Sunday, February 6, 2022

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു

മുംബൈ:അനശ്വരമായ സ്വരമാധുര്യം കൊണ്ട് ഒരു ജനതയുടെ മുഴുവൻ മനം നിറച്ച സംഗീത ഇതിഹാസം- ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്കർ(92) വിടവാങ്ങി. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പ്രണയവും വിരഹവും ആനന്ദവും അങ്ങനെ ഇന്ത്യക്കാരുടെ വികാരവിക്ഷോഭങ്ങളെയും അനുഭൂതികളേയും ആ സ്വരം പ്രതിനിധാനം ചെയ്തു. രഹേ നാ രഹേ ഹം മഹ്കാ കരേംഗേ ബൻകെ കലിബൻ കെ സബാ.........(ജീവിച്ചിരുന്നാലും ഇല്ലെങ്കിലും ഒരു പൂച്ചെണ്ടായും പൂന്തെന്നലായും ഞാൻ സുഗന്ധം പൊഴിച്ചുകൊണ്ടിരിക്കും). പണ്ടെന്നോഅവർ പാടിയ ആ വരികൾ തന്നെ സാക്ഷ്യം. പാടാനായി ലഭിച്ച നിയോഗം. അതിനപ്പുറം നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ സുകൃതം കൂടിയായിരുന്നു ലതാജി. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനാൽ അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെത്തുടർന്ന് ജനുവരി എട്ടിനാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഭൗതികശരീരം ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെ വസതിയിലെത്തിക്കും. വൈകീട്ട് 6.30 ന് ശിവാജി പാർക്കിലാണ് സംസ്ക്കാരം. അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപനശൈലിയുമാണ് ലതാ മങ്കേഷ്കറിന് ഇന്ത്യക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്കർ ആയിരത്തിലധികം ബോളിവുഡ് സിനിമകളിൽ പിന്നണി ഗായികയായി. വിദേശഭാഷകളിലുൾപ്പെടെ മുപ്പത്തിയാറിൽപരം ഭാഷകളിൽ ലതാജി എന്ന് ആരാധകർ ബഹുമാനത്തോടെയും സ്നേഹത്തോടെയും വിളിക്കുന്ന ആ മഹാഗായിക ഗാനങ്ങൾ ആലപിച്ചു. മുപ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ച ലതയ്ക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2001 ൽ നൽകിരാജ്യം ആദരിച്ചു 1929 സെപ്റ്റംബർ 28 നാണ് ലതയുടെ ജനനം. പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കർ, ഷേവന്തി മങ്കേഷ്കർ എന്നിവരാണ് മാതാപിതാക്കൾ. മറാത്തി നാടകരംഗത്ത് അറിയപ്പെടുന്ന കലാകാരനായിരുന്നു ദീനനാഥ് മങ്കേഷ്കർ. ഹേമ എന്നായിരുന്നു ലതയുടെ ആദ്യനാമമെങ്കിലും പിന്നീട് ലതയെന്ന പേര് മാതാപിതാക്കൾ തന്നെ തങ്ങളുടെ മൂത്തപുത്രിയ്ക്ക് നൽകി. 