ചില വാക്കുകളുണ്ട്. തളർന്നിരിക്കുന്ന മനസിലും ശരീരത്തിലും തീപിടിക്കുന്ന അനുഭവം നൽകാൻ കെൽപ്പുള്ള വാക്കുകൾ. സ്വാതന്ത്ര്യം അങ്ങനെയൊരു വാക്കാണ്. എന്തുകാര്യത്തിനാണ് ഒരാൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത്? ഒറ്റ ഉത്തരം നൽകി മടക്കാവുന്ന ചോദ്യമല്ല അത്. ചെറുതാകട്ടെ, വലുതാകട്ടെ. സ്വാതന്ത്ര്യം എന്ന ഈ ഒറ്റ വാക്കിന് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരുപാട് തലങ്ങളെ രണ്ടര മണിക്കൂറിൽ അനാവരണം ചെയ്യുകയാണ് ജിയോ ബേബിയും കൂട്ടരും സ്വാതന്ത്ര്യ സമരം എന്ന ചിത്രത്തിലൂടെ. അഞ്ച് ചിത്രങ്ങൾ അടങ്ങിയ ആന്തോളജിയാണ് സ്വാതന്ത്ര്യ സമരം. സോണി ലീവിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പ്രമേയപരമായി യാതൊരു പരസ്പര ബന്ധവും അവകാശപ്പെടാനില്ലാത്ത ചിത്രങ്ങളുടെയെല്ലാം അടിസ്ഥാനം സ്വാതന്ത്ര്യം എന്ന അവകാശമാണ്. ഓരോരുത്തരും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം വ്യത്യസ്തമാണ് എന്നാണ് അഞ്ച് ചിത്രങ്ങളും നമ്മോടുപറയുന്നത്. അഞ്ച് സിനിമകളിലേയും കഥാപാത്രങ്ങൾ നമുക്ക് അന്യരല്ല. വീടിന്റെ വാതിലൊന്ന് തുറന്ന് പുറത്തേക്കിറങ്ങിയാൽ കണ്മുന്നിൽ കാണാം സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ജീവിതങ്ങളെ. രജിഷാ വിജയൻ മുഖ്യവേഷത്തിലെത്തിയ അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത ഗീതു അൺചെയിൻഡ് എന്ന ചിത്രം പറയുന്നത് കല്യാണപ്രായമായ പെൺകുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണ്. ഇഷ്ടമുള്ള വേഷം ധരിച്ച് ഒന്ന് ഓഫീസിൽ പോവാനോ എതിർപ്പുകൾ തുറന്നുപറയാനോ എന്തിന് സ്വന്തം വിവാഹത്തിന് ഒരഭിപ്രായം പറയാനോ പോലും സ്വാതന്ത്ര്യമില്ലാത്ത അനേകം പെൺകുട്ടികളുടെ പ്രതിനിധിയാണ് ഗീതു. തങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു വിവാഹം നടത്തിയാൽ മകൾ ജീവിതകാലം മുഴുവൻ സന്തോഷമായി കഴിയുമെന്ന അച്ഛനമ്മമാരുടെ മിഥ്യാധാരണയ്ക്ക് നേരെയുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കലാണ് ഗീതു അൺചെയിൻഡ്. മുട്ടുന്ന സമയത്ത് പിടിച്ചുവെയ്ക്കാതെ മൂത്രമൊഴിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെക്കുറിച്ചാണ് കുഞ്ഞില മാസിലാമണി സംവിധാനം ചെയ്ത അസംഘടിതർ എന്ന ചിത്രം പറയുന്നത്. പല വാണിജ്യ സ്ഥാപനങ്ങളിലും മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകൾ. അവർക്ക് ഒരു ശൗചാലയസൗകര്യം ഏർപ്പെടുത്താനോ, അഥവാ ഉണ്ടെങ്കിൽത്തന്നെ ഉപയോഗിക്കാനോ ഈ സ്ഥാപനങ്ങൾ അനുവദിക്കാറില്ല. എല്ലാം ജോലി കഴിഞ്ഞിട്ട് എന്ന മട്ട്. ആ മനോഭാവത്തിനെതിരെയാണ് ചിത്രം സംസാരിക്കുന്നത്. കോഴിക്കോടാണ് കഥ നടക്കുന്നതെങ്കിലും സംസ്ഥാനത്തെ ഇതേ ജോലി ചെയ്യുന്ന ഒട്ടനവധി സ്ത്രീ തൊഴിലാളികളുടെ പ്രതിനിധികളാണ് ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങൾ. തൊഴിലാളികൾക്കുവേണ്ടി എന്ന് വീമ്പിളക്കുന്ന പ്രസ്ഥാനങ്ങളെയും വെള്ളാനകളാവുന്ന സർക്കാർ പദ്ധതികളേയും കണക്കറ്റ് പരിഹസിക്കുന്നുണ്ട് ചിത്രം. കൂട്ടത്തിൽ അല്പം ഡോക്യുമെന്ററി സ്വഭാവത്തിലൂടെ കടന്നുപോകുന്ന ചിത്രം കൂടിയാണിത്. വിജി പെൺകൂട്ട്, കബനി, ശ്രിന്ദ തുടങ്ങിയവരാണ് പ്രധാനവേഷത്തിൽ. നിനക്ക് ഒന്നും ഉണ്ടാക്കാനറിയില്ല അല്ലെങ്കിൽ ഇങ്ങനെയാണോ ഇതെല്ലാം ചെയ്യേണ്ടത് എന്ന് നേരിട്ടും അല്ലാതെയും എത്രയോ കേട്ടിരിക്കുന്നു നമ്മുടെ വീട്ടമ്മമാർ. ആൺകോയ്മ എന്ന ചിന്താഗതിയുടെ ഉൽപ്പന്നങ്ങളായ ഇത്തരം ചോദ്യങ്ങളും പറച്ചിലുകളും കേൾക്കേണ്ടിവരുന്നവളാണ് ഫ്രാൻസിസ് ലൂയിസിന്റെ റേഷൻ ക്ലിപ്തവിഹിതം എന്ന ചിത്രത്തിലെ നായിക. സ്വാതന്ത്ര്യം എന്നതിൽ നിന്ന് വ്യതിചലിച്ച് സമരം എന്ന ഘടകത്തിലേക്കാണ് ഈ ചിത്രം ശ്രദ്ധക്ഷണിക്കുന്നത്. സമരമെന്നാൽ ജീവിതസമരം എന്നാണ് അർത്ഥമാക്കുന്നത്. ജീവിക്കാൻ കഷ്ടപ്പെടുന്ന ഒരുകുടുംബമാണ് ഇവിടെയുള്ളത്. വലിയ മീൻപോലും ആർഭാടമാണവർക്ക്. അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന, സാധനം വാങ്ങി കുറച്ച് പണം കൊടുത്ത് ബാക്കി പിന്നെ തരാം എന്ന് പറയുന്ന കേരളത്തിലെ കുടുംബങ്ങളെയാണിവർ പ്രതിനിധീകരിക്കുന്നത്. നായകന്റെ വീടിന്റെ ഒരുമതിലിനപ്പുറം സമ്പന്നതയുടെ നിറപ്പകിട്ടുള്ള മറ്റൊരു കുടുംബമുണ്ട്. ഒരു കുടുംബത്തിന് അടിസ്ഥാനപരമായി വേണ്ട ഘടകങ്ങളിലൊന്ന് ഭക്ഷണമാണെന്ന് അടിവരയിടുന്നുണ്ട് ചിത്രം. സിനിമയിലെ രണ്ട് വീടുകളുടേയും പുറംഭാഗം കാണിക്കാതെ ഉൾവശം മാത്രമേ കാണിക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. വീടിന്റെ ഉൾവശം കാണിച്ചുകൊണ്ടാണ് അവിടങ്ങളിലെ സമരം ഏതുതരത്തിലുള്ളതാണെന്ന് സംവിധായകൻ പറയുന്നത്. ഒരു വീടിനുള്ളിലാണെങ്കിലും മൂന്ന് വിഭിന്നതരത്തിലുള്ള സ്വാതന്ത്ര്യം തേടുന്നവരുടെ കഥയാണ് ജിയോ ബേബി എഴുതി സംവിധാനം ചെയ്ത്, ജോജു ജോർജ്, രോഹിണി തുടങ്ങിയവർ മുഖ്യവേഷങ്ങളിലെത്തിയ ഓൾഡ് ഏജ് ഹോം എന്ന ചിത്രം. അൽഷിമേഴ്സിന്റെ പിടിയിലേക്ക് വീണിരിക്കുന്ന ഷാജിയാണ് ഇവിടെ സ്വാതന്ത്ര്യം അന്വേഷിക്കുന്ന ആദ്യത്തെയാൾ. റിട്ടയർമെന്റ് ജീവിതം നയിക്കുന്ന ഷാജിക്ക് വലിയ സ്വപ്നങ്ങളൊന്നമില്ല. ഉള്ള കുഞ്ഞുകുഞ്ഞ് ആഗ്രഹങ്ങൾ ആരെങ്കിലും ചെയ്ത് തന്നിരുന്നെങ്കിൽ എന്നതിൽ സന്തോഷം കണ്ടെത്തുകയാണ് ഈ കഥാപാത്രം. ആ സന്തോഷമാണ് അയാളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം. ഭാര്യ ലാലിയാകട്ടെ സ്വാതന്ത്ര്യം തന്റേതായ രീതിയിൽ സ്വയം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. ഇനിയെങ്കിലും താനിഷ്ടമുള്ളത് ചെയ്യട്ടെ എന്ന് മക്കളോട് പറയുന്നതിൽത്തന്നെ കാണാം അവർ എത്രമാത്രം സ്വതന്ത്രയാണെന്ന്. തന്റെ സ്വാതന്ത്ര്യത്തിൽ ആരും കൈകടത്താൻ വരേണ്ട എന്ന കർക്കശനിലപാടും ഇവരിൽ കാണാം. വീട്ടിലെ ജോലിക്കാരിയായ ധനയ്ക്കാകട്ടെ മുതലാളി പറയുന്നത് അനുസരിക്കണമെന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനും സാധിക്കുന്നില്ല. ഒരർത്ഥത്തിൽ നോക്കുകയാണെങ്കിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകഴിഞ്ഞ ലാലിയുടേയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഷാജിയുടേയും ഇടയിൽ ജീവിതസമരം ചെയ്യുകയാണ് ധന. സ്വാതന്ത്ര്യവും സമരവും ഏറ്റവും മൂർത്തിമദ് ഭാവം പൂണ്ട അവസാന ചിത്രമാണ് പ്ര തൂ മു. പേര് തന്നെയാണ് ചിത്രത്തിലെ ഏറ്റവും വലിയ സസ്പെൻസും. മലയാളത്തിൽ ഇന്നേവരെ ഒരു ചലച്ചിത്രകാരനും തൊടാൻ ധൈര്യപ്പെടാത്ത വിഷയവും അവതരണരീതിയുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. മന്ത്രിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തുന്ന തൊഴിലാളികളുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിനാധാരം. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സീരീസിലെ ഏറ്റവും സംഘർഷഭരിതമായ ചിത്രവും ഇതുതന്നെ. സിനിമയിലെ വെളുപ്പ് നിറം രാഷ്ട്രീയക്കാരനേയും കറുപ്പ് മാലിന്യം അല്ലെങ്കിൽ അതുവൃത്തിയാക്കാൻ വന്നവനേയും പ്രതിനിധാനം ചെയ്യുന്നു. നിന്റെ ജീവിതം സെപ്റ്റിക് ടാങ്ക് വരെയേ ഉള്ളൂ എന്നും നിന്റെ സ്വാതന്ത്ര്യം ഞങ്ങൾ തീരുമാനിക്കും എന്നുമുള്ള രാഷ്ട്രീയ മുതലാളിമാരുടെ ആക്രോശം നിശ്ശബ്ദമായി ചിത്രത്തിലുടനീളം അനുഭവിക്കാം. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്തതരം ക്ലൈമാക്സ് ഒരുക്കിയതിന് സംവിധായകൻ ജിതിൻ ഐസക്കിനും അങ്ങനെയൊരു രംഗം അഭിനയിച്ച് ഫലിപ്പിച്ചതിൽ നടന്മാരായ ഉണ്ണി ലാലുവിനും സിദ്ധാർത്ഥ്ശിവയ്ക്കും കയ്യടി നൽകാം. ഒപ്പം തൊട്ടാൽ പൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളെ സത്യസന്ധമായി പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ജിയോ ബേബി കാണിച്ച മനസിനും. Content Highlights:Freedom Fight Malayalam movie review, rajisha vijayan, joju george, srinda, jeo baby, Rohini
from movies and music rss https://ift.tt/tZqWyMz
via IFTTT
No comments:
Post a Comment