തിരുവനന്തപുരം: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറും സഹോദരങ്ങളും ശ്രീപദ്മനാഭനു മുന്നിൽ നാദാർച്ചന നടത്തിയിരുന്നു. 1960 ന്റെ ആരംഭത്തിൽ തെന്നിന്ത്യയിലെ ക്ഷേത്രദർശനത്തിനു കുടുംബസമേതം എത്തിയതായിരുന്നു അവർ. മാസ്ക്കറ്റ് ഹോട്ടലിലാണ് സംഘം താമസിച്ചത്. കവടിയാർ കൊട്ടാരവും അവർ സന്ദർശിച്ചിരുന്നു. ലതയുടെ മരണമറിഞ്ഞ് കവടിയാർ കൊട്ടാരത്തിലെ പൂയം തിരുനാൾ ഗൗരിപാർവതി ബായിയും ഭർത്താവ് സി.ആർ.ആർ.വർമയും ആ ഓർമകൾ പങ്കുവെച്ചു. ലതാ മങ്കേഷ്കർ സഹോദരിമാരായ ആശാ ഭോസ്ലെ, മീന, ഉഷ, സഹോദരൻ ഹൃദയാനന്ദ് മങ്കേഷ്കർ എന്നിവരാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചത്. സ്വാതി തിരുനാൾ വണങ്ങിയ പദ്മനാഭനു മുന്നിൽ ലതയും സഹോദരങ്ങളും ഒറ്റയ്ക്കൊറ്റയ്ക്കാണ് കീർത്തനവും ഭക്തിഗാനവും പാടിയതെന്ന് അറിഞ്ഞതായി പൂയം തിരുനാൾ ഓർമിക്കുന്നു. മാസ്ക്കറ്റ് ഹോട്ടലിൽ ലതയും കുടുംബവും താമസിക്കുന്ന വിവരം സി.ആർ.ആർ.വർമയാണ് ആദ്യം അറിയുന്നത്. തിരുവിതാംകൂർ രാജകുടുംബം നടത്തിയിരുന്ന കേരള ട്രാവൽസിന്റെ ഓഫീസ് മാസ്ക്കറ്റിലാണ് അന്ന് പ്രവർത്തിച്ചിരുന്നത്. ഓഫീസിലെത്തിയ സി.ആർ.ആർ.വർമ ഹോട്ടലിന്റെ വളപ്പിൽ ഒരു ഷെവർലെ കാർ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചിരുന്നു. അക്കാലത്ത് തലസ്ഥാനത്ത് അപൂർവ കാഴ്ചയായ ആഡംബര കാറിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ലതയും കുടുംബവുമാണെന്ന വിവരം അറിയാൻ കഴിഞ്ഞത്. വൈകീട്ട് കാർ പുറത്തേക്ക് പോകുന്നതും രാത്രി ഏഴുമണിയോടെ മടങ്ങിയെത്തുന്നതും കണ്ടു. പിന്നീട് കൊട്ടാരത്തിലെത്തിയപ്പോഴാണ് മങ്കേഷ്കർ കുടുംബം കൊട്ടാരത്തിലെ സത്കാരത്തിന് എത്തിയിരുന്ന വിവരം അദ്ദേഹം അറിഞ്ഞത്. ചിത്തിരതിരുനാൾ മഹാരാജാവും അമ്മ മഹാറാണിയും മറ്റു രാജകുടുംബാംഗങ്ങളും അവരെ സ്വീകരിച്ചു. ഒരാഴ്ച മുൻപുതന്നെ സന്ദർശനത്തിനെത്തുന്ന കാര്യം അവർ കൊട്ടാരത്തിൽ അറിയിച്ചിരുന്നു. എന്നാൽ കൊട്ടാര സദസ്സിൽ അവർ സംഗീതാലാപനം നടത്തിയതായി ആരും ഓർക്കുന്നില്ല. തെന്നിന്ത്യൻ ക്ഷേത്രദർശന യാത്രയിൽ തിരുവനന്തപുരത്തുനിന്ന് ലതാ മങ്കേഷ്കറും കുടുംബവും പിന്നീട് കന്യാകുമാരിയിലേക്കാണ് പോയത്. Content Highlights:Lata Mangeshkar at sree padmanabhaswamy temple in 1960
from movies and music rss https://ift.tt/OSC2AWL
via IFTTT
No comments:
Post a Comment