ഒ എൻ വിയുടെ ഓർമ്മദിനം ശൂന്യതയിൽ നിന്നും പാട്ടുകൾ സൃഷ്ടിക്കേണ്ടി വരും ചിലപ്പോൾ. കോയമ്പത്തൂർ മലയാളി സമാജത്തിന്റെ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഒരുച്ചയ്ക്ക് ബ്ലൂമൗണ്ടൻ എക്സ്പ്രസ്സിൽ ചെന്നൈയിലേക്ക് പോകുകയാണ് ഒ.എൻ.വി. പുതിയ പടത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാട്ടിന്റെ റെക്കോർഡിംഗ് വൈകുന്നേരം നടക്കാനിരിക്കുന്നു. സംവിധായകൻ തങ്കപ്പനും സംഗീത സംവിധായകൻ ദേവരാജനും അക്ഷമരായി കാത്തിരിക്കുന്നുണ്ടാകും രേവതി സ്റ്റുഡിയോയിൽ. എഴുതേണ്ടത് ഹൃദയഹാരിയായ പ്രണയഗാനമാണ്. തീവണ്ടിയുടെ ഒഴിഞ്ഞ കമ്പാർട്ട്മെന്റിൽ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നു കവി. "എങ്ങും വരണ്ടുകിടക്കുന്ന നെൽപ്പാടങ്ങൾ മാത്രം. പോരാത്തതിന് ചുടുകാറ്റും. പശ്ചാത്തലത്തിൽ ആവിവണ്ടിയുടെ രൗദ്ര താളം. കാൽപ്പനികതയുടെ അംശം പോലുമില്ലാത്ത മടുപ്പിക്കുന്ന ആ അന്തരീക്ഷത്തിൽ ഇരുന്നു കുറിച്ചതാണ് മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിൽ ഉണർന്നവളേ എന്ന പാട്ട്. വണ്ടി സെൻട്രൽ സ്റ്റേഷനിലെത്തും മുൻപ് എങ്ങനെയെങ്കിലും എഴുതി തീർക്കാനുള്ള ബദ്ധപ്പാടിലായിരുന്നു ഞാൻ. അന്നെഴുതിയ പാട്ട് അമ്പത് വർഷങ്ങൾക്കിപ്പുറവും ജീവിക്കുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നും. മനസ്സു കൊണ്ട് ദേവരാജനെ നമിക്കും.. ഒ എൻ വി ഒരിക്കൽ പറഞ്ഞു. പതിറ്റാണ്ട് മുൻപേ സിനിമക്ക് വേണ്ടി പാട്ടെഴുതി തുടങ്ങിയിരുന്നെങ്കിലും (ആദ്യ ചിത്രം: കാലം മാറുന്നു) ഒ എൻ വിയിലെ ഗാനരചയിതാവ് കേരളീയ ഹൃദയങ്ങൾ കീഴടക്കിത്തുടങ്ങിയത് കാട്ടുപൂക്കളി(1965) ലെ ഈ നിത്യസുന്ദര ഗാനത്തിലൂടെയാണ്. യേശുദാസിന് സിനിമാജീവിതത്തിൽ നടാടെ ഒരു അംഗീകാരം നേടിക്കൊടുത്തതും ഇതേ പാട്ടു തന്നെ -- കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റിയുടെ മികച്ച ഗായകനുള്ള അവാർഡ്. കെ പി എ സി നാടകഗാനങ്ങളുടെ മാജിക് അതേപടി ആവർത്തിക്കാനായില്ലെങ്കിലും സിനിമയിൽ ഒ എൻ വിയും ദേവരാജനും ചേർന്നു സൃഷിച്ച ഗാനങ്ങൾക്കെല്ലാം ഉണ്ടായിരുന്നു സവിശേഷമായ മാധുര്യം: വാർതിങ്കൾ തോണിയേറി, എന്തിനീ ചിലങ്കകൾ (കരുണ), പ്രിയസഖി ഗംഗേ (കുമാരസംഭവം), മന്ദാകിനീ (സർവേക്കല്ല്), കല്ലോലിനീ (നീലക്കണ്ണുകൾ), അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ (നീയെത്ര ധന്യ) എന്നീ ഗാനങ്ങൾ ഓർക്കുക. നീണ്ട ഇടവേളക്കു ശേഷം ഇരുവരും ഒരുമിച്ചിരുന്നു സൃഷ്ടിച്ച പാട്ടായിരുന്നു അരികിൽ. "എനിക്കേറെ ഇഷ്ടപ്പെട്ട സ്വന്തം രചനകളിൽ ഒന്ന്. -- ഒ എൻ വി പറഞ്ഞു. "മുറ്റത്തു ഞാൻ നട്ട ചമ്പകത്തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളിൽ എന്ന വരി പാടിനോക്കിയ ശേഷം യേശുദാസ് പറഞ്ഞത് ഓർമ്മയുണ്ട്: മൊട്ട് എന്ന വാക്ക് കുറച്ചൊന്നു കടുത്തു പോയില്ലേ?. ട്ട എന്ന അക്ഷരം ഒഴിവാക്കിക്കൊണ്ടുള്ള ഒരു പദം പകരം ഉപയോഗിച്ചുകൂടേ? ദേവരാജനും ഉണ്ടായിരുന്നു അതേ അഭിപ്രായം. "മൊട്ടിന്റെ സ്ഥാനത്ത് മുകുളം ആക്കിയാലോ എന്നാലോചിച്ചു ഞാൻ. പക്ഷെ മൊട്ടിന്റെ ഭംഗി മുകുളത്തിനില്ലല്ലോ. ഒടുവിൽ മൊട്ട് നിലനിർത്താൻ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു ദേവരാജൻ. ആ പദം ഒഴിവാക്കിയിരുന്നെങ്കിൽ പാട്ടിന്റെ ആസ്വാദ്യത കുറഞ്ഞേനെ എന്ന് തോന്നാറുണ്ട്.. Content Highlights : ONV Kurup Death Anniversary Kattupookkal Movie Song ManikyaVeenayumayen
from movies and music rss https://ift.tt/sVEgir0
via IFTTT
No comments:
Post a Comment