ബ്രോ ഡാഡിയിലെ സൂപ്പർ ഹീറോ ലാലു അലക്സിനൊരു ബിഗ് സല്യൂട്ട് ------------------ വെളിച്ചം കാണാതെ പോയ ആദ്യ സിനിമയുടെ പേര് ലാലു അലക്സിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും പ്രസക്തമാകുന്നത് ഇപ്പോഴാവണം: തരൂ ഒരു ജന്മം കൂടി. സിനിമയിൽ ഒരു പുതുജന്മത്തിനായുള്ള ലാലുവിന്റെ കാത്തിരിപ്പ് പൃഥ്വിരാജ് ഒരുക്കിയ ബ്രോഡാഡിയിലെ കുരിയച്ചനിലൂടെ സഫലമാകുന്നു. ഒരേ സമയം സാധുവും മുൻകോപിയും സ്നേഹസമ്പന്നനും എടുത്തുചാട്ടക്കാരനുമൊക്കെയായ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയുടെ മുഖ്യധാരയിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ലാലുവിലെ അഭിനേതാവ്. ചെറുപ്പത്തിൽ സ്വാഭാവിക അഭിനയ ചാതുരിയാൽ വെള്ളിത്തിരയെ ജ്വലിപ്പിക്കുകയും, പ്രേക്ഷകരെ മോഹിപ്പിക്കുകയും പ്രായം ചെല്ലുന്തോറും അഭിനയത്തിലെ ഒഴുക്ക് കൈവിട്ടുപോയി പഴയ കഥാപാത്രങ്ങളുടെ പ്രേതങ്ങളായി മാറുകയും ചെയ്യുന്ന പല നടീനടന്മാർക്കുമിടയിൽ ലാലുവിന്റേത് വേറിട്ട വിജയം. നാല്പത്തിനാല് വർഷം മുൻപ്, നീണ്ടകര പാലത്തിലൂടെ ബുള്ളറ്റോടിച്ചുവന്ന ചെറുപ്പക്കാരൻ ഇത്തവണ ശരിക്കും ലക്ഷ്യത്തിലെത്തി എന്നർത്ഥം.ആ മോട്ടോർ സൈക്കിൾ യാത്രയുടെ രസികൻ കഥ ഇങ്ങനെ: കരുനാഗപ്പള്ളിയിൽ നിന്ന് ജോലി കഴിഞ്ഞ്, താമസിക്കുന്ന ലോഡ്ജിലേക്ക് മടങ്ങുകയാണ് യുവാവായ മെഡിക്കൽ റെപ്പ്. എതിരെ വന്ന അംബാസഡറിലെ യാത്രികർ തന്നെ കൗതുകത്തോടെ ശ്രദ്ധിച്ച കാര്യം അയാളെങ്ങനെ അറിയാൻ? തിരികെ ലോഡ്ജിലെത്തിയപ്പോൾ സുഹൃത്തും ജനയുഗം സിനിരമയിൽ പത്രപ്രവർത്തകനുമായ വിതുര ബേബിയുടെ ഫോൺ: "ഉടൻ വരണം. പത്രാധിപർ തെങ്ങമം ബാലകൃഷ്ണന് തന്നെ കാണണമെന്നു പറയുന്നു. കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത് പിന്നീടാണ്. ബുള്ളറ്റിൽ കുതിച്ചു പാഞ്ഞ സുമുഖനെ നോട്ടമിട്ടിരുന്നു കാറിൽ വിതുര ബേബിക്കും തെങ്ങമത്തിനും ഒപ്പമുണ്ടായിരുന്ന സംവിധായകൻ എൻ ശങ്കരൻ നായർ. അടുത്ത പടത്തിൽ ടിയാനെ അഭിനയിപ്പിക്കാൻ മോഹം ശങ്കരൻ നായർക്ക്. പ്രേംനസീറും ദൽജിത് കൗറും മുഖ്യറോളുകളിൽ അഭിനയിച്ച തരൂ ഒരു ജന്മത്തിൽ കൊള്ളാവുന്ന വേഷമായിരുന്നു ലാലുവിന്. പക്ഷേ പടം വെളിച്ചം കണ്ടില്ല. ജരാസന്ധന്റെ വിശ്രുത ബംഗാളി നോവൽ ബന്ധിനിയെ ആസ്പദമാക്കി ബ്ലാക്ക് ആൻഡ് വൈറ്റിൽ ശങ്കരൻ നായർ ഒരുക്കിയ പടത്തിന് വിതരണക്കാരെ കിട്ടാത്തതാണ് കാരണം. അപ്പോഴേക്കും മലയാള സിനിമ പൂർണ്ണമായും വർണ്ണപ്പകിട്ടിലേക്ക് വളർന്നുകഴിഞ്ഞിരുന്നു. (പടം തിയേറ്ററിൽ എത്തിയില്ലെങ്കിലും സംസ്ഥാന