Saturday, February 5, 2022

ഗാനഗന്ധര്‍വന്റെ ലതാജി

ഒരു ശിക്ഷയുടെ `മധുരവേദനയിൽ നിന്ന് തുടങ്ങുന്നു ലതാ മങ്കേഷ്കറുടെ പാട്ടുകളുമായുള്ള ഗാനഗന്ധർവന്റെ ആത്മബന്ധം. സ്കൂൾ വിദ്യാർത്ഥിയാണ് അന്ന് യേശുദാസ്. തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയോരത്തുള്ള ചായക്കടയിൽ നിന്ന് മിക്കവാറും ദിവസം പട്ടുപോലെ നേർത്ത ശബ്ദത്തിൽ മനോഹരമായ ഒരു ഗാനം കേൾക്കാം: ``ചുപ് ഗയാ കോയീരേ ദൂർ സേ പുകാർ കേ.. ആരാണ് പാട്ടുകാരിയെന്നറിയില്ല. ഏതു സിനിമയെന്നും. പക്ഷേ പാട്ടിന്റെ ലഹരിയിൽ അങ്ങനെ മതിമറന്ന് റോഡരികിൽ നിൽക്കും അന്നത്തെ പതിമൂന്നുകാരൻ; സമയം പോകുന്നതറിയാതെ. ``പിന്നേയും പിന്നെയും ആ പാട്ടു തന്നെ ഗ്രാമഫോണിൽ വെച്ചുകൊണ്ടിരിക്കും കടക്കാരൻ. കുറച്ചു നേരം കഴിയുമ്പോഴാണ് സ്ഥലകാല ബോധം വീണ്ടുകിട്ടുക. പിന്നെ സ്കൂളിലേക്ക് ഒരു ഓട്ടമാണ്. പക്ഷെ അവിടെ എത്തുമ്പോഴേക്കും ബെല്ലടിച്ചിരിക്കും. ടീച്ചറുടെ ശിക്ഷ ഉറപ്പ്. എത്രയോ ദിവസം ആ പാട്ട് അങ്ങനെ എനിക്ക് അടി വാങ്ങിത്തന്നിരിക്കുന്നു.. -- യേശുദാസിന്റെ ഓർമ്മ. തന്നെ നിശ്ചലനാക്കി നിർത്തിയ പാട്ട് പാടിയത് ലതാ മങ്കേഷ്ക്കർ ആണെന്നും ``ചമ്പാകലി എന്ന സിനിമക്ക് വേണ്ടി അത് ചിട്ടപ്പെടുത്തിയത് ഹേമന്ത് കുമാർ ആണെന്നുമൊക്കെ യേശുദാസ് മനസ്സിലാക്കിയത് വർഷങ്ങൾ കഴിഞ്ഞാണ്. ഇന്നും ആ പാട്ടു കേൾക്കുമ്പോൾ ഗൃഹാതുരമായ ആ കാലം ഓർമ്മയിൽ തെളിയും. ലതയുടെ പാട്ടുകളോടുള്ള അദമ്യമായ സ്നേഹം കുട്ടിക്കാലത്തേയുണ്ട് ഉള്ളിൽ. അന്നൊന്നും ആ വാനമ്പാടിയെ നേരിൽ കാണുമെന്ന് സങ്കൽപിച്ചിട്ടില്ല യേശുദാസ്. ആദ്യത്തെ കൂടിക്കാഴ്ച്ചക്ക് വഴിയൊരുങ്ങിയത് തികച്ചും ആകസ്മികമായാണ്. രാമു കാര്യാട്ട് ``ചെമ്മീൻ സിനിമ എടുക്കുന്ന സമയം. സലിൽ ചൗധരി ആണ് സംഗീത സംവിധായകൻ. പടത്തിൽ ഒരു പാട്ട് ലതാ മങ്കേഷ്കറെ കൊണ്ട് പാടിക്കണമെന്ന് കാര്യാട്ടിന് മോഹം. ``കടലിനക്കരെ പോണോരെ കാണാപ്പൊന്നിന് പോണോരെ എന്ന ഗാനം ലതയെ മനസ്സിൽ കണ്ട് വയലാറിനെ കൊണ്ട് എഴുതിവാങ്ങുകയും ചെയ്തു അദ്ദേഹം. സ്ത്രീശബ്ദത്തിൽ അത് ചിത്രീകരിക്കാനായിരുന്നു ഉദ്ദേശ്യം. ഇനി ലതാ മങ്കേഷ്ക്കറുടെ സമ്മതം കൂടി വേണം. സലിൽ ചൗധരിയും കാര്യാട്ടും ലതയെ കാണാൻ മുംബൈയിലേക്ക് തിരിച്ചപ്പോൾ യേശുദാസിനേയും കൂട്ടി ഒപ്പം. കടലിനക്കരെ എന്ന പാട്ട് യേശുദാസിന്റെ ശബ്ദത്തിൽ റെക്കോർഡ് ചെയ്ത സ്പൂളും ഉണ്ട് കയ്യിൽ. ലതയെ പാട്ട് കേൾപ്പിച്ചു കൊടുക്കണമല്ലോ. സലിൽ ദാ നിർബന്ധിച്ചാൽ മറുത്തു പറയാനാവില്ല ലതയ്ക്ക്. പക്ഷേ ഒരു പ്രശ്നം. അസുഖബാധിതയാണ് അവർ. മാത്രമല്ല മലയാള ഭാഷ തനിക്ക് വഴങ്ങുമെന്ന വിശ്വാസവുമില്ല. കഴിയുമെങ്കിൽ തന്നെ ഒഴിവാക്കിത്തരണം എന്ന് സലിൽദായോട് അഭ്യർത്ഥിക്കുന്നു വാനമ്പാടി. നിരാശയോടെ നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല കാര്യാട്ടിനും സംഘത്തിനും. പക്ഷേ തിരിച്ചുപോകും മുൻപ് യുവഗായകനെ കൊണ്ട് ചില കർണ്ണാടക സംഗീത കൃതികൾ പാടിച്ചു ലത. ഹംസധ്വനിയിൽ യേശുദാസിന്റെ `വാതാപി ആസ്വദിച്ചു കേട്ടു. ഹിന്ദിയിൽ പാടാൻ അവസരം തേടിക്കൂടേ എന്ന് ചോദിച്ചു. വിനയാന്വിതനായി ചിരിച്ചു നിൽക്കുക മാത്രം ചെയ്തു യേശുദാസ്.അതായിരുന്നു ആദ്യ കൂടിക്കാഴ്ച. ``അന്ന് ലതാജിയെ കേൾപ്പിക്കാൻ വേണ്ടി ഞാൻ പാടിവെച്ച പാട്ടാണ് പിന്നീട് ചെമ്മീൻ സിനിമയിൽ ഉപയോഗിച്ചത്.-- യേശുദാസ് പറയുന്നു. നിരാശനായി നാട്ടിലേക്ക് തിരിച്ചുപോന്ന രാമു കാര്യാട്ട് വർഷങ്ങൾക്ക് ശേഷം തന്റെ സ്വപ്നം യാഥാർഥ്യമാക്കുക തന്നെ ചെയ്തു. നെല്ല് എന്ന ചിത്രത്തിൽ ``കദളി കൺകദളി എന്ന ഗാനം ലതാജിക്ക് നൽകിക്കൊണ്ട്. ആദ്യമായും അവസാനമായും ലത മങ്കേഷ്കർ മലയാളത്തിൽ പാടിയ പാട്ട്. കുറച്ചു കാലം മുൻപ് ലതാജിയെ വീണ്ടും മലയാളത്തിൽ പാടിക്കാൻ ജോണി സാഗരിക ശ്രമിച്ചെങ്കിലും വിനയപൂർവം ഒഴിഞ്ഞുമാറുകയായിരുന്നു വാനമ്പാടി.``ജയ് ജവാൻ ജയ് കിസാൻ എന്ന സിനിമയിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച യേശുദാസ് ലതയോടൊപ്പം ശ്രദ്ധേയമായ ഒരു യുഗ്മഗാനത്തിൽ ആദ്യമായി പങ്കാളിയായത് 1978 ലാണ് -- ത്രിശൂലിൽ സാഹിർ ലുധിയാൻവി എഴുതി ഖയ്യാം ഈണമിട്ട ``ആപ് കി മെഹകി ഹുയി സുൽഫോം കെ കഹ്തെ. യേശുദാസും ലതയും ചേർന്ന് പാടിയ പാട്ടുകളിൽ എനിക്കേറെ പ്രിയപ്പെട്ടത് ഹം നഹി ദുഖ് സേ ഖബരായേംഗേ. 1979 ൽ പുറത്തുവന്ന ജീനാ യഹാം എന്ന ബസു ചാറ്റർജി ചിത്രത്തിൽ യോഗേഷ് എഴുതി സലിൽ ചൗധരി സംഗീതം പകർന്ന ഗാനം. അമോൽ പലേക്കറും സറീന വഹാബുമാണ് ഗാനരംഗത്ത്. അബ് ചരാഗോം കാ (ബാവ് രി), ദോനോം കേ ദിൽ ഹേ (ബിൻ ബാപ് കാ ബേട്ടാ), ആപ് തോ ഐസേ ന ഥേ (ഗഹ്രി ഛോട്ട്) എന്നിങ്ങനെ വേറെയും നല്ല ഗാനങ്ങൾ പാടിയിട്ടുണ്ട് യേശുദാസും ലതയും. ബസു മനോഹരി ഈണമിട്ട ദോനോം കേ ദിൽ ഹേ എന്ന ഗാനത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്: യേശുദാസിനൊപ്പം മാത്രമല്ല ജഗ്ജിത് സിംഗിനൊപ്പവും ഇതേ യുഗ്മഗാനം പാടി ലതാജി. രണ്ടും രണ്ടു വ്യത്യസ്ത ശ്രവ്യാനുഭവങ്ങൾ. (പുനപ്രസിദ്ധീകരണം) Content Highlights: KJ Yesudas, Lata Mangeshkar, Lata Mangeshkar passed away, Latha Mangeshkar evergreen hits, Indian Film songs, Indian Cinema, Legendary singer

from movies and music rss https://ift.tt/eVRGc49
via IFTTT

No comments:

Post a Comment