ആയിരക്കണക്കിനു ചലച്ചിത്രഗാനങ്ങളേക്കാൾ ഈയൊരൊറ്റ ദേശഭക്തിഗാനമാണ് ലത മങ്കേഷ്കറെന്ന ഇന്ത്യയുടെ വാനമ്പാടിയെ മറ്റെല്ലാ ഗായകരിൽനിന്നും വേറിട്ടു നിർത്തിയത്, മഹത്വത്തിലേക്ക് ഉയർത്തിയത്. പതിഞ്ഞ സ്വരത്തിൽ ലത ഈ ഗാനം പാടിത്തുടങ്ങുമ്പോൾ ലക്ഷക്കണക്കിന് ഇന്ത്യക്കാർ തൊണ്ട പൊട്ടുമാറുച്ചത്തിൽ അതേറ്റു പാടി. ഒരു ഗായകനും ഗായികയ്ക്കും ലഭിക്കാത്ത പ്രശസ്തിയും ആദരവും ലതയ്ക്കു ലഭിച്ചപ്പോൾ ഏയ് മേരേ വതൻ കേ ലോഗോം അമരത്വം നേടി. 1963-ൽ ലത മങ്കേഷ്കർ പാടിയ ഗാനത്തിന്റെ ഒറിജിനൽ വേർഷൻ ഡൽഹിയിലെ സെൻട്രൽ സ്റ്റേഡിയത്തിൽ ജനസാഗരത്തെ സാക്ഷി നിർത്തി 1963 ജനുവരി 27-നാണ് ലത ഈ പാട്ടു പാടുന്നത്. ഒരു വലിയ യുദ്ധത്തിന്റെ തോൽവിയുടെ ചിതയിൽനിന്ന് ആ മൃദുസ്വരം പതിയെ അലയടിച്ചുയർന്നു. ഒരു പക്ഷെ, ലതയും കൺമുന്നിൽ കടൽപോലെ വലിയൊരു ജനസഞ്ചയത്തെ അതിനു മുമ്പു കണ്ടിട്ടുണ്ടാവില്ല. വൈയക്തിക സങ്കടങ്ങളല്ല, രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച കുലീനജീവിതങ്ങളുടെ ദുരന്തമാണ് പാടുമ്പോൾ മനസ്സിൽ അലയടിക്കേണ്ടതെന്ന രാമചന്ദ്രയുടെ വാക്കുകൾ ലതയുടെ ഉള്ളിൽ തിങ്ങി നിറഞ്ഞിരിക്കണം. വിഖ്യാത സംഗീതജ്ഞൻ നൗഷാദാണ് സംഗീതമേളയ്ക്കു തുടക്കം കുറിച്ചത്. ആലാപനം മുഹമ്മദ് റാഫി. പിന്നാലെ ശങ്കർ ജയ്കിഷനും മദൻ മോഹനും. നാലാം സ്ഥാനത്താണ് രാമചന്ദ്രയെ സംഘാടകർ പരിഗണിച്ചിരുന്നത്. മറ്റുള്ളവരെല്ലാം അതിനകം തന്നെ ഹിന്ദി സിനിമാലോകത്ത് പ്രശസ്തമായ ദേശഭക്തി ഗാനങ്ങൾ ചെയ്തിരുന്നവർ. രാമചന്ദ്രയ്ക്കാകട്ടെ, അതിനു മുമ്പ് കയ്യിലൊരു ദേശഭക്തി ഗാനം പോലും ഉണ്ടായിരുന്നില്ല. രാജ് കപൂറും ദിലീപ് കുമാറും ദേവാനന്ദും അടങ്ങുന്ന മുംബൈ സിനിമാലോകത്തിലെ പടക്കുതിരകളെല്ലാം മുൻനിരയിൽ ഉണ്ടായിരുന്നു. എല്ലാ സംഗീതസംവിധായകരും രണ്ട് പാട്ട് വീതമാണ് വേദിയിൽ അവതരിപ്പിക്കേണ്ടത്. അങ്ങനെ രാമചന്ദ്രയുടെ ഊഴമെത്തി. ലത മങ്കേഷ്കർ വേദിയിൽ. തൊട്ടരികിൽ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു. അല്ലാഹ് തേരോ നാം എന്ന സുപ്രസിദ്ധ ഭജനാണ് ലത ആദ്യം പാടിയത്. ലതയുടെ ഗാനമാധുരിയിൽ ഒരുപക്ഷെ, എല്ലാവരും ഇതിനകംതന്നെ ഹൃദിസ്ഥമാക്കിയ ഭജൻ നിറഞ്ഞൈാഴുകി. ചെറിയ ഇടവേളയ്ക്കു ശേഷം രാമചന്ദ്രയുടെ രണ്ടാം ഗാനം. പിന്നാലെ അതുവരെ ആരും കേൾക്കാത്തൊരു ഗാനത്തിനു തുടക്കമായി. രണ്ട് മാസം മുമ്പ് അവസാനിച്ച യുദ്ധത്തിന്റെ ബാക്കിപത്രം പോലെ ലത പാടിത്തുടങ്ങി. പൊടുന്നനെ അന്തരീക്ഷം മാറിമറിഞ്ഞു. വേദിയിലും സദസ്സിലും എല്ലാവരും നിശബ്ദരായി. ഈരടികൾ മനസ്സിൽ കുത്തിക്കയറി. ഒടുവിൽ ഭേദിക്കാനാവാത്ത ആരവമായി. സദസ് നിർനിമേഷരായി ആ ഗാനധാരയിൽ അലിഞ്ഞു. മറ്റെല്ലാ ഗാനങ്ങളും ഉപകരണ സംഗീതത്തിന്റെ അതിശക്തമായ അകമ്പടിയോടെ ഉണർത്തുപാട്ടായപ്പോൾ രാമചന്ദ്രയുടെ മനസ്സിലെ ദേശഭക്തി അടിത്തറയിട്ടത് അതിർത്തിയിൽ പിടഞ്ഞു മരിച്ചവരുടെ വേദനയായിരുന്നു. ചരണത്തിലെ ആദ്യ വരികൾ ആവർത്തിച്ചു പാടിയ ലത ജബ് അന്ത് സമയ് ആയാ ഥാ(അന്ത്യനിമിഷം വന്നടുക്കുമ്പോൾ) എന്ന വരി മൂന്നു തവണയാണ് പാടുന്നത്. ഓരോരിക്കലും ആയിരങ്ങളെ അത് കരയിപ്പിച്ചു. വിങ്ങുന്ന വേദനയിൽ ഹൃദയം നുറുങ്ങി ലതയുടെ മാസ്മരികശബ്ദം മന്ത്രണംപോലെ മൃദുവായി. ഈ വരികൾ ആവർത്തിക്കുമ്പോൾ സ്വന്തം ജീവൻ പൊലിയുന്നതു പോലെ അവരത് ഏറ്റുവാങ്ങി. മൂന്നാം തവണ ആ വരി പാടുമ്പോൾ വേദനയിൽനിന്ന് അതിജീവനത്തിന്റെ വഴിയിലൂടെ ലതയുടെ ശബ്ദം ഉച്ചസ്ഥായിലായി. അണ പൊട്ടിയ വൈകാരികതയിൽനിന്ന്, തോറ്റുപോയ ഒരു ജനതയെ ഉയിർത്തെഴുന്നേൽപ്പിച്ച് ജയ്ഹിന്ദ് പാടി ഗാനം അവസാനിക്കുമ്പോൾ അതുവരെ അണകെട്ടി നിർത്തിയ ആരവം മറ്റെല്ലാറ്റിനും മുകളിൽ മുഴങ്ങി. പാടിക്കഴിഞ്ഞയുടൻ നെഹ്റു ലതയെ അരികിലേക്കു വിളിപ്പിച്ചു. പാടിയതിലെന്തെങ്കിലും തെറ്റു പറ്റിയോ എന്ന ഭയത്തോടെ അരികിലെത്തിയ ലതയോടു നിറഞ്ഞ കണ്ണുകളുമായി നെഹ്റു പറഞ്ഞു: ലതാ... നീയെന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ. അന്നു ലതയ്ക്കറിയില്ലായിരുന്നു, ഈ ഗാനം തന്നെ മഹത്വത്തിന്റെ ഉന്നതിയിൽ എത്തിക്കുമെന്ന്. ആകാശവാണിയിലൂടെ അക്കാലത്ത് നിരന്തരം ഏയ് വതൻ കേ ലോഗോം ഒഴുകിയെത്തി. ഓരോ വാക്കും സാധാരണക്കാർക്കുപോലും ഹൃദിസ്ഥമായി. പിന്നീട് ലത നടത്തിയ ഓരോ സംഗീതമേളയിലും ആയിരങ്ങൾ ഈ പാട്ട് പാടാൻ അവരോട് ആവശ്യപ്പെട്ടു കൊണ്ടേയിരുന്നു. പലപ്പോഴും ഒന്നിലധികം തവണ ലത പല വേദികളിലും ഈ പാട്ട് പാടി. ഗാനത്തിന്റെ അമ്പത്തൊന്നാം വാർഷികത്തിൽ ലത മങ്കേഷ്കർ പറഞ്ഞത് കാലം അതായിരുന്നു. ഒരിക്കലും നേരിട്ടേറ്റുമുട്ടേണ്ടി വരില്ലെന്ന് നെഹ്റു കരുതിയിരുന്ന ചൈനയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ വെറും പതിനഞ്ച് വയസു മാത്രം പിന്നിട്ട ഒരു രാജ്യം കുലുങ്ങി. ഗാന്ധിജിയുടെ വധത്തിനു ശേഷം സ്വതന്ത്ര ഇന്ത്യ നേരിട്ട രണ്ടാം തിരിച്ചടി. പരാജയത്തിന്റെ ആലസ്യത്തിൽനിന്ന് സൈന്യത്തെ മുക്തരാക്കാനാണ് 1963-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സിനിമ നിർമാതാവ് മെഹ്ബൂബ് ഖാന്റെ നേതൃത്വത്തിൽ ആർമി വെൽഫയർ ഫണ്ടിന്റെ ധനശേഖരണാർത്ഥം സംഗീതപരിപാടി സംഘടിപ്പിക്കുന്നത്. ഗാനത്തിന്റെ മുപ്പത്തിമൂന്നാം വാർഷികത്തിൽ ലത ഒരു ഗാനമേളയിൽ പാടിയപ്പോൾ ഹിന്ദി ചലച്ചിത്ര സംഗീത സംവിധായകരുടെ ദേശഭക്തി ഗാനങ്ങളായിരുന്നു സംഗീതപരിപാടിയുടെ ഹൈലൈറ്റ്. കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും കൂടുതൽ ഹിറ്റുകൾ സൃഷ്ടിച്ച രാമചന്ദ്രയെ തേടിയും സംഘാടകർ എത്തി. വരികൾ കിട്ടാതെ ഈണമിടാത്ത കാലം. ഗാനത്തിനായി ഗാനരചയിതാവ് കവി പ്രദീപിനെ സമീപിച്ചെങ്കിലും അദ്ദേഹമത് തമാശയായാണ് എടുത്തത്. ഒരു കാര്യവുമില്ലാത്ത കാര്യം എന്നായിരുന്നു പ്രതികരണം. ഇന്ത്യയെ പിടിച്ചുകുലുക്കിയ ആദ്യവരികൾ അതിനു മുമ്പേ പ്രദീപ് എഴുതിക്കഴിഞ്ഞിരുന്നു. മാഹിം കടൽത്തീരത്ത് നടക്കുകയായിരുന്ന കവി പ്രദീപിന് പെട്ടെന്നാണ് ഒരാശയം തോന്നിയത്. നടന്നു പോവുകയായിരുന്ന ഒരാളിൽനിന്ന് പെൻ വാങ്ങി, സിഗററ്റ് പാക്ക് കീറി അതിലെ കടലാസിലാണ് ആ വരികൾ പിറക്കുന്നത്. അങ്ങനെ ദിവസങ്ങൾക്കകം നൂറോളം വരികളാണ് കവി പ്രദീപ് എഴുതികൊടുത്തത്. അതിൽനിന്ന് ഈണത്തിനുതകുന്ന വരികൾ രാമചന്ദ്ര തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ ലതയെ തേടി കവി പ്രദീപിന്റെ ഫോൺ വിളിയെത്തി. ഇത്രയും ചെറിയ സമയത്തിനുള്ളിൽ പാടാൻ കഴിയില്ലെന്ന വിസ്സമ്മതം പറഞ്ഞപ്പോൾ ലതയോടു കവി പ്രദീപ് പറഞ്ഞു, ഈ ഗാനം നിങ്ങളേ പാടൂ... അക്കാലത്ത് രാമചന്ദ്രയും ലതയും നല്ല രസത്തിലായിരുന്നില്ല. അതിനാൽത്തന്നെ ലതയുടെ സഹോദരി ആശ ഭോൺസ്ലെയെയാണ് രാമചന്ദ്ര പാടാൻ വിളിച്ചത്. പ്രദീപിനിഷ്ടം തന്റെ വരികൾ ലത പാടുന്നതായിരുന്നു. ലതയെ കൊണ്ട് സമ്മതിപ്പിക്കാൻ പ്രദീപിനു സാധിച്ചു. അതിനിടെ ആശ റിഹേഴ്സലുകൾ ആരംഭിച്ചിരുന്നു. പരിപാടിക്കിനി ആറു ദിവസം മാത്രം. ലത പാടിയാൽ മതിയെന്ന് പ്രദീപ് വാശി