അവാർഡിനയക്കാൻ മറന്നില്ല ശങ്കരൻ നായർ. മികച്ച ഗായികക്കുള്ള ബഹുമതി ഈ സിനിമയിലെ രാക്കിളികൾ പാടി എന്ന പാട്ടിന്റെ പേരിൽ മാധുരിക്കായിരുന്നു). പ്രായശ്ചിത്തമെന്നോണം അടുത്ത രണ്ടു പടത്തിലും പുതുമുഖ നടന് അവസരം നൽകി ശങ്കരൻ നായർ-- ഈ ഗാനം മറക്കുമോയിലും വീരഭദ്രനിലും. പുതുമുഖം അലക്സ്എന്ന പേര് ആദ്യമായി മലയാളികൾ സ്ക്രീനിൽ കണ്ടത് ഈ ഗാനം മറക്കുമോയിൽ. താന്തോന്നിയായ വിക്രമന്റെ റോൾ മോശമാക്കിയില്ല ലാലു. പുതുമുഖ നടന് മുഴുനീള വേഷം നൽകാൻ ശങ്കരൻ നായർ കാണിച്ച ധൈര്യം അപാരം. എങ്കിലും ലാലുവിന്റെ രൂപഭാവങ്ങൾ ആദ്യമായി മനസ്സിൽ പതിഞ്ഞത് ``ഈ നാടിലെ എ എസ് പി അലക്സാണ്ടറായി അദ്ദേഹം അരങ്ങു തകർത്തപ്പോഴാണ്. സമൂഹത്തിലെ അനീതിക്കും അഴിമതിക്കുമെതിരെ പല്ലും നഖവും ഉപയോഗിച്ച് പൊരുതി ലക്ഷ്യം കാണാനാകാതെ മനം മടുത്ത് ഒടുവിൽ അഴിമതിയുടെ വഴി തന്നെ തിരഞ്ഞെടുക്കാൻ നിർബന്ധിതനാകുന്ന യുവതുർക്കി. മേലുദ്യോഗസ്ഥനായ ജോഷി ജോണിന്റെ (ജി കെ പിള്ള) മുഖത്ത് നോക്കി ``സാർ ഉപദേശിച്ച പോലെ മനസ്സാക്ഷി മടക്കി പോക്കറ്റിലിടുകയാണ് എന്ന് ആത്മരോഷത്തോടെ ഗർജ്ജിച്ച് ഇറങ്ങിപ്പോകുന്ന ആ പോലീസ് ഓഫീസറുടെ പ്രകടനം കണ്ടു രോമാഞ്ചകഞ്ചുകിതരായി തിയേറ്ററിലിരുന്നു കയ്യടിച്ചവരിൽ അന്നത്തെ പ്രീഡിഗ്രിക്കാരനും ഉണ്ടായിരുന്നല്ലോ. താരങ്ങളുടെ ഒരു പട തന്നെ അണിനിരന്ന ``ഈ നാടിൽ കയ്യടി മുഴുവൻ ജനം കരുതിവെച്ചത് ലാലുവിന്. പിന്നെയും കണ്ടു ലാലു അലക്സിന്റെ ശ്രദ്ധേയ വേഷങ്ങൾ. പാഥേയം ആയിരുന്നു മറ്റൊരു വഴിത്തിരിവ്. ആദ്യമാദ്യം വില്ലനായിരുന്ന ലാലുവിനെ മലയാളികൾ കൂടുതൽ സ്നേഹിച്ചുതുടങ്ങിയത് നർമ്മ മധുരമായ റോളുകളിലേക്ക് തിരിഞ്ഞപ്പോഴാകണം. ``കളിക്കളത്തിലെ പോലീസ് കമ്മീഷണർ മാത്യൂസിൽ നിന്നായിരുന്നു തുടക്കം. അത്തരം കഥാപാത്രങ്ങൾ പലതും ശ്രദ്ധിക്കപ്പെട്ടെങ്കിലും സിനിമയിലെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ മറ്റു പല മുതിർന്ന അഭിനയപ്രതിഭകളെയും പോലെ മിക്കവാറും പുറമ്പോക്കിലേക്ക് ഒതുങ്ങിപ്പോയി ലാലു. നിശ്ശബ്ദമായ ഒരു ഇടവേള. ഇടവേള കഴിഞ്ഞു പൃഥ്വിരാജിന്റെ ``ബ്രോഡാഡിയിലൂടെ തിരിച്ചുവരുമ്പോൾ ലാലുവിനെ കാത്തിരുന്നത് വ്യത്യസ്തമായ ഒരു വേഷം മാത്രമല്ല; നിലക്കാത്ത കയ്യടികൾ കൂടിയാണ്.... ഇരിക്കട്ടെ എന്റെ വകയുമൊരു തൂവൽ. പോരട്ടെ, ഇതുപോലുള്ള കിടിലൻ വേഷങ്ങൾ. Content Highlights :Lalu Alex In Bro Daddy Movie Mohanlal Prithviraj
from movies and music rss https://ift.tt/Do6qbgi
via IFTTT
No comments:
Post a Comment