1942 ൽ തന്റെ പതിമൂന്നാമത്തെ വയസ്സിലാണ് തന്റെ മ്യൂസിക് കരിയർ ലത ആരംഭിച്ചത്. നസന്ത് ജോഗ്ലേക്കറിന്റെ കിതി ഹസാൽ എന്ന മറാത്ത സിനിമയ്ക്ക് വേണ്ടിയാണ് ലതയുടെ ആദ്യഗാനം റെക്കാഡ് ചെയ്തത്. പ്രധാനമായും ഹിന്ദി, മറാത്തി സിനിമകളിലാണ് ലതാ മങ്കേഷ്കർ പാടിയിരുന്നത്. മീന, ആശ, ഉഷ, ഹൃദയനാഥ് എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. എല്ലാവരും സംഗീതജ്ഞരാണ്. അച്ഛനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. അഞ്ചാം വയസ്സിൽ അച്ഛന്റ സംഗീതനാടകങ്ങളിൽ ബാലതാരമായി ലത അരങ്ങിലെത്തി. ലതയ്ക്ക് പതിമൂന്ന്വയസ് പ്രായമുള്ളപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് ദീനനാഥ് മങ്കേഷ്കർ അന്തരിച്ചു. നവ് യുഗ് ചിത്രപഥ് മൂവി കമ്പനി ഉടമയും മങ്കേഷ്കർ കുടുംബത്തിന്റെ അടുത്ത സുഹൃത്തുമായ വിനായക് ദാമോദർ കർണാടകി ലതയുടെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. വിനായക് ദാമോദർ കർണാടകിയാണ് ലതയ്ക്ക് ഗായികയായും അഭിനേത്രിയായും വളർന്നു വരാനുള്ള പാതയൊരുക്കിയത്. കിതി ഹസാൽ എന്ന മറാത്തി സിനിമയ്ക്ക് വേണ്ടിയായിരുന്നു ലത ആദ്യമായി ഗാനമാലപിച്ചത്. സദാശിവ് റാവു നിവ്രേക്കറായിരുന്നു സംഗീതസംവിധായകൻ. എന്നാൽ ഒടുവിൽ ഗാനം സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അച്ഛന്റെ അപ്രതീക്ഷിതമരണത്തോടെ ദുരിതത്തിലായ കുടുംബത്തെ പോറ്റാൻ കൗമാരപ്രായത്തിൽ തന്നെ ഏറെ കഷ്ടപ്പെടേണ്ടി വന്ന ലതയ്ക്ക് നവ് യുഗ് ചിത്രപഥിന്റെ ഒരു സിനിമയിൽ ഒരു ചെറിയ വേഷം വിനായക് ലതയ്ക്ക് നൽകി. ആ സിനിമയിൽ ലതയ്ക്ക് ഒരു ഗാനം പാടാനുള്ള അവസരവും ലഭിച്ചു. മാതാ ഏക സപൂത് കി ദുനിയാ ബാദൽ ദെ തൂ ആയിരുന്നു ലതയുടെ ആദ്യ ഹിന്ദിഗാനം. പിന്നീട് നടന്നത് ചരിത്രം. ഇന്ത്യൻ സിനിമാസംഗീതചരിത്രത്തിൽ ലതാ മങ്കേഷ്കർ എന്ന പേര് എഴുതിച്ചേർക്കപ്പെട്ടു. അവസരങ്ങൾ ലഭിച്ചു തുടങ്ങിയതോടെ 1945 ൽ ജന്മനാടായ ഇൻഡോറിൽ നിന്ന് ലത മുംബൈയിലേക്ക് താമസം മാറി. തുടർന്ന് ഹിന്ദുസ്ഥാനി സംഗീതാഭ്യസനം ആരംഭിച്ചു. ഉസ്താദ് അമാൻ അലി ഖാനായിരുന്നു ഗുരു. തുടർന്ന് ചില സിനിമകളിൽ ലതയും അനിയത്തി ആശയും ചെറിയ വേഷങ്ങൾ ചെയ്തു. 1948 ൽ വിനായക് മരിച്ചതോടെ സംഗീതസംവിധായകൻ ഗുലാം ഹൈദർ ലതയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. നിർമാതാവ് സാഷാധർ മുഖർജിയ്ക്ക് ലതയെ പരിചയപ്പെടുത്തിയത് ഗുലാം ഹൈദറായിരുന്നു. 