്ന എന്റെ അമ്മയും നാടകരംഗത്തും സിനിമാരംഗത്തും സജീവമായിരുന്നു. അവർ തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു. അച്ഛന്റെ മരണശേഷം ലതാജി അനുഭവിച്ച കഷ്ടപ്പാടുകൾ എന്റെ അമ്മയും അനുഭവിച്ചിട്ടുണ്ട്. എന്റെ അച്ഛന്റെ വിയോഗത്തിനുശേഷമായിരുന്നു അത്. അത്തരമൊരവസ്ഥ അവരെ വേഗംതന്നെ സ്നേഹത്താൽ ഇണക്കിച്ചേർത്തു. പിന്നീട് ഞാൻ മുംബൈയിൽ പത്രപ്രവർത്തകനായി എത്തിയപ്പോൾ സെലിബ്രിറ്റി എന്ന ബന്ധമായിരുന്നില്ല ലതാജിയുമായി ഉണ്ടായിരുന്നത്. അവരുടെ സുശീലയുടെ മകനായിരുന്നു ഞാൻ. എന്നെ മകനായി ലതാജി ദത്തെടുക്കുകയായിരുന്നു. എത്രയോതവണ വീട്ടിൽ പോയിട്ടുണ്ട്്. സിനിമ, സംഗീതസംവിധായകർ, പാട്ട് രൂപപ്പെട്ട സന്ദർഭം അങ്ങനെ എത്രയോ മണിക്കൂറുകൾ, എത്രയോ കാര്യങ്ങൾ ദീദി മൗഷി (ലതാജിയെ ഞാൻ വിളിക്കുന്നത് അങ്ങനെയാണ്) എന്നോടു സംസാരിച്ചിട്ടുണ്ട്. വീട്ടിലെത്തിയാൽ കൊങ്കിണിയിലെ അഭിസംബോധനയായ സായ്ബ എന്നാണ് എന്നെ വിളിക്കുക. അംബരീഷ് മിശ്ര ടെലിഫോണിൽ എത്രനേരം വേണമെങ്കിലും സംസാരിക്കുന്നതിൽ അവർക്ക് ഒരു വൈമനസ്യവുമുണ്ടായിരുന്നില്ല; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം കിട്ടിയപ്പോഴും പ്രമുഖരായ സെലിബ്രിറ്റികൾ മരണപ്പെട്ടാൽ അവരെപ്പറ്റിയുള്ള അഭിപ്രായം തേടുന്നതിനും ഞാൻ ഫോണിൽത്തന്നെയാണ് സംസാരിക്കാറ്. വീട്ടിൽ വന്ന് നേരിൽ സംസാരിക്കണമെന്ന ഒരു വാശിയും ദീദി മൗഷിക്ക് ഉണ്ടായിരുന്നില്ല. ലോകം ആരാധിക്കുന്ന അവർക്ക് പത്രപ്രവർത്തകൻ എന്നനിലയിൽ എന്നിൽനിന്ന്് പ്രത്യേകമായി ഒരു പബ്ലിസിറ്റിയുടെയും ആവശ്യമുണ്ടായിരുന്നില്ല. പെഡ്ഡർ റോഡിലെ പ്രഭുകുഞ്ജിൽ ചെന്നപ്പോഴൊക്കെ അവരുടെ ലാളിത്യവും നിഷ്കളങ്കതയും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സഹോദരങ്ങളുടെ മൂത്തചേച്ചി എന്നതിനെക്കാൾ അമ്മയുടെ റോളായിരുന്നു അവർക്ക്അവിടെ. വിശാലമായ സ്വീകരണമുറിയുടെ ഒരു വശത്തെ പൂജാമുറിയിൽ കുടുംബദൈവമായ മങ്കേഷുൾപ്പെടെയുള്ള മൂർത്തികളെ പൂജിച്ച് മണിക്കൂർ നീളുന്ന സൂര്യനമസ്കാരത്തോടെയാണ് ആദ്യകാലത്ത് അമ്മയുടെ ദിവസം ആരംഭിച്ചിരുന്നത്. സഹോദരൻ ഹൃദയനാഥിന്റെ തംബുരു ഉൾപ്പെടെ സംഗീതോപകരണങ്ങൾ വെച്ച ചെറിയ മുറിയിലാണ് സാധകം ചെയ്യുക. ഇതിനോടുചേർന്നുള്ള അത്രയൊന്നും വലുതല്ലാത്ത മറ്റൊരു മുറിയിലാണ് ദീദി മൗഷി താമസിച്ചിരുന്നത്. കുറച്ചുമാത്രം ഫർണിച്ചറുള്ള, പെഡ്ഡർ റോഡിലേക്ക് അഭിമുഖമായി ബാൽക്കണിയുള്ളതാണ് ആ മുറി. എല്ലാ മുറിയിലും ഗണപതിവിഗ്രഹം ഉണ്ടായിരുന്നു. അത്രമാത്രം പ്രിയം ഗണപതിയോടുണ്ടായിരുന്നു. സിനിമാലോകമെന്നത് സൗഹൃദങ്ങൾ തകരുകയും ഇല്ലാതാവുകയും ചെയ്യുന്ന വലിയ ശവപ്പറമ്പാണ്. ദീദി, ഉയർച്ചയിലും വിജയത്തിലും നിൽക്കുമ്പോഴും അവർ തന്റെ നിഷ്കളങ്കത ഒരിക്കലും കൈവിട്ടില്ല. ഞാൻ വീട്ടിൽപ്പോയ എല്ലാ സമയത്തും അവരെ കേൾക്കാനാണ് ശ്രമിച്ചത്. ദീദിയുടെ കുടുംബാംഗത്തെപ്പോലെയാണ് അവർ എന്നെ എക്കാലവും പരിഗണിച്ചത്. ഓരോ ഗാനവും രൂപപ്പെട്ട സന്ദർഭം ദീദിയിൽനിന്ന്കേൾക്കുമ്പോൾ അക്കാലത്തെ ഓരോ കാര്യവും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സജ്ജാദ് ഹുസൈൻ, അനിൽ ബിശ്വാസ്, നൗഷാദ്, എസ്.ഡി. ബർമൻ, സി. രാമചന്ദ്ര, ഹേമന്ത് കുമാർ, മദൻ മോഹൻ, ശങ്കർ ജയ്കിഷൻ തുടങ്ങി മുൻനിര സംഗീതസംവിധായകരെപ്പറ്റി ദീർഘനേരം ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. ആ രംഗത്തെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. സംഗീതലോകത്ത് ജാതി, മതം, ഭാഷ ഒന്നും പ്രശ്നമായിരുന്നില്ല. യേശുദാസിനെയും ഇളയരാജ, എ.ആർ. റഹ്മാൻ, എസ്.പി. ബാലസുബ്രഹ്മണ്യം അങ്ങനെ എല്ലാഗായകരെയും അവർക്ക് പ്രിയമായിരുന്നു. അവരെപ്പറ്റി സ്നേഹത്തോടെ സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നിട്ടുണ്ട്. ബൈജു ബാവ്്രയിലെ ഭൈരവ് രാഗത്തിലെ 'മൊഹെ ഭൂൽ ഗയെ...' എന്ന ദീദിയുടെ ഗാനം നോക്കൂ. സംഗീതം നൽകിയ നൗഷാദ് മുസ്ലിം, ഗാനമെഴുതിയ ഷക്കീൽ ബദായുനി മുസ്ലിം, ഗാനം പാടിയ ലതാജി ഹിന്ദു, സിനിമയിൽ അഭിനയിച്ച മീനാ കുമാരി മുസ്ലിം അങ്ങനെ എത്ര വൈവിധ്യങ്ങളാണ്. ഹിന്ദി സിനിമ ഇന്ത്യയുടെ വൈവിധ്യത്തെ അത്രമാത്രം