പിടിച്ചപ്പോൾ, എങ്കിൽ രണ്ടു പേരും ചേർന്നുള്ള ഡ്യുവറ്റ് ആക്കി മാറ്റാമെന്നായി സംഗീത സംവിധായകൻ. ലതയ്ക്കും സമ്മതം. ലത എത്തിയെന്നറിഞ്ഞതോടെ അസുഖമെന്നു പറഞ്ഞ് ആശ പിന്മാറി. ഡ്യുവറ്റ് അങ്ങനെ ലതയുടെ സോളോ ആയി. ലത-മുകേഷ് ലൈവ് കൺസേർട്ടിനു വേണ്ടി പാടിയത് സംഗീതചരിത്രകാരനായ രാജു ഭരതൻ പറയുന്നതു മറ്റൊരു കഥയാണ്. രാമചന്ദ്രയുമായി പിണങ്ങിയിരുന്ന ലത പാടാൻ സമ്മതിച്ചത് ഒരൊറ്റ കാരണം പറഞ്ഞാണ്. പാട്ട് താൻ തനിച്ചെ പാടൂ. ആരും സത്യം തുറന്നു പറയാത്ത ഈ കഥയ്ക്ക് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. ഒരാൾ മാത്രം പാടിയാൽ മതിയെന്നത് രചയിതാവിന്റെ വാശിയായിരുന്നു. അത് ലത തന്നെയാവണമെന്ന കടുത്ത നിലപാട് കൂടിയായതോടെ രാമചന്ദ്രയ്ക്കു വഴങ്ങേണ്ടി വന്നു. ഇരുപത്തേഴിലെ പരിപാടിയെ കുറിച്ച് പത്രങ്ങൾ വാർത്ത കൊടുത്തു തുടങ്ങിയിരുന്നു. രാമചന്ദ്രയുടെ പാട്ട് ആശയായിരിക്കും പാടുകയെന്ന് നോട്ടീസുകൾ പോലും പ്രചരിച്ചു. ഇതൊക്കെ പറഞ്ഞ് ഒരിക്കൽകൂടി സമീപിച്ചെങ്കിലും ആശ വഴങ്ങിയില്ല. പരിപാടിയുടെ ഓർക്കസ്ട്രേഷന്റെ ചുമതല ഗായകനും സംഗീതജ്ഞനുമായ ഹേമന്ദ് കുമാറിനാണ്. ഹേമന്ദ് ദാദയും ആശയെ സമീപിച്ചു. ഒന്നും നടന്നില്ല. സംഗീത സംവിധായകൻ ഇല്ലാതെയായിരുന്നു റിഹേഴ്സൽ. 15 സംഗീതജ്ഞർ റെക്കോർഡിങ്ങിന് അകമ്പടിയായി ഉണ്ടായിരുന്നു. ലതയടക്കം ഒരാൾ പോലും ഒരു പൈസ പോലും ചോദിച്ചില്ല, വാങ്ങിയതുമില്ല. നാലു ടേക്കിൽ പാട്ട് റെക്കോർഡ് ചെയ്തു. റെക്കോർഡിങ്ങിനു ശേഷം ലത പൊട്ടിക്കരഞ്ഞപ്പോൾ എല്ലാ പിണക്കവും അതിലലിഞ്ഞു. 1963-ൽ ഗാനമേളയിൽ ലത പാടിയതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വീഡിയോ പാട്ടിന്റെ ടേപ്പ് ലതയ്ക്കു കൊടുത്ത് ജനുവരി 23-ന് രാമചന്ദ്ര ഡൽഹിയിലേക്കു വിമാനം കയറി. 26-നു രാത്രി ഡൽഹിക്കു തിരിക്കും മുമ്പ് ആശയോട് ഒരിക്കൽകൂടി ലത പറഞ്ഞു, നമുക്കൊരുമിച്ചു പാടാം. ആശ തയ്യാറായില്ല. റെക്കോർഡ് ചെയ്ത ടേപ്പ് വിമാനത്തിലിരുന്ന് ആവർത്തിച്ചു കേട്ട ലതയുടെ മനസ്സിൽ ഈണവും വരികളും നിറഞ്ഞുനിന്നു. പിന്നെയെല്ലാം ചരിത്രം. സ്റ്റേജ് പെർഫോമൻസിൽ ഒരു രഹസ്യം കൂടി ഒരുക്കിവെച്ചു രാമചന്ദ്ര. വേദിയിൽ ലതയ്ക്കൊപ്പം ചുരുക്കം സംഗീതജ്ഞർ മാത്രമാണുണ്ടായിരുന്നത്. ആലാപനത്തിൽ ലത