1949 ൽ ഉഠായേ ജാ ഉൻകി സിതം എന്ന ഹിറ്റ് ഗാനത്തോടെ ലത എന്ന ഗായികയുടെ സുവർണകാലം ആരംഭിച്ചു. നർഗീസും വഹീദ റഹ്മാനും തുടങ്ങി മാധുരി ദീക്ഷിതിനും പ്രിറ്റി സിന്റയ്ക്കും വരെ ലത തന്റെ ശബ്ദമാധുര്യം പിന്നണിയിൽ നൽകി. മഹൽ, ബർസാത്, ബൈജു ബാവ് ര, മീന ബസാർ, ആധി രാത്, ഛോട്ടി ഭാഭി, അഫ്സാന തുടങ്ങി നിരവധി ആദ്യകാല ചിത്രങ്ങൾക്ക് ലതയുടെ ഗാനങ്ങൾ വിജയത്തിളക്കമേകി. നൗഷാദിന് വേണ്ടി നിരവധി ക്ലാസിക്കൽ ടച്ചുള്ള ഗാനങ്ങളും ലത ആലപിച്ചു. ശങ്കർ-ജയ്കിഷൻ, എസ്.ഡി. ബർമൻ, സലിൽ ചൗധരി, മദൻ മോഹൻ, ഭൂപൻ ഹസാരിക, ഇളയരാജ, ജയ്ദേവ്...ലതയുടെ ആലാപനവൈദഗ്ധ്യം ഉപയോഗപ്പെടുത്തിയ സംഗീതസംവിധായകർ നിരവധി. ആപ്കി നസറോം നെ സംഝാ, ലഗ് ജാ ഗലെ, പ്യാർ കിയാ തൊ ഡർനാ ക്യാ, അജീബ് ദാസ്താം ഹെ യെ, ശീഷാ ഹോ യാ ദിൽ ഹൊ...ഇന്നും സംഗീതപ്രേമികൾ ആവർത്തിച്ചു കേൾക്കുന്ന എത്രയോ ഗാനങ്ങൾ ലതാ മങ്കേഷ്കറുടേതായുണ്ട്. പുതുതലമുറ സംവിധായകരിൽ എ. ആർ. റഹ്മാൻ ഉൾപ്പെടെയുള്ളവരും ലതാ മങ്കേഷ്കറിനെ ധൈര്യപൂർവം തങ്ങളുടെ ഗാനങ്ങൾ ഏൽപ്പിച്ചു. 2012 നവംബറിൽ എൽ.എം. എന്ന പേരിൽ ആരംഭിച്ച മ്യൂസിക് ലേബലിലൂടെ ലത ഭജനുകൾ പുറത്തിറക്കി. കൂടാതെ ലതയുടെ സ്വന്തം സ്റ്റുഡിയോയിൽ നിന്ന് നിരവധി ആൽബങ്ങൾ പുറത്തിറങ്ങി. അവയിൽ ലത ഈണമിട്ടവയും ഉൾപ്പെടുന്നു. നാല് സിനിമകൾ ലത നിർമിച്ചിട്ടുണ്ട്. ഒരു മറാത്തി സിനിമയും മൂന്ന് ഹിന്ദി ചിത്രങ്ങളുമായിരുന്നു അവ. പദ്മഭൂഷൺ, ദാദാ സാഹെബ് ഫാൽക്കെ അവാർഡ്, മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ, ഫ്രാൻസിന്റെ ലീജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി അംഗീകാരങ്ങൾ ലതയെ തേടിയെത്തി. എം.എസ്. സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരതരത്നം ലഭിക്കുന്ന സംഗീതജ്ഞയാണ് ലത. ദുരിതങ്ങളുടെ തീക്കനലുകളിൽ നിന്ന് സംഗീതത്തിന്റെ അപാരസുന്ദര നീലാകാശത്തേക്ക് പറന്നുയർന്ന് ഇന്ത്യയുടെ വാനമ്പാടിയായിത്തീർന്ന ചരിത്രമാണ് ലത മങ്കേഷ്കർ എന്ന ഗായികയുടേത്, ഒരിക്കലും മായാത്ത ചരിത്രം! Content Highlights :Singer Lata Mangeshkar passes away

from movies and music rss https://ift.tt/oWwgUdt
via IFTTT

No comments:

Post a Comment