ഉൾക്കൊണ്ടിരുന്നു ! പൂജ, സാധകം എന്നിവ കഴിഞ്ഞ് രാവിലെ ഒമ്പതുമണിക്ക് വീട്ടിൽനിന്ന് ദീദി മൗഷി സ്റ്റുഡിയോയിലേക്ക് ഇറങ്ങും. ബാൽക്കണിയിലെത്തി ഡ്രൈവർ ജയ്സിങ്ങിനെ വിളിക്കും. ദീദി വീട്ടിൽ നിന്നിറങ്ങുന്ന സമയം നോക്കി രാവിലെ ഒമ്പതുമണിയായി എന്ന് അയൽക്കാർ നിശ്ചയിച്ചിരുന്നെന്ന് തമാശയായി പറയാറുണ്ട്. അത്ര കൃത്യനിഷ്ഠയും പ്രൊഫഷണലിസവും ഓരോ കാര്യത്തിലും പ്രകടിപ്പിച്ചിരുന്നു. സ്റ്റുഡിയോകളിൽനിന്ന് സ്റ്റുഡിയോകളിലേക്ക് പറന്നു റെക്കോഡ് ചെയ്യേണ്ടവിധം തിരക്കു വന്നുമൂടി അഞ്ചും ആറും പാട്ടുകൾ റെക്കോഡ് ചെയ്ത ദിവസങ്ങളുണ്ടായിട്ടുണ്ട്. രാവിലെ റെേക്കാഡിങ്ങിന് പോകുമ്പോൾ ഒരാപ്പിൾ കഴിക്കും. ഒപ്പം ഏതാനും ഗ്ലൂക്കോസ് ബിസ്കറ്റുകളും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കില്ല. സ്റ്റുഡിയോയിൽനിന്ന് നൽകുന്ന സാൻഡ്വിച്ചിന്റെ പകുതി മാത്രമേ കഴിക്കൂ. പിന്നീട് രാത്രി എത്തിയാണ് വിശദമായ ഭക്ഷണം കഴിക്കുക. പാട്ട് റെേക്കാഡിങ് സമയത്ത് ചെരിപ്പ് ഊരിയിട്ട ശേഷമേ റെേക്കാഡ് ചെയ്യൂ. ഒരിക്കൽ ദക്ഷിണേന്ത്യയിൽനിന്ന് ദമ്പതിമാർ ദീദിയെ കാണാൻ രാവിലെ വീട്ടിലെത്തി. അതിഥികൾ അവരുടെ കാൽതൊട്ട് വന്ദിച്ച് അമ്മയെ കാണാൻ വന്നതാണെന്ന് പറഞ്ഞു. അവരെ കാറിൽ കയറ്റി പാട്ട് റെേക്കാഡ് ചെയ്യുന്നത് കാണിച്ച്് അവരെ അദ്ഭുതപ്പെടുത്തിയാണ് ദീദി അവരെ പറഞ്ഞയച്ചത്. ഞാൻ വീട്ടിൽ പോകുമ്പോൾ എപ്പോഴും ചെമ്പകപുഷ്പങ്ങൾ കൊണ്ടുപോവുമായിരുന്നു. ദീദിക്ക് ആ പുഷ്പം വളരെ ഇഷ്ടമായിരുന്നു. ഞായറാഴ്ച ദിവസങ്ങളിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കും. ചിക്കൻ പ്രിയപ്പെട്ട കറിയായിരുന്നു. ഒപ്പം ബിരിയാണിയും. നന്നായി ഭക്ഷണം കഴിക്കാനും നന്നായി ഭക്ഷണം ഉണ്ടാക്കാനും ദീദിക്ക് താത്പര്യമായിരുന്നു. റെേക്കാഡിങ് സമയം നീളുകയാണങ്കിൽ രാത്രി വൈകി വീട്ടിലെത്തിയാൽ ഒരു കപ്പ് പാലിൽ ഭക്ഷണം അവസാനിപ്പിക്കും. ആരോഗ്യം നോക്കാതെയുള്ള ഇക്കാര്യത്തിൽ ശേവന്തിയമ്മ ശകാരിക്കുമായിരുന്നു. സ്വർണാഭരണങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. ചെറുപ്പത്തിൽത്തന്നെ ധാരാളം പണം കൈയിലെത്തി. അതിനാൽ 21-ാം വയസ്സിൽ കാർ വാങ്ങി. അന്യരെ സഹായിക്കാൻ വലിയ മനസ്സ് കാണിച്ചിരുന്നു. പണം വാരിക്കോരി സഹായിക്കുന്നത് കണ്ടിട്ടുണ്ട്. സിനിമാ ലോകത്തുനിന്ന് പുറത്തായവർ മിക്കപ്പോഴും അവരെ കാണാൻ വന്നിരുന്നു. അവരുടെ സങ്കടങ്ങൾ നിവർത്തിക്കാൻ എത്രയോ പണം കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഒരിക്കലും അത് പുറത്തുപറയുമായിരുന്നില്ല. ആദ്യം ചലച്ചിത്രപാർട്ടികൾക്ക് പോകുമായിരുന്നെങ്കിലും അവസാനത്തെ 32 വർഷമായി പാർട്ടികൾക്ക് പോകാറില്ല. കുടുംബം തന്നെയായിരുന്നു പ്രിയപ്പെട്ട ഇടം. ദീദിയുടെ ആദ്യത്തെ വീട് തെക്കേ മുംബൈയിലെ നാനാ ചൗക്കിലെ ഗാവ്ദേവിയിലായിരുന്നു. ഗായിക എന്ന നിലയിൽ പണം കിട്ടിത്തുടങ്ങിയതോടെ അവിടെനിന്ന്് ചൗപാത്തിയിലെ രണ്ടുമുറിയിലേക്ക്് മാറി. ക്ഷേത്രത്തിന് അടുത്തായിരുന്നു ആ മുറി. അവിടെനിന്നാണ് പ്രഭു കുഞ്ജിലേക്ക്് മാറുന്നത്. ഹിന്ദുദൈവവിശ്വാസിയായിരുന്നെങ്കിലും പശ്ചിമ ബാന്ദ്രയിലെ മൗൺട് മേരി ചർച്ചിൽ പോകുമായിരുന്നു. ഒപ്പംതന്നെ ഹാജി അലി ദർഗയിലേക്കും. വീട്ടിൽ ദീദിയുടെ സഹായിയായി മേരിയുണ്ടായിരുന്നു. മദർ മേരി എന്നായിരുന്നു അവരെ വിളിക്കുക. കണക്കിൽ രാമാനുജം, ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ, സംഗീതത്തിൽ ലത... ലക്ഷം മനുഷ്യരിൽ ഇങ്ങനെ ചിലർ ഉണ്ടാവും. അത് ദൈവത്തിന്റെ നിയോഗമാണെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദീദി മൗഷിയുമായി നവംബറിലാണ് അവസാനമായി ദീർഘനേരം സംസാരിച്ചത്. രോഗത്തിൽനിന്ന്തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എനിക്ക് ഒരു ഷർട്ട് ദീദി വാങ്ങിനൽകിയിരുന്നു. അത് കാണുമ്പോൾ ഇപ്പോൾ സങ്കടം ഇരട്ടിക്കുന്നു. nsreejith1@gmail.com/ ambarishmisra03@gmail.com Content Highlights : Remembering Lata Mangheshkar

from movies and music rss https://ift.tt/EPwlFb4
via IFTTT

No comments:

Post a Comment