ഒറ്റയ്ക്കുമായിരുന്നു. അവസാനത്തെ വരികളായ ജയ് ഹിന്ദ്... ജയ് ഹിന്ദ് കി സേന ആലപിക്കുമ്പോൾ പൊടുന്നനെ വേദിയിൽ ഗാനം കോറസായി മാറി. പ്രതിധ്വനി കിട്ടുന്നതിനായി കോറസ് സംഘത്തെ രാമചന്ദ്ര കർട്ടനു പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുപത്തേഴിനു രാത്രി നെഹ്റുവിന്റെ വീട്ടിൽ എല്ലാവർക്കും സൽക്കാരമുണ്ടായിരുന്നു. എല്ലാറ്റിൽനിന്നും ഒഴിഞ്ഞു മാറി അകലെ നിന്ന ലതയെ നെഹ്റു അരികിലേക്കു വിളിച്ചു ചോദിച്ചു. മുംബൈയിൽ പോയാൽ ഈ പാട്ട് വീണ്ടും പാടില്ലേ? ഇല്ല, ഈയൊരൊറ്റ പരിപാടിക്കു വേണ്ടി പഠിച്ചതെന്നായിരുന്നു ലതയുടെ മറുപടി. പാട്ട് തനിക്കേറെ ഇഷ്ടമായെന്ന് നെഹ്റു പറഞ്ഞപ്പോൾ ഇക്കുറി കണ്ണീരണിഞ്ഞത് ലതയാണ്. അതിനിടയിൽ ഇന്ദിര രണ്ടു കുഞ്ഞുങ്ങളുമായി ലതയ്ക്കരികിലെത്തി. ലതയുടെ കരം കവർന്ന് ഇന്ദിര കുട്ടികളെ പരിചയപ്പെടുത്തി. ഇവർ താങ്കളുടെ കുട്ടി ഫാൻസാണ്. നമസ്തെ പറഞ്ഞ് സഞ്ജയും രാഹുലും ഓടിപ്പോയത് വർഷങ്ങൾക്കു ശേഷവും ലത ഓർമിക്കുന്നു.കവി പ്രദീപിനെ ചടങ്ങിനു ക്ഷണിച്ചിരുന്നില്ല. ഇതറിഞ്ഞ നെഹ്റു രണ്ടു മാസത്തിനു ശേഷം മുംബൈയിൽ പോയപ്പോൾ ഗാനരചയിതാവിനെ നേരിൽ കണ്ടു. നെഹ്റുവിനു മുന്നിൽ അദ്ദേഹം സ്വന്തം വരികൾ പാടി. സ്വന്തം കൈപ്പടയിൽ എഴുതിയ ഗാനത്തിന്റെ ഒറിജിനൽ നെഹ്റുവിനു സമ്മാനിക്കുകയും ചെയ്തു. ഒമ്പതു വർഷത്തിനു ശേഷം ലത മങ്കേഷ്കർ ഡൽഹിയിലെ റാംലീല മൈതാനിയിൽ വലിയൊരു സദസിനു മുന്നിൽ ഈ ഗാനം വീണ്ടും പാടി. അപ്പോഴേക്കും ഇന്ത്യ ഏറെ മാറിയിരുന്നു. പാകിസ്താനെ യുദ്ധത്തിൽ മുട്ടുകുത്തിച്ച്, ബംഗ്ലദേശ് എന്ന പുതിയ രാജ്യത്തിനു ജീവൻ കൊടുക്കാൻ മാത്രം അജയ്യരായി കഴിഞ്ഞിരുന്നു ഇന്ത്യ. തോൽവി ഏറ്റു വാങ്ങിയ രാജ്യത്തിന്റെ ഹൃദയവേനയ്ക്കു മുന്നിൽ ആദ്യമായി പാടിയ ആ ഗാനം വിജയാഹ്ലാദത്തിൽ മുങ്ങിയ രാജ്യത്തിന്റെ പെരുമ്പറയ്ക്കു മുന്നിൽ ലത വീണ്ടും പാടി... ഏയ് മേരേ വതൻ കേ ലോഗോം... തും ഖൂബ് ലഗാ ലോ നാരാ... Content Highlights:Jawaharlal Nehru,Lata Mangeshkar Song,Lata Mangeshkar passed away, Latha Mangeshkar evergreen hits, Indian Film songs, Indian Cinema, Legendary singer
from movies and music rss https://ift.tt/HSpCnYT
via IFTTT
No comments:
Post a Comment